Tuesday, 14 July 2026

ഒരു പെൻഷൻ ട്രഷറി പുരാണം

#ഒരുപെൻഷൻട്രഷറി #പുരാണം!
​പെൻഷൻ വാങ്ങാൻ ട്രഷറിയിൽ കയറി ഇറങ്ങി ചെരുപ്പുകൾ തേഞ്ഞ ഒരു പെൻഷൻകാരൻ ചിന്തിക്കുകയാണ്: ഈ പെൻഷൻ നിയമങ്ങൾ ഉണ്ടാക്കുന്നത് തിരുവനന്തപുരത്തെ മന്ത്രിമാരാണോ, അതോ ലോക്കൽ ട്രഷറിയിലിരുന്നു ജോലി ചെയ്തു കോണുതിരിഞ്ഞ ഉദ്യോഗസ്ഥരോ? 

ഓരോ മാസം ചെല്ലുമ്പോഴും ട്രഷറിയിൽ പുതിയ നിയമമാണ് നമ്മേ കാത്തിരിക്കുന്നത്.
​കഴിഞ്ഞ വർഷത്തെ ഹിറ്റ് നിയമം ഓർമ്മയുണ്ടല്ലോ; ചെക്കിന് പുറകിൽ ഒപ്പിടുന്നതിന്റെ കൂടെ ഫോൺ നമ്പറും എഴുതണം! പണം കൈപ്പറ്റുന്നവന്റെ ഏഴാം തലമുറയെ വരെ ട്രാക്ക് ചെയ്യാനാണോ ഈ നമ്പറെന്ന് വ്യക്തമല്ല. ആർക്ക് വേണമെങ്കിലും ആരുടെ നമ്പർ വേണമെങ്കിലും എഴുതിവെക്കാവുന്ന ഈ ഡിജിറ്റൽ യുഗത്തിൽ, ഫോൺ നമ്പർ എഴുതിയാൽ എന്ത് തട്ടിപ്പാണ് ഒഴിവാകുന്നത് എന്ന് ചോദിക്കരുത്. എങ്കിലും പാവം പെൻഷൻകാർ പേനയും പോക്കറ്റിലിട്ട് നടന്ന് നമ്പറെഴുതി ആ കടമ്പ കടന്നു.

​എന്നാൽ ഇന്ന് പതിനാലാം തീയതി സംഭവിച്ചത് അതിലും മനോഹരമായ ഒന്നാണ്. പത്താം തീയതി കഴിഞ്ഞു ചെന്നാൽ ഒരു മാസത്തെ പലിശ കൂടി കിട്ടുമെന്ന് പണ്ട് ഏതോ പുണ്യാത്മാവായ ട്രഷറിഓഫീസർ പറഞ്ഞതു കൊണ്ടാണ് പതിനാലാം തീയതി വരെ കാത്തിരുന്ന് ട്രഷറിയിൽ എത്തിയത്. അവിടെ ചെന്നപ്പോഴാണ് ഇന്നത്തെ പുതിയ കണ്ടെത്തൽ അക്കൗണ്ടിംഗ് ഓഫീസർ വക.

​"ഭാര്യയുടെ ചെക്കിന്റെ പുറകിൽ പണം വാങ്ങാൻ വന്ന ഭർത്താവിന്റെ ഒപ്പ് ഭാര്യ സാക്ഷ്യപ്പെടുത്തിയിട്ടില്ല!"
​കഴിഞ്ഞ മാസം വരെ ഇല്ലാത്ത ഈ വിചിത്ര നിയമം കേട്ട് അന്തംവിട്ടു നിന്നു. ജോലിത്തിരക്ക് കാരണം ലോകം തിരിഞ്ഞു കിടക്കുകയാണെന്ന് ഭാവിക്കുന്ന അക്കൗണ്ടന്റിനെ തിരുത്താൻ പോയിട്ട് കാര്യമില്ലെന്നറിയാം. അതു കൊണ്ട് പതുക്കെ പറഞ്ഞു: "കഴിഞ്ഞ മാസം 14-ന് വന്നതാണ്, പുതിയ ജി.ഒ  അറിഞ്ഞില്ല സാർ സോറി മേഡം. അടുത്ത മാസം മുതൽ ഒപ്പ് സാക്ഷ്യപ്പെടുത്തി   കൊണ്ടുവരാം."

​പക്ഷേ ഓഫീസർക്ക് അത് അത്ര പോര എന്ന് തോന്നി. ചെക്കും മടക്കി വീട്ടിലേക്ക് ഓടിക്കാൻ തന്നെയായിരുന്നു പ്ലാൻ. എന്നാൽ താഴെയുള്ള ജീവനക്കാർക്ക് എവിടു ന്നോ ഒരു സിമ്പതി  
 "ഇദ്ദേഹം കഴിഞ്ഞ 10-20 കൊല്ലമായി ഇവിടെ കയറി കാല് തേഞ്ഞ ആളാണ് മാം." 

അങ്ങനെ അവർ പറഞ്ഞതു കൊണ്ട് മാത്രം ഭാര്യയുടെ ചെക്ക് പാസായി കിട്ടി! 

എൻറെയീ ഭാഗ്യം ലഭിക്കാൻ സാധ്യതയില്ലാത്ത, ഒപ്പ് അറ്റസ്റ്റ് ചെയ്യാതെ വരുന്ന മറ്റു മുട്ടുവേദനക്കാരുടെ അവസ്ഥ ആലോചിച്ചപ്പോൾ എന്താ ഒരു ആശ്വാസം.! 

