Friday, 24 August 2018

പരാജയ കാരണങ്ങൾ ചർച്ച ചെയ്യപ്പെടണം

വൺ, ടൂ, ത്രീ എന്ന കണക്കല്ലാതെ ക്യൂ മെക്സും ട്രില്യണുമൊന്നും ഒരിക്കലും കേട്ടിട്ടില്ലാത്ത .സഖാവ് എം എം മണി കേരളത്തിന്റെ വൈദ്യുതി മന്ത്രിയായത് തികച്ചും യാദൃച്ഛികം. ഇതിനെക്കാൾ യാദൃച്ഛികമാണ് സുരക്ഷിത മേഖലയെന്നു കരുതിയിരുന്ന കേരളത്തിൽ പൊടുന്നനെ വെള്ളപ്പൊക്കമുണ്ടായതും വൻ നാശനഷ്ടം വിതച്ചതും. വിവിധങ്ങളായ കണക്കുകൾ പ്രകാരം 7 ലക്ഷം മുതൽ 10 ലക്ഷം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ ആശ്വാസം കണ്ടെത്തിയത്. എന്തും പെരുപ്പിക്കുന്ന ഒരു പത്രത്തിന് ക്യാമ്പുകളിൽ കഴിയുന്നവരുടെ എണ്ണം പതിമൂന്നര ലക്ഷം വരെയായി. ഒരു മനുഷ്യനിർമിത ദുരന്തത്തിന് ഇതിനപ്പുറം കെടുതികൾ സാധ്യമാണോ എന്ന ചർച്ചയും നടക്കുന്നു.

ഇടുക്കിയിലേതുള്‍പ്പെടെയുള്ള അണക്കെട്ടുകള്‍ തുറന്നതില്‍ സര്‍ക്കാരിനും വൈദ്യുതി ബോര്‍ഡിനും പാളിച്ച പറ്റിയിട്ടില്ലെന്നാണ് വൈദ്യുതി മന്ത്രി എം.എം. മണി പറയുന്നത്. മണി പറയുന്നതിൽ കാര്യമുണ്ട്. അദ്ദേഹം സങ്കേതിക വിദഗ്ധനല്ല. ഡാം സുരക്ഷാ അതോറിറ്റിയും ഇല. ബോർഡു ഏമാന്മാരും എഴുതിക്കൊടുക്കുന്നതേ അദ്ദേഹത്തിനു വായിക്കാനാവൂ.

യതൊരുവിധ മുന്നൊരുക്കങ്ങളും കൂടാതെ   ഡാമുകളെല്ലാം ഒറ്റയടിക്കു തുറന്നു. മഴയ്ക്ക് ശക്തി കൂടിയപ്പോള്‍ വൈദ്യുതി വകുപ്പിന്റേതിന് പുറമേ ജലസേചനത്തിന് നിര്‍മിച്ച ഡാമുകളും തുറക്കേണ്ടി വന്നു. ഈ സമയങ്ങളിലെല്ലാം ഡാം സുരക്ഷാ അഥോറിറ്റി ഉറക്കത്തിലായിരുന്നു. എല്ലാ കക്ഷികളുമായും ചര്‍ച്ച ചെയ്താണ് തീരുമാനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കിയതെന്നും മന്ത്രി പറയുമ്പോൾ ഈ കക്ഷികളെല്ലാം ഡാം തുറന്നു വിട്ടാലുള്ള കെടുതികളെക്കുറിച്ച് പഠിച്ചവരാണോ  എന്ന ചോദ്യവും ബാക്കിയാവുന്നു.

ഡാമുകള്‍ അശാസ്ത്രീയമായി തുറന്നുവിട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും തയ്യാറല്ല.
സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ ചട്ടങ്ങളനുസരിച്ച്  ഓറഞ്ച് അലർട്ട്: റെഡ് അലര്‍ട്ട് എന്നിവ  പ്രഖ്യാപിക്കുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പലിക്കപ്പട്ടില്ല. ഓറഞ്ച്, റെഡ് എന്നൊക്കെ റ്റി.വി കണ്ട ജനത്തിന് അവ എന്താണ് സൂചിപ്പിക്കുന്നതെന്നു മനസ്സിലായതുമില്ല, സോപ്പു ഓപ്പറകളിൽ മാത്രം താല്പര്യം കാണിക്കുന്ന ചാനലുകൾക്ക് ഇവയെന്തെന്നു വിശദീകരിക്കാൻ നേരവും കിട്ടിയില്ല.

