Tuesday, 12 May 2026

മുഖ്യമന്ത്രി തർക്കം അഥവാ കേരള റിയാലിറ്റി ഷോ

മുഖ്യമന്ത്രിതർക്കം അഥവാ കേരള റിയാലിറ്റി ഷോ.
കേരളത്തിലെ മുഖ്യമന്ത്രി തർക്കം ഒരാഴ്ച കഴിഞ്ഞിട്ടും തീരാത്തത് കണ്ടാൽ, ഇത് രാഷ്ട്രീയ ചർച്ചയാണോ അതോ ഫൈനൽ എപ്പിസോഡ് വരെ വലിച്ചുനീട്ടുന്ന ഒരു റിയാലിറ്റി ഷോയാണോ എന്ന സംശയം സ്വാഭാവികം.

 ഹൈക്കമാൻഡ് യോഗം, ഡൽഹി ചർച്ച, ഗ്രൂപ്പ് സമ്മർദ്ദം, അനൗദ്യോഗിക കൂടിക്കാഴ്ച, ചുഴലിക്കാറ്റ്  എല്ലാം ഉണ്ടെങ്കിലും “മുഖ്യമന്ത്രി ആരാണ്?” എന്ന ഒരു സാധാരണ ചോദ്യത്തിന് മാത്രം മറുപടി ഇല്ല. രാഹുൽ ഗാന്ധിയുടെ ഏക ചോയ്സ് കെ സി വേണുഗോപാൽ തന്നെയാണെങ്കിൽ, അതു തുറന്നു പറയാൻ ഇത്രയും ഭയം എന്തിന്?

 ജനങ്ങൾ വോട്ട് ചെയ്തത് നേതാക്കളുടെ ഈഗോ മത്സരത്തിന് വേണ്ടിയല്ല, വ്യക്തമായ നേതൃത്വത്തിനും ഭരണകാര്യക്ഷമതയ്ക്കുമാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ മാത്രം ഇത്രയും സമയം എടുത്താൽ, നാളെയൊരു പാലം പണിയാനോ ആശുപത്രി തുടങ്ങാനോ  പുതിയ മിന്നൽ മാജിക് നിർമ്മിക്കാനോ ഉള്ളഫയൽ ഒപ്പിടാൻ എത്ര കാലം കാത്തിരിക്കേണ്ടിവരും എന്നതാണ് ജനങ്ങളുടെ  ആശങ്ക.

ഇപ്പോൾ നടക്കുന്ന ഈ സസ്പെൻസ് മാനേജ്മെന്റ് കോൺഗ്രസിന് ഗുണത്തേക്കാൾളേറെ ദോഷമാണ് ചെയ്യുന്നത്. കേരളത്തിലെ ജനങ്ങൾ നേതൃനാടകങ്ങളെ കുറിച്ച് വളരെ വേഗം വിധി പറയുന്നവരാണ്. പ്രത്യേകിച്ച് കെ സി വേണുഗോപാലിനെ ചുറ്റിപ്പറ്റിയുള്ള ഹൈക്കമാൻഡ് രാഷ്ട്രീയം ശക്തമായി മുന്നോട്ട് പോകുമ്പോൾ,

 കേരളത്തിലെ ജനവിധിയാണോ പ്രധാനം അതോ ഡൽഹി വിധിയാണോ എന്ന ചോദ്യം എല്ലാവരും ചോദിക്കുന്നു. മുഖ്യമന്ത്രി ആരെന്നു തീരുമാനിക്കുന്നതിനെക്കാൾ വേഗത്തിലാണ് ജനങ്ങളുടെ ക്ഷമ നശിക്കുന്നത്. അതുകൊണ്ട് ഇനിയെങ്കിലും കോൺഗ്രസ് നേതൃത്വം ആരാണ് മുഖ്യമന്ത്രി? എന്ന് തുറന്ന് പറഞ്ഞ് ഈ രാഷ്ട്രീയ സീരിയലിന് ഒരു അവസാനം കാണണം.. അല്ലെങ്കിൽ അതു  ചരിത്രത്തിലെ വലിയ നാണക്കേടാവും.
- കെ എ സോളമൻ

No comments:

Post a Comment