#ഡിജിറ്റൽ_ഇന്ത്യയിലെ_വിന്റേജ്_ഐറ്റം
ലോകം വിരൽത്തുമ്പിൽ വിപ്ലവം സൃഷ്ടിക്കുന്ന, സെക്കൻഡുകൾക്കുള്ളിൽ സന്ദേശങ്ങൾ ഭൂഖണ്ഡങ്ങൾ താണ്ടുന്ന ഈ ഇന്റർനെറ്റ് യുഗത്തിലും കോൺഗ്രസ് ഹൈക്കമാൻഡ് നടത്തുന്ന 'മുദ്രവെച്ച കവർ' യാത്രകൾ സത്യത്തിൽ ഒരു അത്ഭുതം തന്നെ. മെസഞ്ചറും വാട്സാപ്പും ഇമെയിലും ഇലോൺ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റും ഒക്കെ ഉള്ളപ്പോഴാണ്, ഡൽഹിയിൽ നിന്നും വിമാനം വഴി ഒരു കഷ്ണം കടലാസ് തിരുവനന്തപുരത്ത് എത്തിക്കാൻ പതിനൊന്ന് ദിവസത്തെ രാപ്പകൽ ആലോചനകൾ വേണ്ടിവന്നത്.
ഈ 5ജി കാലഘട്ടത്തിലും കാളവണ്ടി യുഗത്തിലെ വേഗതയിൽ സഞ്ചരിക്കുന്ന ഈ മുദ്രവെച്ച കവറുകൾ, ആധുനിക വാർത്താവിനിമയ സംവിധാനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണോയെന്നു സംശയിക്കണം.
ഡൽഹിയിലെ ഏതോ അടച്ചിട്ട മുറിയിൽ നിന്ന് പുറപ്പെടുന്ന ഈ രഹസ്യപ്പൊതി ദീപാ ദാസ്മുൻഷിയുടെ കൈകളിലൂടെ ഇന്ദിരാ ഭവനിലെത്തുമ്പോൾ കേവലം ഒരു പേര് പ്രഖ്യാപിക്കുകയല്ല, മറിച്ച് സാങ്കേതികവിദ്യയോടു പാർട്ടി പ്രഖ്യാപിച്ച നിസ്സഹകരണ സമീപനമാണ് അവിടെ അനാവൃതമായത്.
മുഖ്യമന്ത്രിയുടെ പേര് ടൈപ്പ് ചെയ്ത് ഒരു സെൻഡ്' ബട്ടൺ അമർത്തുന്നതിനേക്കാൾ ആവേശം, അത് തുണിസഞ്ചിയിൽ ഒളിപ്പിച്ച് വിമാനത്തിൽ കൊണ്ടുവരുന്നതിലാണെന്ന് വിശ്വസിക്കുന്നവരാണ് കോൺഗ്രസിൽ ഭൂരിപക്ഷം. യാത്രക്കിടെ ദീപാദാസ് മുൻഷി പൊതിയഴിച്ച് പേരുതിരുത്തി എന്ന് ആരും ആരോപിക്കാത്തതുകൊണ്ട് അതുസംബന്ധിച്ച് പിന്നീട് തർക്കം ഉണ്ടാകാനിടയില്ല. ആർക്കും അങ്ങനെ ഒരു ബുദ്ധി തോന്നതിരുന്നതു ഭാഗ്യം
ലോകം ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അഭിരമിക്കുമ്പോഴാണ് കോൺഗ്രസ് എന്ന പ്രസ്ഥാനം മുദ്രവെച്ച കവറിനെ ഒരു വിന്റേജ് ഐറ്റം പോലെ പരിപാലിക്കുന്നത്
No comments:
Post a Comment