Thursday, 30 April 2026

കുടുംബശ്രീ വിനോദം

#കുടുംബശ്രീ_വിനോദം
തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ചാനൽ ചർച്ചകളിൽ ആളിക്കത്താൻ കിട്ടുന്ന ഒരു തരം കുടുംബശ്രീ വിനോദമായി എക്സിറ്റ് പോളുകൾ മാറി. മൊട്ടയും പട്ടയും മുറിയും പരുത്തിയും കാടും കാടത്തിയുമെല്ലാം  ചേർന്ന് ചാനലിൽ കിടന്ന് പൊരിഞ്ഞ അടി.

വോട്ടു യന്ത്രത്തിൽ എന്തുണ്ടെന്ന് വോട്ടർക്ക് പോലും നിശ്ചയമില്ലാത്ത നാട്ടിലാണ്, കുറച്ചുപേരുടെ ഏതെങ്കിലും മുറിയുടെ മൂലക്കിരുന്ന്  ശാസ്ത്രീയ പ്രവചനം എന്ന പേരിൽ ഈ ജ്യോതിഷം വിളമ്പുന്നത്. പി-മാർക്കായാലും ഇനി സാക്ഷാൽ പി.വി-മാർക്കായാലും, ഫലം വരുമ്പോൾ പ്രവചനം പാളിയാൽ സാമ്പിളിംഗ് സൈസ് കുറഞ്ഞുപോയി എന്ന സ്ഥിരം പല്ലവി പാടി അടുത്ത സർവേയ്ക്ക് തയ്യാറെടുക്കാം. 

ചുരുക്കത്തിൽ, വെയിലത്ത് വരി നിന്ന് വോട്ടുചെയ്തവന് കിട്ടുന്ന ഒരേയൊരു ഗുണം, ഈ സർവേ ഫലങ്ങൾ കണ്ട് കുറച്ചുനേരം ചിരിക്കാനും സോഷ്യൽ മീഡിയയിൽ തല്ലുകൂടാനുമുള്ള അവസരം കിട്ടുന്നു എന്നത് മാത്രമാണ്.
​ജനാധിപത്യത്തിലെ ഏറ്റവും വലിയ തമാശയായി മാധ്യമങ്ങൾ ആഘോഷിക്കുന്ന ഈ സർവേകൾ സത്യത്തിൽ വോട്ടർമാരോടുള്ള വെല്ലുവിളിയാണ്. 

വോട്ടുചെയ്തവർ വീട്ടിലിരുന്നു കാപ്പി കുടിക്കുമ്പോൾ, ചില തൽപരകക്ഷികൾ അക്കങ്ങൾ കൂട്ടിക്കിഴിച്ചുണ്ടാക്കുന്ന ഈ മാന്ത്രിക സംഖ്യകൾ ആരെ പ്രീണിപ്പിക്കാനാണെന്ന് വ്യക്തതയില്ല. തോൽക്കുന്നവർക്ക് "ഇതൊക്കെ വെറും തമാശ എന്നും ജയിക്കുന്നവർക്ക് ഇതാണ് ജനവിധി എന്നും പറയാൻ ഓരോരോ കാരണങ്ങൾ.

ഫലം വന്നു കഴിയുമ്പോൾ പഴയ സർവേ പേപ്പറുകൾ പച്ചക്കറി പൊതിയാൻ പോലും ഉപയോഗിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട്, ഇതിനെയൊക്കെ വെറുമൊരു 'ടൈംപാസ്' ആയി കണ്ട് ആസ്വദിക്കുന്നതാണ് ബുദ്ധി. പ്രവചന ഫലം പാളിയാൽ ജനത്തെ തമ്മിലടിപ്പിച്ചതിന് പ്രവചനക്കാരെ രണ്ടാഴ്ച ജയിലിലിടാമെന്ന നിയമം വന്നാൽ യാതൊരു പ്രയോജനവും ഇല്ലാത്തഎക്സിറ്റ് പോളുകൾക്ക് കുറച്ചൊരു ശമനമുണ്ടായേക്കും
-കെ എ സോളമൻ

No comments:

Post a Comment