അലര്‍ട്ടുകൾ പ്രഖ്യാപിക്കുമ്പോള്‍ തന്നെ ജനങ്ങളെ ഒഴിപ്പിക്കുന്നതിനെ കുറിച്ച് വ്യക്തമായ രൂപരേഖ തയാറാക്കണമെന്ന പ്രാഥമിക ചുമതല ബന്ധപ്പെട്ടവർ സൗകര്യപൂർവം മറന്നു.. വെള്ളപ്പൊക്കം ഉണ്ടാകുന്ന സ്ഥലങ്ങളെ കുറിച്ചും വെള്ളത്തിന്റെ അളവിനെ കുറിച്ചും ഒരു അഥോറിറ്റിക്കും  ധാരണയുണ്ടായില്ല

കേരളത്തിലെ മനുഷ്യനിർമിത പ്രളയം കൃഷി, വ്യവസായം, വ്യാപാരം, ടൂറിസം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി സമസ്ത മേഖലകളെയും ബാധിച്ചു, സംസ്ഥാന സമ്പദ്ഘടനക്ക് വൻ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന് ഏകദേശം 20,000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിവിധ മേഖലകളിലുണ്ടായിട്ടുള്ള നഷ്ടങ്ങളുടെ യഥാര്‍ത്ഥ തുക കണക്കാക്കാന്‍ ഇനിയും ദിവസങ്ങളെടുക്കും .നഗര-ഗ്രാമ വ്യത്യാസമില്ലാതെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളൊക്കെ നശിച്ച അവസ്ഥയയിലാണ്.

ഇതിന്റെയൊക്കെ ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാനത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നവർക്ക്  ഒഴിഞ്ഞു മാറാനാവില്ല. പരാജയ കാരണങ്ങൾ ചർച്ച ചെയ്യപ്പെടുക തന്നെ വേണം
- കെ എ സോളമൻ

Saturday, 18 August 2018

കെമിസ്ട്രിയുടെ കോട്ടം അറബിയുടെ നേട്ടം


2019 മാര്‍ച്ച് ആകുമ്പോഴേക്കും രാജ്യത്തെ ആദ്യ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമായി കേരളത്തെ മാറ്റാ നിരക്കുകയായിരുന്നു നമ്മുടെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. 45,000 ക്‌ളാസ് മുറികള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം. അത്രയും ക്ളാസ് മുറികളൊക്കെ നമുക്കുണ്ടോ എന്നാണെങ്കിൽ ഒരു നൂറെണ്ണം കുറഞ്ഞാലും കൂടിയാലും ആരും കണ്ടു പിടിക്കാൻ പോണില്ല. അതു കൊണ്ടു തള്ളുന്നത് എത്ര വേണമെങ്കിലുമാവാം ജനുവരി പകുതിമുതല്‍ എട്ടുമാസത്തിനകം എച്ച്എസ്, എച്ച്എസ്എസ് വരെ ക്‌ളാസ്മുറികള്‍ ഹൈടെക് ആക്കാനായിരുന്നു ഉദ്ദേശ്യം. ഇനി ഏതാനും ദിവസങ്ങളെ അവശേഷിക്കുന്നുള്ളു കാലാവധി പൂർത്തിയാക്കാൻ.  ഇപ്പോൾ എത്രയെണ്ണം പൂർത്തിയായി അതൊക്കെ തന്നെയാണ് ഇനി അങ്ങോട്ട്‌. മഴ കനിഞ്ഞനുഗ്രഹിച്ചതിനാൽ ഹൈടെക് ക്ളാസ് മുറികളിലൊക്കെ ആൾ താമസമാണ്. ഉള്ള സൗകര്യത്തിന് ദുരിതാശ്വസത്തിൽ പെട്ടവരെ താമസിപ്പിക്കേണ്ട സാഹചര്യമുണ്ടായതിനാൽ ക്ളാസ് മുറി ഹൈടെക്കാണോ,  അല്ലേ എന്നു നോക്കാൻ നേരം കിട്ടിയതുമില്ല.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ അടുത്ത ഘട്ടത്തിൽ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്കു പരിശീലനം നല്‍കാനും ഉദ്ദേശിച്ചിരുന്നു. മുപ്പത്തിയെട്ട് ലക്ഷം രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിനാണ് പദ്ധതി ഇട്ടിരുന്നത്. ഇനി അതു നടക്കുമെന്ന തോന്നലില്ല. നാട്ടുകാരും ഉദാരമതികളും സഹായി ച്ചില്ലെങ്കിൽ ജനങ്ങളുടെ ദുരിതം വർദ്ധിക്കുമെന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഹയർ സെക്കന്ററി, ഹൈസ്കൂൾ, കൂട്ടത്തിൽ  യുപി, എല്‍പി ക്‌ളാസ് മുറികള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കുകയും അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കുകയും  ചെയ്യാനുള്ള തത്രപ്പാടിൽ
രവീന്ദ്രനാഥ് ഒരു സ്കൂൾ മന്ത്രിയായി മാറി. കോളജുകളിൽ ആരു പഠിപ്പിക്കുന്നു, എന്തു നടക്കുന്നു, അഡ്മിഷൻ എങ്ങനെ, നിയമന കോഴ എത്ര -ഇതൊന്നും തിരക്കാൻ അദ്ദേഹത്തിന് നേരമില്ലാതായി. ഗസ്റ്റു അധ്യാപകരെ വെച്ച് ഉന്നത വിദ്യാഭ്യാസം തള്ളിവിട്ടാൽ മതി എന്നു തീരുമാനിച്ചു. വിവിധ യൂണിവേഴ്സിറ്റികൾ തോന്നിയ രീതിയിൽ പഠനവും പരീക്ഷയും നടത്തുന്നു. എം ജിയിൽ റിസൾട്ട് വരുമ്പോൾ കേരളയിൽ പരീക്ഷ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും. ഇതൊന്നും തന്റെ വിഷയമല്ലാത്തതു കൊണ്ട് മന്ത്രി അന്വേഷിക്കാറുമില്ല. ഉന്നത വിദ്യാഭ്യാസം പാടെ കൈയൊഴിഞ്ഞ് അദ്ദേഹം അങ്ങനെ ഒരു പൊതുവിദ്യാഭ്യാസ മന്ത്രിയായി വിലസുകയായിരുന്നു.

