Tuesday, 26 May 2026

വംശം കുറ്റിയറ്റിട്ടില്ല

#വംശം #കുറ്റിയറ്റിട്ടില്ല
ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന പരീക്ഷാഫല പ്രഖ്യാപനം ഇപ്പോൾ കേരളത്തിൽ ഒരു ഒന്നാന്തരം കോമഡി ഉത്സവമായി മാറി. കണക്കുപരീക്ഷയ്ക്ക് തോറ്റ കുട്ടികൾ പോലും മന്ത്രിമാരുടെ ഫലപ്രഖ്യാപനം കേട്ട് വായും പൊളിച്ചിരുന്നു പോകും. ലക്ഷങ്ങളും കോടികളും മാറിമറിയുന്ന വലിയ സംഖ്യകൾ കാണുമ്പോൾ നമ്മുടെ ജനപ്രതിനിധികളുടെ നാക്ക്  ട്വിസ്റ്റ് ആകുന്നത് കാണാൻ നല്ല രസം.

 മുൻപ് പൊതുവിദ്യാഭ്യാസ മന്ത്രിയായിരുന്ന വി. ശിവൻകുട്ടി അക്കങ്ങൾ കൂട്ടിയും കുറച്ചും വായിച്ച് ഉണ്ടാക്കിയ ആ ട്രോൾ പൂരത്തിന്റെ പാരമ്പര്യം, പുതിയ മന്ത്രി എൻ. ഷംസുദ്ദീനും ഒട്ടും ചോർന്നുപോകാതെ കാത്തുസൂക്ഷിക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. പ്ലസ് ടു പാസായ കുട്ടികളുടെ എണ്ണം കേട്ട് അവർക്ക് പോലും സ്വന്തം മാർക്കിൽ സംശയം തോന്നുന്ന രീതിയിലാണ് വാർത്താ സമ്മേളനങ്ങളിലെ ഈ അക്കക്കളി. വിദ്യാർത്ഥികളെക്കാൾ കൂടുതൽ ഫലപ്രഖ്യാപനത്തിന് മുന്നിലിരുന്ന് വിയർക്കുന്നത് മന്ത്രിമാരാണോ എന്ന് തോന്നിപ്പിക്കുന്നതാണ് നിലവിലെ അവസ്ഥ.

സത്യത്തിൽ, ഇത്തരം ഫലപ്രഖ്യാപന ചടങ്ങുകൾക്ക് പോകുന്നതിന് മുൻപ് മന്ത്രിമാർക്ക് ഒരു മിനിമം മാത്‌സ് ട്യൂഷൻ എടുത്താൽ നന്നായിരിക്കും. അല്ലെങ്കിൽ വരുംതലമുറയെ അക്കങ്ങൾ പഠിപ്പിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തിരിക്കുന്നവർ തന്നെ ഇങ്ങനെ സംഖ്യകൾ തെറ്റിച്ചു വായിക്കുന്നത് വലിയൊരു വൈരുദ്ധ്യമാണ്. 

ശിവൻകുട്ടിയിൽ നിന്ന് ഷംസുദ്ദീനിലേക്ക് വകുപ്പ് മാറിയെങ്കിലും അക്കങ്ങളോടുള്ള മന്ത്രിമാരുടെ ഈ പിണക്കം മാറിയിട്ടില്ല. അതായത് ശിവൻകുട്ടിയുടെ വംശം  കുറ്റിയറ്റിട്ടില്ല എന്ന് സാരം. ഐഎഎസ് ഉദ്യോഗസ്ഥർ എഴുതിക്കൊടുക്കുന്ന വലിയ അക്കങ്ങൾ അതേപടി വായിക്കാൻ പാടുപെടുന്ന മന്ത്രിമാരെ കാണുമ്പോൾ, അത്യാവശ്യം വിവരവും വിദ്യാഭ്യാസവുമുള്ള ഭരണാധികാരികൾ വേണമെന്ന ചിന്ത ആർക്കായാലും തോന്നിപ്പോകും. എന്തായാലും ട്രോളന്മാർക്ക് പഞ്ഞമില്ലാത്ത കാലത്തോളം നമ്മുടെ മന്ത്രിമാരുടെ ഈ അക്കക്കളി സാമൂഹിക മാധ്യമങ്ങളിൽ ഇനിയും സൂപ്പർ ഹിറ്റായി തുടരുമെന്നതിൽ സംശയമില്ല.
-കെ എ സോളമൻ

No comments:

Post a Comment