Saturday, 9 August 2025

മാനദണ്ഡങ്ങളുടെ ലംഘനം

#മാനദണ്ഡങ്ങളുടെലംഘനം
ഡിജിറ്റൽ സർവകലാശാലയ്‌ക്കുള്ള വൈസ് ചാൻസലർ സെർച്ച് പാനൽ രൂപീകരിക്കുന്ന പ്രക്രിയയിൽ നിന്ന് ഗവർണറെ ഒഴിവാക്കാനുള്ള കേരള സർക്കാരിന്റെ പുതിയ ഓർഡിനൻസ് യുജിസി നിയന്ത്രണങ്ങളുടെയും ഭരണഘടനാ മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണ്.

സർവകലാശാലാ ഭരണത്തിൽ ഗവർണറുടെ പങ്ക് നിയമത്തിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. അത് മറികടക്കുന്നത് ഭരണഘടനയോടുള്ള പ്രകടമായ അനാദരവാണ്.

ഭരണഘടനാ ചട്ടങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്നതിനുപകരം, ജനാധിപത്യത്തെ സംരക്ഷിക്കുന്ന നിയന്ത്രണങ്ങളും സന്തുലിതാവസ്ഥകളും അവഗണിച്ച് എൽഡിഎഫ് സർക്കാർ അധികാരം സ്വന്തം കൈകളിൽ കേന്ദ്രീകരിക്കാൻ ശ്രമിക്കുന്നു. ഭരണകക്ഷിയുടെ രാഷ്ട്രീയ അജണ്ടയ്ക്ക് അനുയോജ്യമാകും വിധം നിയമങ്ങൾ വളച്ചൊടിക്കുകയോ ലംഘിക്കുകയോ ചെയ്യാം എന്നത് അപകടകരമായ സമീപനമാണ്.

ഗവർണറും വൈസ് ചാൻസലർമാരും ഉൾപ്പെടെ തങ്ങളുടെ തീരുമാനങ്ങളെ എതിർക്കുന്നവരെ ഭീഷണിപ്പെടുത്താനും ആക്രമിക്കാനും സർക്കാർ അതിൻ്റെ വിദ്യാർത്ഥി വിഭാഗമായ എസ്‌എഫ്‌ഐയെ അണിനിരത്തുന്ന രീതിയാണ് കൂടുതൽ അസ്വസ്ഥം. 
"ഭരണവും സമരവും" എന്ന സർക്കാർ സമീപനം ജനാധിപത്യ തത്വങ്ങളെ പരിഹസിക്കുന്നതും സാധാരണക്കാരുടെ ജീവിതദുരിതം വർദ്ധിപ്പിക്കുന്നതുമാണ്.

 വികസനം, വിദ്യാഭ്യാസ നിലവാരം, പൊതുജനക്ഷേമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ, രാഷ്ട്രീയ പോരാട്ടങ്ങളിലും വ്യക്തിപരമായ പകപോക്കലുകളിലും സർക്കാർ ഊർജ്ജം പാഴാക്കുന്നു. ഇത്തരം അനാവശ്യമായ മുൻഗണനകൾ പൊതുജനവിശ്വാസം ഇല്ലാതാക്കും,  സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ പിന്നോട്ടടിക്കും. തിരഞ്ഞെടുപ്പുകൾ അടുത്തു വരുന്ന സ്ഥിതിക്ക് ജനങ്ങളെ  അകറ്റുന്ന പ്രവർത്തനങ്ങളിൽ നിന്ന് സർക്കാർ ഇനിയെങ്കിലും വിട്ടുനന്നില്ലെങ്കിൽ  ഭരണത്തിൽ ഏർപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നഷ്ടം കനത്തതായിരിക്കും.
-കെ എ സോളമൻ

No comments:

Post a Comment