#വിമാനയാത്രയും_അടയിരിപ്പു_സർക്കസും
വാട്‌സ്ആപ്പും ഇമെയിലും വെറും അലങ്കാരങ്ങൾ മാത്രമാണെന്നും നിർണ്ണായക തീരുമാനങ്ങൾ എടുക്കാൻ ഇന്നും പ്രാവ് സന്ദേശങ്ങളുടെ കാലത്തെ വേഗതയേ പറ്റു എന്നും യുഡിഎഫ് വീണ്ടും തെളിയിക്കുകയാണ്.
നിരീക്ഷകർ വന്ന് 24 മണിക്കൂർ തലപുകച്ച് ആകെ കണ്ടെത്തിയ മഹാസത്യം "ഹൈക്കമാൻഡ് തീരുമാനിക്കട്ടെ" എന്ന ആ പഴയ ഒറ്റവരിയാണ്. ഈ അമൂല്യമായ കടലാസ് കഷണവും കൊണ്ട് വിമാനത്തിൽ പറന്ന് ഡൽഹിയിലെത്തി, അവിടെ മൂന്ന് ദിവസം അതീവ രഹസ്യമായി അടയിരുന്നാലേ ഒരു മുഖ്യമന്ത്രി കുഞ്ഞ് വിരിഞ്ഞു വരൂ എന്ന വാശിയിലാണ് നേതാക്കൾ.
ജനങ്ങൾ വോട്ട് ചെയ്തത് ഭരണത്തിലെ അഴിമതി കണ്ട് മടുത്താണെങ്കിൽ, ആ ജനത്തെ നോക്കി കൊഞ്ഞനം കുത്താനായി ഇത്രയും ആധുനികമായ ഒരു രീതി വേറെ എവിടെ കാണാനാണ്? ഭാഗ്യത്തിന് ഇത്തവണ നിരീക്ഷകർക്ക് ഉടുമുണ്ട് ബാക്കിയായി കിട്ടി എന്നതുമാത്രമാണ് ആകെ ആശ്വാസം.
മുഖ്യമന്ത്രി കസേരയിലെ ഈ തർക്കം കഴിഞ്ഞ്, മന്ത്രിമാരെ കണ്ടെത്തുന്ന പൂരക്കളി കാണാനിരിക്കുന്നതേയുള്ളൂ. ഗ്രൂപ്പുകളുടെ അളവും തൂക്കവും നോക്കി, വീതംവെപ്പ് നടത്തി ഇവർ ആളെ തീരുമാനിക്കുമ്പോഴേക്കും അടുത്ത തിരഞ്ഞെടുപ്പിന് സമയമാകുമോ എന്നാണ് വോട്ടർമാരുടെ പേടി.
ഹൈക്കമാൻഡിന്റെ അനുഗ്രഹം കാത്ത് കിലോമീറ്ററുകൾക്കപ്പുറം വായ് പൊളിച്ചിരിക്കുന്ന ഈ രീതി കണ്ടാൽ തോന്നും കേരളം ഭരിക്കേണ്ടത് ഡൽഹിയിലെ ശീതീകരിച്ച മുറികളിലിരിക്കുന്നവരാണെന്ന്. മറ്റൊരു വഴിയില്ലാത്തതുകൊണ്ട് മാത്രം കൈപ്പത്തിക്ക് വോട്ട് ചെയ്ത പാവം ജനത്തിന്റെ നെഞ്ചത്തൂടെയാണ് ഈ ചർച്ചാ വിമാനങ്ങൾ പറക്കുന്നത്.
എന്തിനായാലും ഞായറാഴ്ച വരെ ശ്വാസം അടക്കിപ്പിടിച്ചിരിക്കാം; ഒരുപക്ഷേ അന്ന് ആ ശുഭവാർത്ത വിമാനമിറങ്ങി വന്നാലോ!
No comments:
Post a Comment