Wednesday, 24 June 2026

വിദ്യാഭ്യാസ നവീകരണം അനിവാര്യം

#വിദ്യാഭ്യാസ_നവീകരണം_അനിവാര്യം.
​വിദ്യാർത്ഥികളുടെ ഭാവി ശോഭനമാക്കാനും നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനും ഉതകുന്ന പി.എം. ശ്രീ പദ്ധതി പൂർണ്ണമായ രീതിയിൽ നടപ്പിലാക്കാൻ സർക്കാർ അടിയന്തരമായി മുന്നോട്ട് വരണം. രാഷ്ട്രീയമായ തർക്കങ്ങളോ ഈഗോയോ മാറ്റിവെച്ച്, വരുംതലമുറയുടെ അറിവിനും പുരോഗതിക്കും മുൻഗണന നൽകുകയാണ് ഒരു ജനകീയ സർക്കാർ ചെയ്യേണ്ടത്.

 ആധുനിക സാങ്കേതികവിദ്യയും മികച്ച ലാബ് സൗകര്യങ്ങളും സാധാരണക്കാരായ കുട്ടികൾക്ക് സൗജന്യമായി ലഭിക്കാനുള്ള ഈ സുവർണ്ണാവസരം നിഷേധിക്കുന്നത് നാടിനെ പതിറ്റാണ്ടുകൾ പിന്നോട്ട് അടിപ്പിക്കുന്നതിന് തുല്യമാണ്. അതിനാൽ, പ്രായോഗികമായ സമീപനം സ്വീകരിച്ച് ഈ പദ്ധതി വിജയകരമായി നടപ്പിലാക്കാൻ ഭരണകൂടം തയ്യാറാകണം.

​കേവലം രാഷ്ട്രീയ അന്ധത ബാധിച്ച്, നാടിന്റെ നന്മയ്ക്കായി വരുന്ന വികസന പദ്ധതികൾക്കെതിരെ തെരുവിൽ തൊണ്ട കീറുന്നവരുടെ നിലപാടുകൾ പരിഹാസ്യമാണ്. പുതിയ കാലത്തെ കുട്ടികൾ ലോകത്തോടൊപ്പം ഡിജിറ്റൽ യുഗത്തിലേക്ക് കുതിക്കുമ്പോൾ, പഴയകാല പ്രത്യയശാസ്ത്രങ്ങളുടെ തുരുമ്പിച്ച കൈ പുസ്തക ചട്ടക്കൂട്ടിൽ തളച്ചിടാൻ നോക്കുന്ന ഇവരുടെ സമരം സ്വന്തം നിഴലിനോട് യുദ്ധം ചെയ്യുന്നത് പോലെ പരിതാപകരമാണ്.

 കേന്ദ്രത്തിന്റെ പേരുള്ളതുകൊണ്ട് മാത്രം ഒരു പദ്ധതിയെ എതിർക്കുന്നവർ യഥാർത്ഥത്തിൽ ദ്രോഹിക്കുന്നത് പാവപ്പെട്ട വിദ്യാർത്ഥികളുടെ ഭാവിയെയാണ്. വികസനത്തിന്റെ വെളിച്ചം കണ്ടാൽ ഉടൻ കല്ലെറിയാൻ ഇറങ്ങുന്ന ഇത്തരം സമരക്കോമാളികൾ കാലത്തിന്റെ ചുവരെഴുത്തുകൾ കാണാതെ സ്വയം വിഡ്ഢിവേഷം കെട്ടുകയാണെന്ന് ജനങ്ങൾ തിരിച്ചറിയുന്നു.
-കെ എ സോളമൻ

No comments:

Post a Comment