Monday, 18 May 2026

ഖദർ പുതച്ച തലസ്ഥാനം

#ഖദർ_പുതച്ച_തലസ്ഥാനം. 
​ഒരു പതിറ്റാണ്ടിന്റെ പന്തിഭോജനത്തിനും വനവാസത്തിനും ശേഷം യു.ഡി.എഫ്. സർക്കാർ അധികാരമേൽക്കുമ്പോൾ തലസ്ഥാനം അക്ഷരാർത്ഥത്തിൽ ‘ഖദർ’മയമാണ്. സാധാരണ ഇത്തരം സുദിനങ്ങളിൽ ചെണ്ടിനും ബൊക്കെക്കുമൊക്കെയാണ് ഡിമാൻഡ് എങ്കിൽ, കോൺഗ്രസുകാർക്ക് അതൊന്നും പോരാല്ലോ; അന്തസ്സ് ഖദറിൽ തന്നെയല്ലേ പറ്റൂ! ഈ മനോഭാവം മുൻകൂട്ടി കണ്ട് 50-ഉം 100-ഉം രൂപ വിലയുള്ള ഖദർ ഹാരത്തിന് 750 മുതൽ 1000 രൂപ വരെയാക്കി ഖാദി ബോർഡ് തങ്ങളുടെ സ്വാശ്രയ നയം പ്രഖ്യാപിച്ചു. 

അതെന്തായാലും പുതിയ മുഖ്യമന്ത്രി വി.ഡി. സതീശൻ മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ അരുമശിഷ്യൻ അല്ലാത്തതുകൊണ്ട് തോർത്തുമുണ്ടുകൾക്ക് വൻവിലക്കയറ്റത്തിൽ നിന്ന് തൽക്കാലം രക്ഷപ്പെടാനായി. ഇല്ലായിരുന്നെങ്കിൽ തലയിൽ കെട്ടുന്ന തോർത്തിനും 1000 രൂപ കൊടുക്കേണ്ടി വന്ന് അണികളുടെ കീശ കീറിയേനെ! പരമ്പരാഗത പൂക്കടക്കാർ ഖദർ വിപ്ലവത്തിൽ പിച്ചച്ചട്ടിയെടുക്കേണ്ടി വരുമോ എന്ന ചോദ്യം ബാക്കിനിൽക്കെ, മുൻ സർക്കാരിന്റെ കൊള്ളകൾ തങ്ങൾ ആവർത്തിക്കില്ലെന്ന് ഖദർ ഹാരത്തിലൂടെ പുതിയ സർക്കാർ തെളിയിച്ചു..

​അരലക്ഷത്തോളം വരുന്ന അണികൾ സത്യപ്രതിജ്ഞാ മാമാങ്കത്തിനായി തലസ്ഥാനത്തേക്ക് ഇരച്ചെത്തിയതോടെ നഗരത്തിലെ ഹോട്ടൽ മുറികളെല്ലാം ഹൗസ് ഫുൾ. ഈ ജനസാഗരത്തിനിടയിൽ പി.എസ്.സി ഇന്റർവ്യൂവിനും മറ്റ് അത്യാവശ്യങ്ങൾക്കുമായി തിരുവനന്തപുരത്ത് എത്തിയ  സാധാരണക്കാർ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും കുത്തിയിരുന്ന് പുതിയ കേരള നിർമ്മിതി ടിവിയിൽ നേരിൽക്കണ്ട് ആസ്വദിച്ചു. താമസത്തിനും ഭക്ഷണത്തിനും ഹോട്ടലുകാർ ഈ അവസരത്തിൽ ഈടാക്കുന്ന കൊള്ളവില പുതിയ സർക്കാർ അന്വേഷണ വിധേയമാക്കുമോ അതോ ജനകീയ സർക്കാരിന്റെ ആദ്യ വിജയമായി ആഘോഷിക്കുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം. 

ജനങ്ങളുടെ എല്ലാ പ്രതീക്ഷകളും സഫലീകരിച്ചില്ലെങ്കിലും, കൊള്ളയുടെ കാര്യത്തിൽ മുൻ സർക്കാരിനെ വെല്ലാൻ തങ്ങൾക്കും കഴിയുമെന്ന് ആദ്യദിനം തന്നെ തെളിയിച്ച ഈ ഖദർ വിപ്ലവം ജനങ്ങൾക്ക് നൽകുന്ന സന്ദേശം ചെറുതല്ല!
-കെ  എ സോളമൻ

No comments:

Post a Comment