Friday, 29 May 2026

അധ്യാപകരുടെ ഐഫോൺ ഓഫർ

#അദ്ധ്യാപകരുടെ #ഐഫോൺ #ഓഫർ!
​പണ്ട് സ്കൂളുകളിൽ ഡിപിഇപി കാലത്തും അതിനു മുമ്പും അദ്ധ്യാപകർ കുടയും ബാഗും ചെരുപ്പും കാട്ടി പിള്ളാരെ പിടിക്കാൻ നെട്ടോട്ടമോടിയ ചരിത്രം നാം ഓർക്കുന്നു. സ്വന്തം മക്കളെ ആ ഭാഗ്യപരീക്ഷണത്തിന്' വിട്ടുകൊടുക്കാതെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്ക് തിരിച്ചുവിട്ട അന്നത്തെ  രക്ഷിതാക്കളുടെ കഥയും നമുക്കറിയാം.  അന്ന് സ്കൂളിൽ പഠിപ്പിച്ചിരുന്ന അധ്യാപകരുടെആത്മാക്കൾ ഇന്ന് കോളേജ് പ്രൊഫസർമാരുടെ രൂപത്തിൽ പുനർജനിച്ചിരിക്കുകയാണ്. 

കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ക്ലാസ് മുറികളിൽ ഏകാന്ത ജാഗ്രതയിലാണ് ഒട്ടുമിക്ക അധ്യാപകരും. എട്ടുപത്ത് പ്രൊഫസർമാർക്ക് ക്ലാസെടുക്കാൻ ആകെക്കൂടി കിട്ടുന്നത് ഒരേയൊരു വിദ്യാർത്ഥിയെ മാത്രം! ആ വിദ്യാർത്ഥി ഒരു ദിവസം കോളേജിൽ വരാതിരുന്നാൽ ഡിപ്പാർട്ട്‌മെന്റിലെ സകല അധ്യാപകരും അതീവ ദുഃഖിതരാകും. ഏക വിദ്യാർത്ഥി ഒരു മാസം ലീവെടുത്താൽ കോളേജ് തന്നെ പൂട്ടിപ്പോകുമെന്ന അവസ്ഥയിൽ, അവനെ / അവളെ പ്രീതിപ്പെടുത്താൻ അധ്യാപകർ കാട്ടിക്കൂട്ടുന്ന സർക്കസുകൾ കേട്ടാൽ ആരും മൂക്കത്ത് വിരൽ വയ്ക്കും

​പണ്ടത്തെപ്പോലെ കുടയും ബാഗും കൊടുത്താൽ ഇന്നത്തെ ജീൻസിട്ട കോളേജ് കുമാരികുമാരന്മാർ വീഴില്ലെന്ന് പ്രൊഫസർമാർക്ക് നന്നായറിയാം. അതുകൊണ്ട് അഡ്മിഷൻ ഓഫറുകൾ കുറേക്കൂടി മെച്ചപ്പെടുത്തിയിട്ടുണ്ട്.   അഡ്മിഷൻ എടുക്കാൻ തയ്യാറാകുന്നവന് ഐഫോണും, റോയൽ എൻഫീൽഡ് ബൈക്കും വരെയാണ് പുതിയ വാഗ്ദാനങ്ങൾ! അഡ്മിഷൻ എടുത്തു കഴിഞ്ഞാൽ പോക്കറ്റ് മണി വേറെയും

ഒരു മാസത്തെ ശമ്പളം ഐഫോണിന് ചെലവാക്കിയാൽ ജോലി നഷ്ടപ്പൊതെ കഴിയാം.  അറുപതു വയസ്സിനു ശേഷം  സ്റ്റാറ്റ്യൂട്ടറിയോ  കോംപ്ലിമെൻററിയോ  ആയ പെൻഷനും പറ്റി കുറച്ചുനാൾ കൂടി കുഴമ്പും ലേപനവുമായി തുടർന്നു ജീവിക്കാം.  ഇത്തരമൊരു ദീർഘവീക്ഷണത്തിലാണ് ഒട്ടുമിക്ക കോളേജ് സാറന്മാരും. 

രാവിലെ എഴുന്നേറ്റ് കോളേജിൽ ചെന്ന് ആരെയും പഠിപ്പിക്കാൻ ഇല്ലാതെ ഈച്ചയടിച്ചു മടുക്കുമ്പോൾ, ക്യാമ്പസിലേക്ക് വഴിതെറ്റി വരുന്ന ഏതെങ്കിലും ഒരു പാവം ചെറുപ്പക്കാരനെ കണ്ടാൽ പ്രൊഫസർമാർ ഗ്രൂപ്പായി ചെന്ന് വളയുകയാണ്. അവനെ ഒരുവിധം സോപ്പിട്ട് ഏതെങ്കിലും ഒരു ഡിഗ്രി കോഴ്സിൽ ചേർക്കാനുള്ള അധ്യാപകരുടെ  നെട്ടോട്ടം കാണുമ്പോൾ പണ്ടത്തെ കൺസ്യൂമർഫെഡ് ചന്തകളെപ്പോലും തോൽപ്പിക്കുന്ന ഓഫർ മേളകളാണ് ക്യാമ്പസുകളിൽ തെളിയുന്നത്.

​ഇതിനേക്കാളൊക്കെ കഷ്ടമാണ് ക്യാമ്പസുകളിലെ വിദ്യാർത്ഥി നേതാക്കളുടെ അവസ്ഥ. വിപ്ലവം പ്രസംഗിക്കാൻ നോക്കുമ്പോൾ മുന്നിലിരുന്നു കേൾക്കാൻ ഒരാളെപ്പോലും കിട്ടാത്ത ഗതികേടിലാണ് അവർ.  ക്യാമ്പസിൽ  സമരം ചെയ്യാനും കൊടിപിടിക്കാനും റെയിൽവേ സ്റ്റേഷനിൽ നിന്നും റോഡ് മുക്കിൽ നിന്നും  ദിവസക്കൂലിയും കുപ്പിയും കൊടുത്ത് അട്ടിമറി തൊഴിലാളികളെ' വാടകയ്ക്ക് വിളിക്കേണ്ടി വരുന്ന അവസ്ഥയിലാണ് വിദ്യാർത്ഥി നേതാക്കൾ. ഇങ്കിലാബ് വിളിക്കാൻ കൂലിക്കാരെ നിർത്തേണ്ടി വരുന്ന ഈ വിപ്ലവ പ്രതിസന്ധി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ അന്ത്യ നാളുകളെയാണ് സൂചിപ്പിക്കുന്നത്.

പഠിപ്പിക്കാൻ കുട്ടികളില്ലാതെ അധ്യാപകരും, സമരം ചെയ്യാൻ ആളില്ലാതെ നേതാക്കളും അന്തംവിട്ടു നിൽക്കുന്ന ഇന്നത്തെ കേരളീയ ക്യാമ്പസുകൾ ഒരു അന്താരാഷ്ട്രകൗതുകമായി ഇതിനകം  മാറിക്കഴിഞ്ഞു.
- കെ എ സോളമൻ

Thursday, 28 May 2026

സോഷ്യലിസ്റ്റ് നാടകം

#സോഷ്യലിസ്റ്റ്_നാടകം
കരിമണൽ കർത്തായുടെ ശർക്കരക്കുടത്തിൽ കൈയിട്ടു നക്കി മടിയിൽ കനവും ബക്കറ്റിൽ പണവുമായി നിൽക്കുന്ന വിപ്ലവ സിംഹങ്ങൾക്ക്, ഇ ഡി  എന്ന് കേൾക്കുമ്പോൾ തന്നെ പനിപിടിക്കുന്നത് സ്വാഭാവികം. വീണാ തൈക്കണ്ടിയിൽ ജി.എസ്.ടി ഒക്കെ കൃത്യമായി അടച്ച്, അധ്വാനിച്ചുണ്ടാക്കിയ ആ ഒന്നരക്കോടിയിലധികം രൂപയുടെ കണക്കു ചോദിക്കാൻ  കേന്ദ്ര ഏജൻസി വരേണ്ടതില്ലെന്നു സഖാക്കൾ. പക്ഷെ വീണ തൈക്കണ്ടിയുടെ ഇരുനൂറിലധികം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു എന്ന വാർത്ത കേട്ടപ്പോൾ കണ്ണു തള്ളിയവരും കൂട്ടത്തിലുണ്ട്.

കരിമണൽ കർത്തായാണ് കൂട്ടത്തിൽ കളിപിഠിച്ച വിദ്യാൻ.  ഒരു പ്രദേശത്തിൻ്റെ  തന്നെ ആവാസ വ്യവസ്ഥ തകർത്ത കർത്തായുടെ അത്ഭുത ഡയറിയിൽ പി വി എന്ന് മാത്രമല്ല ഒ സി, ആർ സി, പി കെ എന്നിങ്ങനെ രാഷ്ട്രീയ ഭേദമന്യേ കുറെ പേരുകൾ ചുരുക്കെഴുത്തിൽ തിളങ്ങി നിൽപ്പുണ്ട്.  അന്വേഷണം ഒടുവിൽ പിണറായിലേക്ക് തിരിയുമ്പോൾ തങ്ങളും പെട്ടു പോകുമോ എന്നആശങ്കയിലാണ് ഭരണകക്ഷി നേതാക്കളും.

എല്ലാ പാർട്ടിക്കാർക്കും ഒരുപോലെ പ്രിയപ്പെട്ട ഈ കരിമണൽ ഭീമനെ തൊട്ടാൽ പലരുടെയും തൊപ്പി തെറിക്കുമെന്നതിനാലാണ്, റെയ്ഡ് നടക്കുമ്പോൾ ഇരുകൂട്ടരും ഒരേപോലെ നെഞ്ചത്തു കൈ വെച്ചത്. മടിയിൽ കനമില്ലാത്തവന് വഴിയിൽ ഭയക്കേണ്ട എന്ന ആപ്തവാക്യം സ്വന്തം മകൾക്ക് വേണ്ടി ക്യാപ്റ്റൻ തിരുത്തി എഴുതുമ്പോൾ, തങ്ങൾ ആർക്കുവേണ്ടി  അതുതിരുത്തും എന്ന ആശങ്കയിലാണ് ഇതര പാർട്ടി നേതാക്കൾ. 

