Monday, 12 October 2026

പ്രകോപനപരമായ അധിക്ഷേപം

#പ്രകോപനപരമായ #അധിക്ഷേപം
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവത്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ എന്നിവരെ "ഭീരുക്കൾ" എന്ന് വിളിക്കുന്നത് ഉത്തരവാദിത്തമുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ ലക്ഷണമല്ല . പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി പൊതു സംവാദത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്തം കാണിക്കണം. 

രാഷ്ട്രീയ വിയോജിപ്പ് ജനാധിപത്യത്തിന്റെ അനിവാര്യ സവിശേഷതയാണ്, എന്നാൽ വ്യക്തിപരമായ അധിക്ഷേപങ്ങളും പ്രകോപനപരമായ ഭാഷയും യുക്തിസഹമായ വാദങ്ങൾക്കും തെളിവുകൾക്കും  വിമർശനങ്ങൾക്കും പകരമാകില്ല. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഏറ്റുമുട്ടൽ ഗുരുതരമായ അപമാനങ്ങളുടെയും നാടകീയ ആംഗ്യങ്ങളുടെയും പ്രകടനമാണ്. 

ഭരണത്തിലിരിക്കുന്നവരെ ആക്രമിക്കുന്നതിലൂടെ മാത്രമല്ല, വിശ്വസനീയമായ ബദലുകൾ അവതരിപ്പിക്കുന്നതിലൂടെയും, തെളിവുകൾ ഉപയോഗിച്ച് സർക്കാർ നയങ്ങളെ ചോദ്യം ചെയ്യുന്നതിലൂടെയും, വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള സ്ഥിരത പ്രകടമാക്കുന്നതിലൂടെയും ഒരു പ്രതിപക്ഷ നേതാവ് പൊതുജന ബഹുമാനം നേടുന്നു. രാഹുൽ ഗാന്ധിയിൽ അങ്ങനെ ഒരു സ്വഭാവ ഗുണമില്ല.

വ്യക്തിപരമായ ആക്രമണങ്ങൾ വാർത്തകൾ സൃഷ്ടിക്കുകയും തെറ്റായ വിവരങ്ങൾ ലഭിച്ച രാഷ്ട്രീയ പിന്തുണക്കാരെ ഊർജ്ജസ്വലരാക്കുകയും ചെയ്തേക്കാം, പക്ഷേ അവ  വോട്ടർമാരെ അകറ്റുകയും നിയമാനുസൃത വിമർശനത്തിന്റെ സത്തയെ ഇല്ലാതാക്കുകയും ചെയ്യും. രാഹുൽ ഗാന്ധി വിശ്വസനീയനായ ഒരു ദേശീയ നേതാവായി സ്വയം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സംയമനം, വാദത്തിലെ വ്യക്തത, ഭരണഘടനാ സ്ഥാപനങ്ങളോടുള്ള ബഹുമാനം എന്നീ കാര്യങ്ങളിൽ ശ്രദ്ധിക്കണം. പ്രകോപനപരമായ അധിക്ഷേപങ്ങൾ അദ്ദേഹം ഉപേക്ഷിക്കുകയും വേണം.. 

 ഒരു നേതാവിന്റെ ശക്തി അയാളുടെ അധിക്ഷേപങ്ങളുടെ കാഠിന്യത്തിലല്ല, മറിച്ച്  വാദങ്ങളുടെ ഗുണനിലവാരത്തിലും, പെരുമാറ്റത്തിന്റെ അന്തസ്സിലും, ബദൽ കാഴ്ചപ്പാടിന്റെ വിശ്വാസ്യതയിലുമാണ്.
കെ എ സോളമൻ

Sunday, 11 October 2026

രാഷ്ട്രീയ പ്രതിസന്ധി

രാഷ്ട്രീയ പ്രതിസന്ധിയും പാറ്റാ പ്രഹസനവും
​സ്വന്തം നിലനിൽപ്പ് അപകടത്തിലാകുമ്പോൾ ജനശ്രദ്ധ തിരിച്ചുവിടാൻ സി.പി.എം നടത്തുന്ന വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡൽഹിയിൽ കണ്ടത്. രോഗാതുരനും വയോധികനുമായ മുൻമുഖ്യമന്ത്രി പിണറായി വിജയനെ മുന്നിൽ നിർത്തി ജോൺ ബ്രിട്ടാസും കെ.എൻ. ബാലഗോപാലും ചേർന്ന് ഒരുക്കിയ കെണിയിലാണ് അദ്ദേഹം വീണത്. തനിക്കും മകൾക്കും മരുമകനുമെതിരെയുള്ള ഗുരുതരമായ കേസ് അന്വേഷണങ്ങളെയും അഴിമതി ആരോപണങ്ങളെയും രാഷ്ട്രീയമായി നേരിടാൻ അണികളെ നിരത്തേണ്ടത് അദ്ദേഹത്തിൻറെ ആവശ്യമാണ്.

145 കോടിയോളം ജനങ്ങളുള്ള ഇന്ത്യ മഹാരാജ്യത്ത് വിരലിലെണ്ണാവുന്ന ഏതാനും അണികളെ മാത്രം അണിനിരത്തി നടത്തിയ ഈ 'പാറ്റാ സമരം' തികച്ചും അവജ്ഞയോടെ മാത്രമേ കാണാനാകൂ. സ്വന്തം കുടുംബത്തിന്റെ സുരക്ഷിതത്വത്തിന് വേണ്ടി മാത്രമാണ് പ്രായത്തിന്റെ അസ്വസ്ഥതകൾ പോലും അവഗണിച്ച് പിണറായി ഇത്തരമൊരു സമരത്തിന് പാറ്റകൾക്ക് ഒപ്പം ചേർന്നത്.

​പാർട്ടിയുടെ കേന്ദ്ര നേതാക്കൾ കസ്റ്റഡിയിലായിട്ടും കേരളത്തിൽ അതിനെതിരെ കാര്യമായ ഒരു പ്രതിഷേധം പോലും ഉയർന്നുവന്നില്ലയെന്നത് അന്വേഷിക്കുന്നതും നല്ലതാണ്.

കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ ഭയന്ന് നടത്തുന്ന ഇത്തരം നാടകങ്ങൾ കൊണ്ട് ക്രിമിനൽ-അഴിമതി കേസുകളിൽ നിന്ന് രക്ഷപ്പെടാമെന്നത് വ്യാമോഹം മാത്രം.
-കെ എ സോളമൻ

Thursday, 8 October 2026

വിജിലൻസിന് പൂട്ടിടുമോ ?

#വിജിലൻസിന് പൂട്ടിടുമോ, അതോ ഹൈക്കോടതിക്കെതിരെയും അന്വേഷിക്കുമോ!

ഒരു കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ എന്നത് രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് തീരുമാനിക്കേണ്ട കാര്യമല്ല; അത് നിയമപരമായ മാനദണ്ഡങ്ങൾക്കനുസരിച്ച് പരിശോധിക്കേണ്ട വിഷയമാണ്. പിണറായി വിജയനും മരുമകൻ മുഹമ്മദ് റിയാസിനുമെതിരായ ആരോപണങ്ങളിൽ ഇ.ഡി.യുടെ കണ്ടെത്തലുകളും തുടർനടപടികൾ സംബന്ധിച്ച ആവശ്യങ്ങളും ഉയർന്നിട്ടും എഫ് ഐ ആർ രജിസ്റ്റർ ചെയ്യാതെ സംസ്ഥാന സർക്കാർ സ്വന്തം വിജിലൻസ് അന്വേഷണവുമായി മുന്നോട്ടു പോയതിനെതിരെ ശക്തമായ വിമർശനമുണ്ട് 

ഇപ്പോൾ ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായ സാഹചര്യത്തിൽ, സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം പൂട്ടിക്കെട്ടാതെ നിർവാഹമില്ല  ഇ  ഡി ആവശ്യപ്പെട്ടിട്ടും എഫ് ഐ ആർ ഇടാതിരുന്നത് ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്നത് സർക്കാർ വ്യക്തമാക്കണം. ഹൈക്കോടതിയുടെ പുതിയ നിർദ്ദേശം സർക്കാരിന്റെ രാഷ്ട്രീയ കണക്കുകൂട്ടലുകൾക്ക് എതിരായ  സാഹചര്യത്തിൽ, ഇനി കോടതിക്കെതിരെയും വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുമോ ? 

നിയമവാഴ്ചയെന്നത് സർക്കാരിന് സൗകര്യമുള്ളപ്പോൾ മാത്രം ഓർക്കേണ്ട കാര്യമല്ല.  കോടതി നിർദേശങ്ങൾ പാലിക്കേണ്ടത് സർക്കാരിൻറെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്; അവയ്ക്കെതിരെ രാഷ്ട്രീയ ചങ്ങാത്തത്തിന്റെ പേരിൽ പുറംതിരിഞ്ഞു നിൽക്കാൻ കഴിയില്ല. ആരോപണങ്ങൾ തെളിയിക്കപ്പെടുന്നതിന് മുമ്പ് ആരെയും കുറ്റക്കാരനായി പ്രഖ്യാപിക്കാനാവില്ലെന്നതുപോലെ, അന്വേഷണത്തിന്റെ പേരിൽ ആരെയും അനിശ്ചിതകാലം സംശയത്തിന്റെ നിഴലിൽ നിർത്താനും പാടില്ല.

ജനാധിപത്യത്തിൽ സർക്കാരിന് കോടതിയോട് വിയോജിക്കാം; പക്ഷേ നിയമത്തിന്റെ നടപടിക്രമങ്ങളെ  രാഷ്ട്രീയ ചങ്ങാത്തത്തിന്റെ പേരിൽ അവഗണിക്കാതിരിക്കുക. തന്നെ വേണം.
- കെ എ സോളമൻ

Wednesday, 7 October 2026

സ്വർണ്ണം വിൽക്കരുത്

#സ്വർണംവിൽക്കൂ" എന്ന പരസ്യം: ജനങ്ങളുടെ സമ്പാദ്യത്തിനെതിരായ കച്ചവടക്കണ്ണ്

അത്യാവശ്യ ഘട്ടങ്ങളിൽ ഒരു കുടുംബത്തിന് താങ്ങാകുന്ന സമ്പാദ്യമാണ് സ്വർണം. എന്നാൽ, “സ്വർണം പണയം വയ്ക്കരുത്, വിറ്റ് പണമാക്കണം” എന്ന തരത്തിലുള്ള നിരന്തര പരസ്യങ്ങളിലൂടെ ജനങ്ങളുടെ കൈവശമുള്ള സമ്പാദ്യം എങ്ങനെയും വിപണിയിലെത്തിക്കാനുള്ള ശ്രമം അത്യന്തം ജനവിരുദ്ധമാണ്. 

പണയം വയ്ക്കുകയോ ആവശ്യത്തിനനുസരിച്ച് സൂക്ഷിക്കുകയോ ചെയ്യുന്നതിനുപകരം സ്വർണം വിറ്റുതുലയ്ക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് സമ്പാദ്യശീലത്തെ തന്നെ തകർക്കുന്ന സമീപനമാണ്. ഉപഭോക്താവിന്റെ സാമ്പത്തിക സുരക്ഷയേക്കാൾ വ്യാപാരിയുടെ വിറ്റുവരവിന് പ്രാധാന്യം നൽകുന്ന ഇത്തരം പരസ്യങ്ങൾ സമൂഹത്തിൽ ശക്തമായ വിമർശനത്തിന് വിധേയമാകേണ്ടതാണ്.

സ്വർണം വാങ്ങുകയും ആഭരണങ്ങൾ നിർമ്മിക്കുകയും ചെയ്ത് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് ചെറുകിട സ്വർണപ്പണിക്കാരും കരകൗശല തൊഴിലാളികളും ഈ വിപണിയുടെ ഭാഗമാണ്. എന്നാൽ, സ്വർണം വിറ്റഴിക്കാനുള്ള അമിതമായ പ്രചാരണം ആഭരണനിർമാണ മേഖലയെയും പരോക്ഷമായി ബാധിക്കും. 

ജനങ്ങളുടെ സമ്പാദ്യം ചോർത്തിയെടുക്കുന്ന തരത്തിലുള്ള ഉപഭോക്തൃപ്രേരണകൾക്ക് നിയന്ത്രണമേർപ്പെടുത്തേണ്ടത് സർക്കാരിന്റെയും ബന്ധപ്പെട്ട നിയന്ത്രണ സംവിധാനങ്ങളുടെയും ഉത്തരവാദിത്വമാണ്. ജനങ്ങളുടെ സാമ്പത്തിക സുരക്ഷയെക്കാൾ ലാഭതാൽപര്യത്തിന് മുൻതൂക്കം നൽകുന്ന ഇത്തരം പരസ്യങ്ങളെ ശക്തമായി അപലപിക്കുകയും, അവയ്ക്കെതിരെ ആവശ്യമായ നിയന്ത്രണനടപടികൾ സ്വീകരിക്കുകയും വേണം. 

ജനങ്ങളുടെ സമ്പാദ്യം വിപണിയുടെ ഇരയാക്കരുത്; സ്വർണം വിൽക്കാൻ നിർബന്ധിക്കുന്ന പരസ്യങ്ങൾക്കുപകരം സമ്പാദ്യത്തെ സംരക്ഷിക്കാൻ പ്രേരിപ്പിക്കുന്ന സന്ദേശങ്ങളാണ് സമൂഹത്തിന് ആവശ്യം.
_ കെ എ സോളമൻ

രാഷ്ട്രീയ നാടകങ്ങൾ

#ഡൽഹിയിലെ #രാഷ്ട്രീയനാടകങ്ങൾ
ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സമരങ്ങൾ രാഷ്ട്രീയ നാടകങ്ങൾ മാത്രമായി ചുരുങ്ങുന്നുവെന്ന രൂക്ഷമായ വിമർശനമാണ് പല കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നത്. കേരളത്തിലെ ചാനലുകൾ കൊട്ടിഘോഷിക്കുന്ന രാഹുൽ- പ്രിയങ്ക സമരം മറ്റു സ്റ്റേറ്റുകളിലെ ചാനലുകൾ ശ്രദ്ധിക്കുന്നതുപോലുമില്ല

ജനകീയ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് പകരം, മാധ്യമ ശ്രദ്ധ ആകർഷിക്കാൻ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വെറും പ്രഹസനങ്ങളായാണ് ഇത്തരം പ്രക്ഷോഭങ്ങളെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഭരണഘടന സംരക്ഷിക്കുന്നുവെന്ന് അവകാശപ്പെട്ട് തടിയിൽ തീർത്ത്, ചുവപ്പു പെയിൻ്റടിച്ച ഭരണഘടന ഫലകവുമായി നടക്കുന്നവർക്ക് സ്വന്തം പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ല.   പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും  ആശയവിനിമയത്തിലെ പോരായ്മകളും  സൂചിപ്പിക്കുന്നത് കോൺഗ്രസ് നേതൃത്വം വൻപരാജയമാണെന്ന യാഥാർത്ഥ്യമാണ്.

 ജനക്ഷേമകരമായ നയങ്ങളെ രചനാത്മകമായി എതിർക്കുന്നതിനേക്കാൾ ഉപരി, നിരന്തരമായ സമരങ്ങളിലൂടെ രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനാണ്  ഇണ്ടീ മുന്നണി ശ്രമിക്കുന്നത് എന്ന ആക്ഷേപവും ശക്തമാണ്. യാതൊരു വ്യക്തമായ അജണ്ടയുമില്ലാതെ സർക്കാരിനെതിരെ അകാരണമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത് പൊതുജനങ്ങൾക്ക് അസൗകര്യങ്ങൾ സൃഷ്ടിക്കുകയല്ലാതെ മറ്റൊരു മാറ്റവും ഉണ്ടാക്കുന്നില്ല.

 ഉത്തരവാദിത്തമുള്ള ഒരു പ്രതിപക്ഷത്തിന്റെ റോൾ നിർവഹിക്കുന്നതിൽ പരാജയപ്പെടുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ഈ സമരരീതികൾ ജനങ്ങളിൽ നിന്ന് കൂടുതൽ അകലാൻ മാത്രമേ ഇടയാക്കൂ. 

പ്രധാനമന്ത്രിയാകാൻ അടുത്ത തിരഞ്ഞെടുപ്പ് നടക്കേണ്ട 2029 വരെ കാത്തിരിക്കാൻ വയ്യാത്ത രീതിയിലാണ് ഇസഡ് കാറ്റഗറി സംരക്ഷണത്തിൽ രാഹുൽഗാന്ധിയുടെ കോമിക് പ്രകടനങ്ങൾ. രസകരമായിട്ടുള്ളത് ഇവിടെ കേരളത്തിൽ തമ്മിലടിക്കുന്ന കമ്മി- കൊങ്ങി നേതാക്കൾ ഡൽഹിയിലെത്തി പരസ്പരം ഷാൾ അണിയിക്കുന്നതും  കെട്ടിപ്പിടിക്കുന്നതുമാണ്.
-കെ എ സോളമൻ

Tuesday, 6 October 2026

മാരാരിക്കുളം ജംഗ്ഷൻ

#മാരാരിക്കുളം_ജംഗ്ഷനിൽ_അടിപ്പാത_നിർമ്മിക്കണം
​ദേശീയപാത ആറുവരി നിർമാണത്തിന്റെ ഭാഗമായി മാരാരിക്കുളം റോഡ് അടച്ചുകെട്ടിയത് റെയിൽവേ സ്റ്റേഷൻ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ എന്നിവയിലേക്കുള്ള യാത്രാസൗകര്യങ്ങൾ പൂർണ്ണമായി തടസ്സപ്പെടുത്തിയിരിക്കുകയാണ്. സഞ്ചാരസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തെ ഹനിക്കുന്ന ഈ അശാസ്ത്രീയ നിർമാണം മത്സ്യത്തൊഴിലാളികൾ, വിദ്യാർത്ഥികൾ, രോഗികൾ, വ്യാപാരികൾ തുടങ്ങി പ്രദേശത്തെയും അയൽപക്ക ഗ്രാമങ്ങളിലെയും ജനങ്ങളുടെ ജീവിതവും ഉപജീവന മാർഗ്ഗങ്ങളും കടുത്ത ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്.

​വികസനം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും മാന്യമായ ജീവിതത്തെയും നിഷേധിച്ചുകൊണ്ടാകരുത്. ഈ ഗുരുതരമായ പ്രശ്നത്തിന് പരിഹാരമായി മാരാരിക്കുളത്ത് അടിയന്തരമായി അടിപ്പാതയോ മേൽപ്പാതയോ നിർമ്മിക്കണമെന്ന് നാട്ടുകാരുടെ പ്രതിരോധ ധർണയും വിവിധ നിവേദനങ്ങളും ആവശ്യപ്പെടുന്നു. ജനങ്ങളെ സമരത്തിലേക്ക് തള്ളിവിടാതെ, അധികാരികൾ അടിയന്തരമായി ഇടപെട്ട് പ്രദേശവാസികളുടെ യാത്രാദുരിതം പരിഹരിക്കാൻ തയ്യാറാകണം.
-കെ എ സോളമൻ

Monday, 5 October 2026

സെക്രട്ടറിയെ മാത്രം ?

#ഇരുപത് വർഷത്തിനുശേഷം സെക്രട്ടറിയെ മാത്രം പ്രതിക്കൂട്ടിലാക്കുന്നതെന്തിന്?

സർക്കാർ വകുപ്പുകളിൽ ഒരു സെക്രട്ടറിക്ക് സ്വന്തം നിലയിൽ ഒരു കരാറുകാരന് പണം അനുവദിക്കാനോ തടഞ്ഞുവയ്ക്കാനോ കഴിയുമോ എന്നതാണ് ഈ വിഷയത്തിൽ ആദ്യം പരിശോധിക്കേണ്ട ഭരണപരമായ ചോദ്യം. സെക്രട്ടേറിയറ്റ് സംവിധാനത്തിൽ മന്ത്രി വകുപ്പിന്റെ രാഷ്ട്രീയ തലവനും സെക്രട്ടറി ഉദ്യോഗസ്ഥതല മേധാവിയുമാണ്. എന്നാൽ സാമ്പത്തികവും നയപരവുമായ തീരുമാനങ്ങൾ നിശ്ചിത ഫയൽ നടപടിക്രമങ്ങളിലൂടെയാണ് കൈക്കൊള്ളുന്നത്.

