#അദ്ധ്യാപകരുടെ #ഐഫോൺ #ഓഫർ!
പണ്ട് സ്കൂളുകളിൽ ഡിപിഇപി കാലത്തും അതിനു മുമ്പും അദ്ധ്യാപകർ കുടയും ബാഗും ചെരുപ്പും കാട്ടി പിള്ളാരെ പിടിക്കാൻ നെട്ടോട്ടമോടിയ ചരിത്രം നാം ഓർക്കുന്നു. സ്വന്തം മക്കളെ ആ ഭാഗ്യപരീക്ഷണത്തിന്' വിട്ടുകൊടുക്കാതെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്ക് തിരിച്ചുവിട്ട അന്നത്തെ രക്ഷിതാക്കളുടെ കഥയും നമുക്കറിയാം. അന്ന് സ്കൂളിൽ പഠിപ്പിച്ചിരുന്ന അധ്യാപകരുടെആത്മാക്കൾ ഇന്ന് കോളേജ് പ്രൊഫസർമാരുടെ രൂപത്തിൽ പുനർജനിച്ചിരിക്കുകയാണ്.
കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ക്ലാസ് മുറികളിൽ ഏകാന്ത ജാഗ്രതയിലാണ് ഒട്ടുമിക്ക അധ്യാപകരും. എട്ടുപത്ത് പ്രൊഫസർമാർക്ക് ക്ലാസെടുക്കാൻ ആകെക്കൂടി കിട്ടുന്നത് ഒരേയൊരു വിദ്യാർത്ഥിയെ മാത്രം! ആ വിദ്യാർത്ഥി ഒരു ദിവസം കോളേജിൽ വരാതിരുന്നാൽ ഡിപ്പാർട്ട്‌മെന്റിലെ സകല അധ്യാപകരും അതീവ ദുഃഖിതരാകും. ഏക വിദ്യാർത്ഥി ഒരു മാസം ലീവെടുത്താൽ കോളേജ് തന്നെ പൂട്ടിപ്പോകുമെന്ന അവസ്ഥയിൽ, അവനെ / അവളെ പ്രീതിപ്പെടുത്താൻ അധ്യാപകർ കാട്ടിക്കൂട്ടുന്ന സർക്കസുകൾ കേട്ടാൽ ആരും മൂക്കത്ത് വിരൽ വയ്ക്കും
പണ്ടത്തെപ്പോലെ കുടയും ബാഗും കൊടുത്താൽ ഇന്നത്തെ ജീൻസിട്ട കോളേജ് കുമാരികുമാരന്മാർ വീഴില്ലെന്ന് പ്രൊഫസർമാർക്ക് നന്നായറിയാം. അതുകൊണ്ട് അഡ്മിഷൻ ഓഫറുകൾ കുറേക്കൂടി മെച്ചപ്പെടുത്തിയിട്ടുണ്ട്. അഡ്മിഷൻ എടുക്കാൻ തയ്യാറാകുന്നവന് ഐഫോണും, റോയൽ എൻഫീൽഡ് ബൈക്കും വരെയാണ് പുതിയ വാഗ്ദാനങ്ങൾ! അഡ്മിഷൻ എടുത്തു കഴിഞ്ഞാൽ പോക്കറ്റ് മണി വേറെയും
ഒരു മാസത്തെ ശമ്പളം ഐഫോണിന് ചെലവാക്കിയാൽ ജോലി നഷ്ടപ്പൊതെ കഴിയാം. അറുപതു വയസ്സിനു ശേഷം സ്റ്റാറ്റ്യൂട്ടറിയോ കോംപ്ലിമെൻററിയോ ആയ പെൻഷനും പറ്റി കുറച്ചുനാൾ കൂടി കുഴമ്പും ലേപനവുമായി തുടർന്നു ജീവിക്കാം. ഇത്തരമൊരു ദീർഘവീക്ഷണത്തിലാണ് ഒട്ടുമിക്ക കോളേജ് സാറന്മാരും.
രാവിലെ എഴുന്നേറ്റ് കോളേജിൽ ചെന്ന് ആരെയും പഠിപ്പിക്കാൻ ഇല്ലാതെ ഈച്ചയടിച്ചു മടുക്കുമ്പോൾ, ക്യാമ്പസിലേക്ക് വഴിതെറ്റി വരുന്ന ഏതെങ്കിലും ഒരു പാവം ചെറുപ്പക്കാരനെ കണ്ടാൽ പ്രൊഫസർമാർ ഗ്രൂപ്പായി ചെന്ന് വളയുകയാണ്. അവനെ ഒരുവിധം സോപ്പിട്ട് ഏതെങ്കിലും ഒരു ഡിഗ്രി കോഴ്സിൽ ചേർക്കാനുള്ള അധ്യാപകരുടെ നെട്ടോട്ടം കാണുമ്പോൾ പണ്ടത്തെ കൺസ്യൂമർഫെഡ് ചന്തകളെപ്പോലും തോൽപ്പിക്കുന്ന ഓഫർ മേളകളാണ് ക്യാമ്പസുകളിൽ തെളിയുന്നത്.
ഇതിനേക്കാളൊക്കെ കഷ്ടമാണ് ക്യാമ്പസുകളിലെ വിദ്യാർത്ഥി നേതാക്കളുടെ അവസ്ഥ. വിപ്ലവം പ്രസംഗിക്കാൻ നോക്കുമ്പോൾ മുന്നിലിരുന്നു കേൾക്കാൻ ഒരാളെപ്പോലും കിട്ടാത്ത ഗതികേടിലാണ് അവർ. ക്യാമ്പസിൽ സമരം ചെയ്യാനും കൊടിപിടിക്കാനും റെയിൽവേ സ്റ്റേഷനിൽ നിന്നും റോഡ് മുക്കിൽ നിന്നും ദിവസക്കൂലിയും കുപ്പിയും കൊടുത്ത് അട്ടിമറി തൊഴിലാളികളെ' വാടകയ്ക്ക് വിളിക്കേണ്ടി വരുന്ന അവസ്ഥയിലാണ് വിദ്യാർത്ഥി നേതാക്കൾ. ഇങ്കിലാബ് വിളിക്കാൻ കൂലിക്കാരെ നിർത്തേണ്ടി വരുന്ന ഈ വിപ്ലവ പ്രതിസന്ധി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ അന്ത്യ നാളുകളെയാണ് സൂചിപ്പിക്കുന്നത്.
പഠിപ്പിക്കാൻ കുട്ടികളില്ലാതെ അധ്യാപകരും, സമരം ചെയ്യാൻ ആളില്ലാതെ നേതാക്കളും അന്തംവിട്ടു നിൽക്കുന്ന ഇന്നത്തെ കേരളീയ ക്യാമ്പസുകൾ ഒരു അന്താരാഷ്ട്രകൗതുകമായി ഇതിനകം മാറിക്കഴിഞ്ഞു.
No comments:
Post a Comment