#അകമ്പടിവിട്ട_മുഖ്യമന്ത്രിയും_അടികൂടുന്ന_വിജയശ്രീലാളിതരും
40 അകമ്പടി വാഹനങ്ങളുടെ സൈറൺ മുഴക്കങ്ങളിൽ നിന്ന് പെട്ടെന്നൊരു സുപ്രഭാതത്തിൽ വിനയത്തിന്റെ ആൾരൂപത്തിലേക്ക് മുഖ്യമന്ത്രി എത്തിയിരിക്കുന്നു. ഫല പ്രഖ്യാപനം കഴിഞ്ഞ് നാലു നാൾ വേണ്ടിവന്നു ഈ പരകായ പ്രവേശനത്തിന്
ജനവിധി ശിരസാവഹിക്കുന്നു എന്ന പതിവ് പല്ലവി കേട്ടാൽ തോന്നും തോറ്റത് ജനങ്ങളാണെന്ന്! ജനവിശ്വാസം വീണ്ടെടുക്കാൻ പ്രതിജ്ഞാബദ്ധനാണെന്ന് പറയുമ്പോൾ, രംഗം വിടാൻ ഉദ്ദേശമില്ലെന്ന് മാത്രമല്ല, അടുത്ത ഊഴത്തിനായി വീണ്ടും വരിനിൽക്കാൻ റെഡിയാണെന്ന് ചുരുക്കം.
ഹെലികോപ്റ്ററിൽ നിന്ന് താഴെ ഇറങ്ങിയപ്പോൾ മാത്രമാണോ ഈ വിനയമുണ്ടായത്? എങ്കിൽ പറയൂ എന്തിനായിരുന്നു ആ 40 കാറുകളുടെ അകമ്പടിയും അട്ടഹാസവും?
അതെന്തായാലും തണൽ തേടിയുള്ള ഒരു വിശ്രമജീവിതം ഇതിയും പ്ലാൻ ചെയ്തില്ലേ എന്നും അണികൾ പരസ്പരം ചോദിച്ചു തുടങ്ങിയിട്ടുണ്ട്.
മറുഭാഗത്ത്, ഭരണം കിട്ടിയ സന്തോഷത്തിൽ കോൺഗ്രസ് ഗ്രൂപ്പുകൾക്കിടയിൽ ഇപ്പോൾ കാരണഭൂതം മാതിരി മഹാതിരുവാതിര കൊഴുക്കുകയാണ്. 102 എം.എൽ.എമാരുണ്ടെങ്കിലും മുഖ്യമന്ത്രി കസേര ഒന്നേയുള്ളൂ എന്ന സത്യം അവർക്കിപ്പോഴും ദഹിച്ചിട്ടില്ല.
കേന്ദ്ര നിരീക്ഷകർ വന്ന് 24 മണിക്കൂർ തലപുകച്ചിട്ടും കിട്ടിയത് ആ പഴയ "ഹൈക്കമാൻഡ് തീരുമാനിക്കട്ടെ" എന്ന ഒറ്റവരി പ്രമേയം മാത്രം!
നിരീക്ഷകർ ഉടുമുണ്ടുമുപേക്ഷിച്ചു ഓടുകയാണ് പതിവ്. ഇത്തവണ അത് ഉണ്ടായില്ല എന്നത് വലിയ പുരോഗതിയാണ്.
മുന്നണിയുടെ ഞ്ഞെട്ടിപ്പിക്കുന്ന വിജയത്തിനായി വിയർപ്പൊഴുക്കിയ സതീശനെ മാറ്റിനിർത്തി വേണുഗോപാലിനെ വാഴിക്കാൻ നോക്കിയാൽ, കേരളം കാണാൻ പോകുന്നത് പോലീസിന്റെ ലാത്തിയല്ല, മറിച്ച് സ്വന്തം അണികളുടെ കയ്യിലുള്ള കൊടിക്കമ്പുകൾ തന്നെയാകും. അപ്പോഴും ഐക്യം എന്ന വാക്ക് നിഘണ്ടുവിൽ തപ്പി നടക്കാനായിരിക്കും ഹൈക്കമാൻഡിന്റെ വിധി. ഒടുക്കത്തെ ഒരു ഹൈക്കമാൻ്റ്!
No comments:
Post a Comment