സെക്ഷൻ ഓഫീസർ, അണ്ടർ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തുടങ്ങിയ ഉദ്യോഗസ്ഥ തലങ്ങളിലൂടെ ഫയൽ നീങ്ങുകയും, അധികാരപരിധിക്കനുസരിച്ച് മന്ത്രിയുടെയോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെയോ അനുമതി ലഭിക്കുകയും ചെയ്ത ശേഷമാണ് പ്രധാന സാമ്പത്തിക തീരുമാനങ്ങൾ നടപ്പാക്കുന്നത്.

 ഭരണാനുമതിയും സാമ്പത്തിക അനുമതിയും ലഭിച്ച പദ്ധതികളിലെ കരാറുകാരുടെ ബില്ലുകൾ ട്രഷറി വഴി മാറുന്നതിനുള്ള സാങ്കേതിക നടപടികളും ബന്ധപ്പെട്ട വകുപ്പ് ഓഫീസുകളിലെ എക്സിക്യൂട്ടീവ് എൻജിനീയർ, ചീഫ് എൻജിനീയർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടക്കുന്നത്. 
സെക്രട്ടറി നേരിട്ട് കരാറുകാരന് ചെക്കോ പണമോ നൽകുന്ന സംവിധാനമല്ല നിലവിലുള്ളത്.

അതിനാൽ, ഇരുപത് വർഷം മുമ്പ് ഒരു കരാറുകാരന് പണം ലഭിക്കാതിരുന്നതിനെ അന്നത്തെ സെക്രട്ടറിയുടെ വ്യക്തിപരമായ തീരുമാനമായി മാത്രം ചിത്രീകരിക്കുന്നത് ഭരണനടപടിക്രമങ്ങളുടെ യാഥാർഥ്യവുമായി എത്രത്തോളം പൊരുത്തപ്പെടുന്നു എന്നത് ഗൗരവമായി പരിശോധിക്കേണ്ടതാണ്. സാമ്പത്തിക അധികാരച്ചട്ടങ്ങളും ഫയൽ നടപടിക്രമങ്ങളും മറികടന്ന് ഒരു സെക്രട്ടറി സ്വന്തം നിലയിൽ ഇത്തരം തീരുമാനം എടുത്തുവെന്ന് ആരോപിക്കുന്നുവെങ്കിൽ, അതിന് വ്യക്തമായ രേഖകളും ഉത്തരവാദിത്തം നിർണയിക്കുന്ന ഔദ്യോഗിക തെളിവുകളും പുറത്തുവരേണ്ടതുണ്ട്.

ഇരുപത് വർഷം പിന്നിട്ടശേഷം അന്നത്തെ പൊതുമരാമത്ത് സെക്രട്ടറി ഗ്യാനേഷ് കുമാറിനെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുകയും, അതേ കാലഘട്ടത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെയും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തം പരിശോധിക്കാതിരിക്കുകയും ചെയ്യുന്നത് സ്വാഭാവികമായും ചോദ്യങ്ങൾ ഉയർത്തും. പ്രത്യേകിച്ച്, അന്ന് വകുപ്പിന്റെ രാഷ്ട്രീയ ചുമതല വഹിച്ചിരുന്ന മന്ത്രി എം. കെ മുനീറിന്റെ പങ്കും ബന്ധപ്പെട്ട ഫയൽ നടപടികളും പരിശോധിക്കാതെ സെക്രട്ടറിയെ മാത്രം ലക്ഷ്യമിടുന്നത് ഭരണപരമായ നീതിയുടെ മാനദണ്ഡങ്ങളിൽ സംശയം ജനിപ്പിക്കുന്നതാണ്.

ഇത് വ്യക്തിപരമായ കുറ്റാരോപണത്തിന്റെ വിഷയമല്ല; ഉത്തരവാദിത്തം നിർണയിക്കുന്നതിലെ ഭരണപരമായ മാനദണ്ഡങ്ങളുടെ വിഷയമാണ്. തീരുമാനം ഒരു വ്യക്തിയുടെതായിരുന്നോ, അതോ നിശ്ചിത ഫയൽ നടപടിക്രമങ്ങളിലൂടെ കൂട്ടായ ഭരണതീരുമാനമായിരുന്നോ എന്നതാണ് ആദ്യം വ്യക്തമാക്കേണ്ടത്.
അതിനാൽ, ഇരുപത് വർഷത്തിനുശേഷം ഗ്യാനേഷ് കുമാറിനെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം. 

ലഭ്യമായ രേഖകളും അന്നത്തെ ഫയൽ നടപടികളും പുറത്തുവന്ന് സുതാര്യമായ അന്വേഷണം നടക്കാതെ ഒരാളെ മാത്രം കുറ്റക്കാരനാക്കുന്നത് ദുരുദ്ദേശപരവും രാഷ്ട്രീയ പ്രേരിതവുമായ നടപടിയാണെന്ന സംശയം സ്വാഭാവികമായും ഉയർത്തുന്നു.
- കെ എ സോളമൻ

Sunday, 4 October 2026

രാഷ്ട്രീയ- നിയമോപദേശ പ്രഹസനങ്ങൾ

#രാഷ്ട്രീയ_നിയമോപദേശ #പ്രഹസനങ്ങൾ
കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ കേവലം രാഷ്ട്രീയ പ്രഹസനങ്ങൾക്കുമപ്പുറം ഭരണവർഗ്ഗത്തിന്റെ ഇരട്ടത്താപ്പുകളെയാണ് തുറന്നുകാട്ടുന്നത്. എല്ലാ നദികളും കടലിലേക്ക് ഒഴുകുന്നതുപോലെ, സംസ്ഥാനത്തെ സകല പ്രതിസന്ധികളും വിവാദങ്ങളും ഒടുവിൽ ഒരു വ്യക്തിയുടെ പുറത്തേക്കുമാത്രം കെട്ടിവെക്കുന്ന വിചിത്രമായ രീതിയാണ് ഇവിടെ കാണാൻ കഴിയുന്നത്. 

പാറ്റകളും ഇണ്ടികളും ഒക്കെ ചേർന്ന് മോദിയെ പുറത്താക്കാൻ എന്ന മട്ടിൽ ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരെ സമരം പ്രഖ്യാപിക്കുമ്പോൾ, കേരളത്തിൽ  ഭരണകക്ഷി വാളോങ്ങുന്നതും അദ്ദേഹത്തിന് എതിരെ തന്നെയാണ്   ഡൽഹിയിൽ പോയി പോലീസുമായി ലുട്ടാപ്പി മോഡൽ ഉരുട്ടിപ്പിടുത്തത്തിന്  മടിയുള്ളതുകൊണാണ്   കേരളത്തിലെ രാഷ്ട്രീയ മൈതാനത്ത് കൃത്രിമ സമരാന്തരീക്ഷം സൃഷ്ടിക്കുന്നത് 

​ഇരുപത് വർഷം മുമ്പ് നടന്ന ഒരു ആത്മഹത്യ സംഭവത്തിൽ അന്നത്തെ പൊതുമരാമത്ത് സെക്രട്ടറിയായ ഗ്യാനേഷ് കുമാറിനെ പ്രതിക്കൂട്ടിലാക്കാൻ ഭരണകക്ഷി  നടത്തുന്ന നീക്കങ്ങൾക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. 'മോദി അനുഭാവിയാണ് സതീശൻ' എന്ന തരത്തിൽ മാർക്സിസ്റ്റ് പാർട്ടി ഉയർത്തുന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ ഇത്തരം തന്ത്രങ്ങൾ പയറ്റുന്നത് യു.ഡി.എഫിന് രാഷ്ട്രീയമായ ആവശ്യമായി തോന്നിയിട്ടുണ്ടാകാം. അതിന്റെ ഭാഗമായി ലഭിച്ച 'നിയമോപദേശത്തിന്റെ' പുറത്താണ് ഇപ്പോൾ ഈ രംഗപ്രവേശം എന്നതും വ്യക്തമാണ്. 

എന്നാൽ ഇത്തരം നിയമോപദേശം നൽകുന്ന ഉപദേഷ്ടാക്കളുടെ കാര്യമാണ് കഷ്ടം.  ​കഴിഞ്ഞ എൽ.ഡി.എഫ് ഭരണകാലത്തും സമാനമായ ദൃശ്യങ്ങളാണ് കേരളം കണ്ടത്. സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന സകല കൊള്ളരുതായ്മകളും  കോടതികളിൽ തോറ്റുതുന്നം പാടിയ കേസുകളും അവസാനം നിയമോപദേഷ്ടാക്കളുടെ തലയിൽ കെട്ടിവെച്ച് തടിയൂരുന്നതായിരുന്നു പിണറായിയുടെയും കൂട്ടരുടെയും രീതി.

​സ്വർണ്ണക്കടത്ത്,  സ്‌പ്രിംഗ്ളർ,  കരിമണൽ മാസപ്പടി, പി പി ഇ കിറ്റ്,  ഉൾപ്പെടെ കഴിഞ്ഞ രണ്ട് ദശവർഷത്തിനിടയിൽ കേരളത്തിൽ ഉയർന്നുവന്ന എത്രയോ ഗൗരവമേറിയ അഴിമതി കേസുകൾ ഇന്നും അന്വേഷണത്തിന്റെ വെളിച്ചം കാണാതെ കിടപ്പുണ്ട്. സാധാരണക്കാരുടെ നികുതിപ്പണം കൊണ്ട് പ്രവർത്തിക്കുന്ന അന്വേഷണ ഏജൻസികൾക്ക് മുന്നിൽ ഇത്രയധികം യഥാർത്ഥ തെളിവുകളുള്ള കേസുകൾ തരിപ്പണമായി കിടക്കുമ്പോൾ, അതെല്ലാം വിസ്മരിച്ചുകൊണ്ട് ഇത്തരത്തിലുള്ള അനാവശ്യ വിവാദങ്ങളിലേക്ക് വിജിലൻസ് അന്വേഷണം വഴിതിരിച്ചുവിടുന്നത് ഇപ്പോഴത്തെ സർക്കാരിന്റെ അല്പത്തരമല്ലാതെ മറ്റെന്താണ്?

​ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും പരസ്പരമുള്ള രാഷ്ട്രീയ ഒത്തുകളികൾ മറച്ചുപിടിക്കാനും നിയമോപദേശങ്ങളുടെ ആനുകൂല്യത്തിൽ നടത്തുന്ന ഇത്തരം നാടകങ്ങൾ കേരളീയ സമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഭരണപക്ഷവും പ്രതിപക്ഷവും ഒരേ തൂവൽ പക്ഷികളായി മാറി ജനങ്ങളെ കബളിപ്പിക്കുന്ന ഈ രാഷ്ട്രീയ വഞ്ചന കേരളത്തിന്റെ ജനാധിപത്യ സംവിധാനത്തിന് ഏൽപ്പിക്കുന്ന പരുക്ക് നിസ്സാരമല്ല..
-കെ എ സോളമൻ

Thursday, 1 October 2026

നശീകരണവും കോടതി ഉത്തരവുകളും

#നശീകരണവും #കോടതി_ഉത്തരവുകളും
രാഷ്ട്രീയ യുവജന സംഘടനകൾ അടുത്തിടെ നടത്തിയ പ്രതിഷേധങ്ങb ജുഡീഷ്യൽ ഉത്തരവുകളോടുള്ള നഗ്നമായ അവഗണനയും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. 

പൊതു റോഡുകളിലും സർക്കാർ ഭൂമിയിലും അനധികൃത ഹോർഡിംഗുകൾ മൂലമുണ്ടാകുന്ന  കുഴപ്പങ്ങൾ, പരിസ്ഥിതി അപകടങ്ങൾ, പൊതുജന ശല്യം എന്നിവ ഇല്ലാതാക്കുന്നതിന് കേരള ഹൈക്കോടതിയുടെ കർശനമായ ഉത്തരവുകൾ ഉണ്ട്. രാഷ്ട്രീയ പാർട്ടികളും  എതിർ ഗ്രൂപ്പുകളും നിയമവിരുദ്ധപ്രകടനങ്ങളിലൂടെ തെരുവുകളിൽ നടത്തുന്നത് ജുഡീഷ്യൽ അധികാരത്തോടും പൊതു ക്രമസമാധാനത്തോടുമുള്ള അവഹേളനമാണ്.

ഈ ലജ്ജാകരമായ ലംഘനത്തിന്റെ ഉത്തരവാദിത്തം ഒന്നിലധികം ചുമലുകളിലാണ്,  കോടതി ഉത്തരവുകളെ മനഃപൂർവ്വം ലംഘിക്കുന്ന രാഷ്ട്രീയ സംഘടനകളും പ്രവർത്തകരും മുതൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  സെക്രട്ടറിമാരും മുനിസിപ്പൽ അധികാരികളും വരെ.  അനധികൃത ഫ്ലക്സ് ബോർഡുകളും ബാനറുകളും  തടയുന്നതിന് പഞ്ചായത്ത്- മുൻസിപ്പൽ- കോർപ്പറേഷൻ അധികാരികൾ പൂർണമായും പരാജയപ്പെട്ടു എന്നതിന് തെളിവാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഹളക്കാർ വ്യാപകമായി നശിപ്പിച്ച എതിർ ചേരികളുടെ പരസ്യബോർഡുകളും ബാനറുകളും.   

ഈ സാഹചര്യത്തിൽ പൊതുജനവിശ്വാസം പുനഃസ്ഥാപിക്കുന്നതിനും ജുഡീഷ്യറിയുടെ സത്യസന്ധത ഉയർത്തിപ്പിടിക്കുന്നതിനും,  ഭരണാധികാരികൾക്ക് ഉത്തരവാദിത്തമുണ്ട്.  കോടതി ഉത്തരവ് നടപ്പിലാക്കാതിരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക്  കനത്ത സാമ്പത്തിക പിഴ ചുമത്തുകയും, അശ്രദ്ധരായ ഉദ്യോഗസ്ഥരിൽ നിന്ന് ചെലവ് ഈടാക്കുകയും വേണം .

രാഷ്ട്രീയ ഏറ്റുമുട്ടലിനുള്ള  മേഖലകളായി പൊതു ഇടങ്ങളെ കാണുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണം 
കെ എ സോളമൻ

Monday, 28 September 2026

രാഷ്ട്രീയ സംസ്കാരത്തിന് അപമാനം

#രാഷ്ട്രീയ സംസ്കാരത്തിന് അപമാനം
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി കാണിച്ച സംഭവവും, അതൊരു സംഘടനാപരമായ തീരുമാനമാണെന്ന് മന്ത്രി ഒ.ജെ. ജനീഷ് പരസ്യമായി ന്യായീകരിച്ചതും അങ്ങേയറ്റം അപലപനീയവും രാഷ്ട്രീയ മര്യാദകളുടെ ലംഘനവുമാണ്. 

ഭരണഘടനാനുസൃതമായി സത്യപ്രതിജ്ഞ ചെയ്ത് സംസ്ഥാന മന്ത്രിസഭയിൽ സേവനമനുഷ്ഠിക്കുന്ന ഒരു വ്യക്തി, കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ഔദ്യോഗിക പദവിയുടെ സംരക്ഷണത്തിലിരുന്ന് ആളുകളെ നിയോഗിച്ചത് തികച്ചും ജനാധിപത്യവിരുദ്ധവും കേട്ടുകേൾവിയില്ലാത്തതുമായ പ്രവൃത്തിയാണ്. ഭരണഘടനാപരമായ പദവികളും രാഷ്ട്രീയ താൽപ്പര്യങ്ങളും തമ്മിലുള്ള അതിരുകൾ ഇല്ലാതാക്കുന്ന ഇത്തരം പ്രവണതകൾ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനും ഭരണഘടനാ മര്യാദകൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

 ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ തന്നെ അക്രമ രാഷ്ട്രീയത്തിനും പ്രതിഷേധ സമരങ്ങൾക്കും ഔദ്യോഗിക  പിന്തുണ നൽകുന്നത് സംസ്ഥാനത്ത് ക്രമസമാധാന തകർച്ചയ്ക്കും രാഷ്ട്രീയ സംഘർഷങ്ങൾക്കും മാത്രമേ വഴിവെക്കൂ. ജനാധിപത്യപരമായ സംവാദങ്ങൾക്കും നയപരമായ ചർച്ചകൾക്കും പകരം കരിങ്കൊടിയും പ്രതിഷേധങ്ങളും ഭരണാധികാരികളുടെ തന്നെ ഒത്താശയോടെ സംഘടിപ്പിക്കപ്പെടുന്നത് കേരളത്തിന്റെ പൊതുരാഷ്ട്രീയ സംസ്കാരത്തിന് അപമാനകരമാണ്.
- കെ എ സോളമൻ

Thursday, 24 September 2026

ശൈലജടീച്ചറുടെ ഉപദേശം

#ശൈലജടീച്ചറുടെ #സംശയം
​റോഡും പാലവും പണിതു എന്ന് പറഞ്ഞ് വോട്ടു ചോദിച്ചാൽ, അതിനു പിന്നിലെ കമ്മീഷൻ കണക്കുകൾ നാട്ടുകാർ കാണാതെ പോകുമെന്നാണ് കമ്മ്യൂണിസ്റ്റ് ലോജിക്! പാലം പണിത വകയിൽ കോടികൾ പോക്കറ്റിലാക്കിയതും, പകൽവെളിച്ചം പോലെ തെളിഞ്ഞ അഴിമതിക്കഥകളും ജനങ്ങൾ അറിഞ്ഞില്ലെന്ന മട്ടിലാണ് ഇപ്പോഴും നേതാക്കളുടെ നിഷ്കളങ്ക വ്യാഖ്യാനം. ലക്ഷങ്ങൾ മുടക്കി നടപ്പാക്കിയ വൻകിട പദ്ധതികളുടെയൊക്കെ പിന്നിൽ ആരൊക്കെയാണ് കീശ വീർപ്പിച്ചത് എന്ന് സാമാന്യ ബോധ്യമുള്ള ഏതൊരു സാധാരണക്കാരനും അറിയാം. ശബരിമല അയ്യപ്പൻ്റേതുൾപ്പെടെ വെട്ടിച്ച തുകയുടെ കണക്കെടുപ്പ് നാട്ടുകാർ നടത്തിക്കഴിഞ്ഞാൽ പിന്നെ എങ്ങനെയാണ് ടീച്ചറെ എൽഡിഎഫിനെ  ജനം പൂമാലയിട്ടു സ്വീകരിക്കുക?

​അതൊക്കെ അവിടെ നിൽക്കട്ടെ, നാടിന്റെ പുതുതലമുറയെ മൊത്തത്തിൽ ലഹരിയുടെ അടിമകളാക്കി മാറ്റിയ വിപ്ലവകരമായ നേട്ടത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള പിഞ്ചുകുട്ടികളുടെ കൈകളിൽ മയക്കുമരുന്ന് എത്തിച്ചുകൊടുത്ത് കേരളത്തെ ഒരു ആഗോള ഡ്രഗ്സ് ഹബ്ബാക്കി മാറ്റിയതു പോരെ  സർക്കാരിനെ ചവിട്ടി  പുറത്താക്കാൻ? റോഡിലൂടെ നടക്കുമ്പോൾ കുഴിയുണ്ടോ എന്ന് നോക്കുന്നതിനേക്കാൾ ഭയത്തോടെയാണ് ഇന്ന് മാതാപിതാക്കൾ തങ്ങളുടെ മക്കളെ സ്കൂളിലേക്ക് അയക്കുന്നത്.

