#ചുവപ്പുനാടൻ #കളരി
കോടതി നിർദ്ദേശപ്രകാരം പരിശോധനയ്‌ക്കെത്തിയ കേന്ദ്ര അന്വേഷണ ഏജൻസിയെ,
നിയമാവ്യവസ്ഥയും ജനാധിപത്യമര്യാദകളും കാറ്റിൽപ്പറത്തിക്കൊണ്ട് കായബലം കൊണ്ട് നേരിടാൻ തുനിഞ്ഞ സിപിഎം നേതാക്കളുടെയും അണികളുടെയും നടപടി ശരിക്കും ഒരു രാഷ്ട്രീയ കസർത്ത് തന്നെയാണ്. കാലവും കോലവും മാറിയതറിയാതെ, പഴയ ചുവപ്പുനാടൻ കളരിയുമായി തെരുവിലിറങ്ങുന്ന ഇവർ വിസ്മരിക്കുന്നത് ഒരൊറ്റ കാര്യമാണ്, നിയമം അതിന്റെ വഴിക്ക് പോകുമ്പോൾ കൂടെപ്പോരാൻ അണികൾ കാണില്ല എന്നത്.
ലാലു പ്രസാദ് യാദവും കെജ്‌രിവാളും മുതൽ ചിദംബരം വരെയുള്ള വമ്പന്മാർക്ക് നിയമത്തിന് മുന്നിൽ ക്യൂ നിൽക്കേണ്ടി വന്ന ചരിത്രം തൊട്ടുമുന്നിൽ ഉണ്ടായിട്ടും, ഞങ്ങൾക്ക് മാത്രം ഇത് ബാധകമല്ല എന്ന മട്ടിലുള്ള ഈ അമിത ആത്മവിശ്വാസം നല്ലതല്ല. നേതാക്കൾ തന്നെ അക്രമത്തിന് കൊടിയും പിടിച്ച് മുന്നിൽ നിൽക്കുമ്പോൾ, നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഈ പ്രവണത ജനാധിപത്യത്തോടുള്ള അവഹേളനമായിട്ടേ കാണാൻ കഴിയൂ.
മുമ്പ് ഭരണത്തിലിരിക്കുമ്പോൾ എന്തും ചെയ്യാമെന്ന അഹങ്കാരം ഉണ്ടായിരുന്നിരിക്കാം, എന്നാൽ കാലം മാറി, കോലവും മാറി എന്ന് ഇനിയെങ്കിലും ഈ സഖാക്കൾ തിരിച്ചറിയേണ്ടതുണ്ട്. ശിവൻകുട്ടി, കടകംപള്ളി , ജോയ്, ജോൺ ബ്രിട്ടാസ് തുടങ്ങിയ നേതാക്കളുടെ ആഹ്വാനം കേട്ട് ആവേശത്തോടെ ചാടിവീഴുന്ന അണികൾ ഒടുവിൽ കോടതിപ്പടിയും ജയിൽമുറിയും കയറിയിറങ്ങുമ്പോൾ, അവരെ തിരിഞ്ഞുനോക്കാൻ പോലും ഈ പറഞ്ഞ നേതാക്കൾ ഉണ്ടാകില്ല എന്നതാണ് പരമാർത്ഥം.
സ്വന്തം അണികളെ അച്ചടക്കത്തോടെ നിയന്ത്രിക്കാൻ കഴിയാത്ത, അല്ലെങ്കിൽ അതിന് മുതിരാത്ത നേതൃത്വം യഥാർത്ഥത്തിൽ ഒരു വലിയ ദുരന്തത്തിലേക്കാണ് പാർട്ടിയെ നയിക്കുന്നത്. അധികാരം ശാശ്വതമല്ലെന്നും അക്രമ രാഷ്ട്രീയം കൊണ്ട് നിയമത്തിന്റെ കൈകളെ അധികകാലം കെട്ടിയിടാൻ കഴിയില്ലെന്നും ഉള്ള യാഥാർത്ഥ്യം മനസ്സിലാക്കി, ഈ കപടവേഷക്കാർ അണികളെ അക്രമത്തിൽ നിന്ന് പിന്തിരിപ്പിക്കാത്തപക്ഷം വരുംദിവസങ്ങളിൽ കേരള സമൂഹം കാണാൻ പോകുന്നത് വലിയ അപകടമാകും.
.
No comments:
Post a Comment