#അമരക്കാരൻ_വി_ഡി_സതീശൻ__ആകട്ടെ.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിയെ ഒരു 'ഒറ്റയാൾ പട്ടാളം' പോലെ പടനയിച്ച് അവിസ്മരണീയ വിജയത്തിലേക്ക് എത്തിച്ച വി.ഡി. സതീശനാണ് കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിന് എന്തുകൊണ്ടും അർഹൻ. കേവലം ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി, വിഷയങ്ങളെ ആഴത്തിൽ പഠിക്കാനും വസ്തുതകളുടെ പിൻബലത്തിൽ അവ അവതരിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് നിയമസഭക്കകത്തും പുറത്തും നാം കണ്ടതാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശൻ ഉയർത്തിയ വിമർശനങ്ങൾ കേവലം രാഷ്ട്രീയ പ്രേരിതമായിരുന്നില്ല. മറിച്ച്, ഓരോ വാദവും കൃത്യമായ രേഖകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിലായിരുന്നു. അദ്ദേഹത്തിന്റെ സമരവീര്യത്തെ 'പിണറായി ബി ടീം' എന്ന് പരിഹസിച്ച സാഹചര്യം ഉണ്ടായെങ്കിലും , ക്രിയാത്മകമായ പ്രതിപക്ഷത്തിന്റെ ധർമ്മം എന്താണെന്ന് അദ്ദേഹം മലയാളിക്ക് കാണിച്ചുകൊടുത്തു.
വികസന കാര്യങ്ങളിൽ പുലർത്തിയ രാഷ്ട്രീയ കാഴ്ചപ്പാടും പിണറായി സർക്കാരിന്റെ അഴിമതികൾക്കെതിരെ അദ്ദേഹം നടത്തിയ സന്ധിയില്ലാത്ത പോരാട്ടങ്ങളും ഒരു ഭരണാധികാരിക്ക് വേണ്ട യോഗ്യതകൾ ആയിരുന്നു.
സാമുദായിക നേതാക്കളുടെ ഭീഷണികൾക്ക് വഴങ്ങാത്ത നിലപാടാണ് സതീശനെ വ്യത്യസ്തനാക്കുന്നത്. ജാതി നേതാക്കളായ വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിനെതിരെ സ്വീകരിച്ച കടുത്ത നിലപാടുകൾ യഥാർത്ഥത്തിൽ മുഖ്യമന്ത്രിയാകാനുള്ള അദ്ദേഹത്തിന്റെ 'അധിക യോഗ്യത'യായി കാണണം. ജാതി-മത ശക്തികളുടെ തിണ്ണ നിരങ്ങാതെ, മതേതരത്വത്തിന്റെ കരുത്തിൽ ജനങ്ങളെ അഭിമുഖീകരിക്കാനുള്ള അദ്ദേഹത്തിന്റെ ആർജ്ജവം ആധുനിക കേരളത്തിന് മാതൃകയാണ്.
മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിനെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുന്നത് രാഷ്ട്രീയ തന്ത്രജ്ഞതയുടെ ഭാഗമാണ്; അത് മതേതര ഐക്യത്തെ ശക്തിപ്പെടുത്തുകയേ ഉള്ളൂ. 23 എംഎൽഎമാരുള്ള ലീഗ് നിയമസഭയിൽ ഒരു നിർണായ ശക്തി ആണെന്ന കാര്യത്തിൽ തർക്കമില്ല.
അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് ജനങ്ങൾ സതീശനിൽ നിന്നും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ധൂർത്തും അഴിമതിയും വിചാരണ ചെയ്യപ്പെടണം എന്നത് കേരളത്തിന്റെ പൊതുവികാരമാണ്.
സർവീസിൽ നിന്ന് വിരമിച്ചിട്ടും പിൻവാതിലിലൂടെ വിവിധ തസ്തികകളിൽ കടിച്ചുതൂങ്ങുന്ന 'സെറ്റിൽമെന്റ്' രാഷ്ട്രീയത്തിന് അറുതി വരുത്തണ്ടേതു അത്യാവശ്യമാണ്
ചീഫ് സെക്രട്ടറി മുതൽ താഴെത്തട്ടിലുള്ള ജീവനക്കാർ വരെ രാഷ്ട്രീയ സമ്മർദ്ദമില്ലാതെ, ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്താൻ അദ്ദേഹത്തിന് സാധിക്കണം.
വിദ്യാഭ്യാസ യോഗ്യതയും ആധുനിക കാഴ്ചപ്പാടുമുള്ള നേതാവ് എന്ന നിലയിൽ, തൊഴിലില്ലായ്മ പരിഹരിക്കാനും വിദ്യാർത്ഥികൾ നാടുവിടുന്നത് തടയാനും കേരളത്തിന്റെ വികസനത്തിന് പുതിയൊരു ദിശാബോധം നൽകാനും സതീശന്റെ നേതൃത്വത്തിന് കഴിയുമെന്നു പ്രതീക്ഷിക്കാം.
ഭരണഘടനാനിഷ്ഠമായ നിലപാടുകളും നയപരമായ തീരുമാനങ്ങളിൽ പുലർത്തുന്ന വ്യക്തതയും വി.ഡി. സതീശനെ കരുത്തനായ ഒരു ഭരണാധികാരിയാക്കും. ദീർഘവീക്ഷണത്തോടുകൂടി കേരളത്തിന്റെ ഭാവി നിർണ്ണയിക്കാനും, ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനും അദ്ദേഹത്തിന് സാധിക്കട്ടെ.
കേരളം നേരിടുന്ന മുരടിപ്പിന് അറുതി വരുത്താൻ സതീശൻ എന്ന മുഖ്യമന്ത്രിയുടെ കരങ്ങൾക്ക് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം..
No comments:
Post a Comment