ഇതു വ്യക്തമായും തിരച്ചറിഞ്ഞത് മുഖ്യമന്ത്രി പിണറായിയാണ്‌. അതുകൊണ്ടാണ് കോളജ് അധ്യാപകനായ രവീന്ദ്രനാഥിൽ നിന്ന് ഉന്നത വിദ്യാഭ്യസം വേർപെടുത്തി മറ്റൊരു കോളജ് അധ്യാപകന്നയ കെ റ്റി ജലീലിന്  നൾ കിയത് . കേരളത്തിൽ അങ്ങനെ വിദ്യാഭാസത്തിനു രണ്ടു മന്ത്രിമാർ, ഒന്ന് പൊതുവിദ്യ. മന്ത്രി രവീന്ദ്രനാഥ്, രണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ റ്റി. ജലീൽ

കെമിസ്ട്രിയും തരികിട രാഷ്ട്രീയവുമായി നടന്ന രവീന്ദ്രനാഥിന് ഉന്നത വിദ്യാഭ്യാസം  കൈകാര്യം ചെയ്യാൻ ശക്തി പോരാ എന്ന് മുഖ്യമന്ത്രിക്കും തോന്നാൻ പിന്നെയും കാരണമുണ്ട്‌.

ചരിത്രകാരനായ ജലീലുംകോളേജ് അദ്ധ്യാപകനായിരുന്നു. . തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ ചരിത്രാധ്യപകനായി ഇരിക്കെ. ഒരു ത്രൈമാസികയുടെ ചീഫ് എഡിറ്റർകൂടിയായിരുന്നു അദ്ദേഹം. ഉർദ്ദു സാഹിത്യത്തിൽ നിന്ന് കഥയും കവിതയും പകർത്തി പ്രസിദ്ധീകരിച്ച ആളായിക്കൊണ്ടിരിക്കെ ഒരു കഷണം കഥ പിണറായിക്കും കൊടുത്തിരുന്നു. അതാണ് പ്രസിദ്ധമയ ബക്കറ്റിലെ തിരമാല. ഈ കഥ പറഞ്ഞാണ് ശംഖുമുഖം കടപ്പുറത്തു വെച്ച് മുതിർന്ന സഖാവിനെതിരെ പൂഴിക്കടകൻ പ്രയോഗിച്ചത് . അന്നു മനസ്സിലാക്കിയതാണ് രവീന്ദ്രനാഥിന്റെ അവിഞ്ഞ കെമിസ്ട്രീയല്ല ജലീലിക്കയുടെ ഹിസ്റ്ററി എന്ന്.

ഇനിയങ്ങോട്ടു ഉന്നത വിദ്യാഭ്യാസം ജലീലിന്റെ കൈയ്യിൽ ഭദ്രം. കോളജു കളിലെ ഗസ്റ്റു ലക്ചറർമാർ അവരുടെ പതിവു തുഴച്ചിൽ തുടരുമെങ്കിലും
അഫ്ളലുൽ ഉലമ യൊക്കെ പാസായവർക്ക് വൻഅവസരമാണ് മുന്നിലുള്ളത്. കേരളത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നീ രണ്ടു പേർ വിദ്യാഭ്യാസ അധികാര കേന്ദ്രങ്ങളിൽ വിരാജിക്കുമ്പോൾ കെമിസ്ട്രിക്കു സംഭവിക്കുന്ന കോട്ടം അറബി ഭാഷയുടെ നേട്ടമായി മാറും. പറ്റുമെങ്കിൽ കോളജുകളിൽ നിന്ന് കെമിസ്ട്രി എം എസ് സി പിൻവലിച്ച് അറബി എം എ, അഫ്ളലുൽ ഉലമ തുടങ്ങിയ പ്രയോജനപ്രദമായ കൂടുതൽ കോഴ്സുകൾ ആരംഭിക്കുന്നതായിരിക്കും.

-കെ എ സോളമൻ

Thursday, 9 August 2018

കൈത്താങ്ങ് !


കനത്ത മഴയും വെള്ളപ്പൊക്കവും; നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചു.

പ്രശ്നമെന്താന്നു വെച്ചാൽ സ്റ്റോക്കു ചെയ്തത് ശനിയാഴ്ച തന്നെ തീരും. വീണ്ടും സ്റ്റോക്കു ചെയ്യണമെന്നോർക്കുമ്പഴാ നേരിയ വിഷമം. സാരമില്ല, കടമെടുത്തു മുടിയുന്ന സർക്കാരിന് ഒരു കൈത്താങ്ങ്.

-

Wednesday, 25 July 2018

എന്റെ മാലിന്യം എന്റെ മാത്രം ഉത്തരവാദിത്വമല്ല.