 വികസനത്തിന്റെ തിളക്കമുള്ള ബോർഡുകൾ വെച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നോക്കി.  പക്ഷെ സ്വന്തം മക്കളുടെ ഭാവി കോഞ്ഞാട്ടയാകുന്നതുകണ്ട് ജനം പൊട്ടിത്തെറിച്ചു.  അങ്ങനെ ഉണ്ടായ  ജനരോഷത്തിലാണ് ആടിയുലയില്ല എന്നു പറഞ്ഞ കപ്പൽ അപ്പാടെ ഉലഞ്ഞ് കടലിൻ്റെ അഗാധതയിൽ പതിച്ചത്.
-കെ എ സോളമൻ

Sunday, 20 September 2026

ബാനറിലെ ഭാഷാ ശാസ്ത്രം

#ബാനറിലെ #ഭാഷാശാസ്ത്രം
ചവറ ഗുഹാനന്ദപുരം സ്കൂളിലെ കുരുന്നുകൾ ഉയർത്തിയ ആ വിശേഷ പോസ്റ്ററിലെ ഭാഷാശാസ്ത്രം കണ്ട് ആംഗലേയ പ്രഫസർമാർ വരെ ഞെട്ടി.  ബാനറിൽ കണ്ട പൂക്കി എന്ന വാക്കിന് ക്യൂട്ട് എന്നല്ലേ അർത്ഥം എന്ന് ഷേക്സ്പിയറെയും വൈലോപ്പ(പ്പി)ള്ളിയെയും  ഒരുമിച്ച് ഞെട്ടിച്ച മാർക്സിസ്സ് സൈദ്ധാന്തിക കൊല്ലംകാരി ജറോമിയുടെ കണ്ടെത്തൽ അപാരം. ശുംഭൻ എന്നതിന് പ്രകാശം പരത്തുന്നവൻ എന്ന് അർത്ഥം പറഞ്ഞ മുളകുവെള്ളം (എം വി ) ജയരാജൻ്റെ പണ്ഡിതരെയും വെല്ലുന്ന പാണ്ഡിത്യം.

 " പോടാ പൂമോനെ" എന്ന് ബാനറിൽ എഴുതിയിരുന്നെങ്കിൽ അത് പ്രകൃതിസ്നേഹം കൊണ്ടാണെന്നും, "പൂ" എന്നാൽ ഇംഗ്ലീഷിൽ "ഫ്‌ളവർ" ആണെന്നും പറഞ്ഞ് ന്യായീകരിക്കാൻ തലയിൽ ഹൗസ് ചുമക്കുന്ന  മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിണി തന്നെ വരുമായിരുന്നു. അതെന്തായാലും  ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് ഉള്ളവരുടെ ഭാഷാ വൈഭവം പ്രകടമായതോടെ സംഭവം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നു. വാക്കുകളുടെ വ്യാകരണവും അന്തർധാരയും കണ്ടുപിടിക്കാൻ പി എച്ച് ഡി പോലുള്ള ഇത്തരം ഉയർന്ന ബിരുദങ്ങൾ തന്നെ വേണം; ഇല്ലെങ്കിൽ സാധാരണക്കാർ ഇത് വല്ല അസഭ്യവുമാണെന്ന് തെറ്റിദ്ധരിച്ചു കളയും!

​യഥാർത്ഥത്തിൽ, ഈ കുഞ്ഞുപിള്ളേരുടെ കൈയിൽ ഇത്തരം അക്ഷരങ്ങൾ വരച്ചുനൽകിയ ഗുരുവിനെ ആയിരിക്കണംനല്ല നമസ്കാരം പറഞ്ഞു ആദരിക്കേണ്ടത്. കുട്ടികൾക്ക് കളിക്കാനും പഠിക്കാനും സമയം കൊടുക്കുന്നതിന് പകരം അവരെക്കൊണ്ട് ഇത്തരം പ്ലക്കാർഡുകൾ പിടിപ്പിച്ച് രസിപ്പിക്കുന്ന രാഷ്ട്രീയ തരികിടകളെയാകണം തിരഞ്ഞുപിടിച്ച് ശിക്ഷിക്കേണ്ടത് 

ചിന്ത ജെറോമിന്റെ ഈ ന്യായീകരണ ശൈലി  നോക്കിയാൽ, ഭാവിയിൽ സ്കൂളുകളിലെ സഭ്യതയും വ്യാകരണവും അളക്കാൻ പ്രത്യേക അക്കാദമിക് പാനൽ തന്നെ രൂപീകരിക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്!
-കെ എ സോളമൻ

Friday, 18 September 2026

പരിഹാസ്യമായ നിലപാട്

#പരിഹാസ്യമായ #നിലപാട്
മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് റിപ്പോർട്ടർ ചാനലിനും ആന്റോ അഗസ്റ്റിനും പിന്തുണയുമായി രംഗത്തെത്തിയത് പരിഹാസ്യമാണ്. സർക്കാരിന്റെയും ജിഎസ്ടി വകുപ്പിന്റെയും സ്വാഭാവിക നിയമനടപടികളെ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം ജനങ്ങൾ അംഗീകരിക്കില്ല. 

കോടികളുടെ സാമ്പത്തിക കൃത്രിമത്വവും വിദേശത്തേക്ക് പണം കടത്തിയതുമടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും നേരിടുന്ന ഒരു സ്ഥാപനത്തിനെതിരെ അന്വേഷണം നടക്കുമ്പോൾ, അതിനെ നിയമവിരുദ്ധമെന്ന് മുദ്രകുത്തുന്നത് അങ്ങേയറ്റം അപലപനീയം.

സമീപകാല രാഷ്ട്രീയ ഇടപെടൽ മൂലം പാർട്ടിയിൽ നിന്ന് പുറത്തേക്കുള്ള വഴി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് തോമസ് ഐസക്. അത്തരമൊരു അവസ്ഥയിൽ ചാനൽ കവറേജും മാധ്യമ ശ്രദ്ധയും അത്യാവശ്യമായിരിക്കുന്നു. റിപ്പോർട്ടർ ചാനലിനെ ഇപ്പോൾ പിന്തുണച്ചാൽ  അവരുടെ ടിവി  സ്ക്രീനിൽ തൻ്റെ തലയും ഫുൾ ഫിഗറും പ്രത്യക്ഷപ്പെടുമെന്ന് ഐസക്കിന് അറിയാം. അതാണ് ഇത്തരം തെറ്റായ നിലപാടുകൾ സ്വീകരിക്കാൻ കാരണം.

 മാധ്യമപ്രവർത്തനത്തിന്റെ മറവിൽ  വൻകിട സാമ്പത്തിക ക്രമക്കേടുകളും മദ്യവ്യാപാരവും നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് ഭരണകൂടത്തിന്റെ പ്രാഥമിക ചുമതലയാണ്.
​സത്യസന്ധവും സുതാര്യവുമായ അന്വേഷണത്തിലൂടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടുവരാൻ തീരുമാനിച്ച സംസ്ഥാന സർക്കാരിന്റെയും അന്വേഷണ ഏജൻസികളുടെയും നടപടി തികച്ചും അഭിനന്ദനാർഹമാണ്. 

നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും, വൻകിട മാധ്യമ സ്ഥാപനങ്ങളോ വ്യക്തികളോ ആണെങ്കിൽപ്പോലും സാമ്പത്തിക ക്രമക്കേടുകൾ നടത്തിയാൽ രക്ഷപ്പെടാനാകില്ലെന്നുമുള്ള ശക്തമായ സന്ദേശമാണ് സർക്കാർ ഇതിലൂടെ നൽകുന്നത്.
-കെ എ  സോളമൻ

Tuesday, 15 September 2026

ചാനൽ റെയ്ഡ് സ്വാഗതാർഹം

#ചാനൽറെയ്ഡ് #സ്വാഗതാർഹം
.സന്ധ്യയായാൽ ചാനൽ മുറിയിലിരുന്ന് ലോകത്തെ സകലരെയും വിചാരണ ചെയ്ത് വിധി പ്രസ്താവിക്കുന്ന മാധ്യമ വീരന്മാർക്ക്, സ്വന്തം പടിപ്പുരയിൽ കോടതി ഉത്തരവുമായി പോലീസ് വന്നിറങ്ങിയപ്പോൾ മാത്രമാണ് 'നിയമം എല്ലാവർക്കും ഒന്നാണ്' എന്ന ബോധ്യം ഉണ്ടായത്.  

വൈകുന്നേരത്തെ ചർച്ചകളിൽ പ്രൈം ടൈം റേറ്റിംഗിനും മുതലാളിയുടെ കീശ വീർപ്പിക്കുന്നതിനുമായി ആരുടെയും ജീവിതവും അന്തസ്സും പരസ്യമായി ലേലം വിളിക്കുന്നവർ, സ്വന്തം കാര്യത്തിൽ നിയമം അതിന്റെ വഴിക്ക് വന്നപ്പോൾ പെട്ടെന്ന് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാവലാളുകളായി മാറിയത് കാണാൻ നല്ല രസമുണ്ട്. കോടികളുടെ നികുതി വെട്ടിപ്പും തട്ടിപ്പും നടത്തിയിട്ട് മാധ്യമപ്രവർത്തനത്തിന്റെ പവിത്രതയെക്കുറിച്ച് ക്ലാസെടുക്കുന്ന ഇത്തരം ഏഴാം കൂലി മാധ്യമ പ്രമുഖർക്ക് ലഭിച്ച ഈ ചെറിയ പ്രഹരം, വാസ്തവത്തിൽ കേരളത്തിലെ സാധാരണ ജനങ്ങൾ ആഗ്രഹിച്ചതാണ്.

​ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും വ്യാജ വാർത്തകൾ മെനഞ്ഞും നാട്ടിൽ അരാജകത്വം സൃഷ്ടിക്കുന്ന അധമ മാധ്യമപ്രവർത്തനത്തിന് ഇതൊരു താക്കീത് തന്നെ. കോടതിയുടെ കൃത്യമായ ഇടപടലിലൂടെയും പോലീസിന്റെ ഉറച്ച നടപടിയിലൂടെയും ഈ മാധ്യമ പ്രമാണിമാരുടെ ധിക്കാരത്തിന് താൽക്കാലികമായെങ്കിലും അറുതിവന്നത് അഭിനന്ദനാർഹം തന്നെ. 

ഏത് ചാനലായാലും മുതലാളിയുടെ പോക്കറ്റ് നിറയ്ക്കാൻ ഏത് അധർമ്മവും കാണിക്കാമെന്ന വിചാരം ഇനി നടപ്പില്ലെന്ന് വ്യക്തമായി. മാധ്യമ ധർമ്മത്തിന്റെ പേരിൽ സ്വന്തം തട്ടിപ്പുകൾ ന്യായീകരിക്കുന്നവർക്കെതിരെ സർക്കാർ എടുത്ത ഈ നിലപാട്, വഴിതെറ്റിപ്പോകുന്ന മറ്റ് വാർത്താ ചാനലുകൾക്കും കൃത്യമായൊരു മുന്നറിയിപ്പാണ് നൽകുന്നത്.
-കെ എ സോളമൻ

Sunday, 13 September 2026

നെറികെട്ട മാധ്യമ പ്രവർത്തനം

#നെറികെട്ട #മാധ്യമപ്രവർത്തനം
റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ നടത്തിയ വസ്തുതാവിരുദ്ധവും അത്യന്തം അപലപനീയവുമായ വെളിപ്പെടുത്തലുകൾ കേരളത്തിന്റെ രാഷ്ട്രീയ-മാധ്യമ സംസ്കാരത്തിന് മങ്ങലേൽപ്പിക്കുന്നതാണ്.
 ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് എതിരെ വ്യാജരേഖകളും ആരോപണങ്ങളുമായി മാധ്യമങ്ങളെ സമീപിച്ച ഗൂഢസംഘങ്ങളെക്കുറിച്ചും, അതിന് പിന്നിലെ രാഷ്ട്രീയ അജണ്ടകളെക്കുറിച്ചും വ്യക്തമായ ചിത്രം പുറത്തുകൊണ്ടുവരേണ്ടതുണ്ട്. മാധ്യമധർമ്മം മറന്ന്, ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് വേദി ഒരുക്കുകയും വസ്തുതകൾ അന്വേഷിക്കാതെ ഉത്തരവാദപ്പെട്ട സംസ്ഥാന തലവനെതിരെ ആക്ഷേപം ഉന്നയിക്കുകയും ചെയ്ത ആന്റോ അഗസ്റ്റിനെ ശക്തമായ പോലീസ് ചോദ്യം ചെയ്യലിന് വിധേയമാക്കണം..

 ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ തകർക്കാൻ ഏത് അറ്റവും വരെ പോകുന്ന നെറികെട്ട രാഷ്ട്രീയ വൈരത്തിന്റെ ഇരയായി മാധ്യമങ്ങളെ മാറ്റുന്നത് ഭരണഘടനാ സ്ഥാപനങ്ങൾക്കും ജനാധിപത്യത്തിനും തന്നെ വൻ ഭീഷണിയാണ്.  

​സത്യസന്ധമായ വാർത്തകൾ ജനങ്ങളിലെത്തിക്കുന്നതിന് പകരം, വ്യക്തിപരമായോ രാഷ്ട്രീയപരമായോ ഉള്ള സങ്കുചിത താത്പര്യങ്ങൾക്കായി ചാനലുകളെ ദുരുപയോഗം ചെയ്യുന്ന ഇത്തരം ചാനൽ മുതലാളിമാരുടെ പ്രവർത്തനം അത്യന്തം അപകടകരമാണ്. തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് സമൂഹത്തിൽ പുകമറ സൃഷ്ടിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്ന ഇത്തരം ഹീനമായ നീക്കങ്ങളെ നിയമപരമായി നിലയ്ക്കു നിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

 വ്യാജരേഖകൾ നിർമ്മിച്ച് നൽകിയ ഗൂഢസംഘത്തിന് പിന്നിൽ പ്രവർത്തിച്ച യഥാർത്ഥ ശക്തികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ, അത് കേരളത്തിന്റെ പൊതുസമൂഹത്തിന് നൽകുന്ന സന്ദേശം വളരെ തെറ്റായിരിക്കും. മാധ്യമരംഗത്തെ ഇത്തരം നെറികെട്ട പ്രവണതകൾക്കെതിരെ ശക്തമായ നിയമനടപടികളും ജനകീയ പ്രതിഷേധങ്ങളും ഉയർന്നുവരേണ്ടതുണ്ട്.
-- കെ എ സോളമൻ

Wednesday, 9 September 2026

ഇ ഡി യുടെ മൂക്ക്

#ഇ_ഡി_യുടെ_മൂക്ക്
കേന്ദ്ര ഏജൻസികളുടെ മൂക്കിന്റെ അളവെടുപ്പും, അതിനെ ചൊല്ലിയുള്ള രാഷ്ട്രീയ പോരുകളും കേരള രാഷ്ട്രീയത്തിൽ പുതിയൊരു വിനോദമായി മാറി. "പിണറായിയെ വലിക്കാൻ മാത്രമുള്ള മൂക്ക് ഇ.ഡി.ക്കില്ല" എന്ന എം. സ്വരാജിന്റെ പ്രസ്താവന കേട്ടാൽ തോന്നും, അന്വേഷണ ഏജൻസികൾ ആരോപണവിധേയരുടെ കഴുത്തിലല്ല, മൂക്കിലാണ് പിടിച്ച് വലിക്കാൻ വരുന്നതെന്ന്! 

ഇ.ഡി.യെ എങ്ങനെയെങ്കിലും പ്രകോപിപ്പിച്ച് മുൻമുഖ്യനെ പെട്ടെന്നു അകത്താക്കാൻ ശ്രമിക്കുകയാണോ ഈ സൈദ്ധാന്തിക വിദ്വാന്മാർ എന്ന്  ആരും സംശയിച്ചുപോകും. 
ഇത്തരത്തിലുള്ള പ്രകോപനപരമായ പ്രസ്താവനകൾ യഥാർത്ഥത്തിൽ കേസിലെ ഗൗരവത്തെക്കാൾ ഉപരി, സ്വന്തം അണികളെ ആവേശം കൊള്ളിക്കാനുള്ള പാഴ്തന്ത്രമായി മാത്രമേ കാണാൻ കഴിയൂ.  

​ഇതിനിടയിലാണ് നിയമപരമായും രാഷ്ട്രീയമായും ചാനൽപരമായും നേരിടും എന്ന മാസ് ഡയലോഗുമായി ചിലനേതാക്കൾ  രംഗത്തെത്തിയിട്ടുണ്ട്. ഏജൻസികൾ അന്വേഷണം തുടരുകയും കോടതികൾ കേസ് പരിഗണിക്കുകയും ചെയ്യുന്ന ഒരു സംവിധാനത്തിൽ, ഈ ചാനൽ പോരാട്ടം കൊണ്ടും വാക്പോരുകൾ കൊണ്ടും കേസിലെ സത്യങ്ങൾ അപ്രത്യക്ഷമാകാൻ പോകുന്നില്ല. അന്വേഷണം അതിന്റെ വഴിക്ക് സമാധാനപരമായി പോകട്ടെ.  ആരോപണങ്ങളിൽ കഴമ്പുണ്ടോ ഇല്ലയോ എന്ന് നിയമവ്യവസ്ഥ തീരുമാനിക്കും.

രാഷ്ട്രീയ നാടകങ്ങളും വാചകമടികളും മാറ്റിവെച്ച്, നിയമത്തിന്റെ വഴിയിൽ മാത്രം കാര്യങ്ങളെ അഭിമുഖീകരിക്കുകയാണ് നേതാക്കൾ ചെയ്യേണ്ടത്.  
-കെ എ സോളമൻ

Friday, 4 September 2026

അങ്ങനെ വീണ ജോർജിനും എസ് ഐ റ്റി

#അങ്ങനെ വീണാ ജോർജിനു വേണ്ടിയും എസ്ഐടി !
അന്വേഷണ ഏജൻസികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ സർക്കാർ നെട്ടോട്ടമോടുമ്പോൾ, കേവലം ഒരു ചെറിയ കേസിന് വേണ്ടി എട്ട് അംഗങ്ങളുള്ള ആർഭാട എസ്.ഐ.ടിയെത്തന്നെ രംഗത്തിറക്കിയത് തികച്ചും അഭിനന്ദനീയം. കോടികൾ ചെലവിട്ട് ഐ.പി.എസ് ഉദ്യോഗസ്ഥരെയും ബറ്റാലിയൻ കമാൻഡൻ്റുമാരെയും വെച്ച് നടത്തുന്ന ഈ മഹായജ്ഞത്തിന്റെ പത്തിലൊന്നു ചെലവ് വേണ്ട, പഴയ 'ഇടിയൻ നാറാപിള്ളയും',  കുട്ടൻപിള്ള ഏഡും', അമ്മിണി പോലീസും ചേർന്ന് വീണാജോർജിനെ കൊണ്ട് തത്തയെപ്പോലെ സത്യം പറയിപ്പിപ്പിക്കാൻ! 

നാട്ടുകാരുടെ ആരോഗ്യം സംരക്ഷിക്കാൻ ബാധ്യതയുണ്ടായിരുന്ന  വീണാ ജോർജിന് ചുറ്റും കറുത്ത തുണി കണ്ടാൽ ഉടൻ എസ്.ഐ.ടി ഇറക്കിയില്ലെങ്കിൽ പിന്നെ ആരോഗ്യം മാത്രമല്ല, ആഭ്യന്തര വകുപ്പിന്റെ ആരോഗ്യവും ക്ഷയിച്ചു പോകുമെന്നു കരുതാൻ പാടില്ലായിരുന്നു. 
​തനിക്കെതിരെ ഉയർന്നുവരുന്ന ഏത് ആരോപണത്തെയും നാടകീയമായി നേരിടാനുള്ള ചാനൽ വൈദഗ്‌ധ്യം  വീട്ടിലെ മൂലയ്ക്ക് കുത്തിയിരിക്കുന്ന വീണാ ജോർജിന് ഇപ്പോൾ കാണണമെന്നില്ല

 ഇത്രയും വിപുലമായ അന്വേഷണ സംഘത്തെ വെച്ച് റീൽസ് പിടിക്കാൻ കാണിക്കുന്ന ഈ ഉത്സാഹം ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ ഒരു സ്ട്രെച്ചറോ കട്ടിലോ ഒപ്പിക്കാൻ കാണിച്ചിരുന്നെങ്കിൽ രോഗി കട്ടിലിൽ നിന്ന് താഴെ വീണ് ചാകാതെ രക്ഷപ്പെട്ടേനെ.

 എന്തായാലും എട്ടംപേർ ചേർന്ന് നടത്തുന്ന ഈ ഹിമാലയൻ അന്വേഷണത്തിന്റെ ഒടുവിൽ ശ്രീമതി ജോർജിനെ പുണ്യപ്പെടുത്തുമോ അതോ  കാറ്ററിംഗ് ബില്ല് കൂട്ടുമോ എന്ന് കണ്ടുതന്നെ അറിയണം.
-കെ എ സോളമൻ

Tuesday, 1 September 2026

സാമൂഹിക മൂല്യങ്ങൾക്ക് നിരക്കാത്ത പ്രസ്താവന

#സാമൂഹികമൂല്യങ്ങൾക്ക് #നിരക്കാത്ത #പ്രസ്താവന
സ്ത്രീകളെയും അവരുടെ സ്വാതന്ത്ര്യത്തെയും മുൻനിർത്തി സമൂഹത്തിലുണ്ടാകുന്ന നിയന്ത്രണങ്ങളേക്കാൾ പ്രധാനം വ്യക്തിയുടെ സുരക്ഷയും തുല്യാവകാശങ്ങളുമാണ്. 