​ഇനി അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുകയാണ്; പുതിയ യു.ഡി.എഫ് സർക്കാരിന്റെ ഒന്നാം നമ്പർ വികസന അജണ്ടയാണോ ഈ 'ഒപ്പ് സാക്ഷ്യപ്പെടുത്തൽ', അതോ ട്രഷറിയിൽ മാറിമാറി വരുന്ന ഉദ്യോഗസ്ഥരുടെ തലച്ചോറിൽ വിരിയുന്ന വിചിത്ര ചിന്തകളോ? 

മുൻപ് പേരും ഒപ്പും ഫോൺ നമ്പറും നൽകിയാൽ പാസായിരുന്ന ചെക്കിന്, ഇപ്പോൾ ഈ സാക്ഷ്യപ്പെടുത്തൽ കൊണ്ട് എന്ത് വലിയ സാമ്പത്തിക ക്രമക്കേടാണ് തടയാൻ പോകുന്നത്?
​ഇത്തരം ഉദ്യോഗസ്ഥർക്ക് ഇടയ്ക്കിടെ ഒരു മനുഷ്യത്വ ട്രെയിനിങ് കൊടുക്കുന്നത് നന്നായിരിക്കും.

 ഇപ്പോൾ കസേരയിലിരുന്ന് തിരിയുന്നവർ ഓർക്കേണ്ട ഒരു കാര്യുണ്ട്, നാളെ പെൻഷൻ പറ്റി ഈ വരിയിൽ വന്ന് നിൽക്കേണ്ടത് ഇതേ ആളുകൾ തന്നെയാണ്. പക്ഷേ ആയകാലത്ത്' ആർക്കാണ് ഒരിക്കൽ പ്രായമാകുമെന്നും പെൻഷൻ പറ്റുമെന്നും ഓർമ്മയുണ്ടാകുക?  സത്യം പറഞ്ഞാൽ എനിക്കും  സർവീസിൽ  ഇരുന്നപ്പോൾ ഒരിക്കലും പെൻഷൻ പറ്റില്ല എന്ന വിചാരമായിരുന്നു 

​പെൻഷൻകാരുടെ പ്രയാസം നീക്കാൻ ചില നൂതന ആശയങ്ങൾ സൗജന്യമായി നിർദ്ദേശിക്കാൻ സന്തോഷമേയുള്ളൂ. 

​പെൻഷൻകാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കാതെ, ഡിജിറ്റൽ കാലത്തിനനുസരിച്ച് ട്രഷറി ജീവനക്കാരുടെ നിയമ നിർമ്മാണ ഭ്രാന്ത് അവസാനിപ്പിക്കാൻ താഴെ പറയുന്ന നൂതന മാർഗ്ഗങ്ങൾ നടപ്പിലാക്കാവുന്നതാണ്:

​(1)വൺ ടൈം ഓതറൈസേഷൻ' (One-Time Authorization): ഭാര്യയുടെ പെൻഷൻ ഭർത്താവോ, തിരിച്ചോ വാങ്ങാൻ വരികയാണെങ്കിൽ വർഷത്തിലൊരിക്കൽ മാത്രം ഒരു അംഗീകാര പത്രം (Authorization Letter) വാങ്ങി കമ്പ്യൂട്ടറിൽ അപ്‌ഡേറ്റ് ചെയ്യുക. ഓരോ മാസവും ചെക്കിന് പുറകിൽ പുതിയ ഒപ്പ് പരീക്ഷണങ്ങൾ നടത്തുന്നത് ഇതോടെ ഒഴിവാക്കാം.

​(2)ബയോമെട്രിക് ഡിജിറ്റൽ ഡിസ്പെൻസർ (Biometric Dispenser): ചെക്കും ഒപ്പും സാക്ഷ്യപ്പെടുത്തലും ഇല്ലാതെ, പെൻഷൻകാരന്റെ ആധാർ ലിങ്ക് ചെയ്ത വിരലടയാളം അല്ലെങ്കിൽ ഐറിസ് സ്കാൻ വഴി പണം കൈപ്പറ്റുന്ന ആളെ പെട്ടെന്ന് തിരിച്ചറിയാനുള്ള സംവിധാനം ലോക്കൽ ട്രഷറികളിൽ കൊണ്ടുവരുക.

​(3)ട്രഷറി ജീവനക്കാർക്ക് എംപതി ക്ലിനിക് (Empathy Training): കസ്റ്റമർ സർവീസിൽ കൊടുക്കുന്നതുപോലെ, ട്രഷറി ജീവനക്കാർക്ക് പെൻഷൻകാരോട് എങ്ങനെ മാന്യമായി പെരുമാറണം എന്നതിനെക്കുറിച്ച് നിർബന്ധിത പരിശീലനം നൽകുക.

വൃദ്ധജനങ്ങളോട് കരുണ കാണിക്കുക എന്നത് സാംസ്കാരസമ്പന്നമായ ഒരു സമൂഹത്തിന്റെ ലക്ഷണമാണ്. എന്തെങ്കിലും കാര്യത്തിനായി ട്രഷറിയിൽ വന്നാൽ വീണ്ടും വീട്ടിലേക്ക് തിരിച്ചോടിച്ച് കഷ്ടപ്പെടുത്തുന്ന ഈ റണ്ണിങ് റേസ്' രീതി ദയവായി അവസാനിപ്പിക്കുക. പെൻഷൻ എന്നത് ആരുടെയും ദാനമല്ല, അധ്വാനിച്ചതിന്റെ നീക്കിയിരിപ്പാണ് !
- കെ എ സോളമൻ

No comments:

Post a Comment