​എന്നാൽ ഇതിലും വലിയ കോമഡി നടക്കുന്നത് താഴേത്തട്ടിലാണ്; ബേക്കറി ജംഗ്ഷനിൽ ആവേശം മൂത്ത് വധശ്രമവും പൊതുമുതൽ നശിപ്പിക്കലുമായി ഇ ഡി റെയ്ഡിനെതിരെ  വിപ്ലവം നയിച്ച
 എട്ടൊമ്പത് ഗുണ്ടാ സഖാക്കൾ ഇപ്പോൾ ജാമ്യത്തുക എത്രയെന്നറിയാതെ ജയിലിന്റെ അഴിയെണ്ണുകയാണ്. താന്താങ്ങൾ അകത്തുപോയാലും കുടുംബത്തെ പാർട്ടി നോക്കിക്കൊള്ളും എന്ന പരമമായ വിശ്വാസത്തിൽ ജീവിക്കുന്ന ഇവർ കോടതി കയറിയിറങ്ങി ചെരിപ്പുതേയുമ്പോൾ, അവരെ ഇളക്കിവിട്ട യഥാർത്ഥ പടനായകന്മാർ സുഖമായി എയർകണ്ടീഷൻ മുറിയിലിരുന്ന് പാലട പ്രഥമൻ രുചിക്കുന്നുണ്ടാവും. 

കുറ്റം ചെയ്യാൻ പ്രേരിപ്പിച്ച പാർട്ടി സെക്രട്ടറി ഗോവിന്ദൻ, ശിവൻകുട്ടി, കടകംപള്ളി, ജോയ്, ജോൺ ബ്രിട്ടാസ് എന്നിവരെയൊന്നും നിയമത്തിന്റെ കൈകൾ ഇതുവരെ തൊട്ടിട്ടില്ല എന്ന കാര്യം അത്ഭുതപ്പെടുത്തുന്നതാണ്. ജനങ്ങൾക്ക് ക്ഷേമം വാഗ്ദാനം ചെയ്ത് സത്യപ്രതിജ്ഞ നടത്തി രാജ്യസഭയിൽ പോയിരിക്കുന്നവരൊക്കെ ആ വാചകങ്ങൾ ഒരുവട്ടം കൂടി ഓർത്തെടുക്കുന്നത് ഏറെ  നന്നായിരിക്കും. അണികളെ ബലിയാടാക്കി നേതാക്കൾ എക്കാലവും സുരക്ഷിത താവളങ്ങളിൽ വിലസുന്ന ഈ സോഷ്യലിസ്റ്റ്’ നാടകം കാണാൻ ജനങ്ങൾക്ക് ഇപ്പോൾ നല്ല രസം തോന്നുന്നുണ്ട്.
-കെ എ സോളമൻ

Wednesday, 27 May 2026

ചുവപ്പുനാടൻ കളരി

#ചുവപ്പുനാടൻ #കളരി
കോടതി നിർദ്ദേശപ്രകാരം പരിശോധനയ്‌ക്കെത്തിയ കേന്ദ്ര അന്വേഷണ ഏജൻസിയെ,
നിയമാവ്യവസ്ഥയും ജനാധിപത്യമര്യാദകളും കാറ്റിൽപ്പറത്തിക്കൊണ്ട്  കായബലം കൊണ്ട് നേരിടാൻ തുനിഞ്ഞ സിപിഎം നേതാക്കളുടെയും അണികളുടെയും നടപടി ശരിക്കും ഒരു രാഷ്ട്രീയ കസർത്ത് തന്നെയാണ്. കാലവും കോലവും മാറിയതറിയാതെ, പഴയ ചുവപ്പുനാടൻ കളരിയുമായി തെരുവിലിറങ്ങുന്ന ഇവർ വിസ്മരിക്കുന്നത് ഒരൊറ്റ കാര്യമാണ്, നിയമം അതിന്റെ വഴിക്ക് പോകുമ്പോൾ കൂടെപ്പോരാൻ അണികൾ കാണില്ല എന്നത്. 

ലാലു പ്രസാദ് യാദവും കെജ്‌രിവാളും മുതൽ ചിദംബരം വരെയുള്ള വമ്പന്മാർക്ക് നിയമത്തിന് മുന്നിൽ ക്യൂ നിൽക്കേണ്ടി വന്ന ചരിത്രം തൊട്ടുമുന്നിൽ ഉണ്ടായിട്ടും, ഞങ്ങൾക്ക് മാത്രം ഇത് ബാധകമല്ല എന്ന മട്ടിലുള്ള ഈ അമിത ആത്മവിശ്വാസം നല്ലതല്ല. നേതാക്കൾ തന്നെ അക്രമത്തിന് കൊടിയും പിടിച്ച് മുന്നിൽ നിൽക്കുമ്പോൾ, നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഈ പ്രവണത ജനാധിപത്യത്തോടുള്ള അവഹേളനമായിട്ടേ കാണാൻ കഴിയൂ.

​മുമ്പ് ഭരണത്തിലിരിക്കുമ്പോൾ എന്തും ചെയ്യാമെന്ന അഹങ്കാരം ഉണ്ടായിരുന്നിരിക്കാം, എന്നാൽ കാലം മാറി, കോലവും മാറി എന്ന് ഇനിയെങ്കിലും ഈ സഖാക്കൾ തിരിച്ചറിയേണ്ടതുണ്ട്. ശിവൻകുട്ടി, കടകംപള്ളി , ജോയ്, ജോൺ ബ്രിട്ടാസ് തുടങ്ങിയ നേതാക്കളുടെ ആഹ്വാനം കേട്ട് ആവേശത്തോടെ ചാടിവീഴുന്ന അണികൾ ഒടുവിൽ കോടതിപ്പടിയും ജയിൽമുറിയും കയറിയിറങ്ങുമ്പോൾ, അവരെ തിരിഞ്ഞുനോക്കാൻ പോലും ഈ പറഞ്ഞ നേതാക്കൾ ഉണ്ടാകില്ല എന്നതാണ് പരമാർത്ഥം. 

സ്വന്തം അണികളെ അച്ചടക്കത്തോടെ നിയന്ത്രിക്കാൻ കഴിയാത്ത, അല്ലെങ്കിൽ അതിന് മുതിരാത്ത നേതൃത്വം യഥാർത്ഥത്തിൽ ഒരു വലിയ ദുരന്തത്തിലേക്കാണ് പാർട്ടിയെ നയിക്കുന്നത്. അധികാരം ശാശ്വതമല്ലെന്നും അക്രമ രാഷ്ട്രീയം കൊണ്ട് നിയമത്തിന്റെ കൈകളെ അധികകാലം കെട്ടിയിടാൻ കഴിയില്ലെന്നും ഉള്ള യാഥാർത്ഥ്യം മനസ്സിലാക്കി, ഈ കപടവേഷക്കാർ അണികളെ അക്രമത്തിൽ നിന്ന് പിന്തിരിപ്പിക്കാത്തപക്ഷം വരുംദിവസങ്ങളിൽ കേരള സമൂഹം കാണാൻ പോകുന്നത് വലിയ അപകടമാകും.
- കെ എ സോളമൻ
.

Tuesday, 26 May 2026

വംശം കുറ്റിയറ്റിട്ടില്ല

#വംശം #കുറ്റിയറ്റിട്ടില്ല
ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന പരീക്ഷാഫല പ്രഖ്യാപനം ഇപ്പോൾ കേരളത്തിൽ ഒരു ഒന്നാന്തരം കോമഡി ഉത്സവമായി മാറി. കണക്കുപരീക്ഷയ്ക്ക് തോറ്റ കുട്ടികൾ പോലും മന്ത്രിമാരുടെ ഫലപ്രഖ്യാപനം കേട്ട് വായും പൊളിച്ചിരുന്നു പോകും. ലക്ഷങ്ങളും കോടികളും മാറിമറിയുന്ന വലിയ സംഖ്യകൾ കാണുമ്പോൾ നമ്മുടെ ജനപ്രതിനിധികളുടെ നാക്ക്  ട്വിസ്റ്റ് ആകുന്നത് കാണാൻ നല്ല രസം.

 മുൻപ് പൊതുവിദ്യാഭ്യാസ മന്ത്രിയായിരുന്ന വി. ശിവൻകുട്ടി അക്കങ്ങൾ കൂട്ടിയും കുറച്ചും വായിച്ച് ഉണ്ടാക്കിയ ആ ട്രോൾ പൂരത്തിന്റെ പാരമ്പര്യം, പുതിയ മന്ത്രി എൻ. ഷംസുദ്ദീനും ഒട്ടും ചോർന്നുപോകാതെ കാത്തുസൂക്ഷിക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. പ്ലസ് ടു പാസായ കുട്ടികളുടെ എണ്ണം കേട്ട് അവർക്ക് പോലും സ്വന്തം മാർക്കിൽ സംശയം തോന്നുന്ന രീതിയിലാണ് വാർത്താ സമ്മേളനങ്ങളിലെ ഈ അക്കക്കളി. വിദ്യാർത്ഥികളെക്കാൾ കൂടുതൽ ഫലപ്രഖ്യാപനത്തിന് മുന്നിലിരുന്ന് വിയർക്കുന്നത് മന്ത്രിമാരാണോ എന്ന് തോന്നിപ്പിക്കുന്നതാണ് നിലവിലെ അവസ്ഥ.

സത്യത്തിൽ, ഇത്തരം ഫലപ്രഖ്യാപന ചടങ്ങുകൾക്ക് പോകുന്നതിന് മുൻപ് മന്ത്രിമാർക്ക് ഒരു മിനിമം മാത്‌സ് ട്യൂഷൻ എടുത്താൽ നന്നായിരിക്കും. അല്ലെങ്കിൽ വരുംതലമുറയെ അക്കങ്ങൾ പഠിപ്പിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തിരിക്കുന്നവർ തന്നെ ഇങ്ങനെ സംഖ്യകൾ തെറ്റിച്ചു വായിക്കുന്നത് വലിയൊരു വൈരുദ്ധ്യമാണ്. 

