Sunday, 19 October 2025

ഇനി നമുക്ക് പി എം ത്രീ സ്കൂൾ

#ഇനി #നമുക്ക് പിഎം ശ്രീ സ്കൂൾ
ആദ്യം എതിർക്കുക പിന്നെ സ്വീകരിക്കുക, ഇതാണ് നമ്മുടെ പോളിസി. കേരള സർക്കാർ പിഎം ശ്രീ സ്കൂൾപദ്ധതിയെ ആദ്യം എതിർത്തു. ഇപ്പോൾ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ്. 1500 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാൻ ഇതേ മാർഗ്ഗമുള്ളു. തുറന്നുകാട്ടുന്നത് സംസ്ഥാന ഭരണത്തിന്റെ പൊരുത്തക്കേടും രാഷ്ട്രീയ അവസരവാദവുമാണ്.

കേന്ദ്ര സംരംഭങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി വിമർശിക്കുകയാണ് കേരള സർക്കാരിൻറെ ആദ്യ നടപടിക്രമം ' പിന്നീട് ഫണ്ട് ലഭിക്കാൻ വേണ്ടി നിശബ്ദമായി സ്വീകരിക്കുക, അതാണ് സർക്കാരിൻറെ രീതി. എന്നാൽ കേരളത്തിന്റെ വിദ്യാഭ്യാസ നയം വിട്ടുവീഴ്ചയില്ലാതെ തുടരുമെന്ന മന്ത്രി വി. ശിവൻകുട്ടി പ്രസ്താവിക്കുകയും ചെയ്യും.  എന്താണ് ആ പോളിസി എന്നത് അദ്ദേഹത്തിന് മാത്രമേ അറിയൂ

ഈ ഇരട്ടത്താപ്പ് കാണിക്കുന്നത് വിദ്യാഭ്യാസ നയം  സംബന്ധിച്ച് വ്യക്തമായ  കാഴ്ചപ്പാടിന്റെ അഭാവമാണ്. . വിദ്യാഭ്യാസത്തിൽ സ്വതന്ത്രവും സുസ്ഥിരവുമായ പരിഷ്കാരങ്ങൾ രൂപപ്പെടുത്തുന്നതിനു കേരള സർക്കാരിന് കഴിയുന്നില്ല. കേന്ദ്രത്തിനെതിരായ പ്രത്യയശാസ്ത്ര പ്രതിരോധത്തിന്റെ മുഖംമൂടി ധരിച്ച് സാമ്പത്തിക നേട്ടങ്ങൾ കണ്ണു വെക്കുന്നതാണ് സർക്കാരിന്റെ സമീപന രീതി. ഇത്തരം വൈരുദ്ധ്യങ്ങൾ കേരളത്തിലെ ഇടതുപക്ഷ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ വിശ്വാസ്യതയെ തന്നെ ഇല്ലാതാക്കി..

രസകരമായിട്ടുള്ളത്  ഭരണമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐക്ക് പ്രത്യയശാസ്ത്ര വ്യക്തത നഷ്ടപ്പെട്ടതാണ്.   ഭരിക്കാനും എതിർക്കാനും നിയോഗിക്കപ്പെട്ടവരായി തുടരുകയാണ് അവർ. 

കേരളത്തെ ഒരു മാതൃകാ സംസ്ഥാനമായോ അല്ലെങ്കിൽ യൂണിയനിൽ നിന്ന് വേറിട്ട ഒരു സ്വതന്ത്ര സ്ഥാപനമായോ പോലും സർക്കാർ  പല സന്ദർഭങ്ങളിലും ഉയർത്തിക്കാട്ടുന്നു. , എങ്കിലും കേന്ദ്ര സഹായത്തിന് കൈ നീട്ടാതെ ഒരു പരിപാടിയും നടത്താൻ കഴിയാത്ത അവസ്ഥ  ഭരണപരമായ കാര്യക്ഷമതയില്ലായ്മയെയും സാമ്പത്തിക കെടുകാര്യസ്ഥതയെയുമാണ് ഇത് സൂചിപ്പിക്കുന്നത്.

രാഷ്ട്രീയ ലാഭത്തിനുവേണ്ടി എതിർക്കുകയും അതിജീവനത്തിനായി പദ്ധതികൾ അംഗീകരിക്കുകയും ചെയ്യുന്ന ഈ രീതി കേരള ഭരണത്തെ അപഹാസ്യമാക്കി. ഇത്തരം സമീപനത്തിലൂടെ,  കേരള സർക്കാർ നേതൃത്വത്തോടുള്ള  പൊതുജനവിശ്വാസം ഇല്ലാതാകയും ചെയ്തു. 
-കെ എ സോളമൻ

No comments:

Post a Comment