ഈയിടെ പെയ്ത കൊടും മഴയും ചിലയിടങ്ങളിലെ വെള്ളപ്പൊക്കവും ഏറെനാശനഷ്ടങ്ങൾക്കു കാരണമായെങ്കിലും കേരളത്തിൽ എമ്പാടുമുള്ള വൻ മാലിന്യശേഖരം നീക്കി കുറെ സ്ഥലങ്ങൾ കഴുകി വൃത്തിയാക്കി എന്നുള്ളതു വാസ്തവം. മലിന്യക്കൂമ്പാരത്തിൽ ശ്വാസം മുട്ടിക്കഴിഞ്ഞ ജനത്തിന് വലിയ ആശ്വാസമായിട്ടുണ്ട് പ്രകൃതിയുടെ  നേരിട്ടുള്ള ഈ കഴുകി വൃത്തിയാക്കൽ.

കേരളീയ ഗ്രാമങ്ങൾ നഗര സ്വഭാവം കൈവരിച്ചതോടെ സംഭവിച്ചതാണ് തെരു വുകളിലെ  മാലിന്യക്കൂനകൾ. ഇവ നീക്കം ചെയ്യാൻ ബാധ്യതയുള്ള പഞ്ചായത്തു - മുനിസിപ്പൽ നഗരസഭകൾ " എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം" എന്ന പ്രകോപനപരമായ മുദ്രാവാക്യം ഫ്ളക്സ് ബോർഡുകളിൽ എഴുതിത്തൂക്കി ഉത്തരവാദിത്വത്തിൽ നിന്നു ഒഴിഞ്ഞു നില്ക്കുന്നു.

പരിസര ശൂചീകരണവും മാലിന്യ നിർമ്മാർജ്ജനവും നടത്തുന്നതിനും കൂടിയാണ് അമിത നിരക്കിലുള്ള കരമടച്ച് ജനം പഞ്ചായത്ത് - മുനിസിപ്പാലിറ്റികളെ സംരക്ഷിക്കുന്നത്. ഇങ്ങനെ നികുതിയായിക്കിട്ടുന്ന പണം ദുർവിനിയോഗം ചെയ്യുന്നതല്ലാതെ കാര്യമായ നിർമ്മാണ പ്രവർത്തനങ്ങൾ ഒരിടത്തുമില്ല. ആകെ കാണിച്ചുകൂട്ടുന്നത് റോഡ് റിപ്പയർ എന്ന ഏക ജോലിയാണ്. റോഡ് റിപ്പയറിംഗിന് കാശു മുടക്കുകയെന്നത് കടലിൽ കായം കലക്കുന്നതിനു സമാനം. സ്കൂളുകളിൽ ചെന്ന് പഠിപ്പും മുടക്കിയിട്ടു് പ്ളാസ്റ്റിക് കിറ്റുപെറുക്കൽ പോലുള്ള വേലത്തരവും കാണിക്കും. വൃത്തിയായി സൂക്ഷിക്കേണ്ട മത്സ്യ മാർക്കറ്റുകൾ ഇല്ലാതാക്കി മത്സ്യ വില്പനക്കാരെ റോഡു വശങ്ങളിൽ പ്രതിഷ്ഠിച്ചു. ഇങ്ങനെ മത്സ്യക്കച്ചവടം നടത്തുന്നവർ ശുചിത്വ മിഷന്റെ " എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം" മുദ്രാ വാക്യം കേൾക്കാത്തതകൊണ്ട്  മാലിന്യ നിക്ഷേപത്തിനു ഒരു മടിയും കാട്ടാറില്ല.

നഗരത്തിലെത്തുന്ന സാധാരണക്കാരുടെ കാര്യമാണ് കഷ്ടം. പല മുനിസിപ്പാലിറ്റികളിലും മൂത്രമൊഴിക്കുന്നതിന്
ഒരു പബ്ളിക് ടോയ് ലറ്റില്ല. ഇ-ടോയ്ലറ്റു നിർമ്മാതാക്കളുമായി ഒത്തുകളിച്ചു മുമ്പുണ്ടായിരുന്ന ടോയ്ലറ്റുകൾ പൊളിച്ചു കളഞ്ഞു ഉപയോഗിക്കാൻ കൊള്ളാത്ത ഇ- ടോയ്ലറ്റുകൾ സ്ഥാപിച്ചു. ലക്ഷങ്ങൾ ഈ ദിശയിൽ അടിച്ചു മാറ്റിയതല്ലാതെ നിലവിൽ ഇ-ടോയ്ലറ്റുമില്ല അ -ടോയ് ലറ്റുമില്ല. ടൗണിലെത്തുന്നവർക്ക് മൂത്രശങ്ക തീർക്കണമെങ്കിൽ 10 രൂപാ മുടക്കി ഇന്ത്യൻ കോഫി ഹൗസിൽ കേറി ചായ ഓർഡർ ചെയ്യണം. ലാഭ കേന്ദ്രങ്ങളായി മാറിയിരിക്കുന്ന കോഫീ ഹൗസുകൾ ഇതിന് ചാർജു ഏർപ്പെടുത്തുന്നത് എന്നാണെന്ന് പറയുക വയ്യ.