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീകളെക്കുറിച്ചുള്ള പ്രസ്താവന സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് സമർത്ഥിക്കപ്പെടാൻ ശ്രമിക്കുന്നതെങ്കിലും, ആ സുരക്ഷ സ്ത്രീകളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തിക്കൊണ്ടാകരുത്. സുരക്ഷയും സംരക്ഷണവും സ്ത്രീക്ക് മാത്രമല്ല, ഏതൊരു മനുഷ്യനും ഒരേപോലെ ആവശ്യമുള്ളതാണ് . സുരക്ഷയുടെ പേരിൽ ഒരു വിഭാഗത്തിന്റെ പ്രവർത്തന സ്വാതന്ത്ര്യങ്ങളെ വിലക്കുന്നതും, പുരുഷാധിപത്യപരമായ രീതിയിൽ അവരെ സമൂഹത്തിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിക്കുന്നതും  സാമൂഹിക മൂല്യങ്ങൾക്ക് നിരക്കാത്തതാണ്.

​ഒരു ജനാധിപത്യ രാജ്യത്ത് വ്യക്തികളുടെ അവകാശങ്ങളും കർത്തവ്യങ്ങളും നിർണ്ണയിക്കപ്പെടുന്നത് മതഗ്രന്ഥങ്ങളിലൂടെയോ വ്യക്തിഗത വിശ്വാസങ്ങളിലൂടെയോ അല്ല, മറിച്ച് ഭരണഘടനയിലൂടെയാണ്. ഇന്ത്യൻ ഭരണഘടന ഓരോ പൗരനും ലിംഗഭേദമന്യേ തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും അന്തസ്സോടെ ജീവിക്കുന്നതിനുമുള്ള അവകാശം ഉറപ്പുനൽകുന്നു. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളാണ് ഏതൊരു മതനിയമങ്ങൾക്കും , വ്യക്തിഗത അഭിപ്രായങ്ങൾക്കും മുകളിൽ.
 
ആയതിനാൽ സ്ത്രീകളെ രണ്ടാംകിടക്കാരായി കാണുന്നതോ അവരുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതോ ആയ എല്ലാ നിലപാടുകളുംഎതിർക്കപ്പെടണം. ഭരണഘടനാപരമായ സ്ത്രീകളുടെ അവകാശം  സുരക്ഷിതവും തുല്യതയുള്ളതുമായ ഒരു സമൂഹത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്.
- കെ എ സോളമൻ

Friday, 28 August 2026

അതിമാരക എക്സ്ക്ലൂസീവ്

#അതിമാരക #എക്സ്ക്ലൂസിവ്
​വർഷങ്ങളായി ക്രൈം ബ്രാഞ്ചും ഇന്റർപോളും പെടാപ്പാടുപെട്ട് തിരയുന്ന സുകുമാരക്കുറുപ്പിനെ ഒടുവിൽ ബ്രൂണോയിലെ ഒരു നിർമ്മാണ സൈറ്റിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞ ട്വന്റിഫോർ ചാനലിന്റെ അസാമാന്യ മാധ്യമ മികവിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. കുറുപ്പ് അവിടെ സുഖമായി പണിയെടുക്കുകയാണെന്ന വാർത്ത കേട്ട് ആഭ്യന്തര വകുപ്പ് പോലും ഒരു നിമിഷം ഞെട്ടിവിറച്ചുപോയിക്കാണണം. എന്നാൽ, കുറുപ്പിന്റെ ചിത്രമെന്ന് പറഞ്ഞ് പാവം ദാമോദര മേനോന്റെ ഫോട്ടോ കാണിച്ച് നൽകിയ ആ അതിമാരക എക്സ്ക്ലൂസീവ്, വ്യാജവാർത്തകളുടെ ചരിത്രത്തിലെ തന്നെ ഒരു വലിയ നാഴികക്കല്ലാണ്.

ആർക്കും എന്തും കെട്ടിച്ചമച്ച് വിളമ്പി ആളെപ്പറ്റിക്കാം എന്ന ധാർഷ്ട്യവും, ഒരു അടിസ്ഥാന വിവരവുമില്ലാതെ വ്യക്തിഹത്യ നടത്തുന്നതിലെ ഉത്തരവാദിത്തമില്ലായ്മയും ഇവിടെ കൃത്യമായി തെളിഞ്ഞിരിക്കുകയാണ്. കുറുപ്പിനെ പിടിക്കാൻ ഇറങ്ങിത്തിരിച്ച് വഴിപോക്കരായ സാധാരണക്കാരെ കുറ്റവാളികളാക്കുന്ന ഇത്തരം മാധ്യമ ഗൂഢാലോചനകൾക്കെതിരെ ശക്തമായ നിയമനടപടികൾ തന്നെ സ്വീകരിക്കേണ്ടതുണ്ട്.

​റേറ്റിംഗിന് വേണ്ടിയും ബ്രേക്കിംഗ് ന്യൂസ് അടിച്ചിറക്കാൻ വേണ്ടിയും എന്തും ചമച്ചുണ്ടാക്കാമെന്ന അവസ്ഥ ഏതായാലും അപലപനീയമാണ്. റേറ്റിംഗ് കൂട്ടാൻ വേണ്ടി നാളെ ഇനി അലക്സാണ്ടർ ചക്രവർത്തി പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനി നടത്തുന്നുണ്ടെന്നോ, നെപ്പോളിയൻ കുട്ടനാട്ടിൽ നെല്ലുകുത്ത് പാട്ടത്തിന് എടുത്തിട്ടുണ്ടെന്നോ പറഞ്ഞ് വാർത്ത കൊടുത്താലും അത്ഭുതപ്പെടാനില്ല. വസ്തുതാപരിശോധന പോയിട്ട് പ്രാഥമിക വിവരം പോലും അന്വേഷിക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഇത്തരം കെട്ടുകഥകൾ സംപ്രേഷണം ചെയ്യുന്ന ചാനലുകൾ പൊതുസമൂഹത്തോട് കാണിക്കുന്നത് വഞ്ചനയാണ്.

 മാധ്യമപ്രവർത്തനത്തെ ഒരു കോമഡി ഷോയാക്കി മാറ്റുന്ന ഇത്തരം പ്രവണതകൾക്ക് തടയിടാൻ മാതൃകാപരമായ ശിക്ഷാനടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകേണ്ടിയിരിക്കുന്നു.
- കെ എ സോളമൻ

Wednesday, 26 August 2026

#ടെൻഷൻ #മാറ്റേണ്ട

#ടെൻഷൻ_മാറ്റാൻ_സ്വർണം_വിറ്റോളൂ!
ചാനൽ തുറന്നാൽ കാണുന്നത് ഒരു പുതിയതരം കൗൺസിലിംഗ് സെഷനാണ്. "സ്വർണം പണയം വെച്ചാൽ ടെൻഷൻ കൂടും, അതുകൊണ്ട് ഞങ്ങൾക്ക് വിറ്റ് സമാധാനമായി ജീവിക്കൂ" എന്ന സ്വർണ മുതലാളിമാരുടെ പരസ്യം.  ഈ മാനസികാരോഗ്യ ഉപദേശം കേട്ടാൽ ആരും കരുതും, ഇവർ ബിസിനസുകാരല്ല, മറിച്ച് സൗജന്യ തെറാപ്പിസ്റ്റുകളാണെന്ന്! ജനത്തിന്റെ ടെൻഷനിൽ ഇത്ര ആത്മാർത്ഥമായ ഉത്കണ്ഠ പ്രകടിപ്പിക്കുന്ന ഇവരെ കണ്ടാൽ ആരും കരഞ്ഞു പോകും.

ജനങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ വേണ്ടി മാത്രം സ്വന്തം കീശ ബലമായി വീർപ്പിക്കേണ്ടി വരുന്ന ഈ മഹാമനസ്കരായ വ്യാപാരികളുടെ ത്യാഗം കണ്ടില്ലെന്ന് നടിക്കാൻ പറ്റുമോ? "സമ്പാദ്യം" എന്ന പേരിൽ വീട്ടിലെ അലമാരയിൽ വെറുതെ ഇരിക്കുന്ന സ്വർണം വിറ്റൊഴിവാക്കിയാൽ അപ്പോൾ കിട്ടുന്ന ആ  സമാധാനം ഒന്ന് വേറെ തന്നെ!

നിക്ഷേപങ്ങളുടെ ചരിത്രമെടുത്താൽ സ്വർണ്ണത്തോളം വിശ്വസ്തതയുള്ള മറ്റൊരു നിക്ഷേപം കാണില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. നാളെ വില കുതിച്ചുയരുമ്പോൾ "അയ്യോ, അന്ന് വെറുതെ വിറ്റുകളഞ്ഞല്ലോ" എന്നോർത്ത് അനുഭവിക്കാൻ പോകുന്ന പുതിയ ടെൻഷൻ,  അതാണ് സ്വർണ വ്യാപാരികൾ ജനത്തിന് സൗജന്യമായി നൽകുന്ന ബോണസ് ഓഫർ!

പണത്തിന് അടിയന്തിര ആവശ്യം വരുമ്പോൾ കൈയിലുള്ള സ്വർണം പണയം വെച്ച്, ആവശ്യം കഴിഞ്ഞ് തിരിച്ചെടുക്കുന്ന പഴയ ശീലം എത്ര മോശമാണെന്ന് മുതലാളിമാർ ആഴത്തിൽ ഗവേഷണം നടത്തി കണ്ടെത്തിയിരിക്കുന്നു! ആ പഴഞ്ചൻ ശീലം മലയാളി ഇനി അടിയന്തിരമായി ഉപേക്ഷിക്കണം. പകരം സ്വർണം നേരെ കൊണ്ടുപോയി തുച്ഛമായ വിലയ്ക്ക് വിറ്റ്, ഉടമസ്ഥാവകാശം എന്നന്നേക്കുമായി കൈയൊഴിയണം. അങ്ങനെ വന്നാൽ, ഭാവിയിൽ അതേ സ്വർണം തിരികെ വാങ്ങാൻ അതേ കടയിൽ ചെല്ലുമ്പോൾ പണിക്കൂലിയും, പണിവാശിയും, ജി.എസ്.ടിയും, അഡീഷണൽ ജി.എസ്.ടിയും ചേർത്തുള്ള "സ്വാഗതം" കാണുമ്പോൾ ടെൻഷൻ പൂർണമായും ഇല്ലാതാകും ഒപ്പം കീശയും!

ജനങ്ങളുടെ സമ്പാദ്യശീലത്തിന്റെ കടയ്ക്കൽ കത്തി വെച്ച് , പരസ്യക്കൂട്ടിലൂടെ സ്വന്തം സമ്പത്ത് ഇരട്ടിയാക്കുന്നസ്വർണ്ണ മുതലാളിമാരുടെ ഈ സൗജന്യ ഉപദേശം വിശ്വസിക്കുന്നവർക്ക് കൈവരുന്ന സാമ്പത്തിക ഭദ്രത നേരിട്ട് കണ്ടറിയേണ്ടതു തന്നെ. ജനത്തെ ചൂഷണം ചെയ്യുന്ന ഏത് നടപടിയും നിയന്ത്രിക്കാൻ ബാധ്യതയുണ്ടെങ്കിൽ, സ്വർണ മുതലാളിമാരും ചാനൽ തമ്പുരാക്കന്മാരും ചേർന്ന് നടത്തുന്ന ഈ പകൽ കൊള്ള
 എത്രയും വേഗം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.
-കെ എ സോളമൻ

Sunday, 23 August 2026

വാഹന മോഡിഫിക്കേഷൻ വേണ്ട

#വാഹനമോഡിഫിക്കേഷൻ #വേണ്ട 
കമ്പനികൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും എൻജിനീയറിംഗ് മാനദണ്ഡങ്ങളും പാലിച്ചു നിർമ്മിക്കുന്ന വാഹനങ്ങളിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തുന്നത് പൊതുജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന കേരള ഹൈക്കോടതിയുടെ നിലപാട് തികച്ചും സ്വാഗതാർഹമാണ്. തങ്ങൾക്ക് തോന്നുന്നതുപോലെ വാഹനങ്ങൾ അനാവശ്യമായി ഫിറ്റ് ചെയ്തോ ഘടന മാറ്റിയോ നിരത്തിലിറക്കുന്നത് ധാർഷ്ട്യവും പണത്തിന്റെ അഹങ്കാരവുമാണ്. 

അത്യുഗ്ര ശബ്ദമുള്ള ഹോണുകളും വൻകിട ലൈറ്റുകളും ഘടിപ്പിച്ച് റോഡിൽ അരാജകത്വം സൃഷ്ടിക്കുന്ന ഇത്തരം പ്രവണതകൾ മറ്റ് വാഹന ഉപഭോക്താക്കൾക്കും കാൽനടയാത്രക്കാർക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. 'ന്യൂജൻ' എന്ന പേരിലോ തരം താഴ്ന്ന ആവേശത്തിന്റെ പേരിലോ ഇത്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് സമൂഹവും ഭരണകൂടവും കൂട്ടുനിൽക്കുന്നത് പൊതു റോഡുകളെ അപകടക്കെണിയാക്കി മാറ്റാനേ ഉപകരിക്കൂ.

​നിയമലംഘകർക്ക് മുന്നിൽ സർക്കാരും ജനപ്രതിനിധികളും മൃദുസമീപനം സ്വീകരിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. വോട്ട് ബാങ്കോ താത്കാലിക കൈയടിയോ ലക്ഷ്യമിട്ട് യുവാക്കളുടെ ഇത്തരം അനാവശ്യ പ്രവണതകളെ ന്യായീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും തികഞ്ഞ ഉത്തരവാദിത്തമില്ലായ്മയാണ്. പുതിയ പരിഷ്കാരങ്ങളുടെ പേരിൽ നിയമ ലംഘനങ്ങൾക്ക് അതിരുകളില്ലാത്ത ഇളവ് നൽകുന്നത് വരുംദിവസങ്ങളിൽ വലിയ ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തും.

 വാഹനം പരിഷ്കരിക്കാൻ നടക്കുന്നവരുടെ "പൂക്കി സി എം " വിളിയിൽ മുഖ്യമന്ത്രി ആവേശം കൊള്ളേണ്ട കാര്യമില്ല. പൊതുജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്; അതിനാൽ ഹൈക്കോടതി വിധിയെ അക്ഷരംപ്രതി നടപ്പിലാക്കാനും, വാഹനം മോഡിഫൈ ചെയ്യുന്നവർക്കും അതിന് കൂട്ടുനിൽക്കുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നടപടികൾ സ്വീകരിക്കാനും സർക്കാർ ഉടനടി തയ്യാറാകേണ്ടതുണ്ട്.
- കെ എ സോളമൻ

Thursday, 20 August 2026

പുലികളി

#പുലികളി
കേരളത്തിൻ്റെ പാരമ്പര്യവും തനിമയും വിളിച്ചോതുന്ന ഏറ്റവും ആവേശകരവും മനോഹരവുമായ നാടോടിക്കലകളിൽ ഒന്നാണ് പുലികളി. ഓണാഘോഷങ്ങൾക്ക് തിളക്കമേറ്റുന്ന ഈ കലാരൂപം, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അവിഭാജ്യ ബന്ധത്തെയും ജനങ്ങളുടെ ഒത്തൊരുമയെയുമാണ് വർണ്ണാഭമായി വേദിയിൽ എത്തിക്കുന്നത്. 

നൂറ്റാണ്ടുകളോളം പഴക്കമുള്ള ചരിത്രമാണ് പുലികളിക്ക് പറയാനുള്ളത്; കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ്റെ ഭരണകാലത്താണ് തൃശ്ശൂരിൽ ഇന്നത്തെ രീതിയിലുള്ള പുലികളിക്ക് തുടക്കമിട്ടത് എന്ന് വിശ്വസിക്കപ്പെടുന്നു. പടയാളികളുടെ ധീരതയും ആയോധനവീര്യവും പ്രകടിപ്പിക്കാൻ ആരംഭിച്ച ഈ കായികകല, കാലക്രമത്തിൽ ജനകീയമായ ഒരു തെരുവുത്സവമായി മാറുകയാണുണ്ടായത്. 

ശരീരത്തിൽ മനോഹരമായി പുലിവരകൾ ചാർത്തി, മദ്ദളത്തിൻ്റെയും തകിലിൻ്റെയും താളത്തിനൊത്ത് ചുവടുവെക്കുന്ന കലാകാരന്മാർ സാംസ്കാരിക പൈതൃകത്തിൻ്റെ വക്താക്കളാണ്. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും തനിമ ചോരാതെ, പുതിയ തലമുറയിലേക്ക് ഈ ചരിത്രസമ്പത്ത് കൈമാറ്റം ചെയ്യപ്പെടുന്നു എന്നത് പുലികളി എന്ന കലാരൂപത്തിൻ്റെ വലിപ്പവും പ്രസക്തിയും വ്യക്തമാക്കുന്നു.

പുലികളിയെ വിമർശിക്കുന്നവർ ചരിത്രനിരാസകരും മികച്ച ഒരു കലാരൂപത്തിൻ്റെ പ്രധാന്യം മനസ്സിലാക്കാത്തവരുമാണ്.
-കെ എ സോളമൻ

ലഹരി കടത്ത്

#ലഹരികടത്ത്
​ലഹരി മാഫിയക്കെതിരെ കേരള പോലീസ് നടത്തുന്ന 'ഓപ്പറേഷന്‍ തൂഫാന്റെ' ഭാഗമായി കഴിഞ്ഞ ദിവസം 74 പേര്‍ കൂടി അറസ്റ്റിലായതോടെ 80 ദിവസത്തിനിടെ പിടിയിലായവരുടെ ആകെ എണ്ണം 10,015 ആയി ഉയർന്നിരിക്കുകയാണ്.  മുൻ സർക്കാരിന്റെ ദീർഘവീക്ഷണമില്ലാത്തതും വീഴ്ചവരുത്തിയതുമായ സമീപനമാണ് സംസ്ഥാനത്തെ ഇത്തരം ഒരു ദയനീയ അവസ്ഥയിലേക്ക് തള്ളിവിട്ടതെന്ന വിമർശനം ശക്തമാണ്. 

തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറിയും പഴവർഗ്ഗങ്ങളും ഇങ്ങോട്ട് അതിർത്തി കടന്നെത്തുമ്പോൾ, തിരിച്ച് അങ്ങോട്ട് കഞ്ചാവും മയക്കുമരുന്നുകളും കടത്തുന്ന ലജ്ജാകരമായ അവസ്ഥയാണ് ഇന്ന് നിലനിൽക്കുന്നത്. അതിർത്തി പരിശോധനാ കേന്ദ്രങ്ങളിലെ അയഞ്ഞ സമീപനവും നിരീക്ഷണ സംവിധാനങ്ങളുടെ അഭാവവും കാരണം ലഹരി സംഘങ്ങൾ അന്തർസംസ്ഥാന പാതകളെ സുരക്ഷിത താവളങ്ങളാക്കി മാറ്റിയിരിക്കുന്നു. I

ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് യുവതലമുറയെ രക്ഷിക്കാൻ കേവലം അറസ്റ്റുകൾക്ക് അപ്പുറം, അയൽസംസ്ഥാനങ്ങളുമായി ഏകോപിച്ച് ലഹരി കടത്തിന്റെ വേരറുക്കുന്ന ശക്തമായ നടപടികളാണ് ഉണ്ടാകേണ്ടത്.
-കെ എ സോളമൻ

Sunday, 16 August 2026

അപൂർവ്വ പ്രതിഭാസം

#അപൂർവ്വപ്രതിഭാസം
ഒരു സിനിമാനടൻ ബിജെപി വിടുന്നു എന്ന് പറയുമ്പോൾ കേരളം നടുങ്ങേണ്ടതാണ്, പക്ഷേ ദേവൻ്റെ കാര്യത്തിൽ അതുണ്ടായില്ല. കാരണം ദേവൻ ബിജെപിയിൽ ഉണ്ടായിരുന്നു എന്നത് തന്നെ പലർക്കും ഒരു 'ബ്രേക്കിംഗ് ന്യൂസ്' ആണ്.