ശിവൻകുട്ടിയിൽ നിന്ന് ഷംസുദ്ദീനിലേക്ക് വകുപ്പ് മാറിയെങ്കിലും അക്കങ്ങളോടുള്ള മന്ത്രിമാരുടെ ഈ പിണക്കം മാറിയിട്ടില്ല. അതായത് ശിവൻകുട്ടിയുടെ വംശം  കുറ്റിയറ്റിട്ടില്ല എന്ന് സാരം. ഐഎഎസ് ഉദ്യോഗസ്ഥർ എഴുതിക്കൊടുക്കുന്ന വലിയ അക്കങ്ങൾ അതേപടി വായിക്കാൻ പാടുപെടുന്ന മന്ത്രിമാരെ കാണുമ്പോൾ, അത്യാവശ്യം വിവരവും വിദ്യാഭ്യാസവുമുള്ള ഭരണാധികാരികൾ വേണമെന്ന ചിന്ത ആർക്കായാലും തോന്നിപ്പോകും. എന്തായാലും ട്രോളന്മാർക്ക് പഞ്ഞമില്ലാത്ത കാലത്തോളം നമ്മുടെ മന്ത്രിമാരുടെ ഈ അക്കക്കളി സാമൂഹിക മാധ്യമങ്ങളിൽ ഇനിയും സൂപ്പർ ഹിറ്റായി തുടരുമെന്നതിൽ സംശയമില്ല.
-കെ എ സോളമൻ

Sunday, 24 May 2026

സിജെപി അസംബന്ധം

#സിജെപി #അസംബന്ധം
കോക്രോച്ച് ജനതാ പാർട്ടിയുടെ ( സിജെപി) ദ്രുതഗതിയിലുള്ള ആവിർഭാവം ദേശീയ സംവാദത്തിന്റെ ഗൗരവത്തെയും അന്തസ്സിനെയും പരിഹസിക്കുന്ന
ഡിജിറ്റൽ  ചൂഷണമാണ്. വൈറൽ മീമുകൾ, നിർമ്മിത ബുദ്ധി, സെൻസേഷണലൈസ്ഡ് സോഷ്യൽ മീഡിയ കാമ്പെയ്‌നുകൾ എന്നിവയിലൂടെ പ്രധാനമായും പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്‌ഫോം, നിർണായകമായ പൊതു വെല്ലുവിളികളെ നിസ്സാരവൽക്കരിക്കുന്നു. ദിശാബോധമില്ലാത്ത പ്രതിഷേധത്തിലേക്ക് പൊതുജനശ്രദ്ധ ആകർഷിക്കാനുള്ള വിഫലശ്രമം നടത്തുകയും  ചെയ്യുന്നു. 

സ്ഥാപനപരമായ സുതാര്യതയോ ഉത്തരവാദിത്തമോ ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെ വളരെയധികം ആശ്രയിക്കുന്നതിലൂടെ, അത്തരം പ്രസ്ഥാനങ്ങൾ പൊതുജനവികാരം ധ്രുവീകരിക്കും.   ജനാധിപത്യത്തിന് ആവശ്യമായ സൃഷ്ടിപരമായ പൗരപങ്കാളിത്തത്തെ ഇതു അസ്ഥിരമാക്കും.   അന്താരാഷ്ട്ര അതിർത്തികൾക്കപ്പുറം ആഭ്യന്തര പ്രശ്‌നങ്ങൾ സെൻസേഷണലൈസ് ചെയ്യുന്നത്, ആന്തരിക സ്ഥിരതയെ ഭീഷണിപ്പെടുത്തുന്ന സങ്കീർണതകൾ ക്ഷണിച്ചു വരുത്തും.
പൊതു പ്രകടനങ്ങളും രാഷ്ട്രീയ പ്രവർത്തനങ്ങളും , നിയമവ്യവസ്ഥയോടുള്ള അചഞ്ചലമായ ബഹുമാനത്തിൽ വേരൂന്നിയതായിരിക്കണം. 

ഒരു ആക്ഷേപഹാസ മുന്നണിയുടെ ബാനറിൽ തെരുവ് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുക, അതിന് നിരാശ ബാധിച്ച പ്രതിപക്ഷ കക്ഷികളുടെ പിന്തുണ ലഭിക്കുക, പക്ഷപാതപരമോ വിഭാഗീയമോ ആയ അജണ്ടകൾക്കായി ഉപയോഗിക്കുക; ഇവയൊന്നും അംഗീകരിക്കാനാവില്ല . പൊതുസമാധാനം തകർക്കാനും ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്താനും രാജ്യത്തെ സ്ഥാപിത ജനാധിപത്യ ചാനലുകളെ മറികടക്കാനുമുള്ള ഭീഷണികൾ ഇരുമ്പുമുഷ്ടി കൊണ്ട് നേരിടണം.

 തെരുവുകളിലെ രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്ക് ഓൺലൈൻ പ്രവണതകളെ ആയുധമാക്കാനുള്ള ഏതൊരു ശ്രമത്തിനും നിയമവാഴ്ചയുടെ പൂർണ്ണമായ അനുസരണം ആവശ്യമാണ്. അക്രമം തടയുന്നതിനും, പൗര ഐക്യം നിലനിർത്തുന്നതിനും, ഡിജിറ്റൽ രാഷ്ട്രീയ നാടകവേദിയാൽ ആഭ്യന്തര സുരക്ഷയിൽ വിട്ടുവീഴ്ച ഉണ്ടാകാതിരിക്കാൻ  അധികാരികൾ നിർണ്ണായകമായി പ്രവർത്തിക്കുകയും വേണം. തിരഞ്ഞെടുപ്പിൽ ജനങ്ങൾ ചവിട്ടിപ്പുറത്താക്കിയ ചില കക്ഷികൾ ഇത്തരം ഓൺലൈൻ നാടകങ്ങളെ പിന്തുണയ്ക്കുന്നത് ഗൗരവത്തോടെ കാണുകയും വേണം.
- കെ.എ. സോളമൻ

Friday, 22 May 2026

കുന്നത്തുനാട് കുടിയൊഴിപ്പിക്കൽ

#കുന്നത്ത്നാട് #കുടിയൊഴിപ്പിക്കൽ  
​കുന്നത്ത്നാട് മലയിടം തുരുത്തിലെ രണ്ടേക്കർ 65 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിൽ, ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധി നടപ്പാക്കാൻ നിലവിലെ യുഡിഎഫ് സർക്കാർ നിയമപരമായി ബാധ്യസ്ഥരാണ്. പരമോന്നത കോടതിയുടെ വിധി ധിക്കരിക്കാൻ തർക്കഭൂമിയിലെ താമസക്കാർക്കോ സമരക്കാർക്കോ അവകാശമില്ലെന്നിരിക്കെ, നിലവിലെ സംഘർഷ സാഹചര്യം കോടതിയെ കൃത്യമായി ബോധ്യപ്പെടുത്തി ഒരു സുഗമമായ പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. 
 
തലക്ക് പ്രദേശത്ത് താമസിക്കുന്ന ജനങ്ങളോട് പൂർണ്ണമായ അനുഭാവം പുലർത്തുന്ന നിലവിലെ സർക്കാർ, മാനുഷിക പരിഗണനകൾ മുൻനിർത്തി അവർക്ക് അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കാനും പ്രശ്നം സമാധാനപരമായി പരിഹരിക്കാനും പ്രതിജ്ഞാബദ്ധമാണ്. കോടതിവിധിയെ മാനിച്ചുകൊണ്ട് തന്നെ ജനങ്ങളുടെ ആശങ്കകൾ അകറ്റാനുള്ള ആത്മാർത്ഥമായ ശ്രമങ്ങളുമായിട്ടാണ്  സർക്കാർ മുന്നോട്ട് പോകുന്നത്.

​എന്നാൽ, ഈ വിഷയത്തെ ജനങ്ങളെ മുൻനിർത്തിയുള്ള രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമാക്കാനാണ് മുൻപ് ഭരണം കൈയാളിയ സിപിഎം ശ്രമിക്കുന്നത്. അധികാരത്തിലിരുന്നപ്പോൾ 14 തവണ അവസരങ്ങൾ ലഭിച്ചിട്ടും ഈ ജനകീയ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ യാതൊരു നടപടിയും സ്വീകരിക്കാത്ത ഇടതുഭരണക്കാർ, അധികാരം നഷ്ടപ്പെട്ടതോടെ പെട്ടെന്ന് സമരവുമായി രംഗത്തിറങ്ങുന്നത് ലജ്ജാകരമാണ്. പ്രശ്നം പരിഹരിക്കാൻ സർക്കാരിനോട് യോജിച്ച് പ്രവർത്തിക്കുന്നതിന് പകരം, ജനങ്ങളുടെ വൈകാരികതയെ ചൂഷണം ചെയ്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. മുൻപ് ഒന്നും ചെയ്യാതെ ഇരുട്ടിൽ തപ്പിയവർ ഇപ്പോൾ നടത്തുന്ന ഈ നാടകം ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും.
- കെ എ സോളമൻ

Thursday, 21 May 2026

സത്യപ്രതിജ്ഞ

സത്യപ്രതിജ്ഞ
കേരള നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമപ്രകാരം, "സർവ്വശക്തനായ ഉസ്താദിന്റെ നാമത്തിൽ" സത്യപ്രതിജ്ഞ ചെയ്യാൻ പാടില്ല.

​ഭരണഘടനയുടെ മൂന്നാം അനുസൂചി  പ്രകാരം രണ്ട് രീതിയിൽ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാൻ അനുവാദമുള്ളൂ:
​" ദൈവനാമത്തിൽ" (In the name of God) സത്യം ചെയ്യുക.​അല്ലെങ്കിൽ, "ദൃഢപ്രതിജ്ഞ" (Solemnly affirm) ചെയ്യുക.
നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഭരണഘടന നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത മാതൃകയിൽ  മാത്രമേ വാക്കുകൾ ഉപയോഗിക്കാൻ പാടുള്ളൂ. "ദൈവം" എന്ന വാക്കിന് പകരം അല്ലാഹു, കർത്താവ്, കൃഷ്ണൻ, ശ്രീനാരായണ ഗുരു എന്നിങ്ങനെ വ്യക്തിപരമായോ മതപരമായോ ഉള്ള മറ്റ് നാമങ്ങൾ ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്.

​മുൻപ് കേരള നിയമസഭയിൽ നിശ്ചിത മാതൃക ലംഘിച്ച് വ്യക്തിഗത നാമങ്ങളിൽ സത്യപ്രതിജ്ഞ ചെയ്തത് വിവാദമാവുകയും, തുടർന്ന് അവർക്ക് വീണ്ടും നിയമപ്രകാരമുള്ള വാക്കുകൾ ഉപയോഗിച്ച് പുനഃസത്യപ്രതിജ്ഞ ചെയ്യേണ്ടി വരികയും ചെയ്തിട്ടുണ്ട്. അതിനാൽ ഭരണഘടനാ പരമായി "ദൈവനാമത്തൽ" എന്നോ അല്ലെങ്കിൽ"ദൃഢപ്രതിജ്ഞ / സഗൗരവം" എന്നോ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാൻ അനുവാദമുള്ളൂ.

മറിച്ച്  ആരെങ്കിലും സത്യപ്രതിജ്ഞ നടത്തിയിട്ടുണ്ടെങ്കിൽ നിയമപരമായി അത് നിലനിൽക്കുന്നതല്ല
-കെ എ സോളമൻ

Tuesday, 19 May 2026

തോമസ് മാഷിൻറെ ആഡംബര യാത്ര അവസാനിച്ചു

#തോമസ്_മാഷിന്റെ #ആഡംബര #യാത്ര #അവസാനിച്ചു
പിണറായി സർക്കാരിന്റെ മുഴുവൻ ഭാരവും ചുമലിൽ താങ്ങിയ അധികായന്റെ അത്ഭുത സാഹസത്തിന്  മാസങ്ങളോളം ഡൽഹി സാക്ഷ്യം വഹിച്ചു.

