Sunday, 6 April 2025

ലോജിക്, എക്സ്ട്രാ ലോജിക്

ലോജിക്, എക്സ്ട്രാലോജിക്.
വിചാരം- കെ എ സോളമൻ.

വഖഫ് നിയമഭേദഗതി ലോക്സഭയും രാജ്യസഭയും പാസാക്കി ഒപ്പിടലിനായി രാഷ്ട്രപതി ഭവനിലേക്ക് അയച്ചു. അപ്പോഴാണ് മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും എം പി മാർക്ക് ബോധം ഉദിച്ചത്. രാഷ്ട്രപതി ഒപ്പിടാൻ പാടില്ല, രാഷ്ട്രപതിക്ക് നിവേദനം അയക്കണം. അങ്ങനെ എല്ലാവരും കൂടിച്ചേർന്ന് നിവേദനം ഒപ്പിട്ട് അയച്ചു.

പക്ഷേ എന്ത് ചെയ്യാം, നിവേദനം രാഷ്ട്രപതി ഭവനിൽ എത്തുന്നതിന് മുമ്പുതന്നെ രാഷ്ട്രപതി ബില്ല് ഒപ്പിട്ട് തിരിച്ചയച്ചു. നിവേദനം അയച്ച എംപിമാർക്ക് നിവേദനത്തിന്റെ കോപ്പി ഇനി തീയിലിടുകയോ വായിലിടുകയോ ചെയ്യാം. അത് പറ്റില്ലെങ്കിൽ അറബി കടലിൽ മുക്കാം.

കേരള നിയമസഭയിൽ ഭരണ- പ്രതിപക്ഷ എംഎൽഎമാർ സംയുക്ത അഭ്യാസത്തിലൂടെ വഖഫ് ഭേദഗതി ബില്ലിനെതിരെ പാസാക്കി അയച്ച പ്രമേയം അറബിക്കടലിൽ മുക്കുമെന്ന് പറഞ്ഞത് സുരേഷ് ഗോപി എംപിയാണ്. അത് അങ്ങനെ സംഭവിക്കുകയും ചെയ്തു.

കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കേരള നിയമസഭ സംയുക്തമായ പാസാക്കുന്ന എല്ലാ പ്രമേയങ്ങളും അറബിക്കടലിൽ മുങ്ങുന്ന  സാഹചര്യം നിലനിൽക്കേ ജോൺ ബ്രിട്ടാസ് എന്ന രാജ്യസഭ എംപി ഇടതു കൈയിൽ ഉലക്ക പിടിച്ച് നെല്ല് കുത്തുന്ന മോഡലിൽ രാജ്യസഭയിൽ നടത്തിയ പ്രകടനം ഒട്ടുമിക്കവരെയും രസിപ്പിച്ചു.  വീടും കുടിയും നഷ്ടപ്പെടും എന്ന് ഭയപ്പെട്ട് സമരം ചെയ്തിരുന്ന  മുനമ്പം നിവാസികൾക്ക് വേറെ സ്ഥലവും പുതിയ വീടും കൊടുക്കും എന്നാണ് ബ്രിട്ടാസ് പറഞ്ഞത്. ആരുടെ കുടുംബസ്വത്തിൽ നിന്നാണ് ഇവ എടുത്തു കൊടുക്കുന്നതെന്നു മാത്രം  പറഞ്ഞില്ല.

മറ്റൊരു രാജ്യസഭ എംപിയായ  റഹിമിൻ്റെ പ്രകടനവും മോശമായില്ല. പക്ഷേ കേരളത്തിലെ വിദ്യാഭ്യാസ നിലവാരം മറ്റു സംസ്ഥാനക്കാരെ ബോധ്യപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു അദ്ദേഹത്തിൻറെ സംഖ്യ വായനവും  ഇംഗ്ലീഷ്  പ്രയോഗവും

ശരിക്കും ഇണ്ടത്തിൽ ആയിരിക്കുന്നത് ഹൈബി ഈഡൻ എംപിയാണ്. എറണാകുളം മണ്ഡലത്തിൽ നിന്ന് ഇനിയൊരിക്കലും പച്ച തൊടില്ല എന്ന ബോധ്യം അദ്ദേഹത്തിൻറെ ഉണ്ടായിരിക്കുന്നു.