അദ്ദേഹത്തിൻറെ  കെപിപി എന്ന പാർട്ടി ബിജെപിയിൽ ലയിച്ചപ്പോൾ, ലയിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന ചോദ്യം ഇപ്പോഴും പ്രസക്തം. ഒരുപക്ഷേ ദേവൻ തനിച്ചാണ്  ലയനം നടത്തിയതെങ്കിൽ ഒരാൾ ചേരുന്നതും ഒരു പാർട്ടി ലയിക്കുന്നതും ഒരേ സമയം സംഭവിച്ച അപൂർവ രാഷ്ട്രീയ സംഭവം മാത്രം.

രാജി പ്രഖ്യാപിക്കാൻ വീട്ടിലെ ബാൽക്കണിയിൽ നിന്നാൽ മതിയായിരുന്നു, പക്ഷേ ദേവൻ അതിന് കണിച്ചുകുളങ്ങര വരെ യാത്ര ചെയ്തു, പത്മഭൂഷൺ വെള്ളാപ്പള്ളി നടേശൻ്റെ സാന്നിധ്യത്തിൽ പ്രഖ്യാപിക്കുകയായിരുന്നു. ബിജെപിയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളുടെ മുന്നിൽ ബിജെപി വിടുന്നത് പ്രഖ്യാപിക്കുന്നതിലെ യുക്തി മനസ്സിലാക്കാൻ ഒരു രാഷ്ട്രീയ തന്ത്രജ്ഞൻ്റെ  സഹായം വേണ്ടിവരും. അഞ്ചു മാസം മുൻപേ എടുത്ത തീരുമാനം ഇപ്പോൾ പ്രഖ്യാപിച്ചു എന്നും കത്ത് ഉടൻ കൈമാറും എന്നും പറയുന്നു.  അതായത്, രാജിക്കും അതിൻ്റെ ഔദ്യോഗിക രേഖയ്ക്കും ഇടയിലുള്ള ദൂരം, ബിജെപിയിലേക്കുള്ള ദേവൻ്റെ യഥാർത്ഥ സ്വാധീനത്തിൻ്റെ ദൂരത്തോളം തന്നെ വരും.

ആരോഗ്യം ക്ഷയിച്ച്, എല്ലുന്തി പല്ലുകൾ കൊഴിഞ്ഞ കഴുതയുടെ അവസ്ഥയാണ് ഇപ്പോൾ ദേവൻ്റേത്. നടൻ ഭീമൻ രഘുവിനെയും ആ ഗണത്തിൽ പെടുത്താം
- കെ എ സോളമൻ

Friday, 14 August 2026

അപമാനകരമായ പ്രവൃത്തി

#അപമാനകരമായ #പ്രവൃത്തി
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർക്കെതിരെ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) നടത്തിയ വ്യാജ ശവസംസ്കാര സമരം അങ്ങേയറ്റം അപലപനീയം.  വിദ്യാർത്ഥി പ്രതിഷേധത്തിന്റെ മറവിൽ ഇത്തരം ഹീനമായ നടപടികൾ സ്വീകരിക്കുന്നത് അക്കാദമിക് അന്തസ്സിനു നേരെയുള്ള നഗ്നമായ ആക്രമണമാണ്, ഇത് ബഹുമാന്യരായ അധ്യാപകർക്കു നേരെയുള്ള കടുത്ത മാനസിക പീഡനത്തിനും സ്വഭാവഹത്യയ്ക്കും തുല്യമാണ്. 

ഇത്തരം പ്രവൃത്തികൾ ജനാധിപത്യ/തത്ത്വങ്ങളെ പൂർണ്ണമായും വഴിപിഴപ്പിക്കുകയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബഹുമാന്യതക്ക് കളങ്കമേൽപ്പിക്കുകയും ചെയ്യുന്നു. . ഇത്തരം ഹീനമായ സംഭവങ്ങൾക്ക് മുന്നിൽ പോലീസ് ഒരിക്കലും നിശബ്ദ കാഴ്ചക്കാരായി നിൽക്കരുത്. ​ഈ സംഭവത്തിന് ഉത്തരവാദികളായ കുറ്റവാളികൾക്കെതിരെ ഉടൻ തന്നെ കർശന നടപടി സ്വീകരിക്കണം.

കോളേജ് കാമ്പസുകളിൽ സുരക്ഷ, പരസ്പര ബഹുമാനം, അക്കാദമിക് മാന്യത എന്നിവ പുനഃസ്ഥാപിക്കുന്നതിനായി എല്ലാ സർവകലാശാലകളിലും സർക്കാർ കർശനമായ നിയന്ത്രണ നടപടികളും മാർഗ്ഗനിർദ്ദേശങ്ങളും നടപ്പിലാക്കണം.
-കെ എ സോളമൻ

Wednesday, 12 August 2026

ഇങ്ങനെയുണ്ടോ ഒരു പ്രതിപക്ഷം ?

#ഇങ്ങനെയുണ്ടോ #പ്രതിപക്ഷം
ഈ പാർലമെന്റ് സമ്മേളനത്തിലുടനീളം പ്രതിപക്ഷ പാർട്ടികളുടെ ബോധപൂർവമായ നിസ്സഹകരണ മനോഭാവം ജനാധിപത്യത്തിനും ദേശീയ താൽപ്പര്യത്തിനും ഗുരുതരമായ ക്ഷതമേൽപിച്ചു.. ക്രിയാത്മകസമീപനത്തിന് പകരം അനാവശ്യ ബഹളമുണ്ടാക്കി , അവർ പാർലമെന്റ് നടപടികൾ ആവർത്തിച്ച് തടസ്സപ്പെടുത്തുകയും അർത്ഥവത്തായ നിയമനിർമ്മാണ പ്രവർത്തനങ്ങൾ തടയുകയും ചെയ്തു. 

നികുതിദായകരുടെ പണം മൂലം ലഭ്യമാകുന്ന  വിലപ്പെട്ട പാർലമെന്ററി സമയം ഈ തുടർച്ചയായ തടസ്സം കാരണം നഷ്ടപ്പെട്ടു. 

പൊതു വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ക്രിയാത്മക നയ ബദലുകൾ അവതരിപ്പിക്കുന്നതിനും പകരം, പ്രതിപക്ഷം പലപ്പോഴും ഏറ്റുമുട്ടലിലേക്കും തടസ്സപ്പെടുത്തലിലേക്കും നീങ്ങി. തൽഫലമായി, പ്രധാനപ്പെട്ട നിയമനിർമ്മാണ പ്രവർത്തനങ്ങൾ വൈകുകയും ദേശീയ പ്രാധാന്യമുള്ള നിരവധി കാര്യങ്ങൾക്ക് നാശം സംഭവിക്കുകയും ചെയ്തു. ഇത്തരം തുടർച്ചയായ തടസ്സങ്ങൾ പാർലമെന്റിലും അതിന്റെ ജനാധിപത്യ പ്രവർത്തനത്തിലും ഉള്ള പൊതുജനവിശ്വാസത്തെ സാരമായി ബാധിച്ചുവെന്നു വേണം കരുതാൻ.

പ്രശ്നങ്ങൾ ചർച്ച ചെയ്യാനും രാജ്യത്തെ ഏറ്റവും വലിയ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താനും പാർലമെന്റിനെ ആശ്രയിക്കുന്ന പൗരന്മാരുടെ പ്രതീക്ഷകളോടുള്ള അക്ഷന്തവ്യമായ അനാദരവാണ് ഇത്.

കെ എ സോളമൻ

Sunday, 9 August 2026

ഗുണ്ടാ വേട്ടയും ചാനൽ ആഘോഷവും

#ഗുണ്ടാവേട്ടയും #ചാനൽ #ആഘോഷവും.
​പോലീസിനെയും ആഭ്യന്തര വകുപ്പിനെയും തുടർച്ചയായി വെല്ലുവിളിച്ചു നടന്ന കുപ്രസിദ്ധ കുറ്റവാളി അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത നടപടിയിൽ ആഭ്യന്തര മന്ത്രിക്കും പോലീസിനും  അഭിനന്ദനങ്ങൾ. എന്നാൽ, 23-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾക്ക് സമൂഹത്തിൽ ഇത്രയും കാലം തടസ്സങ്ങളേതുമില്ലാതെ വിഹരിക്കാൻ കഴിഞ്ഞു എന്നത് നമ്മുടെ ക്രമസമാധാന സംവിധാനത്തിലെ ഗൗരവതരമായ പഴുതുകളെയും തകർച്ചയെയുമാണ് തുറന്നുകാട്ടുന്നത്. 

നേരത്തെ തന്നെ ഒന്നോ രണ്ടോ കേസുകളിൽ കൃത്യമായ ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കിൽ ഇത്തരം നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത് ഒഴിവാക്കാമായിരുന്നു. നിയമവാഴ്ചയുടെ കർശനമായ നടപ്പാക്കലിലൂടെ മാത്രമേ ക്രിമിനലുകളെ നിലയ്ക്കു നിർത്താൻ സാധിക്കൂ. അതുകൊണ്ടുതന്നെ, ലിംഗഭേദമന്യെ സമൂഹത്തിൽ അക്രമവും ഭയവും വിതയ്ക്കുന്ന എല്ലാത്തരം ക്രിമിനലുകളെയും ഒരേപോലെ തളയ്ക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനം സ്വാഗതാർഹവും വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കേണ്ടതുമാണ്.

​അതോടൊപ്പം, ഒരു കുറ്റവാളിയെ പിടികൂടുന്നതിനെപ്പോലും ആറ്റംബോംബ് വീഴുന്നത്ര വലിയ വാർത്തയായി ചിത്രീകരിച്ച് മണിക്കൂറുകൾ നീളുന്ന ആഘോഷമാക്കുന്ന മലയാളം വാർത്താ ചാനലുകളുടെ നിലപാട് അത്യന്തം പരിതാപകരമാണ്. ഇത്തരം അമിത പ്രാധാന്യവും ആഘോഷങ്ങളും ക്രിമിനലുകൾക്ക് അനാവശ്യ മാധ്യമശ്രദ്ധയും പ്രശസ്തിയും നൽകാൻ മാത്രമേ ഉപകരിക്കൂ. 

ലഹരിവേട്ട നിർത്തിവെച്ചാണ് പോലീസ് ഗുണ്ടകളെ പിടിക്കാൻ ഇറങ്ങുന്നതെന്ന വാദത്തിൽ കാമ്പില്ല; കാരണം, സ്വർണ്ണക്കടത്തിലും ലഹരിവ്യാപാരത്തിലും ഇത്തരക്കാരുടെ സാന്നിധ്യം വ്യക്തമാണ്. ഗുണ്ടകളെ പിടികൂടുന്നതിലൂടെ ലഹരി-സ്വർണ്ണക്കടത്ത് ശൃംഖലകളുടെ വേരറുക്കാനും ഒരേസമയം സാധിക്കും. അതിനാൽ, കേവലം ചാനൽ നാടകങ്ങൾക്കപ്പുറം ഈ ഇരട്ടനേട്ടം ലക്ഷ്യമിട്ടുള്ള ശക്തമായ തുടരന്വേഷണങ്ങളാണ് നാടിന് ആവശ്യം
- കെ എ സോളമൻ.

Friday, 7 August 2026

ഇടനിലക്കാരെ ഒഴിവാക്കണം

#ഇടനിലക്കാരെ #ഒഴിവാക്കണം
ആധാറുമായി ബന്ധിപ്പിച്ച വാണിജ്യ ബാങ്ക് അക്കൗണ്ടുകളിലൂടെ സാമൂഹിക സുരക്ഷാ പെൻഷൻ പേയ്‌മെന്റുകൾ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറിലേക്ക് മാറ്റാനുള്ള തീരുമാനം സുതാര്യത, കാര്യക്ഷമത, എന്നിവയിലേക്കുള്ള ഒരു പ്രധാനപ്പെട്ട നീക്കമാണ്. 

പരിശോധിച്ചുറപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പേയ്‌മെന്റുകൾ പോകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലൂടെ, ഈ നയം ഇടനിലക്കാരുടെ ഇടപെടൽ ഇല്ലാതാക്കുന്നു.  സമയബന്ധിതമായ വിതരണം ഉറപ്പാക്കുന്നതു കൂടാതെ  സ്ഥിരീകരിക്കാത്ത രേഖകൾ വഴിയുള്ള സാമ്പത്തിക ചോർച്ചയും തടയുന്നു. കിടപ്പിലായ ഗുണഭോക്താക്കൾക്ക് വാതിൽപ്പടി ഡെലിവറി നിലനിർത്തുന്നത്  കാരുണ്യത്തോടെയുള്ള  ഒരു ഇടപെടലായി കണക്കാക്കിയാൽ മതി.  

പ്രാദേശിക സഹകരണ ബാങ്കുകളിൽ നിന്ന് ഇടനിലക്കാരനെ അയച്ച് നേരിട്ടു പണം എത്തിക്കുന്ന മുൻ ഭരണകൂടത്തിന്റെ രീതിക്ക് അത്ര സുതാര്യര്യത ഇല്ലായിരുന്നു. ഞങ്ങളാണ് പണം തരുന്നത് എന്ന മട്ടിൽ. പാർട്ടി വളർത്തലിന്റെ ഒരു ഭാഗമായി  ഇത് ചിലയിടങ്ങളിൽ ഉപയോഗിച്ചിരുന്നു.  ഭരണപരമായ പണ ദുരുപയോഗത്തിന് ഇടനിലക്കാരൻ കാരണമായതിന് ഒത്തിരി വേറെയും ഉദാഹരണങ്ങൾ ഉണ്ട്. വിതരണം ചെയ്യാത്ത ഫണ്ടുകളുടെ വൈകിയുള്ള തിരിച്ചടയ്ക്കൽ, മോശം ബുക്കു കീപ്പിംഗ്, അപൂർണ്ണമായ ആധാർ സംയോജനം തുടങ്ങിയ ഗുരുതരമായ പോരായ്മകൾ സഹകരണ ബാങ്ക് പേയ്‌മെന്റ് സംവിധാനത്തിനുണ്ട്.  

മറ്റെല്ലാ സർക്കാർ ക്ഷേമ പദ്ധതികളും നേരിട്ടുള്ള ഇലക്ട്രോണിക് ബാങ്കിംഗ് വഴി തടസ്സമില്ലാതെ നടക്കുമ്പോൾ, കമ്മീഷൻ നൽകി ഏജന്റുമാരെ പണം എത്തിക്കാൻ നിയോഗിക്കുന്നത് അനാവശ്യമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇടനിലക്കാർ വഴിയുള്ള ഈ സംവിധാനം അവസാനിപ്പിക്കുന്നത് ഭരണപരമായ പഴുതുകൾ അടയ്ക്കുകയും നികുതിദായകരുടെ പണം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. 
-കെ എ സോളമൻ

Tuesday, 4 August 2026

ഡിജിറ്റൽ സർവേ : ജനങ്ങളെ വഞ്ചിച്ച കൺകെട്ട് വിദ്യ

#ഡിജിറ്റൽസർവേ: #ജനങ്ങളെ #വഞ്ചിച്ച #കൺകെട്ടുവിദ്യ
​ആധുനിക സാങ്കേതികവിദ്യയുടെ പേരിലും ആധുനിക ഉപകരണങ്ങളുടെ മറവിലും കേരളത്തിൽ നടപ്പിലാക്കിയ ഡിജിറ്റൽ റീസർവേ പദ്ധതി വൻ സാമ്പത്തിക തട്ടിപ്പും ജനദ്രോഹവുമായി മാറിക്കഴിഞ്ഞിരിക്കുന്നു. 

ആർ.ടി.കെ. റോവർ, റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ, ഡ്രോണുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങൾ വാങ്ങിക്കൂട്ടാൻ കോടികളാണ് സംസ്ഥാന ഖജനാവിൽ നിന്ന് ഒഴുക്കിയത്. ഈ വൻകിട പർച്ചേസുകൾക്ക് പിന്നിൽ കോടികളുടെ കമ്മീഷൻ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

​അടിസ്ഥാന സർവേ രേഖകളോ ലിത്തോ മാപ്പുകളോ പരിശോധിക്കാതെ, കേവലം ആകാശ സർവേയെ മാത്രം അടിസ്ഥാനമാക്കി നടത്തിയ ഈ പ്രഹസനം മൂലം സാധാരണക്കാരായ ഭൂവുടമകളാണ് ഇന്ന് ദുരിതത്തിലായിരിക്കുന്നത്. നാലോ അഞ്ചോ സെന്റ് ഭൂമിയുള്ള സാധാരണക്കാരൻ പോലും സ്വന്തം ഭൂമിക്ക് കരം അടക്കാനോ, ആധാരം മാറ്റിയെഴുതാനോ, ബാങ്ക് വായ്പകൾക്കായി ഈട് വെക്കാനോ കഴിയാതെ വില്ലേജ്-താലൂക്ക് ഓഫീസുകൾ കയറിയിറങ്ങുകയാണ്.

​യാതൊരു പ്രായോഗിക പരിചയവുമില്ലാത്ത താൽക്കാലിക ജീവനക്കാരെ നിയമിച്ചാണ് സർവേ നടപടികൾ പൂർത്തിയാക്കിയത്. ഭൂമി അളക്കാൻ വരുമ്പോൾ സ്ഥലത്തുള്ളവർ കാണിച്ചു കൊടുക്കുന്ന അതിരുകൾ മാത്രം അടിസ്ഥാനമാക്കി അളവുപൂർത്തിയാക്കുന്ന വിചിത്രമായ രീതിയാണ് ഇവിടെ സ്വീകരിച്ചത്. ഇതിന്റെ ഫലമായി കിടപ്പുരോഗികളുടെയും,  മാറിത്താമസിക്കുന്നവരുടെയും ഭൂമി അയൽവാസികളുടെ പേരിലാകുകയും പുറമ്പോക്കായി നഷ്ടപ്പെടുകയും ചെയ്തു. ഇതിനെച്ചൊല്ലി നാട്ടിലുടനീളം അയൽവാസികൾ തമ്മിൽ തർക്കങ്ങളും കയ്യാങ്കളികളും നിത്യസംഭവമായി മാറി.

​തെറ്റുകൾ തിരുത്താനെന്ന പേരിൽ അക്ഷയ കേന്ദ്രങ്ങളിലും വില്ലേജ് ഓഫീസുകളിലും ജനങ്ങൾ വരിനിൽക്കേണ്ടി വരുന്നതിലൂടെ സർക്കാരിലേക്ക് വൻ തുക ഫീസിനത്തിൽ എത്തുമ്പോൾ, ജനങ്ങൾക്ക് ലഭിക്കുന്നത് അനാവശ്യ മനോവിഷമവും സമയനഷ്ടവും മാത്രമാണ്. സർവേ വകുപ്പിൽ നിന്ന് കൃത്യമായ ഒരു മറുപടിയും ജനങ്ങൾക്ക് ലഭിക്കുന്നില്ല.

​ഈ സാഹചര്യത്തിൽ നിലവിലെ സർക്കാർ അടിയന്തരമായി താഴെ പറയുന്ന നടപടികൾ സ്വീകരിക്കേണ്ടതുണ്ട്:

1) ​പദ്ധതി റദ്ദാക്കുക: തർക്കങ്ങളുള്ള വില്ലേജുകളിൽ മാത്രമല്ല, സംസ്ഥാനത്തൊട്ടാകെ അപൂർണ്ണമായും ശാസ്ത്രീയമല്ലാതെയും നടത്തിയ ഈ ഡിജിറ്റൽ സർവേ പൂർണ്ണമായി റദ്ദാക്കുകയും പഴയ സർവേ രേഖകൾ പുനഃസ്ഥാപിക്കുകയും ചെയ്യുക.

2) ​അഴിമതി അന്വേഷിക്കുക: ആധുനിക ഉപകരണങ്ങൾ വാങ്ങിയതിലും കരാറുകൾ നൽകിയതിലും നടന്ന ക്രമക്കേടുകളെക്കുറിച്ചും ഇതിന് പിന്നിൽ പ്രവർത്തിച്ച മുൻ റവന്യൂ മന്ത്രി കെ രാജൻ ഉൾപ്പെടെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുക.