"മാഷ്" എന്ന് സ്നേഹപൂർവ്വം അറിയപ്പെടുന്ന കെ.വി. തോമസ് ഒന്നും ചെയ്യാതെ തന്നെ കഠിനാധ്വാനം എന്തെന്ന് മലയാളികളെ പഠിപ്പിച്ചു . പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, ഡ്രൈവർ എന്നിവരടങ്ങുന്ന അദ്ദേഹത്തിന്റെ അഞ്ചംഗ സംഘം കേരള ഹൗസിലെ വിഐപി ആനുകൂല്യങ്ങൾ ആസ്വദിച്ച് ദൈനംദിന ഷെഡ്യൂൾ മഹത്തരമാക്കി  കേരള സർക്കാരിൻറെ അഭിവൃദ്ധിക്കാനായി സമയം ചെലവിട്ടു.

പൊതുസേവനം യഥാർത്ഥത്തിൽ യാത്രയാണെന്ന് മാഷ് തെളിയിച്ചു, പ്രത്യേകിച്ച് ഖജനാവിൽ നിന്ന് പണം നൽകുന്ന യാത്ര. കേന്ദ്രത്തിൽ നിന്ന് അദ്ദേഹം നേടിയ ആനുകൂല്യങ്ങളുടെ നിഗൂഢത പതിറ്റാണ്ടുകളായി ചരിത്രകാരന്മാരെ ആശയക്കുഴപ്പത്തിലാക്കാം. എങ്കിലും  അദ്ദേഹത്തിന്റെ സ്വകാര്യ ബാങ്ക് അക്കൗണ്ടും ജീവനക്കാരുടെ കുടുംബവും തീർച്ചയായും ചരിത്രപരമായ വളർച്ചയുടെ ഒരു കാലഘട്ടത്തിനു സാക്ഷ്യം വഹിച്ചു..

ഭരണപരമായ കാര്യക്ഷമതയിലെ ഈ മുഴുവൻ മാസ്റ്റർക്ലാസും രാഷ്ട്രീയ വിശ്വസ്തതയുടെ മാസ്റ്റർ സ്ട്രോക്കിലൂടെയാണ് സാധ്യമായത്. കോൺഗ്രസ് പാർട്ടിയുമായും എൽ.ഡി.എഫ് സർക്കാരുമായും ഉള്ള തന്റെ ദീർഘകാല ബന്ധങ്ങളെ കൂടുതൽ ലാഭകരമായ വിരമിക്കൽ പദ്ധതിക്കായി അദ്ദേഹം മാറ്റിവച്ചു.  വ്യക്തിപരമായ നേട്ടങ്ങൾക്കായി കോൺഗ്രസിനോടു വിടപറയാനും, തുടർന്ന് ഡൽഹിയിൽ പോയി തൊഴിലാളിവർഗത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും, പ്രതിമാസം ലക്ഷക്കണക്കിന് രൂപ ചെലവഴിക്കാനും ഒരു പ്രത്യേകതരം സമർപ്പണം ആവശ്യമാണ്.

പുതിയ സർക്കാർ ആഡംബര പാക്കേജ് പെട്ടെന്ന് റദ്ദാക്കിയതിനാൽ. മാഷ് ഇപ്പോൾ കുമ്പളങ്ങിയിലെ ശാന്തമായ കായലരികത്തേക്കു സംതൃപ്തമായ പുഞ്ചിരിയോടെ മടങ്ങുന്നു. പിണറായി ഭരണത്തെ അത്ഭുതകരമായി വിജയിപ്പിച്ച ശേഷം  അദ്ദേഹം തിരുതപിടുത്തം എന്ന തന്റെ ഹോം കരിയർ പുനരാരംഭിക്കുകയാണ്. മാഷിൻറെ സഹായം വേണ്ട വിജയ്, സതീശൻ തുടങ്ങിഏത് സർക്കാരിനും അദ്ദേഹത്തിൻ്റെ സഹായത്തിനായി സമീപിക്കാവുന്നതാണ് .
.
-കെ എ സോളമൻ

Monday, 18 May 2026

ഖദർ പുതച്ച തലസ്ഥാനം

#ഖദർ_പുതച്ച_തലസ്ഥാനം. 
​ഒരു പതിറ്റാണ്ടിന്റെ പന്തിഭോജനത്തിനും വനവാസത്തിനും ശേഷം യു.ഡി.എഫ്. സർക്കാർ അധികാരമേൽക്കുമ്പോൾ തലസ്ഥാനം അക്ഷരാർത്ഥത്തിൽ ‘ഖദർ’മയമാണ്. സാധാരണ ഇത്തരം സുദിനങ്ങളിൽ ചെണ്ടിനും ബൊക്കെക്കുമൊക്കെയാണ് ഡിമാൻഡ് എങ്കിൽ, കോൺഗ്രസുകാർക്ക് അതൊന്നും പോരാല്ലോ; അന്തസ്സ് ഖദറിൽ തന്നെയല്ലേ പറ്റൂ! ഈ മനോഭാവം മുൻകൂട്ടി കണ്ട് 50-ഉം 100-ഉം രൂപ വിലയുള്ള ഖദർ ഹാരത്തിന് 750 മുതൽ 1000 രൂപ വരെയാക്കി ഖാദി ബോർഡ് തങ്ങളുടെ സ്വാശ്രയ നയം പ്രഖ്യാപിച്ചു. 

അതെന്തായാലും പുതിയ മുഖ്യമന്ത്രി വി.ഡി. സതീശൻ മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ അരുമശിഷ്യൻ അല്ലാത്തതുകൊണ്ട് തോർത്തുമുണ്ടുകൾക്ക് വൻവിലക്കയറ്റത്തിൽ നിന്ന് തൽക്കാലം രക്ഷപ്പെടാനായി. ഇല്ലായിരുന്നെങ്കിൽ തലയിൽ കെട്ടുന്ന തോർത്തിനും 1000 രൂപ കൊടുക്കേണ്ടി വന്ന് അണികളുടെ കീശ കീറിയേനെ! പരമ്പരാഗത പൂക്കടക്കാർ ഖദർ വിപ്ലവത്തിൽ പിച്ചച്ചട്ടിയെടുക്കേണ്ടി വരുമോ എന്ന ചോദ്യം ബാക്കിനിൽക്കെ, മുൻ സർക്കാരിന്റെ കൊള്ളകൾ തങ്ങൾ ആവർത്തിക്കില്ലെന്ന് ഖദർ ഹാരത്തിലൂടെ പുതിയ സർക്കാർ തെളിയിച്ചു..

​അരലക്ഷത്തോളം വരുന്ന അണികൾ സത്യപ്രതിജ്ഞാ മാമാങ്കത്തിനായി തലസ്ഥാനത്തേക്ക് ഇരച്ചെത്തിയതോടെ നഗരത്തിലെ ഹോട്ടൽ മുറികളെല്ലാം ഹൗസ് ഫുൾ. ഈ ജനസാഗരത്തിനിടയിൽ പി.എസ്.സി ഇന്റർവ്യൂവിനും മറ്റ് അത്യാവശ്യങ്ങൾക്കുമായി തിരുവനന്തപുരത്ത് എത്തിയ  സാധാരണക്കാർ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും കുത്തിയിരുന്ന് പുതിയ കേരള നിർമ്മിതി ടിവിയിൽ നേരിൽക്കണ്ട് ആസ്വദിച്ചു. താമസത്തിനും ഭക്ഷണത്തിനും ഹോട്ടലുകാർ ഈ അവസരത്തിൽ ഈടാക്കുന്ന കൊള്ളവില പുതിയ സർക്കാർ അന്വേഷണ വിധേയമാക്കുമോ അതോ ജനകീയ സർക്കാരിന്റെ ആദ്യ വിജയമായി ആഘോഷിക്കുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം. 

ജനങ്ങളുടെ എല്ലാ പ്രതീക്ഷകളും സഫലീകരിച്ചില്ലെങ്കിലും, കൊള്ളയുടെ കാര്യത്തിൽ മുൻ സർക്കാരിനെ വെല്ലാൻ തങ്ങൾക്കും കഴിയുമെന്ന് ആദ്യദിനം തന്നെ തെളിയിച്ച ഈ ഖദർ വിപ്ലവം ജനങ്ങൾക്ക് നൽകുന്ന സന്ദേശം ചെറുതല്ല!
-കെ  എ സോളമൻ

Thursday, 14 May 2026

ഡിജിറ്റൽ ഇന്ത്യയിലെ വിന്റേജ് ഐറ്റം

#ഡിജിറ്റൽ_ഇന്ത്യയിലെ_വിന്റേജ്_ഐറ്റം
​ലോകം വിരൽത്തുമ്പിൽ വിപ്ലവം സൃഷ്ടിക്കുന്ന, സെക്കൻഡുകൾക്കുള്ളിൽ സന്ദേശങ്ങൾ ഭൂഖണ്ഡങ്ങൾ താണ്ടുന്ന ഈ ഇന്റർനെറ്റ് യുഗത്തിലും കോൺഗ്രസ് ഹൈക്കമാൻഡ് നടത്തുന്ന 'മുദ്രവെച്ച കവർ' യാത്രകൾ സത്യത്തിൽ ഒരു അത്ഭുതം തന്നെ. മെസഞ്ചറും വാട്സാപ്പും ഇമെയിലും ഇലോൺ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റും ഒക്കെ ഉള്ളപ്പോഴാണ്, ഡൽഹിയിൽ നിന്നും  വിമാനം വഴി ഒരു കഷ്ണം കടലാസ് തിരുവനന്തപുരത്ത് എത്തിക്കാൻ പതിനൊന്ന് ദിവസത്തെ രാപ്പകൽ ആലോചനകൾ വേണ്ടിവന്നത്. 

ഈ 5ജി കാലഘട്ടത്തിലും കാളവണ്ടി യുഗത്തിലെ വേഗതയിൽ സഞ്ചരിക്കുന്ന ഈ മുദ്രവെച്ച കവറുകൾ, ആധുനിക വാർത്താവിനിമയ സംവിധാനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണോയെന്നു സംശയിക്കണം.
​ഡൽഹിയിലെ ഏതോ അടച്ചിട്ട മുറിയിൽ നിന്ന് പുറപ്പെടുന്ന ഈ രഹസ്യപ്പൊതി ദീപാ ദാസ്മുൻഷിയുടെ കൈകളിലൂടെ ഇന്ദിരാ ഭവനിലെത്തുമ്പോൾ കേവലം ഒരു പേര് പ്രഖ്യാപിക്കുകയല്ല, മറിച്ച് സാങ്കേതികവിദ്യയോടു പാർട്ടി പ്രഖ്യാപിച്ച നിസ്സഹകരണ സമീപനമാണ് അവിടെ അനാവൃതമായത്. 

