#രാഷ്ട്രീയനിഴൽയുദ്ധം #ആലപ്പുഴമോഡൽ
ആലപ്പുഴയുടെ കായൽക്കാറ്റിൽ ഒരേ തോണിയിൽ തുഴഞ്ഞിട്ടും രണ്ടു തീരങ്ങളിൽ മാത്രം കണ്ണുനട്ടിരുന്ന മല്ലയ്യമാരാണ് തോമസ് ഐസക്കും ജി. സുധാകരനും. ഒരാൾ ലോകം മുഴുവൻ തന്റെ സിദ്ധാന്തങ്ങൾ കൊണ്ട് അളക്കുകയും അമേരിക്കയെ തിരുത്തുകയും ചെയ്യുമ്പോൾ, മറ്റൊരാൾ ആലപ്പുഴയുടെ മണ്ണിൽ ചവിട്ടി നിൽക്കാനാണ് ആഗ്രഹിച്ചത്.
ഡൽഹിയിലെ വലിയ കസേര വാഗ്ദാനം ചെയ്തിട്ടും എനിക്ക് എന്റെ അമ്പലപ്പുഴ മതി എന്ന് പറഞ്ഞ് ഒതുങ്ങിക്കൂടിയ സുധാകരൻ കാണിച്ച ആ തന്റേടം ഇന്ന് ഐസക്കിന് സ്വപ്നങ്ങളിൽ പോലും അപ്രാപ്യമാണ്. ഐസക്ക് ഇന്ന് തിരഞ്ഞെടുപ്പ് ഗോദയിൽ അനാഥനായി നിൽക്കുമ്പോൾ, കോൺഗ്രസ് പിന്തുണയുള്ള സ്വതന്ത്രനായി അമ്പലപ്പുഴയിൽ സുധാകരൻ നടത്തുന്ന കരുത്തുറ്റ നീക്കങ്ങൾ രാഷ്ട്രീയ കേരളത്തിന് പുതിയൊരു പാഠപുസ്തകമാണ്.
യു. പ്രതിഭ എന്ന പണ്ടത്തെ പ്രതിഭാഹരി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആയിരുന്ന കാലത്ത് ഐസക്ക് പോയോ എന്ന് മൂന്നുവട്ടം ചോദിച്ചറിഞ്ഞതിനു ശേഷം മാത്രം വേദിയിലെത്തിയ സുധാകരന്റെ ആ മുൻകരുതൽ വെറുതെയല്ലായിരുന്നു എന്ന് കാലം തെളിയിക്കുന്നു. "ചോദ്യങ്ങൾ ചോദിച്ചു പഠിക്കണം" എന്ന് കുട്ടികളെ ഉപദേശിച്ച് കയ്യടി വാങ്ങി സ്ഥലംവിട്ട ഐസക്കിന്റെ തന്ത്രം, ആ പാവം കുട്ടികൾ സുധാകരന്റെ മേൽ പ്രയോഗിച്ചപ്പോൾ കണ്ടതാണ് യഥാർത്ഥ യാഥാർത്ഥ്യബോധം.
ഐസക്കിന്റെ വാക്കുകളിൽ പുളകിതരായ കുട്ടികളെ നിശബ്ദരായി ഇരുത്താൻ സുധാകരൻ കാണിച്ച ആ ആർജ്ജവം, വെറും ഉപദേശിയായ ഐസക്കും പ്രായോഗികവാദിയായ ജിയും തമ്മിലുള്ള ആകാശഭൂമി വ്യത്യാസം കൃത്യമായി വരച്ചുകാട്ടുന്നു. 2018-ൽ വെള്ളപ്പൊക്ക കാലത്ത് ദുരിതാശ്വാസ ക്യാമ്പിൽ പിരിവ് നടത്തിയ ചേർത്തലയിലെ ഓമനക്കുട്ടന്റെ കാര്യത്തിൽ ഐസക്ക് ആലിംഗനത്തിലൂടെ നാടകം കളിച്ചപ്പോൾ, വസ്തുതകൾ നിരത്തി അതിനെ തിരുത്തിയ സുധാകരൻ തന്നെയായിരുന്നു ശരിയായ ജനനായകൻ.
സിനിമാക്കാരെ 'കോമാളികൾ' എന്ന് വിളിച്ച് അധിക്ഷേപിക്കുന്ന ഐസക്കിന്റെ ആ പഴയ പല്ലവി ഇപ്പോൾ സ്വന്തം തലയിൽ തന്നെ ഇടിത്തീയായി വീണിരിക്കുകയാണ്. ഇന്നസെന്റിനെയും മുകേഷിനെയും രാഷ്ട്രീയത്തിലേക്ക് ആനയിച്ചവർ തന്നെ രമേഷ് പിഷാരടിയെ പരിഹസിക്കാൻ ഇറങ്ങുന്നത് കണ്ടാൽ മൂക്കത്ത് വിരൽ വെക്കാത്തവരുണ്ടാകില്ല.
മൂന്നാറിലെ കാറ്റും കുളിരും ആവോളം ആസ്വദിക്കണമെന്ന് ആവശ്യപ്പെട്ട ഐസക്കിനെ ഇന്ന് സോഷ്യൽ മീഡിയയിൽ അലക്കി ഇഞ്ചപ്പരുവമാക്കുന്നത് കാണുമ്പോൾ രാഷ്ട്രീയക്കാർ വിചാരിക്കുന്നതു പോലെ എല്ലാം പെട്ടെന്ന് മറക്കുന്നവരല്ല ജനങ്ങൾ എന്ന് വ്യക്തം. എന്തായാലും വിജയരാഘവനെ പോലെ സുധാകരനെതിരെ ഒരു കമന്റ് പാസാക്കാൻ ഐസക്ക് ധൈര്യപ്പെടില്ല, ആലപ്പുഴയുടെ മണ്ണിൽ ആര് വാഴും ആര് വീഴും എന്ന് സുധാകരന് അറിയാവുന്നതുപോലെ ഇടക്കാലത്ത് കോന്നിയും, റാന്നിയും പത്തനംതിട്ട മുഴുവനും നന്നാക്കാൻ പോയ ഐസക്കിന് അറിയില്ല.