Monday, 4 August 2025

പ്രേഷിത പ്രവർത്തനം

#പ്രേഷിതപ്രവർത്തനം
പ്രേഷിത പ്രവർത്തനം അഥവാ മിഷണറി പ്രവർത്തനം എന്നത് ഒരു മതവിഭാഗം അവരുടെ വിശ്വാസങ്ങൾ മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുന്നതിനും അതുവഴി സാമൂഹികവും മാനസികവുമായ ഉന്നമനം സാധ്യമാക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങളായാണ് കരുതുന്നത്
ഇത്തരം പ്രവർത്തനങ്ങൾ സാധാരണയായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, സാമൂഹിക സേവനങ്ങൾ എന്നിവയിലൂടെയാണ് നടപ്പാക്കപ്പെടുന്നത്. 

ക്രിസ്തുമതത്തിൽ ഇത് ഒരു പ്രധാനപ്പെട്ട ദൗത്യമായി കണക്കാക്കപ്പെടുന്നു. വിശുദ്ധ ഗ്രന്ഥം പ്രചരിപ്പിക്കുന്നതും, വിശ്വാസികളെ സംരക്ഷിക്കുന്നതും ഇതിന്റെ ഭാഗമാണ്.

ആധുനിക കാലഘട്ടത്തിൽ പ്രേഷിത പ്രവർത്തനങ്ങളുടെ രീതികൾക്ക് വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. മതപരിവർത്തനം ശക്തമായ എതിർപ്പ് നേരിടുന്നതിന്നതിനാൽ  അതിനേക്കാൾ, സമൂഹത്തിന്റെ പൊതുവായ ഉന്നമനത്തിനാണ് ഇപ്പോൾ കൂടുതൽ ഊന്നൽ നൽകുന്നത്. 

വിദ്യാഭ്യാസ-ആരോഗ്യ പ്രവർത്തനങ്ങളാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. ലോകത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ മിഷനറിമാർക്ക് വലിയ പങ്കുണ്ട്. കേരളത്തിൽപ്പോലും ആധുനിക വിദ്യാഭ്യാസത്തിന്റെ തുടക്കത്തിൽ മിഷനറിമാർക്ക് വലിയ സ്വാധീനമുണ്ടായിരുന്നു.

 സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് മറ്റൊന്ന്  ജാതി-വർഗ്ഗ വ്യത്യാസങ്ങൾ ഇല്ലാതാക്കാനും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ആധുനിക പ്രേഷിത പ്രവർത്തനങ്ങൾ സഹായിക്കുന്നു. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് ശബ്ദമാകാനും അവർക്ക് വേണ്ടി പ്രവർത്തിക്കാനും ഇത് വഴി സാധിക്കുന്നു.

 സാംസ്കാരിക വിനിമയവും പ്രേഷിത പ്രവർത്തനമാണ്.   മിഷനറിമാർക്ക് തദ്ദേശീയ ഭാഷകളും സംസ്കാരങ്ങളും പഠിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. പല ഭാഷകളിലും വ്യാകരണവും നിഘണ്ടുകളും നിർമ്മിക്കുന്നതിനും അച്ചടി വ്യാപകമാക്കുന്നതിനും അവർക്ക് കഴിഞ്ഞിരുന്നു.

മാനസികവും ആത്മീയവുമായ പിന്തുണ നൽകുന്ന പ്രേഷിതപ്രവർത്തനവും ഉണ്ട്. ദുരന്തങ്ങൾ, യുദ്ധങ്ങൾ, സാമൂഹിക പ്രതിസന്ധികൾ എന്നിവയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസവും മാർഗ്ഗനിർദ്ദേശവും നൽകുന്നതിൽ പ്രേഷിത പ്രവർത്തനങ്ങൾ വലിയ പങ്കു വഹിക്കുന്നു. ഇത് ആളുകൾക്ക് പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകാനുള്ള ശക്തി നൽകുന്നു.

ആധുനിക കാലഘട്ടത്തിൽ ഇത്തരം പ്രവർത്തനം ഒരു മതവിശ്വാസം പ്രചരിപ്പിക്കുന്നതിലുപരി, സ്നേഹത്തിന്റെയും സേവനത്തിന്റെയും സഹാനുഭൂതിയുടെയും ഒരു സന്ദേശമായി മാറിക്കഴിഞ്ഞിരിക്കുന്നു. മതപരിവർത്തനം എന്ന അജണ്ട മാറ്റിവെച്ചാൽ വളരെ ഉദാത്തമായ പ്രവൃത്തിയാണ് പ്രേഷിത പ്രവർത്തനം.

മതം സംബന്ധിച്ച് വൈകാരികമായി സമീപിക്കുന്ന ജനവിഭാഗങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിൽ പോയി ഇനിയുള്ള കാലത്ത് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ  പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കുന്നത് പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് പ്രവർത്തകർ ഓർക്കേണ്ടതുണ്ട്.
കെ എ സോളമൻ

No comments:

Post a Comment