മുഖ്യമന്ത്രിയുടെ പേര് ടൈപ്പ് ചെയ്ത് ഒരു സെൻഡ്' ബട്ടൺ അമർത്തുന്നതിനേക്കാൾ ആവേശം, അത് തുണിസഞ്ചിയിൽ  ഒളിപ്പിച്ച് വിമാനത്തിൽ കൊണ്ടുവരുന്നതിലാണെന്ന് വിശ്വസിക്കുന്നവരാണ് കോൺഗ്രസിൽ ഭൂരിപക്ഷം. യാത്രക്കിടെ ദീപാദാസ് മുൻഷി പൊതിയഴിച്ച് പേരുതിരുത്തി എന്ന് ആരും ആരോപിക്കാത്തതുകൊണ്ട് അതുസംബന്ധിച്ച് പിന്നീട് തർക്കം ഉണ്ടാകാനിടയില്ല. ആർക്കും അങ്ങനെ ഒരു ബുദ്ധി തോന്നതിരുന്നതു ഭാഗ്യം

ലോകം ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അഭിരമിക്കുമ്പോഴാണ്  കോൺഗ്രസ് എന്ന പ്രസ്ഥാനം മുദ്രവെച്ച കവറിനെ   ഒരു വിന്റേജ് ഐറ്റം പോലെ പരിപാലിക്കുന്നത്
- കെ എ സോളമൻ

Tuesday, 12 May 2026

മുഖ്യമന്ത്രി തർക്കം അഥവാ കേരള റിയാലിറ്റി ഷോ

മുഖ്യമന്ത്രിതർക്കം അഥവാ കേരള റിയാലിറ്റി ഷോ.
കേരളത്തിലെ മുഖ്യമന്ത്രി തർക്കം ഒരാഴ്ച കഴിഞ്ഞിട്ടും തീരാത്തത് കണ്ടാൽ, ഇത് രാഷ്ട്രീയ ചർച്ചയാണോ അതോ ഫൈനൽ എപ്പിസോഡ് വരെ വലിച്ചുനീട്ടുന്ന ഒരു റിയാലിറ്റി ഷോയാണോ എന്ന സംശയം സ്വാഭാവികം.

 ഹൈക്കമാൻഡ് യോഗം, ഡൽഹി ചർച്ച, ഗ്രൂപ്പ് സമ്മർദ്ദം, അനൗദ്യോഗിക കൂടിക്കാഴ്ച, ചുഴലിക്കാറ്റ്  എല്ലാം ഉണ്ടെങ്കിലും “മുഖ്യമന്ത്രി ആരാണ്?” എന്ന ഒരു സാധാരണ ചോദ്യത്തിന് മാത്രം മറുപടി ഇല്ല. രാഹുൽ ഗാന്ധിയുടെ ഏക ചോയ്സ് കെ സി വേണുഗോപാൽ തന്നെയാണെങ്കിൽ, അതു തുറന്നു പറയാൻ ഇത്രയും ഭയം എന്തിന്?

 ജനങ്ങൾ വോട്ട് ചെയ്തത് നേതാക്കളുടെ ഈഗോ മത്സരത്തിന് വേണ്ടിയല്ല, വ്യക്തമായ നേതൃത്വത്തിനും ഭരണകാര്യക്ഷമതയ്ക്കുമാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ മാത്രം ഇത്രയും സമയം എടുത്താൽ, നാളെയൊരു പാലം പണിയാനോ ആശുപത്രി തുടങ്ങാനോ  പുതിയ മിന്നൽ മാജിക് നിർമ്മിക്കാനോ ഉള്ളഫയൽ ഒപ്പിടാൻ എത്ര കാലം കാത്തിരിക്കേണ്ടിവരും എന്നതാണ് ജനങ്ങളുടെ  ആശങ്ക.

ഇപ്പോൾ നടക്കുന്ന ഈ സസ്പെൻസ് മാനേജ്മെന്റ് കോൺഗ്രസിന് ഗുണത്തേക്കാൾളേറെ ദോഷമാണ് ചെയ്യുന്നത്. കേരളത്തിലെ ജനങ്ങൾ നേതൃനാടകങ്ങളെ കുറിച്ച് വളരെ വേഗം വിധി പറയുന്നവരാണ്. പ്രത്യേകിച്ച് കെ സി വേണുഗോപാലിനെ ചുറ്റിപ്പറ്റിയുള്ള ഹൈക്കമാൻഡ് രാഷ്ട്രീയം ശക്തമായി മുന്നോട്ട് പോകുമ്പോൾ,

 കേരളത്തിലെ ജനവിധിയാണോ പ്രധാനം അതോ ഡൽഹി വിധിയാണോ എന്ന ചോദ്യം എല്ലാവരും ചോദിക്കുന്നു. മുഖ്യമന്ത്രി ആരെന്നു തീരുമാനിക്കുന്നതിനെക്കാൾ വേഗത്തിലാണ് ജനങ്ങളുടെ ക്ഷമ നശിക്കുന്നത്. അതുകൊണ്ട് ഇനിയെങ്കിലും കോൺഗ്രസ് നേതൃത്വം ആരാണ് മുഖ്യമന്ത്രി? എന്ന് തുറന്ന് പറഞ്ഞ് ഈ രാഷ്ട്രീയ സീരിയലിന് ഒരു അവസാനം കാണണം.. അല്ലെങ്കിൽ അതു  ചരിത്രത്തിലെ വലിയ നാണക്കേടാവും.
- കെ എ സോളമൻ

Sunday, 10 May 2026

ആലിംഗന വിവാദം

#ആലിംഗന_വിവാദം
സൗഹൃദ പ്രകടനത്തിൻ്റെ ഭാഗമായി സപ്തതി പിന്നിട്ട കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് ​നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണയെ പൊതുസ്ഥലത്തു വെച്ചു ആലിംഗനം ചെയ്യാനുള്ള ശ്രമവും ബിന്ദു കൃഷ്ണ അത് തടയുകയും ചെയ്ത സംഭവം സാമൂഹ്യ വിമർശനത്തിന് ഇടയായി.  മാധ്യമ പ്രവർത്തകയുടെ തോളത്ത് കൈവച്ചു സംസാരിച്ചു എന്നതിൻറെ പേരിൽ സിനിമ നടൻ സുരേഷ് ഗോപി എംപി നേരിട്ട സാമൂഹ്യ മാധ്യമ അവഹേളനത്തിൻ്റെ പശ്ചാത്തലത്തിൽ ഇതിന് പ്രാധാന്യം കിട്ടുകയും ചെയ്തു.

ഈ സംഭവത്തിൻറെ പശ്ചാത്തലത്തിൽ മലയാളികളെ നാം ഓർക്കേണ്ടതായ ഒരു കാര്യമുണ്ട്. പൊതുസ്ഥലങ്ങളിൽ ആലിംഗനം പോലുള്ള ശാരീരിക പ്രകടനങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം. ഓരോ വ്യക്തിക്കും അവരുടേതായ സ്വകാര്യ ഇടങ്ങൾ  ഉണ്ട്; തിരക്കുള്ള സ്ഥലങ്ങളിൽ ഇത്തരം പ്രവർത്തികൾ മറ്റുള്ളവർക്ക് അസ്വസ്ഥതയോ അല്ലെങ്കിൽ സങ്കോചമോ ഉണ്ടാക്കാൻ സാധ്യതയുണ്ട്. 

നമ്മുടെ സംസ്കാരവും സാമൂഹിക ചുറ്റുപാടും ഇത്തരം കാര്യങ്ങളിൽ കൂടുതൽ മിതത്വം പാലിക്കുന്നവയാണ്. സൗഹൃദം പ്രകടിപ്പിക്കാൻ ആലിംഗനം തന്നെ വേണമെന്നില്ല; ഒരു പുഞ്ചിരിയോ, കൈവീശലോ,  മാന്യമായ വാക്കുകളോ വഴി കൂടുതൽ ഫലപ്രദമായി സ്നേഹവും ബഹുമാനവും കൈമാറാൻ സാധിക്കും.

 കൂടാതെ, വ്യക്തിപരമായ സുരക്ഷയെക്കുറിച്ചും ആരോഗ്യപരമായ മുൻകരുതലുകളെക്കുറിച്ചും  ചിന്തിക്കുമ്പോൾ പൊതുയിടങ്ങളിൽ അനാവശ്യമായ ശാരീരിക സമ്പർക്കം കുറയ്ക്കുന്നത് തന്നെയാണ് നല്ലത്. വൈറസ് വ്യാപനം തടയാനും ഇത് പ്രയോജനപ്പെടും. കൂട അകലത്തിന്റെയും കുട്ട അകലത്തിന്റെയും വാർത്തകൾ നാം ചർച്ച ചെയ്തതല്ലേ? മാന്യമായ പെരുമാറ്റദൂരം പാലിക്കുന്നത് സമൂഹത്തിൽ കൂടുതൽ അച്ചടക്കവും പരസ്പര ബഹുമാനവും നിലനിർത്താൻ സഹായിക്കും.

ജീവിതത്തിൽ കൂടുതൽ സമയവും കോൺഗ്രസ് നേതാവ് എ കെ ആൻറണിയുടെ സഹചാരിയായി നടക്കുകയും ഒടുവിൽ സിപിഎമ്മിലേക്ക് ചൂവട് മാറ്റുകയും അവിടെയും ഗതികിട്ടാതെ വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തുകയും ചെയ്ത ചരിത്രമാണ് ചെറിയാൻ ഫിലിപ്പിന്റേത്. ആലിംഗന വിവാദം മൂലം അദ്ദേഹത്തിന് ചെറിയ പരിക്ക് സംഭവിച്ചു എന്നാണ് കൂടുതൽ പേരും കരുതുന്നത്, ഒഴിവാക്കാൻ കഴിയുമായിരുന്ന പരിക്ക്.
-കെ എ സോളമൻ

Thursday, 7 May 2026

വിമാനയാത്രയും അടയിരിപ്പ് സർക്കസും

#വിമാനയാത്രയും_അടയിരിപ്പു_സർക്കസും 
​വാട്‌സ്ആപ്പും ഇമെയിലും വെറും അലങ്കാരങ്ങൾ മാത്രമാണെന്നും നിർണ്ണായക തീരുമാനങ്ങൾ എടുക്കാൻ ഇന്നും പ്രാവ് സന്ദേശങ്ങളുടെ കാലത്തെ വേഗതയേ പറ്റു എന്നും യുഡിഎഫ് വീണ്ടും തെളിയിക്കുകയാണ്. 