പ്രായമായവരുടെ കാര്യമാണ് ഏറെ കഷ്ടം. പല പല അവശതകളാൽ മുത്ര ശങ്കയുണ്ടായാൽ പിടിച്ചു നിർത്താൻ ഇവർക്കാവില്ല. മുണ്ടിലൊഴുക്കാൻ വിധിക്കപ്പെട്ട ഇക്കൂട്ടർക്ക് രണ്ടിനു കൂടി തോന്നിയാൽ പൊതുവഴിയിൽ ശല്യം ചെയ്തതിന്റെ പ്രോസിക്യൂഷൻ നേരിടേണ്ടി വരും.

ഇന്ന് കേരളത്തിൽ മാലിന്യം  സാമൂഹിക പ്രശ്നമായി മാറിയിരിക്കുന്നു. മാലിന്യ നിക്ഷേപവും നിർമ്മാർജനവും  പലയിടങ്ങളിലും സംഘർഷത്തിനു കാരണമാകുകയും  ചെയ്യുന്നു. അതു കൊണ്ട് മാലിന്യം വ്യക്തിയുടെ മാത്രം ഉത്തരവാദിത്യമല്ല, പഞ്ചായത്ത് - മുനിസിപ്പാലികളുടേയും  ഉത്തരവാദിത്വമാണ്., പണ്ടതു ചെയ്തിരുന്നു, തുടർന്നു ചെയ്യാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാകണം

മാലിന്യത്തിന്റെ കാര്യത്തിൽ  സര്‍‍ക്കാരിനു ഉത്തരവാദിത്വമില്ല എന്നു സ്ഥാപിക്കാനുള്ള വിഫലശ്രമം ശുചിത്വമിഷൻ മുദ്രാവാക്യത്തിലുണ്ട്.   സർക്കാർ സ്ഥാപനങ്ങൾ അവയുടെ ഉത്തരവാദിത്വം നിറവേറ്റുന്നുവെന്നു ബോധ്യമായാൽ വ്യക്തികൾ പിൻമാറില്ല.

വിടുകളിൽ ഉണ്ടാകുന്ന മാലിന്യം മാത്രമേ വ്യക്തികൾക്കു നീക്കനാവു. തെരുവുകളിൽ വീഴുന്ന മാലിന്യങ്ങൾ നീക്കാനും വീഴാതെ നോക്കാനും സർക്കാർ സ്ഥാപനങ്ങൾ തയ്യാറാകണം. റോഡു വശങ്ങൾ  മുഴുവൻ വിപണന കേന്ദ്രങ്ങൾ ആക്കുന്നതിനു പകരം നമ്മുടെ ഗ്രാമീണ ചന്തകൾ തിരികെ കൊണ്ടുവരണം. ടൗണിലെത്തുന്നവർക്ക് അത്യാവശ്യ ഉപയോഗത്തിന് കംഫർട്ട് സ്റ്റേഷനുകളും സ്ഥാപിച്ചു നൾകണം .

" എന്റെ മലിന്യം എന്റെ ഉത്തരവാദിത്വം" എന്നു പറഞ്ഞു പ്രകോപിക്കുന്നതിനു പകരം നമ്മുടെ മാലിന്യം നമുക്കൊന്നിച്ച നിർമ്മാർജനം ചെയ്യാം എന്നാണ് വേണ്ടത്.
- കെ എ സോളമൻ

Monday, 23 July 2018

ആവിഷ്കാരസ്വാതന്ത്ര്യം രാഷ്ട്രീയ ലാഭത്തിനാകരുത്

മാതൃഭൂമി വാരിക മൂന്നാഴ്ച പ്രസിദ്ധീകരിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത ഹരീഷിന്റെ നോവൽ  ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള പുതിയ ചോദ്യങ്ങളിലേക്കാണ്  കേരള സമൂഹത്തെ നയിച്ചിരിക്കുന്നത്. നോവൽ നിർത്തിവെച്ചത് ആവിഷ്കാരസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമെന്ന് സർക്കാരും ഇടതു നേതാക്കളും ഇടതു സഹയാത്രികരായ എഴുത്തുകാരും പറയുമ്പോൾ അങ്ങനെയല്ലായെന്ന് വലതു ചിന്താഗതിക്കാരും  ചില നിഷ്പക്ഷമതികളും വാദിക്കുന്നു .

