#കുന്നത്തുനാടൻ #കളരിവൈഭവം.
തിരഞ്ഞെടുപ്പ് ഫലപ്രദമായി പ്രവചിക്കാൻ കുന്നത്തുനാട്ടിലെ സ്ഥാനാർത്ഥി കാണിക്കുന്ന അക്കൗണ്ടിംഗ്" വൈഭവം ഗഭീരം. ആധുനിക ഗണിതശാസ്ത്രം പോലും അന്താളിക്കും വോട്ടെണ്ണുന്നതിന് മുൻപേ 554 എന്ന മാന്ത്രിക ഭൂരിപക്ഷം കൃത്യമായി പ്രവചിച്ചതിന്.
ഇത്തരം പ്രഖ്യാപനങ്ങൾ കണ്ടാൽ തോന്നുക തിരഞ്ഞെടുപ്പിന് വോട്ടിംഗ് മെഷീൻ്റെയോ പോളിംഗ് ഉദ്യോഗസ്ഥരുടെയോ ആവശ്യമില്ലെന്ന്. പോൾ സർവേക്കാർ ഒരുവശത്ത് സ്റ്റാറ്റിസ്റ്റിക്കൽ ഊഹാപോഹങ്ങളുമായി ജനങ്ങളെ കണ്ണുകെട്ടിച്ച് കാട്ടിലൂടെ നടത്തുമ്പോൾ മറുവശത്ത് സ്ഥാനാർത്ഥികൾ സ്വന്തം പോക്കറ്റിൽ നിന്നും വോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നു. ചുമ്മാതല്ല സ്ഥിതിവിവര കണക്കുകൾ കല്ലുവെച്ച നുണയാണെന്ന് പറയുന്നത്.
സത്യത്തിൽ, ജനങ്ങൾ വോട്ട് ചെയ്യാൻ പോകുന്ന ആ ഒരു ദിവസത്തെ അധ്വാനം ഒഴിവാക്കി ഈ പ്രവചനങ്ങൾ മാത്രം വെച്ച് വിജയിയെ പ്രഖ്യാപിച്ചാൽ ഖജനാവിന് വലിയൊരു തുക ലാഭമുണ്ടായേനെ! യുദ്ധക്കളത്തിലെ കോലാഹലങ്ങളെക്കാൾ വലിയ തമാശകളാണ് നമ്മുടെ രാഷ്ട്രീയ ഗോദയിൽ അരങ്ങേറുന്നത്. മുഖ്യമന്ത്രി പദവി മുൻകൂട്ടി ബുക്ക് ചെയ്യുന്ന നേതാക്കളും, ജനവിധി വരും മുൻപേ വിധി പ്രസ്താവിക്കുന്ന സർവേ ഏജൻസികളും ചേർന്ന് വോട്ടറെ അവഹേളിക്കുകയുണ്.
വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന എംഎൽഎമാരുടെ സേവനം വോട്ടെണ്ണൽ കഴിഞ്ഞ് ഫലം വരുമ്പോഴും ഇതേ സ്പിരിറ്റിൽ ഉണ്ടാകുമോ എന്നത് ജനം കാത്തിരിക്കുകയാണ്. വിഡ്ഢിത്തങ്ങളുടെ ഈ പൂരം ആഘോഷമാക്കുന്ന രാഷ്ട്രീയക്കാർ ഒരു കാര്യം മറന്നുപോകുന്നു. സർവേകളിലെ ഗ്രാഫുകൾക്കും സോഷ്യൽ മീഡിയയിലെ അവകാശവാദങ്ങൾക്കും അപ്പുറം, നിശബ്ദരായി ബൂത്തിലെത്തിയ സാധാരണക്കാരുടെ വിരലിലെ മഷിയടയാളത്തിന് ഇവരുടെ എല്ലാ കണക്കുകൂട്ടലുകളെയും അട്ടിമറിക്കാനുള്ള ശേഷിയുണ്ടെന്ന്.
പൂരപ്പറമ്പിലെ വെടിക്കെട്ട് പോലെയാണ് ഈ വക കണക്കുകൂട്ടൽ; അവസാന അമിട്ടും പൊട്ടി പുകയടങ്ങും വരെ ആർക്കും എന്തും പറയാം, പക്ഷെ പറഞ്ഞതെല്ലാം വെള്ളം തൊടാതെ വിഴുങ്ങേണ്ടി വരും എന്ന് മാത്രം.
- കെ എ സോളമൻ
No comments:
Post a Comment