നിരീക്ഷകർ വന്ന് 24 മണിക്കൂർ തലപുകച്ച് ആകെ കണ്ടെത്തിയ മഹാസത്യം "ഹൈക്കമാൻഡ് തീരുമാനിക്കട്ടെ" എന്ന ആ പഴയ ഒറ്റവരിയാണ്. ഈ അമൂല്യമായ കടലാസ് കഷണവും കൊണ്ട് വിമാനത്തിൽ പറന്ന് ഡൽഹിയിലെത്തി, അവിടെ മൂന്ന് ദിവസം അതീവ രഹസ്യമായി അടയിരുന്നാലേ ഒരു മുഖ്യമന്ത്രി കുഞ്ഞ് വിരിഞ്ഞു വരൂ എന്ന വാശിയിലാണ് നേതാക്കൾ.

 ജനങ്ങൾ വോട്ട് ചെയ്തത് ഭരണത്തിലെ അഴിമതി കണ്ട് മടുത്താണെങ്കിൽ, ആ ജനത്തെ നോക്കി കൊഞ്ഞനം കുത്താനായി ഇത്രയും ആധുനികമായ ഒരു രീതി വേറെ എവിടെ കാണാനാണ്? ഭാഗ്യത്തിന് ഇത്തവണ നിരീക്ഷകർക്ക് ഉടുമുണ്ട് ബാക്കിയായി കിട്ടി എന്നതുമാത്രമാണ് ആകെ ആശ്വാസം.

​മുഖ്യമന്ത്രി കസേരയിലെ ഈ തർക്കം കഴിഞ്ഞ്, മന്ത്രിമാരെ കണ്ടെത്തുന്ന പൂരക്കളി കാണാനിരിക്കുന്നതേയുള്ളൂ. ഗ്രൂപ്പുകളുടെ അളവും തൂക്കവും നോക്കി, വീതംവെപ്പ് നടത്തി ഇവർ ആളെ തീരുമാനിക്കുമ്പോഴേക്കും അടുത്ത തിരഞ്ഞെടുപ്പിന് സമയമാകുമോ എന്നാണ് വോട്ടർമാരുടെ പേടി.

 ഹൈക്കമാൻഡിന്റെ അനുഗ്രഹം കാത്ത് കിലോമീറ്ററുകൾക്കപ്പുറം വായ് പൊളിച്ചിരിക്കുന്ന ഈ രീതി കണ്ടാൽ തോന്നും കേരളം ഭരിക്കേണ്ടത് ഡൽഹിയിലെ ശീതീകരിച്ച മുറികളിലിരിക്കുന്നവരാണെന്ന്. മറ്റൊരു വഴിയില്ലാത്തതുകൊണ്ട് മാത്രം കൈപ്പത്തിക്ക് വോട്ട് ചെയ്ത പാവം ജനത്തിന്റെ നെഞ്ചത്തൂടെയാണ് ഈ ചർച്ചാ വിമാനങ്ങൾ പറക്കുന്നത്.

 എന്തിനായാലും ഞായറാഴ്ച വരെ ശ്വാസം അടക്കിപ്പിടിച്ചിരിക്കാം; ഒരുപക്ഷേ അന്ന് ആ ശുഭവാർത്ത വിമാനമിറങ്ങി വന്നാലോ!
- കെ എ സോളമൻ

അകമ്പടിവിട്ട മുഖ്യമന്ത്രിയും അടികൂടുന്ന വിജയശ്രീ ലാളിതരും

#അകമ്പടിവിട്ട_മുഖ്യമന്ത്രിയും_അടികൂടുന്ന_വിജയശ്രീലാളിതരും

40 അകമ്പടി വാഹനങ്ങളുടെ സൈറൺ മുഴക്കങ്ങളിൽ നിന്ന് പെട്ടെന്നൊരു സുപ്രഭാതത്തിൽ വിനയത്തിന്റെ ആൾരൂപത്തിലേക്ക് മുഖ്യമന്ത്രി എത്തിയിരിക്കുന്നു.  ഫല പ്രഖ്യാപനം കഴിഞ്ഞ് നാലു നാൾ  വേണ്ടിവന്നു ഈ പരകായ പ്രവേശനത്തിന്

ജനവിധി ശിരസാവഹിക്കുന്നു എന്ന പതിവ് പല്ലവി കേട്ടാൽ തോന്നും തോറ്റത് ജനങ്ങളാണെന്ന്!  ജനവിശ്വാസം വീണ്ടെടുക്കാൻ പ്രതിജ്ഞാബദ്ധനാണെന്ന് പറയുമ്പോൾ, രംഗം വിടാൻ ഉദ്ദേശമില്ലെന്ന് മാത്രമല്ല, അടുത്ത ഊഴത്തിനായി വീണ്ടും വരിനിൽക്കാൻ റെഡിയാണെന്ന് ചുരുക്കം. 

ഹെലികോപ്റ്ററിൽ നിന്ന് താഴെ ഇറങ്ങിയപ്പോൾ മാത്രമാണോ ഈ വിനയമുണ്ടായത്? എങ്കിൽ പറയൂ എന്തിനായിരുന്നു ആ 40 കാറുകളുടെ അകമ്പടിയും അട്ടഹാസവും?
അതെന്തായാലും തണൽ തേടിയുള്ള ഒരു വിശ്രമജീവിതം ഇതിയും പ്ലാൻ ചെയ്തില്ലേ എന്നും അണികൾ  പരസ്പരം ചോദിച്ചു തുടങ്ങിയിട്ടുണ്ട്.

​മറുഭാഗത്ത്, ഭരണം കിട്ടിയ സന്തോഷത്തിൽ കോൺഗ്രസ് ഗ്രൂപ്പുകൾക്കിടയിൽ ഇപ്പോൾ കാരണഭൂതം മാതിരി മഹാതിരുവാതിര കൊഴുക്കുകയാണ്. 102 എം.എൽ.എമാരുണ്ടെങ്കിലും മുഖ്യമന്ത്രി കസേര ഒന്നേയുള്ളൂ എന്ന സത്യം അവർക്കിപ്പോഴും ദഹിച്ചിട്ടില്ല.

 കേന്ദ്ര നിരീക്ഷകർ വന്ന് 24 മണിക്കൂർ തലപുകച്ചിട്ടും കിട്ടിയത് ആ പഴയ "ഹൈക്കമാൻഡ് തീരുമാനിക്കട്ടെ" എന്ന ഒറ്റവരി പ്രമേയം മാത്രം!
നിരീക്ഷകർ ഉടുമുണ്ടുമുപേക്ഷിച്ചു ഓടുകയാണ് പതിവ്. ഇത്തവണ അത് ഉണ്ടായില്ല എന്നത്  വലിയ പുരോഗതിയാണ്. 

മുന്നണിയുടെ ഞ്ഞെട്ടിപ്പിക്കുന്ന വിജയത്തിനായി വിയർപ്പൊഴുക്കിയ സതീശനെ മാറ്റിനിർത്തി വേണുഗോപാലിനെ വാഴിക്കാൻ നോക്കിയാൽ, കേരളം കാണാൻ പോകുന്നത് പോലീസിന്റെ ലാത്തിയല്ല, മറിച്ച് സ്വന്തം അണികളുടെ കയ്യിലുള്ള കൊടിക്കമ്പുകൾ തന്നെയാകും. അപ്പോഴും ഐക്യം എന്ന വാക്ക് നിഘണ്ടുവിൽ തപ്പി നടക്കാനായിരിക്കും ഹൈക്കമാൻഡിന്റെ വിധി. ഒടുക്കത്തെ ഒരു ഹൈക്കമാൻ്റ്!
- കെ എ സോളമൻ

Tuesday, 5 May 2026

അമരക്കാരൻ വി ഡി സതീശൻ ആകട്ടെ

#അമരക്കാരൻ_വി_ഡി_സതീശൻ__ആകട്ടെ.
​ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിയെ  ഒരു 'ഒറ്റയാൾ പട്ടാളം' പോലെ പടനയിച്ച് അവിസ്മരണീയ വിജയത്തിലേക്ക് എത്തിച്ച വി.ഡി. സതീശനാണ് കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിന് എന്തുകൊണ്ടും അർഹൻ. കേവലം ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി, വിഷയങ്ങളെ ആഴത്തിൽ പഠിക്കാനും വസ്തുതകളുടെ പിൻബലത്തിൽ അവ അവതരിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് നിയമസഭക്കകത്തും പുറത്തും നാം കണ്ടതാണ്.

​കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശൻ ഉയർത്തിയ വിമർശനങ്ങൾ കേവലം രാഷ്ട്രീയ പ്രേരിതമായിരുന്നില്ല. മറിച്ച്, ഓരോ വാദവും കൃത്യമായ രേഖകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിലായിരുന്നു. അദ്ദേഹത്തിന്റെ സമരവീര്യത്തെ 'പിണറായി ബി ടീം' എന്ന് പരിഹസിച്ച സാഹചര്യം ഉണ്ടായെങ്കിലും , ക്രിയാത്മകമായ  പ്രതിപക്ഷത്തിന്റെ ധർമ്മം എന്താണെന്ന് അദ്ദേഹം മലയാളിക്ക് കാണിച്ചുകൊടുത്തു.

 വികസന കാര്യങ്ങളിൽ പുലർത്തിയ രാഷ്ട്രീയ കാഴ്ചപ്പാടും പിണറായി സർക്കാരിന്റെ അഴിമതികൾക്കെതിരെ അദ്ദേഹം നടത്തിയ സന്ധിയില്ലാത്ത പോരാട്ടങ്ങളും ഒരു ഭരണാധികാരിക്ക് വേണ്ട യോഗ്യതകൾ ആയിരുന്നു.
​സാമുദായിക നേതാക്കളുടെ ഭീഷണികൾക്ക് വഴങ്ങാത്ത നിലപാടാണ് സതീശനെ വ്യത്യസ്തനാക്കുന്നത്. ജാതി നേതാക്കളായ വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിനെതിരെ സ്വീകരിച്ച കടുത്ത നിലപാടുകൾ യഥാർത്ഥത്തിൽ  മുഖ്യമന്ത്രിയാകാനുള്ള അദ്ദേഹത്തിന്റെ 'അധിക യോഗ്യത'യായി കാണണം. ജാതി-മത ശക്തികളുടെ തിണ്ണ നിരങ്ങാതെ, മതേതരത്വത്തിന്റെ കരുത്തിൽ ജനങ്ങളെ അഭിമുഖീകരിക്കാനുള്ള അദ്ദേഹത്തിന്റെ ആർജ്ജവം ആധുനിക കേരളത്തിന് മാതൃകയാണ്. 

മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിനെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുന്നത് രാഷ്ട്രീയ തന്ത്രജ്ഞതയുടെ ഭാഗമാണ്; അത് മതേതര ഐക്യത്തെ ശക്തിപ്പെടുത്തുകയേ ഉള്ളൂ. 23 എംഎൽഎമാരുള്ള ലീഗ് നിയമസഭയിൽ ഒരു നിർണായ ശക്തി ആണെന്ന കാര്യത്തിൽ തർക്കമില്ല.
​അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് ജനങ്ങൾ സതീശനിൽ നിന്നും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ധൂർത്തും അഴിമതിയും വിചാരണ ചെയ്യപ്പെടണം എന്നത് കേരളത്തിന്റെ പൊതുവികാരമാണ്.
 സർവീസിൽ നിന്ന് വിരമിച്ചിട്ടും പിൻവാതിലിലൂടെ വിവിധ തസ്തികകളിൽ കടിച്ചുതൂങ്ങുന്ന 'സെറ്റിൽമെന്റ്' രാഷ്ട്രീയത്തിന് അറുതി വരുത്തണ്ടേതു അത്യാവശ്യമാണ്
​ചീഫ് സെക്രട്ടറി മുതൽ താഴെത്തട്ടിലുള്ള ജീവനക്കാർ വരെ രാഷ്ട്രീയ സമ്മർദ്ദമില്ലാതെ, ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്താൻ അദ്ദേഹത്തിന് സാധിക്കണം.

​വിദ്യാഭ്യാസ യോഗ്യതയും ആധുനിക കാഴ്ചപ്പാടുമുള്ള നേതാവ് എന്ന നിലയിൽ, തൊഴിലില്ലായ്മ പരിഹരിക്കാനും വിദ്യാർത്ഥികൾ നാടുവിടുന്നത് തടയാനും കേരളത്തിന്റെ വികസനത്തിന് പുതിയൊരു ദിശാബോധം നൽകാനും സതീശന്റെ നേതൃത്വത്തിന് കഴിയുമെന്നു പ്രതീക്ഷിക്കാം.
​ഭരണഘടനാനിഷ്ഠമായ നിലപാടുകളും നയപരമായ തീരുമാനങ്ങളിൽ പുലർത്തുന്ന വ്യക്തതയും വി.ഡി. സതീശനെ കരുത്തനായ ഒരു ഭരണാധികാരിയാക്കും. ദീർഘവീക്ഷണത്തോടുകൂടി കേരളത്തിന്റെ ഭാവി നിർണ്ണയിക്കാനും, ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനും അദ്ദേഹത്തിന് സാധിക്കട്ടെ. 

കേരളം നേരിടുന്ന മുരടിപ്പിന് അറുതി വരുത്താൻ സതീശൻ എന്ന മുഖ്യമന്ത്രിയുടെ കരങ്ങൾക്ക് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.​.
-കെ എ സോളമൻ

Monday, 4 May 2026

നടുക്കടലിൽ മുങ്ങിയ കപ്പൽ

#നടുക്കടലിൽ_മുങ്ങിയ_കപ്പൽ
​കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു സർവൈവൽ ഗൈഡ്' ആണ് നിലവിലെ ഭരണം നമുക്ക് സമ്മാനിച്ചത്. പക്ഷേ എന്തു ചെയ്യാം കപ്പൽ മുങ്ങി, ഭരണം തീർന്നു, കാരൺഭൂത്  കതക് കുറ്റിയിട്ട് വീടിനകത്ത് ഒറ്റയിരിപ്പാണ്.

പട്ടിണി കിടക്കുന്ന ആശാവർക്കർമാർ കൂലി ചോദിക്കുമ്പോൾ അവരോടു ഒരു നല്ല വാക്ക് പറയാനില്ല പകരം പുച്ഛം മാത്രം. ഇത് ഭരണമല്ല, മറിച്ച് ഒരു ജനതയുടെ ക്ഷമ പരീക്ഷിക്കുന്ന സൈക്കോളജിക്കൽ തമാശയാണ്. 

പിൻവാതിൽ നിയമനങ്ങളെ 'കുടുംബശ്രീ' മാതൃകയിലുള്ള ഒരു സ്വകാര്യ സാമൂഹിക സുരക്ഷാ പദ്ധതിയായി കാണാൻ കഴിയാത്ത യുവജനങ്ങളുടെ ബുദ്ധിശൂന്യതയാണ് ഇവിടെ പ്രധാന വില്ലൻ. സ്വന്തം പാർട്ടിക്കാരെയും ബന്ധുക്കളെയും സർക്കാർ ചിലവിൽ പോറ്റുന്നത് ഒരുതരം ദാനധർമ്മമായി വിശേഷിപ്പിക്കാവുന്നതാണ്; പക്ഷേ, വിവരം കെട്ട യുവാക്കൾ അതിനെ അഴിമതി എന്ന് വിളിച്ച് പരിഹസിക്കുന്നു.

​സമാധാനപരമായി സമരം ചെയ്യുന്നവരുടെ തലയോട്ടിയിൽ ലാത്തി കൊണ്ട് ചികിത്സ നടത്തുന്നതിനെ മർദ്ദനമെന്ന് വിളിക്കുന്നത് ശുദ്ധ അസംബന്ധമാണ്. മുഖ്യമന്ത്രിയുടെ നിഘണ്ടുവിൽ ഇത് കൃത്യമായ രക്ഷാപ്രവർത്തനമാണ്'. ആയുസ്സ് നീട്ടിക്കിട്ടാൻ തലച്ചോറിലെ രക്തയോട്ടം കൂട്ടാനുള്ള ഒരു ക്രിയേറ്റീവ് പ്രക്രിയയാണിത്! 

സർക്കാർ കപ്പൽ മുങ്ങുന്നത് കാണുമ്പോൾ അത് ടൈറ്റാനിക് പോലെ ഒരു വിഷ്വൽ ട്രീറ്റായി ആസ്വദിക്കാൻ മലയാളിയെ പഠിപ്പിച്ചത് പി.ആർ. ഏജൻസികളാണ്. സ്വർണ്ണക്കടത്തും കെ-റെയിൽ എന്ന ആകാശക്കോട്ട ഒടുവിൽ 'ത്രീജി' ആയതും വികസനത്തിന്റെ പുതിയ വേർഷനുകളായി നാം ആഘോഷിക്കണം.

 കടം വാങ്ങി മുടിഞ്ഞാലും ചിരിച്ചുകൊണ്ട് പുച്ഛിക്കാൻ പഠിച്ച നേതാക്കളുള്ളപ്പോൾ, മദ്യഷാപ്പുകളിലെ ക്യൂവിൽ നിന്ന് നമുക്ക് ഈ നവകേരള ദുരന്തം ആവോളം ആഘോഷിക്കാം. അതിന്മുമ്പ് കാരൺഭൂതിനെയും ശിങ്കിടികളെയും നടുക്കടലിൽ കെട്ടിത്താഴ്ത്തിയ സാധരണ ജനത്തിന് പ്രത്യേക അഭിനന്ദനം!
-കെ എ സോളമൻ

Sunday, 3 May 2026

ഡിഗ്രി പഠനം : ഒരു കോംബോ ഓഫർ

#ഡിഗ്രിപഠനം_ഒരു_കോംബോഓഫർ
​കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം ഇപ്പോൾ ഒരു  കോംബോ ഓഫർ വിപണിയായി മാറിയിരിക്കുകയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പുതിയ പ്രഖ്യാപനം കേട്ടാൽ ആരും ഒന്ന് അമ്പരക്കും: "ഒരേ സമയം രണ്ട് ബിരുദങ്ങൾ പഠിക്കാം!" ഒന്ന് രാവിലെ, മറ്റൊന്ന് ഉച്ചയ്ക്ക് ശേഷം. 

ഒരു ഡിഗ്രി പഠിക്കാൻ പോലും കുട്ടികളെ കിട്ടാതെ കോളേജ് വരാന്തകളിൽ അധ്യാപകർ തിരുവാതിര കളിക്കുമ്പോഴാണ് അധികൃതരുടെ ഈ ഇരട്ടത്താപ്പ് ബുദ്ധി. ഒരു ബിരുദം കൊണ്ട് ഗതിപിടിക്കാത്തവർക്ക് രണ്ട് ബിരുദം നൽകി ഇരട്ടി നിരാശ സമ്മാനിക്കാനുള്ള ഈ നീക്കം ശരിക്കും അപാരം തന്നെ!

#മൾട്ടിഡിസിപ്ലിനറി എന്ന അവിയൽ.

​പുതിയ നാല് വർഷത്തെ ഓണേഴ്സ് ബിരുദത്തിന്റെ ഘടന കണ്ടാൽ ആധുനിക വിദ്യാഭ്യാസ വിചക്ഷണരുടെ ബുദ്ധി സമ്മതിച്ചു കൊടുക്കണം. 'മൾട്ടി-ഡിസിപ്ലിനറി' എന്ന ഓമനപ്പേരിൽ വിളമ്പുന്നത് വെറും അവിയൽ പരുവമാണ്. ഫിസിക്സ് മേജർ എടുക്കുന്ന വിദ്യാർത്ഥിക്ക് മൈനറായി അറബിയോ സംഗീതമോ പഠിക്കാം. ഫിസിക്സ് പഠിക്കാൻ അടിസ്ഥാനപരമായി വേണ്ട ഗണിതശാസ്ത്രം (Mathematics) പഠിക്കണ്ടേ എന്ന് ചോദിച്ചാൽ, അതൊക്കെ പഴയ സ്റ്റൈലല്ലേ എന്നാകും മറുപടി. 

കാർ ഓടിക്കാൻ പഠിക്കുന്നവനോട് സ്റ്റിയറിംഗിന് പകരം വയലിൻ പഠിച്ചോളാൻ പറയുന്നതു പോലെയാണിത്. വിഷയങ്ങൾ തമ്മിലുള്ള ബന്ധം നോക്കാതെ എന്തിനും ഏതിനും മൈനർ പദവി നൽകുന്നത് ബിരുദത്തിന്റെ അന്തസ്സ് കെടുത്തുകയേയുള്ളൂ. 

