#നൈജീരിയയിലെ അക്രമം
നൈജീരിയയിലെ ഒരു ക്രിസ്ത്യൻ സ്‌കൂളിൽ അടുത്തിടെ നടന്ന ആക്രമണം, തീവ്രവാദ ഗ്രൂപ്പുകൾ നിരപരാധികളുടെ ജീവിതത്തെ എത്രമാത്രം ക്രൂരമായി ലക്ഷ്യമിടുന്നു എന്നതിന്റെ ഞെട്ടിക്കുന്ന തെളിവാണ്. 300- ൽപരം വിദ്യാർത്ഥികളെയും ഏതാനും അധ്യാപകരെയും ആണ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്
കുട്ടികൾക്കും സമാധാനം ആഗ്രഹിക്കുന്ന സമൂഹങ്ങൾക്കും നേരെയുള്ള ഇത്തരം ഭീകരാക്രമണങ്ങൾ ശക്തമായി അപലപിക്കണം. ദുർബലമായ സുരക്ഷാ സംവിധാനങ്ങളെയും മോശം സാമൂഹിക സാഹചര്യങ്ങളെയും ചൂഷണം ചെയ്ത് നിസ്സഹായരായ ക്രിസ്ത്യൻ ജനതയിൽ അക്രമം അഴിച്ചുവിടുകയാണ് ഈ തീവ്ര ഇസ്ലാമിക ഗ്രൂപ്പുകൾ ചെയ്യുന്നത്. പഠന സ്ഥലങ്ങളെയും ആരാധനാലയങ്ങളെയും ഭയത്തിന്റെ വേദികളാക്കി ഇവർ മാറ്റുന്നു. ഒരു പ്രത്യയശാസ്ത്രത്തിനോ, ഏതെങ്കിലും മതത്തിന്റെ വികലമായ വ്യാഖ്യാനത്തിനോ സാധാരണക്കാരെ കൊലപ്പെടുത്തുക എന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല.
നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന ഈ ആവർത്തന അതിക്രമങ്ങൾക്ക് അർഹിക്കുന്ന ആഗോള ശ്രദ്ധ ഇതുവരെ ലഭിച്ചിട്ടില്ല. ഇത് അസ്വസ്ഥജനകമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. നൈജീരിയയിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളുംഅന്യോന്യം തീവ്രവാദ അക്രമത്തിന് ഇരയായിട്ടുണ്ടെങ്കിലും, നിലവിൽ ക്രിസ്ത്യൻ സമൂഹങ്ങൾ അനുപാതമില്ലാത്ത കഷ്ടപ്പാടുകൾ സഹിച്ചുകൊണ്ടിരിക്കുന്നു. ലോക രാഷ്ട്രങ്ങളുടെ നിശബ്ദത അക്രമാസക്തരായ ഗ്രൂപ്പുകൾക്ക് ശക്തി പകരുമ്പോൾ ദുരിതം ബാധിച്ചവരുടെ മുറിവുകൾ ആഴത്തിലാകുകയും ചെയ്യുന്നു. ഇതിന് എത്രയും വേഗം ഒടുക്കം ഉണ്ടാകണം.
ഇന്ത്യയുൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം ഈ ഇസ്ലാമിക ആക്രമണങ്ങൾക്കെതിരെ കൂടുതൽ ശക്തമായി ശബ്ദമുയർത്തുകയും ഉത്തരവാദിത്തം നിറവേറ്റുകയും വേണം. വിശ്വാസത്തിൻ്റെ പേരിൽ നിരന്തരം ദുരിതമനുഭവിക്കുന്ന നൈജീരിയൻ ജനതയെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ എല്ലാ ലോകരാഷ്ട്രങ്ങളും പിന്തുണയ്ക്കണം.
No comments:
Post a Comment