Wednesday, 9 September 2026

ഇ ഡി യുടെ മൂക്ക്

#ഇ_ഡി_യുടെ_മൂക്ക്
കേന്ദ്ര ഏജൻസികളുടെ മൂക്കിന്റെ അളവെടുപ്പും, അതിനെ ചൊല്ലിയുള്ള രാഷ്ട്രീയ പോരുകളും കേരള രാഷ്ട്രീയത്തിൽ പുതിയൊരു വിനോദമായി മാറി. "പിണറായിയെ വലിക്കാൻ മാത്രമുള്ള മൂക്ക് ഇ.ഡി.ക്കില്ല" എന്ന എം. സ്വരാജിന്റെ പ്രസ്താവന കേട്ടാൽ തോന്നും, അന്വേഷണ ഏജൻസികൾ ആരോപണവിധേയരുടെ കഴുത്തിലല്ല, മൂക്കിലാണ് പിടിച്ച് വലിക്കാൻ വരുന്നതെന്ന്! 

ഇ.ഡി.യെ എങ്ങനെയെങ്കിലും പ്രകോപിപ്പിച്ച് മുൻമുഖ്യനെ പെട്ടെന്നു അകത്താക്കാൻ ശ്രമിക്കുകയാണോ ഈ സൈദ്ധാന്തിക വിദ്വാന്മാർ എന്ന്  ആരും സംശയിച്ചുപോകും. 
ഇത്തരത്തിലുള്ള പ്രകോപനപരമായ പ്രസ്താവനകൾ യഥാർത്ഥത്തിൽ കേസിലെ ഗൗരവത്തെക്കാൾ ഉപരി, സ്വന്തം അണികളെ ആവേശം കൊള്ളിക്കാനുള്ള പാഴ്തന്ത്രമായി മാത്രമേ കാണാൻ കഴിയൂ.  

​ഇതിനിടയിലാണ് നിയമപരമായും രാഷ്ട്രീയമായും ചാനൽപരമായും നേരിടും എന്ന മാസ് ഡയലോഗുമായി ചിലനേതാക്കൾ  രംഗത്തെത്തിയിട്ടുണ്ട്. ഏജൻസികൾ അന്വേഷണം തുടരുകയും കോടതികൾ കേസ് പരിഗണിക്കുകയും ചെയ്യുന്ന ഒരു സംവിധാനത്തിൽ, ഈ ചാനൽ പോരാട്ടം കൊണ്ടും വാക്പോരുകൾ കൊണ്ടും കേസിലെ സത്യങ്ങൾ അപ്രത്യക്ഷമാകാൻ പോകുന്നില്ല. അന്വേഷണം അതിന്റെ വഴിക്ക് സമാധാനപരമായി പോകട്ടെ.  ആരോപണങ്ങളിൽ കഴമ്പുണ്ടോ ഇല്ലയോ എന്ന് നിയമവ്യവസ്ഥ തീരുമാനിക്കും.

രാഷ്ട്രീയ നാടകങ്ങളും വാചകമടികളും മാറ്റിവെച്ച്, നിയമത്തിന്റെ വഴിയിൽ മാത്രം കാര്യങ്ങളെ അഭിമുഖീകരിക്കുകയാണ് നേതാക്കൾ ചെയ്യേണ്ടത്.  
-കെ എ സോളമൻ

No comments:

Post a Comment