Tuesday, 1 September 2026

സാമൂഹിക മൂല്യങ്ങൾക്ക് നിരക്കാത്ത പ്രസ്താവന

#സാമൂഹികമൂല്യങ്ങൾക്ക് #നിരക്കാത്ത #പ്രസ്താവന
സ്ത്രീകളെയും അവരുടെ സ്വാതന്ത്ര്യത്തെയും മുൻനിർത്തി സമൂഹത്തിലുണ്ടാകുന്ന നിയന്ത്രണങ്ങളേക്കാൾ പ്രധാനം വ്യക്തിയുടെ സുരക്ഷയും തുല്യാവകാശങ്ങളുമാണ്. 

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീകളെക്കുറിച്ചുള്ള പ്രസ്താവന സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് സമർത്ഥിക്കപ്പെടാൻ ശ്രമിക്കുന്നതെങ്കിലും, ആ സുരക്ഷ സ്ത്രീകളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തിക്കൊണ്ടാകരുത്. സുരക്ഷയും സംരക്ഷണവും സ്ത്രീക്ക് മാത്രമല്ല, ഏതൊരു മനുഷ്യനും ഒരേപോലെ ആവശ്യമുള്ളതാണ് . സുരക്ഷയുടെ പേരിൽ ഒരു വിഭാഗത്തിന്റെ പ്രവർത്തന സ്വാതന്ത്ര്യങ്ങളെ വിലക്കുന്നതും, പുരുഷാധിപത്യപരമായ രീതിയിൽ അവരെ സമൂഹത്തിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിക്കുന്നതും  സാമൂഹിക മൂല്യങ്ങൾക്ക് നിരക്കാത്തതാണ്.

​ഒരു ജനാധിപത്യ രാജ്യത്ത് വ്യക്തികളുടെ അവകാശങ്ങളും കർത്തവ്യങ്ങളും നിർണ്ണയിക്കപ്പെടുന്നത് മതഗ്രന്ഥങ്ങളിലൂടെയോ വ്യക്തിഗത വിശ്വാസങ്ങളിലൂടെയോ അല്ല, മറിച്ച് ഭരണഘടനയിലൂടെയാണ്. ഇന്ത്യൻ ഭരണഘടന ഓരോ പൗരനും ലിംഗഭേദമന്യേ തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും അന്തസ്സോടെ ജീവിക്കുന്നതിനുമുള്ള അവകാശം ഉറപ്പുനൽകുന്നു. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളാണ് ഏതൊരു മതനിയമങ്ങൾക്കും , വ്യക്തിഗത അഭിപ്രായങ്ങൾക്കും മുകളിൽ.
 
ആയതിനാൽ സ്ത്രീകളെ രണ്ടാംകിടക്കാരായി കാണുന്നതോ അവരുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതോ ആയ എല്ലാ നിലപാടുകളുംഎതിർക്കപ്പെടണം. ഭരണഘടനാപരമായ സ്ത്രീകളുടെ അവകാശം  സുരക്ഷിതവും തുല്യതയുള്ളതുമായ ഒരു സമൂഹത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്.
- കെ എ സോളമൻ