സുപ്രീംകോടതി വക്കീൽ കപിൽ സിബിലിന് ഇനി വരുന്നത് നല്ല കാലം. കുറച്ചു കാശ് ഉടൻ തടയും. വഖഫ് ഭേദഗതി ബിൽസുപ്രീം കോടതിയിൽ ചോദ്യംചെയ്യാൻ സിബലിനെ കണ്ടു സംസാരിച്ചിരിക്കുന്നു മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി.

വാഖഫ് ഭേദഗതിയും  തുടർ നടപടികളും പുരോഗമിച്ചു കൊണ്ടിരുന്ന കൂട്ടത്തിലാണ്  സിപിഎം പാർട്ടി ജനറൽ സെക്രട്ടറിയായി  കംറേഡ് എം എ ബേബി ചാർജ് എടുക്കുന്നത്.  അതോടൊപ്പം അദ്ദേഹത്തിൻ്റെ പഴയ സുഹൃത്ത് നന്ദകുമാർ തൻറെ ക്രൈം ചാനലിൻ്റെ പുതിയ സ്റ്റാർട്ടപ്പ് ആരംഭിച്ചിട്ടുമുണ്ട്. എം എ ബേബിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന പഴയ സ്വരലയയിലെ പുതിയ ഗാനങ്ങളുടെയും നൃത്താ വതരണങ്ങളുടെയും വിശേഷം ചാനലിലൂടെ കേൾക്കാം അതോടൊപ്പം മുഖ്യമന്ത്രിയുടെയും മകളുടെയും .ലോജിക്കും എക്സ്ട്രാ ലോജിക്കും ആയിള്ള കാര്യങ്ങളും കണ്ടും കേട്ടും മനസ്സിലാക്കാം
                * * *

Wednesday, 2 April 2025

തെറ്റായ മുൻഗണനകൾ

#തെറ്റായ #മുൻഗണനകൾ
 വെറും 232 രൂപയെന്ന തുച്ഛമായ ദിവസ വേതനം ലഭിക്കുന്ന ആശാ പ്രവർത്തകരുടെ  സമരം ഭരിക്കുന്ന  സർക്കാരിൻ്റെ കാപട്യത്തെ തുറന്നുകാട്ടുന്നു.  നിർണായക ആരോഗ്യ സേവനങ്ങൾ നൽകുന്ന ഈ സ്ത്രീകൾ സെക്രട്ടേറിയറ്റിന് മുന്നിൽ 51 ദിവസമായി സമരം ചെയ്തിട്ടും മന്ത്രിമാരും പാർട്ടി നേതാക്കളും നിസ്സംഗത തുടരുകയാണ്.

അവരുടെ യഥാർത്ഥ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുപകരം, സർക്കാർ അവരെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു,  തങ്ങൾ പിന്തുണയ്ക്കുന്നുവെന്ന് അവകാശപ്പെടുന്ന തൊഴിലാളിവർഗത്തോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്.. തൊഴിലാളി അനുകൂല നിലപാട് കേവലം ഒരു രാഷ്ട്രീയ മുഖംമൂടി മാത്രമാണെന്ന്തെളിയിക്കുന്നതാണ് ഈ നഗ്നമായ അവഗണന.

 ഇത്തരം നിർണായക പ്രശ്‌നങ്ങൾ പരിഹരിക്കേണ്ട തൊഴിൽ മന്ത്രി വി.ശിവൻകുട്ടിക്ക് ഒരു വിവാദ സിനിമയുടെ വിജയം ആഘോഷിക്കാൻ സമയമുണ്ടെങ്കിലും പ്രതിഷേധിക്കുന്ന ആശാ പ്രവർത്തകരെ കാണാൻ നേരമില്ല..  ഈ നേതാക്കളുടെ വിവേകശൂന്യത അവരുടെ തെറ്റായ മുൻഗണനകളെയും ജനങ്ങളുടെ യഥാർത്ഥ സമരങ്ങളോടുള്ള പ്രതിബദ്ധതയില്ലായ്മയെയും തുറന്നുകാട്ടുന്നു.