3) ​പരമ്പരാഗത രീതിയും സാങ്കേതികവിദ്യയും സമന്വയിപ്പിക്കുക: പഴയ രേഖകളെ അടിസ്ഥാനമാക്കി ജന പങ്കാളിത്തത്തോടെയും സുതാര്യമായും മാത്രം പുതിയ സർവേ നടപടികൾ കൈക്കൊള്ളുക.

​ഡിജിറ്റൽ സർവേ എന്ന പേരിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയും അവരെ തമ്മിലടിപ്പിക്കുകയും ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുപോകണം. ജനങ്ങളെ സിവിൽ കോടതികളുടെ പടി കയറ്റി സാമ്പത്തികമായി തകർക്കാതെ, സർവേ വകുപ്പിനെ ജനപക്ഷത്തുനിന്നു പുനഃസംഘടിപ്പിക്കാൻ നിലവിലെ ഭരണകൂടം തയാറാകണം.
-കെ എ സോളമൻ

Saturday, 1 August 2026

ബ്രിട്ടാസിന്റെ പരാമർശം

#ബ്രിട്ടാസിന്റെ #പരാമർശം
സഭയുടെ അന്തസ്സ് നിലനിർത്തുന്നതിന്
പാർലമെന്റ് ചർച്ചയിൽ പരസ്പര ബഹുമാനവും മാന്യതയും അത്യാവശ്യമാണ്
എഐഎഡിഎംകെ എംപി എം. തമ്പിദുരൈ രാജ്യസഭയിൽ സംസാരിക്കുമ്പോൾ സിപിഎം എംപി ജോൺ ബ്രിട്ടാസ് നടത്തിയ ഇടപെടൽ അനാവശ്യവും അനാദരവുള്ളതുമായിരുന്നു. 

അന്തരിച്ച ജെ. ജയലളിതയെ 'അമ്മ' എന്ന് ഒരു മുതിർന്ന നേതാവ് വിശേഷിപ്പിക്കുന്ന വൈകാരികവും രാഷ്ട്രീയവുമായ ആദരവിനെ പരിഹസിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നത് വ്യക്തമായ രാഷ്ട്രീയ മര്യാദയുടെ അഭാവത്തെ സൂചിപ്പിക്കുന്നു. കേന്ദ്രമന്ത്രിയായും, ദീർഘകാല പാർലമെന്റ് അംഗമായും, ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായും സേവനമനുഷ്ഠിച്ചിട്ടുള്ള ഒരു വിശിഷ്ട പൊതുപ്രവർത്തകനാണ് എം. തമ്പിദുരൈ. അത്തരമൊരു പരിചയസമ്പന്നനായ രാഷ്ട്രതന്ത്രജ്ഞനെ അപ്രസക്തമായ പരാമർശത്തിലൂടെ തടസ്സപ്പെടുത്തുന്നത് അടിസ്ഥാന പാർലമെന്ററി മാനദണ്ഡങ്ങങ്ങളുടെ ലംഘനമാണ്.,. 

​രാഷ്ട്രീയ വ്യത്യാസങ്ങളും മൂർച്ചയുള്ള സംവാദങ്ങളും ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ്, പക്ഷേ അവ ഒരിക്കലും ഒരു പ്രസംഗം വഴിതെറ്റിക്കാനുള്ള നിസ്സാര ശ്രമങ്ങളായി മാറരുത്. നീറ്റ് പോലുള്ള ഒരു നിർണായക വിഷയത്തിൽ ഒരു സഹപ്രവർത്തകന്റെ പ്രസംഗം തടസ്സപ്പെടുത്തുന്നത് ഒരു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയിൽ നിന്ന് പ്രതീക്ഷിക്കുന്ന മര്യാദയല്ല

 ഉന്നതസഭാ ചർച്ചകളിൽ നല്ല പെരുമാറ്റം, മര്യാദ, ആത്മസംയമനം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് സിപിഎം നേതൃത്വം  ജോൺ ബ്രിട്ടാസിനെ ഓർമ്മിപ്പിക്കണം. ഒരു പാർലമെന്റേറിയൻ സഭയുടെ ഗൗരവം കുറയ്ക്കുന്ന വിലകുറഞ്ഞ ഇടപെടലുകളിൽ ഏർപ്പെടുന്നതിനുപകരം ക്രിയാത്മക നയ ചർച്ചകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്.
-കെ എ സോളമൻ

Friday, 31 July 2026

പി എസ് സി യുടെ വഞ്ചന

#പിഎസ് സി.യുടെ #വഞ്ചന
കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി.) നിയമന പ്രക്രിയയിൽ കൃത്രിമത്വം, സെലക്ടീവ് മൂല്യനിർണ്ണയം എന്നിവ നടത്തിയെന്ന ആരോപണം പൊതുജന വിശ്വാസത്തിന്റെ അടിത്തറയെത്തന്നെ തകർക്കുന്നു.

ഉത്തരക്കടലാസുകൾ ഭാഗികമായി മൂല്യനിർണ്ണയം ചെയ്യാതെ പ്രത്യേക വ്യക്തികൾക്ക് അനുകൂലമായി മൂല്യനിർണ്ണയ നടപടിക്രമങ്ങളിൽ ഉദ്യോഗസ്ഥർ കൃത്രിമം കാണിക്കുമ്പോൾ, അത് സത്യസന്ധരായ ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷകളെ തകർക്കുകയും സംസ്ഥാന സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ഇല്ലാതാക്കുകയും ചെയ്യുന്നു. നിയമനത്തിലെ അഴിമതി വെറും ഭരണപരമായ തെറ്റ് മാത്രമല്ല, ന്യായവും സുതാര്യവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ അർഹിക്കുന്ന വിദ്യാസമ്പന്നരായ തൊഴിലന്വേഷകരോടുള്ള നേരിട്ടുള്ള വഞ്ചനയുമാണ്.

​ഇത്തരം ദുരാചാരങ്ങൾ തടയുന്നതിനും നിയമന പ്രക്രിയയിൽ സമഗ്രത പുനഃസ്ഥാപിക്കുന്നതിനും, വ്യവസ്ഥാപരമായ പരിഷ്കാരങ്ങൾ ഉടനടി നടപ്പിലാക്കണം. ഒന്നാമതായി, ഡിജിറ്റൽ ടാബുലേഷനുകൾ ഉൾപ്പെടെയുള്ള എല്ലാ മൂല്യനിർണ്ണയ സംവിധാനങ്ങളും കർശനവും സ്വതന്ത്രവുമായ മൂന്നാം കക്ഷി ഓഡിറ്റുകൾക്ക് വിധേയമാക്കുകയും അനാവശ്യ കാലതാമസമില്ലാതെ ആർടിഐ പ്രകാരം വിശദമായ മാർക്കുകളുടെയും മൂല്യനിർണ്ണയ സ്ക്രിപ്റ്റുകളുടെയും നിർബന്ധിത പ്രസിദ്ധീകരണം നടത്തുകയും വേണം. രണ്ടാമതായി, സമയബന്ധിതമായ ക്രിമിനൽ അന്വേഷണങ്ങൾ വേണം. അന്വേഷണം പൂർത്തിയാകുന്നതുവരെ തട്ടിപ്പിൽ ഉൾപ്പെട്ട ജീവനക്കാരെ  സസ്പെൻഡ് ചെയ്തുനിർത്തുക, കുറ്റക്കാരെന്ന് കണ്ടെത്തുന്ന എല്ലാവരെയും സ്ഥിരമായി കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്യുക എന്നിവ ഉൾപ്പെടെയുള്ള കർശനമായ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കണം

 വിവരണാത്മക ഉത്തര മൂല്യനിർണ്ണയങ്ങൾക്കായി ഓട്ടോമേറ്റഡ് മൾട്ടി-ടയർ ക്രോസ്-വെരിഫിക്കേഷൻ രീതിയും, ഒരു സ്വതന്ത്ര ട്രൈബ്യൂണലിന്റെ കർശനമായ മേൽനോട്ടവും ഏർപ്പെടുത്തുന്നത്  പബ്ലിക് സർവീസ് നിയമനങ്ങളെ മെറിറ്റ് മാത്രമേ നിർണ്ണയിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കും.
-കെ എ സോളമൻ

Monday, 27 July 2026

അന്വേഷണം നടത്തണം

#അന്വേഷണം #നടതണം
ജന്തർ മന്തറിൽ നിന്നുയർന്ന  പൊടി അടങ്ങും മുമ്പേ ക്രിസ്റ്റൽ ഷാൻഡിലിയറുകൾക്ക് കീഴിൽ തണുത്ത പാനീയ കുപ്പികൾ  പൊട്ടിക്കുകയായിരുന്നു പാറ്റാനേതാക്കൾ.  "താഴെത്തട്ടിലുള്ളവർക്കുവേണ്ടിയുള്ള കനത്ത പോരാട്ട"ത്തിൽ  പഞ്ചനക്ഷത്ര ഹോട്ടലിന്റെ അകത്തളത്തിൽ ലിക്വർ ബാഷ്പം നിറയ്ക്കുന്നതിന് മുന്നിൽ തന്നെ ഉണ്ടായിരുന്നു അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നീ പാറ്റത്രയ നേതാക്കൾ.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചപ്പോൾ സന്തോഷം കൊണ്ട് മൂടുറക്കാതായ  പാറ്റജനതാ പാർട്ടിയുടെ വിപ്ലവകാരികൾ സാമൂഹിക നീതിയിലേക്കുള്ള  യുക്തിസഹമായ ചടങ്ങായി ന്യൂഡൽഹിയിലെ ഒരു ആഡംബര  ഹോട്ടലിൽ മദ്യാഘോഷം നടത്തി ആർമാദിച്ചു. പാറ്റനേതൃത്രയത്തെ കണ്ട് എത്തിയ സാധാരണ പ്രതിഷേധക്കാർക്ക് തിരികെ വീട്ടിലേക്കുള്ള ബസ് യാത്രയ്ക്കായി പണമൊന്നും ലഭിക്കാതിരിക്കുമ്പോൾ  സിജെപി ഹൈക്കമാൻഡ് "നൃത്തം ചെയ്തുകൊണ്ട് പ്രതിഷേധിക്കാനും" "തണുത്ത കാപ്പി കുടിച്ചു സംഘടിപ്പിക്കാനും" പഠിപ്പിക്കുന്ന തിരക്കിലായിരുന്നു.  തുറന്ന ബാറിനെയും റൂംസർവീസിനെയും  പോലീസ് ബാരിക്കേഡുകളെന്നു കണ്ട് അവർ ബഹുമാനിച്ചു.  

തെരുവുനായകരുടെ നിയമലംഘനത്തിൽ നിന്ന് അഞ്ചുനക്ഷത്രങ്ങളുടെ ഹോട്ടൽ റൂമിലേക്കുള്ള  ടീമിന്റെ കടന്നുവരവ് വൈറൽ വീഡിയോകളിൽ പകർത്തപ്പെട്ടപ്പോൾ, പൊതുസമൂഹത്തിന് മുന്നിൽ ഒരു എഴുതപ്പെടാത്ത ചോദ്യം പ്രത്യക്ഷപ്പെട്ടു: "മടിയന്മാരും തൊഴിലില്ലാത്തവരും" നയിക്കുന്ന ഒരു തട്ടിക്കൂട്ടുപ്രസ്ഥാനത്തിനു വേണ്ടി, ആഡംബര ഹോട്ടൽ ചെലവ് ആരാണ് ഏറ്റെടുത്തത്? എത്ര ലക്ഷം രൂപ അവിടെ ചെലവഴിക്കപ്പെട്ടു?  ഇവയുടെ എന്തെങ്കിലും കണക്ക് പാറ്റകളുടെ കൈവശം അവശേഷിക്കുന്നുണ്ടോ?

സർക്കാരാണ് ഇത് അന്വേഷിച്ചു വേണ്ട നടപടികൾ സ്വീകരിക്കേണ്ടത്
-കെ എ സോളമൻ

Sunday, 26 July 2026

അത്രമേൽ വിനീതൻ

#അത്രമേൽ #വിനീതൻ!
അവസാനം അദ്ദേഹം അതേറ്റുപറഞ്ഞിരിക്കുന്നു "എന്നെ ഹീറോ ആക്കരുത്!" അതെ, ലോകസമാധാനവും പ്രപഞ്ചസത്യങ്ങളും സ്വന്തം ചുമലിലേറ്റിയ ആ മഹാനായ നേതാവ് അത്രമേൽ വിനീതനാണ്! 

സാക്ഷാൽ 'പാറ്റ പാർട്ടി'യുടെ നായകനായ അഭിജിത് ദീപ്കെയ്ക്ക് പിന്തുണയുമായി തെക്കേ അറ്റത്തുനിന്ന് കുറച്ച്  കമ്മി-കൊങ്ങി പ്രബുദ്ധരും, വടക്കുനിന്ന് കുറച്ച് തൊപ്പിക്കാരും, പാഞ്ഞെത്തിയത് ചുമ്മാതാണോ? ഈ ആഗോള പ്രതിഭാസത്തിന് വേറെ പണിയില്ലാത്തതുകൊണ്ടല്ല, മറിച്ച് ലോകത്തിലെ മുഴുവൻ അന്യായങ്ങളും ഒറ്റരാത്രികൊണ്ട് തീർക്കാൻ പോകുന്ന പാറ്റാ വിപ്ലവത്തിന്റെ ചൂടേറ്റതുകൊണ്ടാണ്! 

എന്തായാലും പാവം അധ്വാനവർഗ്ഗത്തെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച സ്ഥിതിക്ക്, കേരളത്തിലും പഞ്ചാബിലും സർവ്വസാധാരണയായി നടക്കുന്ന പരീക്ഷാ ക്രമക്കേടുകളും മാർക്ക് തട്ടിപ്പുകളും ഒന്നു ഒതുക്കിത്തരാൻ നമ്മുടെ പാറ്റ നേതാവ് ദയവുചെയ്ത് മനസ്സുവെക്കണം. സിസ്റ്റത്തിലെ എല്ലാ കള്ളത്തരങ്ങളിലും കരണ്ടുകയറി ഇല്ലാതാക്കാൻ കഴിവുള്ള ഈ പാറ്റ' വിപ്ലവകാരിക്ക് അത്രയും ചെറിയൊരു കാര്യം ശരിയാക്കാൻ ഏറിയാൽ രണ്ടു മിനിറ്റ് മതിയല്ലോ! 

അണികൾ കാത്തിരിക്കുകയാണ്, ആഗോള മാറ്റത്തിന്.
- കെ എ സോളമൻ

Saturday, 25 July 2026

മുൻവിധി പാടില്ലായിരുന്നു

#മുൻവിധി #പാടില്ലായിരുന്നു
തെരുവ് സമ്മർദത്തിന് വഴങ്ങാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം, ബാഹ്യശക്തികളുടെ ഭരണവിരുദ്ധ തന്ത്രങ്ങളെ അംഗീകരിക്കുന്ന ഒരു നടപടിയായിപ്പോയി. അതിലുള്ള പ്രത്യക്ഷ തെളിവാണ് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിൻ്റെ രാജി. അതും കൃത്യമായ തിരുത്തൽ നടപടികൾ സ്വീകരിച്ചതിനും, സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിനും, ശുദ്ധമായ പുനപരീക്ഷ നടത്തിയതിനും ശേഷം..

പൊതുജനവികാരം ആയുധമാക്കാനും മന്ത്രിയുടെ പുറത്താക്കലിന് നിർബന്ധിക്കാനും രാഷ്ട്രീയ ഗ്രൂപ്പുകളെ അനുവദിക്കുന്നതിലൂടെ, ഭരണകൂടം 
 സൂചന നൽകുന്നത്, സംഘടിത പ്രക്ഷോഭങ്ങളിലൂടെ നയവും ഭരണവും അട്ടിമറിക്കാൻ കഴിയുമെന്നാണ്. ശബ്ദമുയർത്തുന്ന വിഭാഗങ്ങളെ പ്രീണിപ്പിക്കാൻ പിൻവാങ്ങുന്നതിനുപകരം, അചഞ്ചലമായ ഭരണത്തിലൂടെ രാജ്യം അതിന്റെ അധികാരം ഉറപ്പിക്കണം, ഈ പ്രക്ഷോഭങ്ങളെ നയിക്കുന്ന സാമ്പത്തിക, രാഷ്ട്രീയ പിന്തുണക്കാരെ കർശനമായി നേരിടണമായിരുന്നു..

വിഭാഗീയ ശക്തികൾ ധനസഹായം നൽകുന്ന സംഘടിത സമ്മർദ്ദത്തിന് ഇളവുകൾ നൽകുന്നതിനുപകരം കർശനമായ നിയമ സംവിധാനങ്ങളിലൂടെ സ്ഥാപനപരമായ സമഗ്രത നിലനിർത്താൻ സർക്കാർ തയ്യാറാകണം
-കെ എ സോളമൻ

Friday, 24 July 2026

മമ്മൂട്ടി കാര്യങ്ങൾ പഠിക്കണം

#മമ്മൂട്ടി #കാര്യങ്ങൾ #പഠിക്കണം
വിദ്യാഭ്യാസ രംഗത്ത് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച പോലെയുള്ള ക്രമക്കേടുകൾ ഉണ്ടാകുമ്പോൾ,  പരീക്ഷ റദ്ദാക്കി കുറ്റമറ്റ രീതിയിൽ പുനഃപരീക്ഷ നടത്തി അർഹരായവർക്ക് പ്രവേശനം ഉറപ്പാക്കുക എന്നത് ഭരണഘടനാപരവും നിയമപരവുമായ ശരിയായ നടപടിയാണ്. അതിവിടെ നടന്നു കഴിഞ്ഞു. 

ഇതിനെതിരെ യാതൊരു യുക്തിയുമില്ലാതെ പ്രസ്താവനകൾ ഇറക്കുന്ന സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും ഇത്തരം സംഭവങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാര്യങ്ങൾ മനസ്സിലാക്കാതെ പൊതുജനമധ്യത്തിൽ അനാവശ്യ ഭീതി പരത്തുകയാണ് ചെയ്യുന്നത്. 

ഒരു പരീക്ഷ റദ്ദാക്കി നീതിപൂർവ്വമായ മറ്റൊരു പരീക്ഷ നടത്തുന്നതോടെ വിദ്യാർത്ഥികളുടെ ഭാവി നഷ്ടപ്പെടുന്നുവെന്ന വാദം തികച്ചും വാസ്തവവിരുദ്ധമാണ്. രാജ്യത്തെ വ്യവസ്ഥിതികളെയും ഭരണസംവിധാനങ്ങളെയും വിശ്വസിക്കുന്നതിന് പകരം, മമ്മൂട്ടിയെ പോലുള്ള സിനിമ പ്രമുഖർ ഉത്തരവാദിത്തമില്ലാത്ത അഭിപ്രായപ്രകടനങ്ങളിലൂടെ രാജ്യത്തിന്റെ ആഭ്യന്തര സ്ഥിരതയെയും പരീക്ഷാ ഏജൻസികളുടെ വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ല.

​ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ പോലും കൃത്യമായ കാഴ്ചപ്പാടോ പരിഹാരങ്ങളോ മുന്നോട്ടുവെക്കാൻ സാധിക്കാത്ത അപ്രായോഗിക രാഷ്ട്രീയ പാർട്ടികളും പ്രസ്ഥാനങ്ങളുമാണ് ജന്തർ മന്തർ പോലുള്ള വേദികളിൽ അനാവശ്യ സമരങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനായി ശ്രമിക്കുന്നത്. ചില നിക്ഷിപ്ത താൽപ്പര്യക്കാരുടെയും ബാഹ്യ ശക്തികളുടെയും അജണ്ടകൾക്ക് കുടപിടിക്കുന്ന ഇത്തരം പ്രക്ഷോഭങ്ങൾക്ക് സിനിമാമേഖലയിലെ ചിലർ യാതൊരു പരിശോധനയുമില്ലാതെ പിന്തുണ പ്രഖ്യാപിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന വലിയ അനീതിയാണ്.