ഈ സന്ദർഭത്തിൽ ബന്ധപ്പെട്ടവർ മനസ്സിക്കേണ്ട പ്രധാന സംഗതി എന്നെന്നുവെന്നാൽ സ്വാതന്ത്ര്യമുണ്ടെന്നു കരുതി, വ്യക്തികളുടെയും സമൂഹങ്ങളുടെയും വിശ്വാസത്തെയും ആത്മീയാചാര്യന്മാരെയും ആക്രമിക്കാനും അവഹേളിക്കാനും ആര്‍ക്കും അവകാശമില്ല. സ്വാതന്ത്ര്യത്തിന് ചില പരിധികളും പരിമിതികളുമുണ്ട്. ഇല്ലെങ്കില്‍ സമൂഹത്തിന്റെ നിലനില്‍പ്പുതന്നെ അസാധ്യമാകും. അമ്പലത്തിലും പള്ളിയിലും പോകുന്നത് വ്യഭിചാര ചിന്തയോടെ  എന്നെഴുതി വെച്ചാൽ അതു ആവിഷ്കര സ്വാതന്ത്ര്യമല്ല, സമൂഹത്തോടു കാട്ടുന്ന തികഞ്ഞ അവഹേളനമാണ് '

‘ഷാര്‍ലി എബ്‌ദോ’ എന്ന പത്രം പ്രവര്‍ത്തിച്ചിരുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനു വളരെ പ്രാധാന്യം നല്‍കുന്ന ഫ്രഞ്ച് സാംസ്‌കാരിക പശ്ചാത്തലത്തിലായിരുന്നു.  വരുംവരായ്കകളെ പരിഗണിക്കാതെ അവര്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച.  ആത്മഹത്യാപരമായി മാറിയ ആസംഭവം ഒഴിവാക്കപ്പെട്ടണ്ടതായി രുന്നുവെന്ന് ഒട്ടുമിക്ക സ്വതന്ത്ര ചിന്താഗതിക്കാർക്കും അഭിപ്രായമുണ്ട്.
.
മറ്റുള്ളവരുടെ വിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റേയും മേൽകയ്യേറ്റം നടത്തുന്നത്ശരിയല്ല. ഒരുത്തന്റെ ഭാര്യയെ മറ്റൊരുത്തൻ അവഹേളിച്ചാല്‍, പ്രതികരണം ചിലപ്പോൾ കായികമായിട്ടായിരിക്കും. അന്നേരം ആവിഷ്കാരസ്വാതന്ത്യം പൊക്കിപ്പിടിച്ചിട്ടു വലിയ കാര്യമില്ല.

പരിധികളില്ലാത്ത സ്വാതന്ത്ര്യം – ആവിഷ്‌ക്കാര സ്വാതന്ത്ര്യമായാലും – അപകടകരമാണ്. ഷാര്‍ലി എബ്‌ദോ സംഭവവും തൊടുപുഴ പ്രഫസറുടെ വച്ചുപിടിപ്പിച്ച കൈപ്പത്തിയും അതാണ് സൂചിപ്പിക്കുന്നത്.

ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ ഹരീഷും മാത്രഭുമിയും ചെയ്ത തെറ്റു അവർ മനസ്സിലാക്കി. എന്നാൽ സർക്കാർ വിടാൻ ഭാവമില്ല. നോവലെഴുത്തും പ്രസിദ്ധീകരണവുമായി മുന്നോട്ടു പോകാനാണ് എഴുത്തുകാരനോടും  പ്രസാധകനോടും സർക്കാർ ആവശ്യപ്പെടുന്നത്. അധികാരത്തിൽ വന്നു കഴിഞ്ഞാൽ സമൂഹത്തിലെ നാനാജാതി മതസ്ഥർക്കും വേണ്ടി പ്രവർത്തിക്കേണ്ട സർക്കാർ ഒരു  സമൂഹത്തിന് എതിരായി പ്രവർത്തിക്കുന്നത് രാഷ്ടീയ ലാഭത്തിനു വേണ്ടിയാണ്. കുരങ്ങുകളെ തമ്മിലടിപ്പിക്കുന്ന കുറുക്കന്റെ റോളിലാണ് സർക്കാർ . പ്രശ്നങ്ങൾ ഇല്ലാതാക്കുകയല്ല, സൃഷ്ടിക്കലാണ് ലക്ഷ്യം
- കെ എ സോളമൻ

Wednesday, 18 July 2018

കേരള ജയിൽ ടൂറിസം



സാഹചര്യങ്ങളുടെ സമ്മർദ്ദം മനുഷ്യരെ കുറ്റവാളികളാക്കും. 
കുറ്റം ചെയ്യാതിരിക്കുന്നത് പലർക്കും ശിക്ഷയെക്കുറിച്ചു ഭയപ്പാടു് ഉള്ളതു കൊണ്ടും. ജയിൽ ശിക്ഷ, പിഴ, ചാട്ടവാറടി (കേരളത്തിൽ നടപ്പിലാക്കിയിട്ടില്ല) ഇവയൊക്കെ ഒഴിവാക്കാൻ ഏതുമനുഷ്യനാണ് ആഗ്രഹിക്കാത്തത്?

എന്നാൽ ജയൽശിക്ഷയെക്കുറിച്ചുള്ള ഭയം ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാന ജയിൽ വകുപ്പ്. ജയിൽ ടൂറിസം പദ്ധതി ആവിഷ്കരിച്ചരിക്കുന്നതിന് പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശ്യം ഉണ്ടെന്നു കരുതുക വയ്യ.