ആശാപ്രവർത്തകരുടെ സമരത്തെ അവഗണിക്കുന്ന ലജ്ജാകരമായ സാഹചര്യം നിലനിൽക്കേ ഹിന്ദു,- ക്രിസ്ത്യൻ മതചിഹ്നങ്ങളെ അവഹേളിക്കുകയും  ലഷ്‌കർ-ഇ-തൊയ്ബ പോലുള്ള പാകിസ്ഥാൻ തീവ്രവാദി ഗ്രൂപ്പുകളെ മഹത്വവൽക്കരിക്കുകയും ചെയ്യുന്ന  എംപുരാൻ എന്ന സിനിമയെ ഈ നേതാക്കൾ പരസ്യമായി പ്രോത്സാഹിപ്പിക്കുന്നു.  മതസൗഹാർദ്ദത്തിനും രാജ്യസുരക്ഷയ്ക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണത്തെ അപഹസിക്കുന്നതിന് പകരം സിനിമ നിർമാതാവിന്റെ അമ്മയെ അനുമോദിക്കലാണ് തൊഴിൽ മന്ത്രിയുടെ പണി.

 കേരളത്തിലെ ജനങ്ങൾക്ക് ശരിക്കും പ്രാധാന്യമുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കുന്ന ചിത്രം പ്രചരിപ്പിക്കാൻ പാർലമെൻ്റിൻ്റെ സമയം ദുരുപയോഗം ചെയ്യുകയാണ്  സിപിഐ എം എംപി ജോൺ ബ്രിട്ടാസ്.  കേന്ദ്രസർക്കാർ എമ്പുരാനെന്ന വികല സിനിമ ഉടൻ നിരോധിക്കുകയും ഈ നിഗൂഢ സിനിമയ്ക്ക് പിന്നിലെ വിദേശ ധനസഹായം അന്വേഷിക്കുകയും വേണം.

 ഇത്തരം ദേശവിരുദ്ധവും മതവിരുദ്ധവുമായ ആഖ്യാനങ്ങളെ പിന്തുണയ്ക്കുന്നതിനുപകരം, ആശാ പ്രവർത്തകരുടെ പരാതികൾ പരിഹരിക്കുന്നതിലും കഠിനാധ്വാനികളായ പൗരന്മാരുടെ അന്തസ്സ് സംരക്ഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഭരണകൂടം ചെയ്യേണ്ടത് 
 - കെ എ സോളമൻ

Tuesday, 1 April 2025

ഇറാൻ സ്വേച്ഛാധിപതി

#ഇറാൻസ്വേച്ഛാധിപതി.
 അയത്തൊള്ള അലി ഖമേനി വളരെക്കാലമായി ഭീഷണികളിലും അടിച്ചമർത്തലുകളിലും യുദ്ധക്കൊതിയിലും അഭിരമിച്ചു വരുന്ന ഒരു ഇസ്ലാമിക നേതാവാണ്.. പക്ഷെ യഥാർത്ഥ തിരിച്ചടികൾ ഉണ്ടാകുമ്പോൾ, അദ്ദേഹം ഒരു ഭീരുവിനെപ്പോലെ മാളത്തിലേക്ക് വലിയുന്നു. ഇസ്രയേലിൻ്റെ ആക്രമണത്തിന് ശേഷം അദ്ദേഹം എവിടെയാണെന്നത് ഒരു നിഗൂഢതയാകുമ്പോൾ, അമേരിക്കയോട് "ശക്തമായ പ്രതികാരം" എന്ന അദ്ദേഹത്തിൻ്റെ താക്കിത് വെറും വാചകമടിയിൽ കവിഞ്ഞ് ഒന്നുമല്ല

 ഇറാൻ്റെ അഭിവൃദ്ധിയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനും മുൻഗണന നൽകുന്നതിനുപകരം, പ്രാദേശിക സംഘർഷങ്ങൾക്ക് പ്രോത്സാഹിപ്പിക്കുന്നതും, തീവ്രവാദ പ്രോക്സികളെ പിന്തുണയ്‌ക്കുന്നതുമാണ് അദ്ദേഹത്തിൻറെ ജോലി. ലോകത്തെ മൊത്തം  പതിറ്റാണ്ടുകളായി അദ്ദേഹം ശത്രു പാളയത്തിൽ കാണുന്നു. ഇപ്പോൾ അമേരിക്കയിൽ ഡ്രോൺ ആക്രമണം നടത്തുമെന്നാണ് പറയുന്നത്. ഇത്തരം വികല സമീപനങ്ങൾ സ്വന്തം നാശം ക്ഷണിച്ചു വരുത്തുക മാത്രമല്ല  രാജ്യത്തിൻറെ സുരക്ഷിതത്വവും അപകടത്തിലാക്കുന്നു.
 -കെ എ സോളമൻ