 രാജ്യതാൽപ്പര്യങ്ങളിലോ നിയമവ്യവസ്ഥയിലോ വിശ്വാസമില്ലാത്ത ഇത്തരം രാഷ്ട്രീയ പാർട്ടികളും അവരെ പിന്തുണയ്ക്കുന്നവരും വിദ്യാർത്ഥികളുടെ ആശങ്കകളെ തങ്ങളുടെ പരാജയപ്പെട്ട രാഷ്ട്രീയ നിലനിൽപ്പിനായി ആയുധമാക്കുക മാത്രമാണ് ചെയ്യുന്നത്. 
- കെ എ സോളമൻ

Tuesday, 21 July 2026

ഉരുക്കു മുഷ്ടി പ്രയോഗിക്കണം

#ഉരുക്കുമുഷ്ടി #പ്രയോഗിക്കണം
ജന്തർമന്തറിൽ നടന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രകടനം പരീക്ഷാ സുതാര്യത സംബന്ധിച്ച പ്രാരംഭ ലക്ഷ്യത്തിനപ്പുറത്തേക്ക് കടന്നിരിക്കുന്നു. പുനർപരീക്ഷകൾ നടത്തുക, വിദ്യാർത്ഥികളുടെ പ്രവേശന പ്രക്രിയ സുഗമമാക്കുക തുടങ്ങിയ ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾ പരിഹരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നടപടികൾ സ്വീകരിച്ചെങ്കിലും വിദ്യാർത്ഥി ക്ഷേമത്തിനപ്പുറമുള്ള രാഷ്ട്രീയ അജണ്ടയായി മാറി പാറ്റകളുടെ പ്രകടനം.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി പോലുള്ള ആവശ്യങ്ങൾ ഘടനാപരമായ വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനപ്പുറം കേന്ദ്ര സർക്കാരിൻ്റെ പ്രതിച്ഛായ ഇല്ലാതാക്കുന്നതിനു ലക്ഷ്യമിട്ടുള്ളതാണ്.  ഔദ്യോഗിക സംവിധാനം ഭരണപരമായ പരാതികൾ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ പാറ്റകൾ വിനാശകരമായ നിലപാടിലേക്ക്  മാറിയത് അപകടകരമാണ്. 

​പൊതു ക്രമത്തിനും ദേശീയ സ്ഥിരതയ്ക്കും ഈ പാറ്റാപ്രസ്ഥാനം ഭീഷണി ഉയർത്തുന്നത് തടയണം. ഇവരുടെ കുതന്ത്രങ്ങൾക്കെതിരെ ഉറച്ച നിയമ നിർവ്വഹണമാണ് വേണ്ടത്.  നിക്ഷിപ്ത അജണ്ടകൾ നടപ്പിലാക്കുന്നതിന് തീവ്രവാദ ഘടകങ്ങളും ബാഹ്യ താൽപ്പര്യ ഗ്രൂപ്പുകളും വിദ്യാർത്ഥികളുടെ ഉത്കണ്ഠകളെ ചൂഷണം ചെയ്യുന്നത് അനുവദിച്ചു കൂടാ. .  ജമ്മു കശ്മീരിന്റെ പദവിയെ ചുറ്റിപ്പറ്റിയുള്ള ആവശ്യങ്ങൾ വിഭജനവാദമാണ്.  കോൺഗ്രസ് പാർട്ടിയും സിജെപിയും തമ്മിലുള്ള ബാന്ധവം രാജ്യത്ത് അശാന്തി വളർത്തുന്ന ഘട്ടത്തിലെത്താൻ ഒരിക്കലും അനുവദിക്കരുത്. 

ഡൽഹിയിലെ സി ജെ പി-ഇണ്ടി സഖ്യ പ്രതിഷേധം  സൃഷ്ടിപരമായ വിദ്യാർത്ഥി പ്രതിഷേധമല്ല. ആയതിനാൽ ഭരണവും ദേശീയ ഐക്യവും സംരക്ഷിക്കുന്നതിന് പ്രക്ഷോഭകരെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടേണ്ടിയിരിക്കുന്നു
- കെ എ സോളമൻ

Sunday, 19 July 2026

കാലുവാരൽ രാഷ്ട്രീയം

#കാലുവാരൽ #രാഷ്ട്രീയം
രണ്ടുമാസം മാത്രം മുഖ്യമന്ത്രി കസേരയിലിരുന്ന സതീശനെ പൂട്ടാൻ സ്വന്തം പാർട്ടിയിലെ ‘അടിയൊഴുക്ക് വിദഗ്ധർ’ വല നെയ്യുന്നത് കാണുമ്പോൾ അതിശയവും നിരാശയും ഒരുപോലെ തോന്നുന്നു. പത്തുവർഷത്തെ പിണറായി ഭരണത്തിന് ശേഷം ജനങ്ങൾ വൻ ഭൂരിപക്ഷത്തോടെ യുഡിഎഫിനെ അധികാരത്തിലേറ്റിയത് ഇത്തരം ഗ്രൂപ്പ് കളികൾ ആസ്വദിക്കാനായിരുന്നില്ല.

ഉമ്മൻചാണ്ടി അനുസ്മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും, പുതുപ്പള്ളിയിലെ സ്മൃതികുടീര സന്ദർശന വേളയിൽ സ്വന്തം മുഖ്യമന്ത്രിയെ ‘ഏകാന്ത പഥികൻ’ ആക്കിയ സംഭവവും കോൺഗ്രസിനെ പൊതുസമൂഹത്തിന് മുന്നിൽ നാണംകെടുത്തുന്നതാണ്. പാർട്ടിയുടെ ആഭ്യന്തര ഭിന്നതകൾ മറച്ചുവയ്ക്കുന്നതിനുപകരം പരസ്യമായി പ്രകടിപ്പിക്കുന്ന സമീപനം ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്.

പത്തുവർഷത്തെ പിണറായി ഭരണകാലത്ത് പല വിഷയങ്ങളിലും നിശബ്ദനായി നിന്ന മുതിർന്ന നേതാവ് വി. എം. സുധീരൻ ഇപ്പോൾ സ്വീകരിക്കുന്ന നിലപാടുകളും ആശയക്കുഴപ്പം സൃഷ്ടിക്കുന്നവയാണ്. ഒരേസമയം സതീശനെ പിന്തുണയ്ക്കുകയും കെ. സി. വേണുഗോപാലിനോട് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന സമീപനം ചാനൽ ചർച്ചകൾക്ക് വിഷയമാകാമെങ്കിലും, പാർട്ടിക്ക് വ്യക്തമായ ദിശാബോധം നൽകുന്നില്ല.

പ്രതിപക്ഷത്തിന്റെയും ചില മാധ്യമങ്ങളുടെയും പിന്തുണയോടെ അരങ്ങേറുന്ന ഈ ആഭ്യന്തര പോര് യുഡിഎഫിന് വോട്ട് ചെയ്ത ജനങ്ങളോടുള്ള മാപ്പർഹിക്കാത്ത അവഗണനയാണ്. ജനങ്ങൾ പ്രതീക്ഷിച്ചത് കാര്യക്ഷമമായ ഭരണവും ബദൽ രാഷ്ട്രീയവുമായിരുന്നു; നേതാക്കളുടെ വ്യക്തിപരമായ ശക്തിപ്രകടനങ്ങളല്ല.

മറുവശത്ത്, കേരളത്തിന് യഥാർത്ഥത്തിൽ ഒരു മുഖ്യമന്ത്രിയുണ്ടോ എന്ന ചോദ്യം പോലും ഉയരുന്ന സാഹചര്യമാണ് ഇന്ന് കാണുന്നത്. തലസ്ഥാന നഗരത്തിലെ കാര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന ഒരു മേയർ ഉള്ളപ്പോൾ, സംസ്ഥാന ഭരണത്തിന്റെ നേതൃത്വം എവിടെയാണെന്ന് പലപ്പോഴും സംശയം തോന്നുന്നു. 

സ്വന്തം കുടുംബക്ഷേത്രം സന്ദർശിച്ചതിന്റെ പേരിൽ പോലും ചില തീവ്ര നിലപാടുകാർക്ക് മുന്നിൽ വിശദീകരണം നൽകേണ്ട അവസ്ഥയിലേക്ക് മുഖ്യമന്ത്രി എത്തുന്നത് നേതൃത്വത്തിന്റെ ദൗർബല്യമായാണ് വിലയിരുത്തപ്പെടുന്നത്. അതിന് ശക്തമായ മറുപടി നൽകാൻ കോൺഗ്രസിലെ നേതാക്കൾ പോലും മുന്നോട്ട് വരാത്തത് കൂടുതൽ അത്ഭുതപ്പെടുത്തുന്നു.

തലസ്ഥാനത്ത് കാര്യപ്രാപ്തിയുള്ള ഒരു മേയർ ഇല്ലായിരുന്നുവെങ്കിൽ അവിടുത്തെ സ്ഥിതി എന്താകുമായിരുന്നു? ഭരണത്തിന്റെ പല തലങ്ങളിലും ഉണ്ടാകുന്ന ശൂന്യതകൾ മറ്റ് ശക്തികൾക്ക് ഇടംനേടാനുള്ള സാഹചര്യം സൃഷ്ടിക്കുമായിരുന്നു.

ഇടതുമുന്നണിയുടെ വോട്ട് ബാങ്ക് പ്രീണന രാഷ്ട്രീയവും കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ കാലുവാരൽ രാഷ്ട്രീയവും ഒരുപോലെ കേരളത്തിന്റെ നിലവിലെ ഭരണ-രാഷ്ട്രീയ സാഹചര്യത്തിന്റെ ശാപങ്ങളായി മാറിയിരിക്കുകയാണ്. ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും സംരക്ഷിക്കുന്നതിലല്ല, ആഭ്യന്തര തർക്കങ്ങളിലും പ്രീണന രാഷ്ട്രീയത്തിലും ഊർജം ചെലവഴിക്കുന്ന സമീപനം സംസ്ഥാനത്തിന്റെ പുരോഗതിക്ക് ഒരിക്കലും ഗുണകരമാകില്ല.
-കെ എ സോളമൻ

Thursday, 16 July 2026

സർക്കാർ നിയമലംഘകരെ സംരക്ഷിക്കുന്നു

#സർക്കാർ #നിയമലംഘകരെ #സംരക്ഷിക്കുന്നു.
പോലീസ് യൂണിഫോം ഉപയോഗിച്ച് നിയമലംഘനം നടത്തുന്നത് പൊതുജനവിശ്വാസത്തിന്റെയും ജനാധിപത്യ ഉത്തരവാദിത്തത്തിന്റെയും കാതലിനെയാണ് ബാധിക്കുന്നത്. ആലപ്പുഴ എംഎൽഎ എ.ഡി. തോമസ് ഉന്നയിച്ച ആരോപണങ്ങൾ, എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ പ്രതിസ്ഥാനത്ത് നിർത്തുന്നു  നവകേരള പന്തിഭോജന ബസ് യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായ മർദ്ദിച്ചതിനും  കേസ് അട്ടിമറിക്കുന്നതിനും പിന്നിൽ അജിത് കുമാർ ആണെന്നു വ്യക്തം 

ഉന്നത പോലീസ് ഉദ്യോഗസ്ഥർ നിയമം അട്ടിമറിക്കുന്നതിൽ സജീവമായി ഏർപ്പെടുമ്പോൾ, അവർ യൂണിഫോമിന്റെ സ്ഥാപനപരമായ സമഗ്രത ഇല്ലാതാക്കുന്നു. അത്തരം നടപടികൾ ഭരണപരമായ ദുഷ്‌കൃത്യങ്ങളെ മറികടക്കാനും  പൗരന്മാരെ സംരക്ഷിക്കാനും ഉദ്ദേശിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് തന്നെ നാണക്കേടായി മാറുകയും ചെയ്യുന്നു

അജിത് കുമാറിൻറെ കാര്യത്തിൽ​നിലവിലെ വി.ഡി. സതീശൻ ഭരണകൂടം പ്രകടിപ്പിക്കുന്ന വ്യക്തമായ മടിയും ഒട്ടും താൽപര്യമില്ലാത്ത സമീപനവും  ആശങ്കാജനകമാണ്. നിയമപരമായ സാങ്കേതികതകളുടെയും നടപടിക്രമ കാലതാമസത്തിൻ്റെയും  പിന്നിൽ മറഞ്ഞിരിക്കുന്നതു കുറ്റവാളികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന രീതിയാണ്.  

തെറ്റ് ചെയ്യുന്നവരെ  സംരക്ഷിക്കില്ലയെന്നു വാഗ്ദാനം  ചെയ്ത് അധികാരത്തിൽ വന്ന ഒരു ഭരണസംവിധാനത്തിൽ കുറ്റക്കാരനായ ഉദ്യോഗസ്ഥന് ഉടനടി അച്ചടക്ക നടപടിയിൽ നിന്ന് ഒഴിഞ്ഞുമാറാനും ഉന്നതതല ഡിജിപി സ്ഥാനക്കയറ്റത്തിലേക്ക് അടുക്കാനും എങ്ങനെ കഴിയുന്നു?. വ്യവസ്ഥാപിത അഴിമതിക്കും പോലീസ് ക്രൂരതയ്ക്കുമെതിരെ വേഗത്തിലുള്ളതും വിട്ടുവീഴ്ചയില്ലാത്തതുമായ നടപടിയാണ് യഥാർത്ഥ ഭരണത്തിന് വേണ്ടത്.

-കെ എ സോളമൻ

Tuesday, 14 July 2026

ഒരു പെൻഷൻ ട്രഷറി പുരാണം

#ഒരുപെൻഷൻട്രഷറി #പുരാണം!
​പെൻഷൻ വാങ്ങാൻ ട്രഷറിയിൽ കയറി ഇറങ്ങി ചെരുപ്പുകൾ തേഞ്ഞ ഒരു പെൻഷൻകാരൻ ചിന്തിക്കുകയാണ്: ഈ പെൻഷൻ നിയമങ്ങൾ ഉണ്ടാക്കുന്നത് തിരുവനന്തപുരത്തെ മന്ത്രിമാരാണോ, അതോ ലോക്കൽ ട്രഷറിയിലിരുന്നു ജോലി ചെയ്തു കോണുതിരിഞ്ഞ ഉദ്യോഗസ്ഥരോ? 

ഓരോ മാസം ചെല്ലുമ്പോഴും ട്രഷറിയിൽ പുതിയ നിയമമാണ് നമ്മേ കാത്തിരിക്കുന്നത്.
​കഴിഞ്ഞ വർഷത്തെ ഹിറ്റ് നിയമം ഓർമ്മയുണ്ടല്ലോ; ചെക്കിന് പുറകിൽ ഒപ്പിടുന്നതിന്റെ കൂടെ ഫോൺ നമ്പറും എഴുതണം! പണം കൈപ്പറ്റുന്നവന്റെ ഏഴാം തലമുറയെ വരെ ട്രാക്ക് ചെയ്യാനാണോ ഈ നമ്പറെന്ന് വ്യക്തമല്ല. ആർക്ക് വേണമെങ്കിലും ആരുടെ നമ്പർ വേണമെങ്കിലും എഴുതിവെക്കാവുന്ന ഈ ഡിജിറ്റൽ യുഗത്തിൽ, ഫോൺ നമ്പർ എഴുതിയാൽ എന്ത് തട്ടിപ്പാണ് ഒഴിവാകുന്നത് എന്ന് ചോദിക്കരുത്. എങ്കിലും പാവം പെൻഷൻകാർ പേനയും പോക്കറ്റിലിട്ട് നടന്ന് നമ്പറെഴുതി ആ കടമ്പ കടന്നു.

​എന്നാൽ ഇന്ന് പതിനാലാം തീയതി സംഭവിച്ചത് അതിലും മനോഹരമായ ഒന്നാണ്. പത്താം തീയതി കഴിഞ്ഞു ചെന്നാൽ ഒരു മാസത്തെ പലിശ കൂടി കിട്ടുമെന്ന് പണ്ട് ഏതോ പുണ്യാത്മാവായ ട്രഷറിഓഫീസർ പറഞ്ഞതു കൊണ്ടാണ് പതിനാലാം തീയതി വരെ കാത്തിരുന്ന് ട്രഷറിയിൽ എത്തിയത്. അവിടെ ചെന്നപ്പോഴാണ് ഇന്നത്തെ പുതിയ കണ്ടെത്തൽ അക്കൗണ്ടിംഗ് ഓഫീസർ വക.

​"ഭാര്യയുടെ ചെക്കിന്റെ പുറകിൽ പണം വാങ്ങാൻ വന്ന ഭർത്താവിന്റെ ഒപ്പ് ഭാര്യ സാക്ഷ്യപ്പെടുത്തിയിട്ടില്ല!"
​കഴിഞ്ഞ മാസം വരെ ഇല്ലാത്ത ഈ വിചിത്ര നിയമം കേട്ട് അന്തംവിട്ടു നിന്നു. ജോലിത്തിരക്ക് കാരണം ലോകം തിരിഞ്ഞു കിടക്കുകയാണെന്ന് ഭാവിക്കുന്ന അക്കൗണ്ടന്റിനെ തിരുത്താൻ പോയിട്ട് കാര്യമില്ലെന്നറിയാം. അതു കൊണ്ട് പതുക്കെ പറഞ്ഞു: "കഴിഞ്ഞ മാസം 14-ന് വന്നതാണ്, പുതിയ ജി.ഒ  അറിഞ്ഞില്ല സാർ സോറി മേഡം. അടുത്ത മാസം മുതൽ ഒപ്പ് സാക്ഷ്യപ്പെടുത്തി   കൊണ്ടുവരാം."

​പക്ഷേ ഓഫീസർക്ക് അത് അത്ര പോര എന്ന് തോന്നി. ചെക്കും മടക്കി വീട്ടിലേക്ക് ഓടിക്കാൻ തന്നെയായിരുന്നു പ്ലാൻ. എന്നാൽ താഴെയുള്ള ജീവനക്കാർക്ക് എവിടു ന്നോ ഒരു സിമ്പതി  
 "ഇദ്ദേഹം കഴിഞ്ഞ 10-20 കൊല്ലമായി ഇവിടെ കയറി കാല് തേഞ്ഞ ആളാണ് മാം." 

അങ്ങനെ അവർ പറഞ്ഞതു കൊണ്ട് മാത്രം ഭാര്യയുടെ ചെക്ക് പാസായി കിട്ടി! 

എൻറെയീ ഭാഗ്യം ലഭിക്കാൻ സാധ്യതയില്ലാത്ത, ഒപ്പ് അറ്റസ്റ്റ് ചെയ്യാതെ വരുന്ന മറ്റു മുട്ടുവേദനക്കാരുടെ അവസ്ഥ ആലോചിച്ചപ്പോൾ എന്താ ഒരു ആശ്വാസം.! 

​ഇനി അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുകയാണ്; പുതിയ യു.ഡി.എഫ് സർക്കാരിന്റെ ഒന്നാം നമ്പർ വികസന അജണ്ടയാണോ ഈ 'ഒപ്പ് സാക്ഷ്യപ്പെടുത്തൽ', അതോ ട്രഷറിയിൽ മാറിമാറി വരുന്ന ഉദ്യോഗസ്ഥരുടെ തലച്ചോറിൽ വിരിയുന്ന വിചിത്ര ചിന്തകളോ? 

മുൻപ് പേരും ഒപ്പും ഫോൺ നമ്പറും നൽകിയാൽ പാസായിരുന്ന ചെക്കിന്, ഇപ്പോൾ ഈ സാക്ഷ്യപ്പെടുത്തൽ കൊണ്ട് എന്ത് വലിയ സാമ്പത്തിക ക്രമക്കേടാണ് തടയാൻ പോകുന്നത്?
​ഇത്തരം ഉദ്യോഗസ്ഥർക്ക് ഇടയ്ക്കിടെ ഒരു മനുഷ്യത്വ ട്രെയിനിങ് കൊടുക്കുന്നത് നന്നായിരിക്കും.

 ഇപ്പോൾ കസേരയിലിരുന്ന് തിരിയുന്നവർ ഓർക്കേണ്ട ഒരു കാര്യുണ്ട്, നാളെ പെൻഷൻ പറ്റി ഈ വരിയിൽ വന്ന് നിൽക്കേണ്ടത് ഇതേ ആളുകൾ തന്നെയാണ്. പക്ഷേ ആയകാലത്ത്' ആർക്കാണ് ഒരിക്കൽ പ്രായമാകുമെന്നും പെൻഷൻ പറ്റുമെന്നും ഓർമ്മയുണ്ടാകുക?  സത്യം പറഞ്ഞാൽ എനിക്കും  സർവീസിൽ  ഇരുന്നപ്പോൾ ഒരിക്കലും പെൻഷൻ പറ്റില്ല എന്ന വിചാരമായിരുന്നു 

​പെൻഷൻകാരുടെ പ്രയാസം നീക്കാൻ ചില നൂതന ആശയങ്ങൾ സൗജന്യമായി നിർദ്ദേശിക്കാൻ സന്തോഷമേയുള്ളൂ. 

​പെൻഷൻകാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കാതെ, ഡിജിറ്റൽ കാലത്തിനനുസരിച്ച് ട്രഷറി ജീവനക്കാരുടെ നിയമ നിർമ്മാണ ഭ്രാന്ത് അവസാനിപ്പിക്കാൻ താഴെ പറയുന്ന നൂതന മാർഗ്ഗങ്ങൾ നടപ്പിലാക്കാവുന്നതാണ്:

​(1)വൺ ടൈം ഓതറൈസേഷൻ' (One-Time Authorization): ഭാര്യയുടെ പെൻഷൻ ഭർത്താവോ, തിരിച്ചോ വാങ്ങാൻ വരികയാണെങ്കിൽ വർഷത്തിലൊരിക്കൽ മാത്രം ഒരു അംഗീകാര പത്രം (Authorization Letter) വാങ്ങി കമ്പ്യൂട്ടറിൽ അപ്‌ഡേറ്റ് ചെയ്യുക. ഓരോ മാസവും ചെക്കിന് പുറകിൽ പുതിയ ഒപ്പ് പരീക്ഷണങ്ങൾ നടത്തുന്നത് ഇതോടെ ഒഴിവാക്കാം.

​(2)ബയോമെട്രിക് ഡിജിറ്റൽ ഡിസ്പെൻസർ (Biometric Dispenser): ചെക്കും ഒപ്പും സാക്ഷ്യപ്പെടുത്തലും ഇല്ലാതെ, പെൻഷൻകാരന്റെ ആധാർ ലിങ്ക് ചെയ്ത വിരലടയാളം അല്ലെങ്കിൽ ഐറിസ് സ്കാൻ വഴി പണം കൈപ്പറ്റുന്ന ആളെ പെട്ടെന്ന് തിരിച്ചറിയാനുള്ള സംവിധാനം ലോക്കൽ ട്രഷറികളിൽ കൊണ്ടുവരുക.

​(3)ട്രഷറി ജീവനക്കാർക്ക് എംപതി ക്ലിനിക് (Empathy Training): കസ്റ്റമർ സർവീസിൽ കൊടുക്കുന്നതുപോലെ, ട്രഷറി ജീവനക്കാർക്ക് പെൻഷൻകാരോട് എങ്ങനെ മാന്യമായി പെരുമാറണം എന്നതിനെക്കുറിച്ച് നിർബന്ധിത പരിശീലനം നൽകുക.

വൃദ്ധജനങ്ങളോട് കരുണ കാണിക്കുക എന്നത് സാംസ്കാരസമ്പന്നമായ ഒരു സമൂഹത്തിന്റെ ലക്ഷണമാണ്. എന്തെങ്കിലും കാര്യത്തിനായി ട്രഷറിയിൽ വന്നാൽ വീണ്ടും വീട്ടിലേക്ക് തിരിച്ചോടിച്ച് കഷ്ടപ്പെടുത്തുന്ന ഈ റണ്ണിങ് റേസ്' രീതി ദയവായി അവസാനിപ്പിക്കുക. പെൻഷൻ എന്നത് ആരുടെയും ദാനമല്ല, അധ്വാനിച്ചതിന്റെ നീക്കിയിരിപ്പാണ് !
- കെ എ സോളമൻ

Sunday, 12 July 2026

ക്ലാസ് മുറികൾ സംരക്ഷിക്കപ്പെടണം

#ക്ലാസ്റൂമുകൾ #സംരക്ഷിക്കപ്പെടണം
സ്കൂൾ കാമ്പസുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ, ബാഹ്യ കേഡർമാർ, പ്രത്യയശാസ്ത്ര പ്രചാരണങ്ങൾ എന്നിവ നിരോധിക്കാനുള്ള തമിഴ്‌നാട് സർക്കാരിന്റെ കർശന തീരുമാനം വളരെ പ്രശംസനീയമാണ്.  കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിനുള്ള ഒരു അനിവാര്യമായ നടപടിയാണിത്.

പഠനം, വിമർശനാത്മക ചിന്ത, സ്വഭാവ രൂപീകരണം എന്നിവയ്ക്കായി മാത്രം സമർപ്പിച്ചിരിക്കുന്ന പവിത്രമായ ഇടങ്ങളായി ക്ലാസ് മുറികൾ തുടരണം. പുറത്തുനിന്നുള്ള രാഷ്ട്രീയക്കാരെയോ പാർട്ടി പ്രവർത്തകരെയോ സ്കൂളുകളിൽ പ്രവേശിക്കാൻ അനുവദിക്കുന്നത് അക്കാദമിക് മികവിൽ നിന്ന് ശ്രദ്ധ മാറ്റുകയും വോട്ട് ബാങ്ക് സമാഹരണത്തിനുള്ള വിളനിലങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നു.

ബാഹ്യ രാഷ്ട്രീയ ഇടപെടലിനുള്ള വാതിലുകൾ അടച്ചുപൂട്ടുകയും ഔദ്യോഗിക ചുമതലയിലുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് മാത്രമേ സ്കൂളിൽ പ്രവേശിക്കാൻ കഴിയൂ എന്ന നയം ഉറപ്പാക്കുകയും വേണം.  എങ്കിൽ മാത്രമേ  യുവ മനസ്സുകൾക്ക് വളരാൻ കഴിയുന്ന നിഷ്പക്ഷവും സുരക്ഷിതവും അച്ചടക്കമുള്ളതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയൂ..

​സജീവ രാഷ്ട്രീയം സ്കൂളുകളിലേക്ക് നുഴഞ്ഞുകയറുമ്പോൾ, 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികളിൽ ഉണ്ടാകുന്ന ദോഷകരമായ ഫലങ്ങൾ ഗുരുതരവും ദീർഘകാലം നിലനിൽക്കുന്നതുമാണ്. ചെറുപ്രായത്തിൽ വിഷലിപ്തമായ രാഷ്ട്രീയ വൈരാഗ്യങ്ങൾക്ക് വിധേയമാകുന്നത് പലപ്പോഴും കുട്ടികളുടെ ആരോഗ്യകരമായ പ്രകടനങ്ങളെ ഇല്ലാതാക്കുന്നു.  പഠനത്തിലും വ്യക്തിഗത വളർച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, സ്കൂൾ രാഷ്ട്രീയം  അക്കാദമിക് കലണ്ടറിനെ തടസ്സപ്പെടുത്തുകയും  വിദ്യാർത്ഥികളുടെ  ശ്രദ്ധ .മാറിപ്പോകാൻ ഇടവരുത്തുകയും ചെയ്യും.

രാഷ്ട്രീയത്തിന്റെ അഴുക്കുചാലുകളിലേക്ക് കുട്ടികളെ തള്ളിവിടുന്നത് അവരുടെ ബാല്യകാല സമാധാനം കവർന്നെടുക്കുകയും വിദ്യാർത്ഥി സമൂഹത്തിനുള്ളിൽ ആഴത്തിലുള്ള വൈകാരികവും സാമൂഹികവുമായ വിള്ളലുകൾ സൃഷ്ടിക്കുകയും ചെയ്യും. ഈ രാഷ്ട്രീയ നിരോധനം ഒരു ദേശീയ മാതൃകയായി കാണുകയും നമ്മുടെ സ്കൂളുകളെ യഥാർത്ഥ പഠന ക്ഷേത്രങ്ങളായി സംരക്ഷിക്കുന്നതിന് കേരളമുൾപ്പെടെ മറ്റെല്ലാ സംസ്ഥാനങ്ങളും തയ്യാറാകുകയും വേണം

കെ എ സോളമൻ

Saturday, 11 July 2026

എസ് ജാനകി

#എസ് #ജാനകി
മലയാള ചലച്ചിത്ര സംഗീത ശാഖയ്ക്ക് നികത്താനാവാത്ത നഷ്ടം സമ്മാനിച്ചുകൊണ്ട് നമ്മെ വിട്ടുപിരിഞ്ഞ ആ പ്രിയ ഗായികയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. 

പതിറ്റാണ്ടുകളോളം തന്റെ മധുരതരവും ഭാവസാന്ദ്രവുമായ ശബ്ദം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ കുടിയേറിയ അവർ പാടിയ ഓരോ ഗാനവും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രണയവും വിരഹവും ഭക്തിയും ആർദ്രതയുമെല്ലാം ആ ശബ്ദത്തിലൂടെ ഒഴുകിയിറങ്ങിയപ്പോൾ പിറന്നത് കാലത്തെ അതിജീവിക്കുന്ന അനശ്വരമായ സംഗീത വിരുന്നുകളാണ്.

 ഈണങ്ങളുടെ ലോകത്തുനിന്ന് അവർ വിടപറഞ്ഞെങ്കിലും, ആ ശബ്ദമാധുര്യം മലയാളി മനസ്സിനെ ഈറനണിയിച്ചും സാന്ത്വനിപ്പിച്ചും റേഡിയോ തരംഗങ്ങളിലും സംഗീത വേദികളിലും എന്നെന്നും അനശ്വരമായി നിലനിൽക്കും; തീരാത്ത ആ നഷ്ടത്തിലും ആ ഗാനങ്ങൾ വരുംതലമുറകൾക്കും വഴിവിളക്കായി മാറും.
- കെ എ സോളമൻ

Friday, 10 July 2026

സ്ത്രീകളുടെ സൗജന്യ യാത്ര

#സ്ത്രീകളുടെ_സൗജന്യ_യാത്ര
കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്രയിലൂടെ സ്ത്രീകളെ യഥാർത്ഥത്തിൽ ശാക്തീകരിക്കുകയാണോ സർക്കാർ ചെയ്യുന്നത്, അതോ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒരു പ്രത്യേക വിഭാഗത്തിന്റെ വോട്ട് ഉറപ്പാക്കാനുള്ള രാഷ്ട്രീയ തന്ത്രമാണോ ?

 സാധാരണ കെഎസ്ആർടിസി ബസുകൾ ഓടുന്നത് എൻ എച്ചിൽ ആണ് അല്ലാതെ ബൈറോഡുകളിൽ അല്ല. എൻ എച്ചിലൂടെ യാത്ര ചെയ്യുന്ന  ഉദ്യോഗസ്ഥരായ സ്ത്രീകൾക്ക്  സൗജന്യം ലഭിക്കുമ്പോൾ ഇവിടെ അർത്തുങ്കൽ , തൈക്കൽ, ഒറ്റമശ്ശേരി, അഴീക്കൽ, പള്ളിത്തോട് എന്നീ തീരമേഖലയിൽ നിന്ന് കൊച്ചി വരെ യാത്ര ചെയ്ത് പീലിംഗ്ഷെഡുകളിലും ടെക്സ്റ്റൈൽ ഷോപ്പുകളിലും ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഒരു സൗജന്യവും ലഭിക്കുന്നില്ല അവർ യാത്ര ചെയ്യുന്നത്  സ്വകാര്യ ബസുകളിലും മറ്റു കോൺട്രക്ട് വാഹനങ്ങളിലും ആണ്. അതായത് എല്ലാ സ്ത്രീകൾക്കും ബസ് യാത്ര സൗജന്യം ലഭിക്കുന്നില്ല. അതുകൊണ്ട് സൗജന്യ യാത്ര സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമാണെന്ന് കരുതാൻ ആവില്ല

സ്ത്രീകളുടെ സുരക്ഷ, വിദ്യാഭ്യാസം, തൊഴിൽ, തുല്യവേതനം, സ്വയംപര്യാപ്തത എന്നിവ ഉറപ്പാക്കുകയാണ് യഥാർത്ഥ സ്ത്രീശാക്തീകരണം. എന്നാൽ അതിനുപകരം, ഒരു വിഭാഗത്തിന് മാത്രം സൗജന്യ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നത് ശാക്തീകരണത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കുന്നു. 

 സഹായം ആവശ്യമുള്ളത് സ്ത്രീകൾ മാത്രമല്ല; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പുരുഷന്മാരും, വിദ്യാർത്ഥികളും, വയോജനങ്ങളും, ഭിന്നശേഷിക്കാരും സമൂഹത്തിലുണ്ട്. അതിനാൽ സഹായത്തിന്റെ മാനദണ്ഡം ലിംഗമല്ല, സാമ്പത്തികവും സാമൂഹികവുമായ ആവശ്യകതയായിരിക്കണം. പുരുഷന്മാർക്ക് സൗജന്യം ഏർപ്പെടുത്തിയാൽ ആ പണം അവർ മദ്യപിച്ച് നശിപ്പിക്കും എന്ന് ഒരു മോശപ്പെട്ട ചിന്താഗതിയും ഇത്തരം തീരുമാനത്തിന് പിന്നിലുണ്ട്. പുരുഷന്മാരെ ഒന്നടങ്കം കുടുംബം നോക്കാത്തവരും മദ്യപാനികളുമായി ചിത്രീകരിക്കുന്നത് നവോത്ഥാനക്കാർക്കും പുതുയുഗവക്താക്കൾക്കും ഒരുപോലെ ചേർന്ന നടപടിയല്ല

ഇന്ന് നിരന്തരം പറയപ്പെടുന്ന ജെൻഡർ ഇക്വാളിറ്റി എന്ന ആശയം, അവകാശങ്ങളിലും അവസരങ്ങളിലും തുല്യത ഉറപ്പാക്കുക എന്നതാണ്. എന്നാൽ ഒരു ലിംഗത്തിന് മാത്രം സ്ഥിരമായ ആനുകൂല്യങ്ങൾ നൽകുകയും മറ്റുള്ളവരെ പൂർണമായും ഒഴിവാക്കുകയും ചെയ്യുന്നത് സമത്വത്തിന്റെ ആശയത്തോട് പൊരുത്തപ്പെടുന്നില്ല. തുല്യത എന്നത് പ്രത്യേക പരിഗണനയല്ല; നീതിയുക്തമായ പരിഗണനയാണ്.

ഇത്തരം പ്രഖ്യാപനങ്ങൾ പലപ്പോഴും തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉയർന്നുവരുന്നത് എന്നതും പൊതുജനങ്ങൾ ശ്രദ്ധിക്കുന്ന കാര്യമാണ്. അതിനാൽ, സാമൂഹിക പരിഷ്കാരത്തേക്കാൾ രാഷ്ട്രീയ നേട്ടമാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന സംശയം ഉയരുന്നത് സ്വാഭാവികമാണ്. 
ദീർഘകാല വികസന പദ്ധതികൾക്ക് പകരം ഉടനടി ജനപ്രീതി നേടുന്ന സൗജന്യ പ്രഖ്യാപനങ്ങൾ ജനാധിപത്യത്തെ ക്ഷേമരാഷ്ട്രീയത്തിൽ നിന്ന് വോട്ട് ബാങ്ക് രാഷ്ട്രീയത്തിലേക്ക് നയിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.

സ്ത്രീകളെ ശക്തരാക്കേണ്ടത് സൗജന്യ യാത്രയിലൂടെ അല്ല; മികച്ച വിദ്യാഭ്യാസം, സുരക്ഷിതമായ പൊതുസ്ഥലങ്ങൾ, കൂടുതൽ തൊഴിലവസരങ്ങൾ, സംരംഭകത്വത്തിന് പിന്തുണ, മികച്ച പൊതുഗതാഗത സംവിധാനം എന്നിവയിലൂടെയാണ്. അവയാണ് സ്ത്രീകളുടെ ആത്മവിശ്വാസവും സാമ്പത്തിക സ്വാതന്ത്ര്യവും വർധിപ്പിക്കുന്നത്. അതുകൊണ്ട്, സ്ത്രീകൾക്ക് മാത്രമായി സൗജന്യ യാത്ര നൽകുന്നത് യഥാർത്ഥ സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമല്ലെന്ന നിലപാടാണ് സ്വാഗതം ചെയ്യേണ്ടത്. 

 ക്ഷേമപദ്ധതികൾ ലിംഗാടിസ്ഥാനത്തിലല്ല, ആവശ്യകതയുടെയും നീതിയുടെയും അടിസ്ഥാനത്തിലായിരിക്കണം. അപ്പോഴാണ് ജെൻഡർ സമത്വവും സാമൂഹിക നീതിയും ഒരുപോലെ സംരക്ഷിക്കപ്പെടുക.
- കെ എ സോളമൻ

Thursday, 9 July 2026

ലഹരി മാഫിയയുടെ പിടിയിൽ കേരളം ?

#ലഹരിമാഫിയയുടെ #പിടിയിൽകേരളം?
​കേരളത്തിൽ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 'ഓപ്പറേഷൻ തൂഫാൻ' പോലുള്ള റെയ്ഡുകളും രജിസ്റ്റർ ചെയ്യപ്പെടുന്ന മയക്കുമരുന്ന് കേസുകളും സംസ്ഥാനത്ത് ലഹരി മാഫിയ എത്രത്തോളം ആഴത്തിൽ വേരൂന്നിയിരിക്കുന്നു എന്നതിന്റെ ഞെട്ടിക്കുന്ന തെളിവാണ്. 

ഡെലിവറി ബോയ്സിന്റെ വേഷമണിഞ്ഞ് പോലും മയക്കുമരുന്ന് ഏജന്റുമാർ നമ്മുടെ വിദ്യാലയ പരിസരങ്ങളിലും പൊതുവിടങ്ങളിലും സ്വൈര്യവിഹാരം നടത്തുന്നു എന്ന കണ്ടെത്തൽ അതീവ ഭീതിജനകമാണ്. ഒരു തലമുറയെയാകെ മയക്കുമരുന്നിന്റെ അടിമകളാക്കി മാറ്റുന്ന ഈ വിപത്തിനെ തുടച്ചുനീക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നു എന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, ലഹരി ശൃംഖലകൾ ഇത്രയധികം വളരാൻ അനുവദിച്ച വ്യവസ്ഥിതിയുടെ പരാജയം ഇവിടെ പ്രകടമാകുന്നു. 

നിയമപാലകരുടെ കൺമുന്നിൽ വേഷപ്രച്ഛന്നരായി മാഫിയാ സംഘങ്ങൾ കറങ്ങിനടന്നിട്ടും അത് മുൻകൂട്ടി തടയാൻ കഴിയാതിരുന്ന ഇന്റലിജൻസ് സംവിധാനങ്ങളുടെ വീഴ്ച അപലപനീയമാണ്. ​ഇത്തരം സാമൂഹിക വിപത്തുകൾ സംസ്ഥാനത്തെ വിഴുങ്ങുമ്പോൾ, മുൻ ഭരണാധികാരികളുടെ നിസ്സംഗതയും അഴിമതിയും ഈ തകർച്ചയുടെ ആക്കം കൂട്ടിയിട്ടുണ്ട്.

 ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടിയിരുന്നവർ ഭരണം കൈവിട്ടപ്പോൾ കൊള്ളമുതലിന്മേൽ അടയിരുന്ന് സുഖിക്കുന്ന കാഴ്ചയാണ് കേരളംകാണുന്നത്.  ഭരണസിരാകേന്ദ്രങ്ങളിലിരുന്നവർ ലഹരി മാഫിയകൾക്കും കുറ്റവാളികൾക്കും തണലൊരുക്കുകയും സ്വന്തം പോക്കറ്റ് വീർപ്പിക്കാൻ ജനവിരുദ്ധ ശക്തികളുമായി കൂട്ടുകൂടുകയും ചെയ്തു. 

കോടികളുടെ അഴിമതിയിലും കൊള്ളയിലും മുഴുകി, സംസ്ഥാനത്തെ യുവതലമുറയുടെ ഭാവി ഇരുട്ടിലാക്കിയ മുൻ ഭരണാധികാരികൾക്ക് ഇത്രയധികം കേസുകൾ പിടിക്കപ്പെടുമ്പോഴും യാതൊരുവിധ ലജ്ജയോ കുറ്റബോധമോ തോന്നുന്നില്ല എന്നത് അങ്ങേയറ്റം പരിതാപകരവും ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയുമാണ്.
- കെ എ സോളമൻ