#സാമൂഹികമൂല്യങ്ങൾക്ക് #നിരക്കാത്ത #പ്രസ്താവന
സ്ത്രീകളെയും അവരുടെ സ്വാതന്ത്ര്യത്തെയും മുൻനിർത്തി സമൂഹത്തിലുണ്ടാകുന്ന നിയന്ത്രണങ്ങളേക്കാൾ പ്രധാനം വ്യക്തിയുടെ സുരക്ഷയും തുല്യാവകാശങ്ങളുമാണ്.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീകളെക്കുറിച്ചുള്ള പ്രസ്താവന സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് സമർത്ഥിക്കപ്പെടാൻ ശ്രമിക്കുന്നതെങ്കിലും, ആ സുരക്ഷ സ്ത്രീകളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തിക്കൊണ്ടാകരുത്. സുരക്ഷയും സംരക്ഷണവും സ്ത്രീക്ക് മാത്രമല്ല, ഏതൊരു മനുഷ്യനും ഒരേപോലെ ആവശ്യമുള്ളതാണ് . സുരക്ഷയുടെ പേരിൽ ഒരു വിഭാഗത്തിന്റെ പ്രവർത്തന സ്വാതന്ത്ര്യങ്ങളെ വിലക്കുന്നതും, പുരുഷാധിപത്യപരമായ രീതിയിൽ അവരെ സമൂഹത്തിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിക്കുന്നതും സാമൂഹിക മൂല്യങ്ങൾക്ക് നിരക്കാത്തതാണ്.
ഒരു ജനാധിപത്യ രാജ്യത്ത് വ്യക്തികളുടെ അവകാശങ്ങളും കർത്തവ്യങ്ങളും നിർണ്ണയിക്കപ്പെടുന്നത് മതഗ്രന്ഥങ്ങളിലൂടെയോ വ്യക്തിഗത വിശ്വാസങ്ങളിലൂടെയോ അല്ല, മറിച്ച് ഭരണഘടനയിലൂടെയാണ്. ഇന്ത്യൻ ഭരണഘടന ഓരോ പൗരനും ലിംഗഭേദമന്യേ തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും അന്തസ്സോടെ ജീവിക്കുന്നതിനുമുള്ള അവകാശം ഉറപ്പുനൽകുന്നു. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളാണ് ഏതൊരു മതനിയമങ്ങൾക്കും , വ്യക്തിഗത അഭിപ്രായങ്ങൾക്കും മുകളിൽ.
ആയതിനാൽ സ്ത്രീകളെ രണ്ടാംകിടക്കാരായി കാണുന്നതോ അവരുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതോ ആയ എല്ലാ നിലപാടുകളുംഎതിർക്കപ്പെടണം. ഭരണഘടനാപരമായ സ്ത്രീകളുടെ അവകാശം സുരക്ഷിതവും തുല്യതയുള്ളതുമായ ഒരു സമൂഹത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്.
No comments:
Post a Comment