Wednesday, 29 April 2026

കാവൽ സർക്കാരിൻറെ കരുതൽ

#കാവൽ_സർക്കാരിൻ്റെ_കരുതൽ.
​അധികാരമൊഴിഞ്ഞിട്ടും അധികാരക്കസേരയിൽ അള്ളിപ്പിടിച്ചിരിക്കുന്ന ഒരു കാവൽ സർക്കാരിന്റെ അമിതാവേശം കാണുമ്പോൾ  തറവാട്ടിലെ കാരണവർ പടിയിറങ്ങുന്നതിന് മുൻപ് പത്തായത്തിന്റെ താക്കോൽ ഒളിപ്പിച്ചു വെച്ചതാണ് ഓർമ്മ വരുക.

നിത്യനിദാന ചെലവുകൾക്ക് മാത്രം അനുമതിയുള്ള കാവൽ സർക്കാർ, പെട്ടെന്ന് സീനിയർ ഐ എ എസ് ഓഫീസറായ  ബി. അശോകിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത് നാടിന്റെ നിലനിൽപ്പിന് വേണ്ടിയാണത്രേ! തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻകൂർ അനുമതിയോ, കേന്ദ്ര സർക്കാർ എന്ന കേഡർ കൺട്രോളിംഗ് അതോറിറ്റിയോ ഒന്നും ഈ അനിവാര്യമായ' ആവേശത്തിന് തടസ്സമായില്ല എന്നതാണ് വിചിത്രം. ഭരണപരമായ അനിവാര്യത എന്ന വാക്കിന് രാഷ്ട്രീയ വൈരാഗ്യം തീർക്കൽ എന്നൊരു പുതിയ അർത്ഥം കൂടി ഈ സർക്കാർ കണ്ടെത്തിയിരിക്കുന്നു.

​തിരഞ്ഞെടുപ്പ് കാലത്തെ കർശനമായ മേൽനോട്ടത്തെയും നിയമപരമായ നൂലാമാലകളെയും പുല്ലെന്ന കരുതിയ ഈ നടപടി പഴയ ധിക്കാരങ്ങളുടെ ആവർത്തനം അല്ലാതെ മറ്റെന്താണ്?. വോട്ടിംഗ് കഴിഞ്ഞ് ജനവിധി കാത്തിരിക്കുമ്പോൾ, ഭരണഘടനയെക്കാൾ വലുത് പാർട്ടി താല്പര്യമാണെന്ന് തെളിയിക്കാൻ കാവൽ സർക്കാരിന് കിട്ടിയ സുവർണ്ണാവസരം പാഴാക്കിയില്ല. കേവലം രാഷ്ട്രീയ കാരണങ്ങളാൽ ഒരു ഉദ്യോഗസ്ഥനെ പുകച്ചു പുറത്തു ചാടിക്കാൻ ഇതിലും നല്ലൊരു സമയം വേറെ എവിടെ കിട്ടാനാണ്? 

നിയമങ്ങൾ കാറ്റിൽ പറത്തിയും ഇലക്ഷൻ കമ്മീഷനെ മറികടന്നും കാവൽക്കാർ നടത്തുന്ന ഈ  കൂത്ത് കണ്ട് ജനം മൂക്കത്ത് വിരൽ വെക്കുകയല്ല, മറിച്ച് തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപേ കിട്ടിയ ഒരു ബോണസ് തമാശയായി  ആസ്വദിക്കുകയാണ്. ബി അശോകന്റെ സസ്പെൻഷനിൽ കളിച്ചവർ ആരായാലും വൈകാതെ കോടതിയിൽ മുക്ര ഇടേണ്ടിവരും എന്നാണ് തോന്നുന്നത്.
- കെ എ സോളമൻ

No comments:

Post a Comment