 മൂന്നാം വർഷ സെമസ്റ്ററിലെ ഇൻ്റേൺഷിപ്പ് എന്ന തട്ടിപ്പ് ഇല്ലാതാക്കേണ്ടത് മറ്റൊരു അത്യാവശ്യ കാര്യമാണ്.. പശു വളർത്തൽ കേന്ദ്രങ്ങൾ, പുൽകൃഷി സെൻററുകൾ, നവധാന്യ വിൽപ്പനകേന്ദ്രങ്ങൾ, കുട്ടിയുടുപ്പ് നിർമ്മാണ ശാലകൾ, കയർപിരി കേന്ദ്രങ്ങൾ, ഹോട്ടൽ പാചകപ്പുരകൾ എന്നിവിടങ്ങളിലെ അക്ഷരാഭ്യാസം ഇല്ലാത്ത ആളുകൾ ഡിഗ്രി വിദ്യാർഥികൾക്ക്  കോച്ചിംഗ് നൽകുന്നത് ഒട്ടും അഭികാമ്യമല്ല. ഇൻ്റേൺ ഷിപ്പിന്റെ പേരിൽ പണസമ്പാദനം നടത്താൻ ഒരു ഏജൻസിയെയും  അനുവദിച്ചു കൂടാ.

#കുട്ടികളില്ലാത്ത കലാലയങ്ങളും പ്രവാസി മോഹങ്ങളും

​ഇന്ന് കോളേജുകളിൽ കുട്ടികളേക്കാൾ കൂടുതൽ അധ്യാപകരാണ്. ഉള്ള കുട്ടികളാകട്ടെ പ്ലസ് ടു കഴിഞ്ഞാലുടൻ പാസ്പോർട്ടുമായി എയർപോർട്ടിലേക്ക് ഓടുകയാണ്. വിദേശത്ത് പോയി പാത്രം കഴുകിയാലും ഡിഗ്രി കിട്ടും, ഒപ്പം പണവും കിട്ടും എന്ന ചിന്തയിലേക്ക് മലയാളി മാറിയിരിക്കുന്നു. 

നാട്ടിൽ നിൽക്കുന്നവരാകട്ടെ മെഡിസിനും നഴ്സിംഗിനും പിന്നാലെയാണ്. ഇതിനിടയിലാണ് മമ്മൂട്ടി - മോഹൻലാൽമാരെ വെച്ച്  കൊമേഴ്സ് പഠനത്തിന് പരസ്യം നൽകി രക്ഷിതാക്കളെ വഴിതെറ്റിക്കുന്നത്. കോമേഴ്സ് പഠിച്ചില്ലെങ്കിൽ ലോകം ഇടിഞ്ഞുവീഴും, പണ്ടൊന്നും കോമേഴ്സ് ഇവിടെ ഇല്ലായിരുന്നു എന്നൊക്കെയാണ് 
ഈ പരസ്യങ്ങളുടെ ഉള്ളടക്കം.

 ഓട്ടോണമസ് കോളേജുകളും പ്രൈവറ്റ് യൂണിവേഴ്സിറ്റികളും സ്വന്തം ഇഷ്ടപ്രകാരം പരീക്ഷ നടത്തി മാർക്ക് വാരിക്കോരി കൊടുക്കുമ്പോൾ സർക്കാർ സർവകലാശാലകൾ നോക്കുകുത്തികളായി മാറുന്നു.

#വിദ്യാഭ്യാസത്തെ രക്ഷിക്കാൻ ചില 
നാടൻ വഴികൾ:
​ഈ അധപതനത്തിൽ നിന്ന് കരകയറാൻ ചില മാറ്റങ്ങൾ അനിവാര്യമാണ്

#സെമസ്റ്റർ സമ്പ്രദായം അറബിക്കടലിൽ:

 തട്ടിക്കൂട്ട് പരീക്ഷകളും ഇന്റേണൽ മാർക്ക് ദാനവും അവസാനിപ്പിച്ച് പഴയ വാർഷിക പരീക്ഷാ രീതി കൊണ്ടുവരണം.

#പരീക്ഷാ അധികാരം സർക്കാരിന്: ഓട്ടോണമസ് കോളേജുകളുടെ പരീക്ഷാ അധികാരം ഇല്ലത്രാക്കി സർക്കാർ യൂണിവേഴ്സിറ്റികൾ നേരിട്ട് പരീക്ഷ നടത്തണം. പഠിപ്പിക്കുന്നവർ തന്നെ മാർക്കിടുന്ന ഗുരുദക്ഷിണ സമ്പ്രദായം അവസാനിപ്പിക്കണം.

#മേജറും മൈനറും നേരെയാക്കുക:

 ഫിസിക്സ് പഠിക്കുന്നവൻ കണക്കും, ഹിസ്റ്ററി പഠിക്കുന്നവൻ പൊളിറ്റിക്സും പഠിക്കുന്ന പഴയ 'കോംപ്ലിമെന്ററി' രീതി തന്നെ തിരിച്ചു കൊണ്ടുവരണം. സിലബസിന് ഒരു നിലവാരമുണ്ടാകണം.

#ക്യാമ്പസ് റിക്രൂട്ട്മെന്റ്: 
ഡിഗ്രി കഴിഞ്ഞാൽ ജോലി കിട്ടുമെന്ന് ഉറപ്പാക്കാൻ സർക്കാർ കമ്പനികളുമായി സഹകരിച്ച് കൃത്യമായ പ്ലേസ്‌മെന്റ് സൗകര്യങ്ങൾ ഒരുക്കണം. സർക്കാർ പറഞ്ഞാൽ കേൾക്കുന്ന കമ്പനികൾ നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്നുണ്ട്, അവരെ പ്രോത്സാഹിപ്പിക്കണം .

​ചുരുക്കിപ്പറഞ്ഞാൽ, രാവിലെയും ഉച്ചയ്ക്കും ഓരോ ഡിഗ്രി വിളമ്പുന്ന ഈ 'ഫാസ്റ്റ് ഫുഡ്' വിദ്യാഭ്യാസം നിർത്തിയില്ലെങ്കിൽ, നാളെ കേരളത്തിലെ കോളേജുകൾ വിവാഹ മണ്ഡപങ്ങളായോ, ഷോപ്പിംഗ് സെൻററുകളായോ ഗോഡൗണുകളായോ മാറ്റേണ്ടി വരും. അധികൃതർ കണ്ണുതുറക്കുമെന്ന് പ്രത്യാശിക്കാം
- കെ എ സോളമൻ

Saturday, 2 May 2026

കുന്നത്തുനാടൻ കളരിവൈഭവം

#കുന്നത്തുനാടൻ #കളരിവൈഭവം.
തിരഞ്ഞെടുപ്പ് ഫലപ്രദമായി പ്രവചിക്കാൻ കുന്നത്തുനാട്ടിലെ സ്ഥാനാർത്ഥി കാണിക്കുന്ന അക്കൗണ്ടിംഗ്" വൈഭവം ഗഭീരം. ആധുനിക ഗണിതശാസ്ത്രം പോലും അന്താളിക്കും വോട്ടെണ്ണുന്നതിന് മുൻപേ 554 എന്ന മാന്ത്രിക ഭൂരിപക്ഷം കൃത്യമായി പ്രവചിച്ചതിന്.

ഇത്തരം പ്രഖ്യാപനങ്ങൾ കണ്ടാൽ തോന്നുക തിരഞ്ഞെടുപ്പിന് വോട്ടിംഗ് മെഷീൻ്റെയോ പോളിംഗ് ഉദ്യോഗസ്ഥരുടെയോ ആവശ്യമില്ലെന്ന്. പോൾ സർവേക്കാർ ഒരുവശത്ത് സ്റ്റാറ്റിസ്റ്റിക്കൽ ഊഹാപോഹങ്ങളുമായി ജനങ്ങളെ കണ്ണുകെട്ടിച്ച് കാട്ടിലൂടെ നടത്തുമ്പോൾ മറുവശത്ത് സ്ഥാനാർത്ഥികൾ സ്വന്തം പോക്കറ്റിൽ നിന്നും വോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നു. ചുമ്മാതല്ല സ്ഥിതിവിവര കണക്കുകൾ കല്ലുവെച്ച നുണയാണെന്ന് പറയുന്നത്.

സത്യത്തിൽ, ജനങ്ങൾ വോട്ട് ചെയ്യാൻ പോകുന്ന ആ ഒരു ദിവസത്തെ അധ്വാനം ഒഴിവാക്കി ഈ പ്രവചനങ്ങൾ മാത്രം വെച്ച് വിജയിയെ പ്രഖ്യാപിച്ചാൽ ഖജനാവിന് വലിയൊരു തുക ലാഭമുണ്ടായേനെ! ​യുദ്ധക്കളത്തിലെ കോലാഹലങ്ങളെക്കാൾ വലിയ തമാശകളാണ് നമ്മുടെ രാഷ്ട്രീയ ഗോദയിൽ അരങ്ങേറുന്നത്. മുഖ്യമന്ത്രി പദവി മുൻകൂട്ടി ബുക്ക് ചെയ്യുന്ന നേതാക്കളും, ജനവിധി വരും മുൻപേ വിധി പ്രസ്താവിക്കുന്ന സർവേ ഏജൻസികളും ചേർന്ന് വോട്ടറെ അവഹേളിക്കുകയുണ്.

വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന എംഎൽഎമാരുടെ സേവനം വോട്ടെണ്ണൽ കഴിഞ്ഞ് ഫലം വരുമ്പോഴും ഇതേ സ്പിരിറ്റിൽ ഉണ്ടാകുമോ എന്നത് ജനം കാത്തിരിക്കുകയാണ്.  വിഡ്ഢിത്തങ്ങളുടെ ഈ  പൂരം ആഘോഷമാക്കുന്ന രാഷ്ട്രീയക്കാർ ഒരു കാര്യം മറന്നുപോകുന്നു. സർവേകളിലെ ഗ്രാഫുകൾക്കും സോഷ്യൽ മീഡിയയിലെ അവകാശവാദങ്ങൾക്കും അപ്പുറം, നിശബ്ദരായി ബൂത്തിലെത്തിയ സാധാരണക്കാരുടെ വിരലിലെ മഷിയടയാളത്തിന്  ഇവരുടെ എല്ലാ കണക്കുകൂട്ടലുകളെയും അട്ടിമറിക്കാനുള്ള ശേഷിയുണ്ടെന്ന്.

പൂരപ്പറമ്പിലെ വെടിക്കെട്ട് പോലെയാണ് ഈ വക കണക്കുകൂട്ടൽ; അവസാന അമിട്ടും പൊട്ടി പുകയടങ്ങും വരെ ആർക്കും എന്തും പറയാം, പക്ഷെ പറഞ്ഞതെല്ലാം വെള്ളം തൊടാതെ വിഴുങ്ങേണ്ടി വരും എന്ന് മാത്രം.
- കെ എ സോളമൻ