കുറ്റം ചെയ്യാതെ ജയിലില്‍ താമസിക്കാനുള്ള പദ്ധതിയിൽ ആൺ-പെൺ വ്യത്യാസമില്ലാതെ ചോരാം. ജയില്‍ യൂണിഫോമില്‍ തടവറയില്‍ കഴിയുന്നതിനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക. നടയടി ഉണ്ടായിരിക്കില്ല. ജയില്‍ വകുപ്പ് സര്‍ക്കാരിനു  കൈമാറിയ പദ്ധതിയെജയില്‍ ടൂറിസം പദ്ധതി എന്നു വിളിക്കും.

കേരളവും ജയിൽ വകുപ്പുമൊക്കെയുണ്ടായിട്ടു ഒത്തിരി കൊല്ലമായെങ്കിലും ഇത്തരമൊരു പദ്ധതി മുമ്പ് ആരുടെയും തലയിൽ ഉദിക്കാതെ പോയത് എന്തു കൊണ്ടെന്നു അത്ഭുതപ്പെട്ടേക്കാം. അതിനു കാരണമുണ്ട്

ജയില്‍ മേധാവി ആര്‍. ശ്രീലേഖ ഐ പി എസ് ആണ്. ഇവർക്കൊപ്പമുള്ള പ്രതിഭാസമാണ് നിലവിലെ കെ എസ് ആർ ടി സി എം ടി  ടോമിൻ തച്ചങ്കരി ഐ പി എസ്. ഇവർ തമ്മിൽ മൂപ്പിളമതർക്കം നിലനിൽക്കേ തന്നെ തച്ചങ്കരി എന്തെല്ലൊം പരിഷ്കാരമാണ് സ്വന്തം വകുപ്പിൽ ചെയ്തു കൂട്ടുന്നത്? അദ്ദേഹം തന്നെ കണ്ടക്ടർ ആകുന്നു, ചെക്കിംഗ്- സ്റ്റേഷൻ മാസ്റ്റർ പണി ചെയ്യുന്നു, ഡ്രൈവറാകാൻ ഹെവി ലൈസൻസ് എടുക്കുന്നു. ചങ്ക് ബസ്, ചിൽ ബസ് തുടങ്ങിയ പരിഷ്കാരങ്ങൾ, ജീവനക്കാർക്കും അടുത്തൂൺ പറ്റിയവർക്കും കൃത്യമായി ശമ്പളവും പെൻഷനും. ജീവനക്കാർ കൊടുത്ത കേസിൽ തച്ചങ്കരിക്കു വിജയം. അങ്ങനെ എല്ലാം വെച്ചു നോക്കുമ്പോൾ തച്ചങ്കരി വാർത്തയിൽ നിറയുകയാണ്. ഇതൊക്കെ കണ്ടു കയ്യും കെട്ടിയിരുന്നാൽ തനിക്കു ലഭിക്കാവുന്ന ഉയർന്ന സ്ഥാനം തച്ചങ്കരി അടിച്ചെടുക്കുമോയെന്നു സംശയം. എങ്കിൽ തന്റെ വകുപ്പിലുമിരിക്കട്ടെ ഒരു പരിഷ്കാരം എന്ന് ശ്രീലേഖ വിചാരിച്ചാൽ തെറ്റുപറയാനില്ല.

ജയിൽ ടൂറിസംപദ്ധതി വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ക്രമീകരിക്കുന്ന ജയില്‍ മ്യൂസിയത്തിന്റെ ഭാഗമായിട്ടിരിക്കും നടപ്പാക്കുക. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പദ്ധതിയിലൂടെ ജയിലില്‍ താമസിക്കാനുള്ള പ്രത്യേക സൗകര്യം ഒരുക്കും. ഒരുമിച്ചതാമസിക്കാമോ എന്നുള്ള തൊക്കെ വഴിയെ അറിയിക്കും. 24 മണിക്കൂര്‍ സമയത്തേക്ക് ജയില്‍ വേഷത്തില്‍ താമസിക്കുന്നതിന് സൗകര്യം ഒരുക്കുന്ന പദ്ധതിയുടെ ബുക്കിംഗ് ഓണ്‍ലൈന്‍ മുഖേനയാണ്. നേരത്തെ ഫീസ് അടച്ച് ബുക്ക് ചെയുന്നവര്‍ക്കാണ് പ്രവേശനം ലഭിക്കുക.

ജയില്‍ അനുഭവം ലഭിക്കുന്നതിന് സാധാരണക്കാര്‍ക്ക് പദ്ധതിയിലൂടെ അവസരം ലഭിക്കുമെന്നാണ് അറിയിപ്പ്. സാധാരണക്കാരെ ഒഴിവാക്കുന്നതായിരുന്നു അഭികാമ്യം. രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതിന്  അതുങ്ങൾക്ക് ഓരോ ദിവസവും എന്തെല്ലാം ചെയ്യേണ്ടി ഇരിക്കുന്നു. അതു കൊണ്ടു പദ്ധതി രാഷ്ട്രീയക്കാർക്കും ക്രിമിനൽസിനും വേണ്ടി ക്രമീകരിക്കുന്നതാണു് ഉത്തമം. ജയിൽപ്പേടി മറേണ്ടത് അവർക്കാണ്. അതു പ്രയാസമാണെങ്കിൽ ജയിൽ ടൂറിസം വെള്ള റേഷൻ കാർഡുകാർക്കായിട്ടെങ്കിലും നിയന്ത്രിക്കേണ്ടതാണ്.

