Friday, 5 June 2026

കൃത്രിമ ബുദ്ധിയും നിർമ്മിത മണ്ടത്തരവും

#കൃത്രിമബുദ്ധിയും #നിർമ്മിത #മണ്ടത്തരവും.
​എന്തൊരു കടുംകൈയാണ് യുഡിഎഫുകാർ ഈ കാണിച്ചതെന്നോർക്കുമ്പോൾ സാമ്പത്തിക ശാസ്ത്രജ്ഞന് നെഞ്ചെരിച്ചിൽ.  പത്തുകൊല്ലത്തെ കേരളത്തിന്റെ പൊതുകടവും സാമ്പത്തികാവസ്ഥയും കണക്കുകൂട്ടാൻ ഇവിടുത്തെ കാൽക്കുലേറ്ററുകൾ പോരാഞ്ഞിട്ടാണോ സാക്ഷാൽ ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’  ഒക്കെ ഇറക്കിയത്? വിവരങ്ങളെല്ലാം കംപ്യൂട്ടറിലിട്ട് പ്രോസസ്സ് ചെയ്താൽ അത് അമേരിക്കയിലുള്ള ഏതോ ഒരു സെർവർ മുറിയിലിരുന്ന് ട്രാംപോ വാൻസോ  വായിച്ചുനോക്കുമെന്ന സാമാന്യവിവരം പോലും ഈ ഭരണകക്ഷിക്ക് ഇല്ലാതെ പോയല്ലോ. 

ഇന്റർനെറ്റും ഗൂഗിൾ മാപ്പും ജിമെയിലും ഒക്കെ നമ്മൾ ഉപയോഗിക്കുമ്പോൾ ഡാറ്റയൊന്നും ആരും കാണുന്നില്ലെന്നും, എഐ തൊട്ടാൽ മാത്രമേ വിവരങ്ങൾ ചോരൂ എന്നും വിശ്വസിക്കുന്ന നമ്മുടെ വിപ്ലവ ശാസ്ത്രജ്ഞൻ്റെ നിഷ്കളങ്കത കാണുമ്പോൾ കണ്ണുനിറഞ്ഞുപോവുന്നു. പണ്ട് കേരളത്തിലെ തോടും കുളവും റോഡും അമേരിക്കൻ കമ്പനിക്ക് ‘ വിവരശേഖരണത്തിന്റെ പേരിൽ എഴുതിക്കൊടുത്തപ്പോൾ അത് വിപ്ലവകരമായ പുരോഗമനവും, ഭരണപക്ഷം ഒരു ധവളപത്രം ഇറക്കാൻ എഐ സഹായം തേടിയെങ്കിൽ അത് രാജ്യദ്രോഹവുമായി മാറുന്ന ഈ  ഉഭയജീവി സാമ്പത്തിക ശാസ്ത്രം ശരിക്കും ഒരു അത്ഭുതം തന്നെയാണ്!

​എന്തായാലും സംസ്ഥാന സർക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റിനെയും ധവളപത്രത്തെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഖജനാവ് കാലിയാക്കി, ശമ്പളവും പെൻഷനും കൊടുക്കാൻ കേന്ദ്രത്തിന്റെ വഴിപാടുകൾ കാത്തിരിക്കുന്ന ഈ അനുകരണീയമായ സാമ്പത്തിക മോഡലിനെ വെല്ലുവിളിക്കാൻ ഒരു കൃത്രിമ ബുദ്ധിക്കും കഴിയില്ലെന്ന്  തെളിയിക്കപ്പെട്ടതാണ്. 

മനുഷ്യന്റെ സ്വാഭാവിക ബുദ്ധി കൊണ്ട് തന്നെ കെഎസ്ആർടിസിയും സപ്ലൈകോയും ഒക്കെ പൂട്ടാറായ സ്ഥിതിക്ക്  എന്തിനാണ് ഈ കൃത്രിമ ബുദ്ധിയുടെ വാലാട്ടൽ? വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിച്ചാൽ ചോരുമെന്ന ഭയമുള്ളതുകൊണ്ട്, ഫയലുകൾ വർഷങ്ങളോളം ചുവപ്പുനാടയിൽ കെട്ടിപ്പൂട്ടി പൊടിപിടിപ്പിക്കുന്ന നമ്മുടെ പരമ്പരാഗത ‘നോ ഫയൽ മൂവ്‌മെന്റ്’ സിസ്റ്റം തന്നെയാണ് ലോകോത്തരം . ഫയലിലെ ജീവിതം അവിടെത്തന്നെ ഇരിക്കട്ടെയെന്ന് അറിയാത്ത ജനത്തെ എഐ ഭൂതത്തെ കാട്ടി പേടിപ്പിക്കാൻ നോക്കിയ തോമസ്ജി ഐസക് ജിക്ക് ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാനം കൊടുത്തില്ലെങ്കിലും, ഒരു ഹാസ്യ സാഹിത്യ അക്കാദമി’ അവാർഡെങ്കിലും നൽകി നാം ആദരിക്കേണ്ടതാണ്.
-കെ എ സോളമൻ

No comments:

Post a Comment