ജയില്‍ ടൂറിസം പദ്ധതി വിജയിച്ചാൽ
കോടികളാണ് സംസ്ഥാന ഖജനാവിലേക്കു വന്നു ചേരുക. അങ്ങനെയെങ്കിൽ മദ്യം, ലോട്ടറി, പ്രവാസി, കിഫ് ബി പോലുള്ളവയ്ക്ക് ഒരു റിലാക്സേഷനും ലഭിക്കും.

K A Solaman

Thursday, 7 June 2018

കുഴി തോണ്ടുന്ന കോൺഗ്രസ്

കോൺഗ്രസ് വർക്കിംഗ് കമ്മറ്റി പ്രസിഡന്റ് ആക്കാതെ കെ സി വേണഗോപാലിന്റെ ജുനിയറായി പാർട്ടി ജനറൽ സെക്രട്ടറിമാരിൽ ഒരാളാക്കി തരം താഴ്ത്തിയതിന്റെ ചൊരുക്കു് ഉമ്മൻ ചാണ്ടിക്കുണ്ട്. അതിന്റെ പരസ്യ പ്രകടനമാണ്  കേരളാ കോണ്‍ഗ്രസ് -മാണി ഗ്രൂപ്പിന്  രാജ്യസഭാ സീറ്റ് വിട്ടുനല്‍കാനുള്ള തീരുമാനം.
കോൺഗ്രസിലെ യുവ നേതാക്കൾ തീരുമാനത്തിനെതിരെ പരസ്യമായി  രംഗത്തെത്തിക്കഴിഞ്ഞു. കേൺഗ്രസ് നേതാക്കളുടെ ഡൽഹി കുത്തിത്തിരപ്പിൽ അതൃപ്തി രേഖപ്പടുത്തി എം എൽ എ വി.ടി ബലറാം ഫേസ് ബുക്ക് പോസ്റ്റിട്ടു. മുതിർന്ന കോൺ ഗ്രസ് നേതാക്കൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ച യുവതുർക്കികളുടെ വായടപ്പിക്കാൻ വേണ്ടിയാണ് മാണിയെ വിശുദ്ധനാക്കിയ ഈ നടപടിയെന്നും സംശയമുണ്ട്.

സീറ്റ് വിട്ടുനല്‍കാന് കോൺഗ്രസ്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കിയെന്നു കൂടിതട്ടി വിട്ടാൽ യുവതുർക്കികൾ വാതുറക്കില്ലെന്ന് അറിയാവുന്നതുകൊണ്ടാവണം പ്രസ്താവനയിൽ അങ്ങനെയും വാചകം ചേർത്തത് .

മുന്നണിയുടെ പൊതു താത്പര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുമ്പോൾ മുന്നണിയിൽ പെടാത്ത മാണിക്ക് എങ്ങനെയാണ് സീറ്റ് നൾ കാൻ കഴിയുകയെന്നത് കേരളത്തിലെ ജനങ്ങളോടു നേതാക്കൾക്കു വിശദീകരിക്കേണ്ടി വരും.

അതെന്തായാലും  മാണിയും മകനും ലോട്ടറി അടിച്ച മട്ടിലാണ്. ചുമ്മാ സീറ്റ് ചോദിച്ചു നോക്കി. കോൺഗ്രസിലെ തമ്മിലടി മാണികോൺഗ്രസിന് അനുഗ്രഹമാകുകയും  ചെയ്തു. മുൻ കോൺഗ്രസ് പ്രസിഡന്റ് വി എം സുധീരനും യുവ എം എൽ എ മാരും നേതൃത്യത്തിനെതിരെ പ്രസ്താവനയുദ്ധം നടത്തമ്പോഴാണ് നേതാക്കൾ  ഒറ്റക്കെട്ടായെടുത്ത തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവിന്റ സാക്ഷിമൊഴി.

അതെന്തായാലും യാതൊരു ന്യായീകരണമില്ലാത്ത നടപടിയിൽ അവശേഷിക്കുന്ന കോൺഗ്രസ് പ്രവർത്തകൾ അസംതൃപ്തരാണ്.
2021 ല്‍ കേരളത്തിലെ പൊതുതെരഞ്ഞെടുപ്പിൽ നട്ടെല്ലിന് കെല്പില്ലാതെ മുണ്ടും വാരിപ്പിടിച്ചു പണി ആയുധങ്ങളുമായി പണ്ടത്തെ മാതിരി തെരഞ്ഞെടുപ്പിനെ നേരിടാൻ വന്നാൽ കോൺഗ്രസ് പച്ച തൊടില്ല. മാത്രവുമല്ല അന്നു കേരളത്തിൽ
തെരഞ്ഞെടുപ്പ് മൽസരം എല്‍.ഡി.എഫും. ബി.ജെ.പിയും തമ്മിലായിരിക്കും. കോൺഗ്രസും കേരളാകോൺഗ്രസം ലീഗും അപ്രസക്തങ്ങളായ പ്രാദേശിക കക്ഷികളായി രൂപാന്തരപ്പെടുകയും ചെയ്യും.
- കെ എ സോളമൻ