Thursday, 23 October 2025

വാസുവൻമന്ത്രി രാജിവെക്കണം

#വാസവൻമന്ത്രി #രാജിവയ്ക്കണം
ദേവന്മാർതന്നെ തന്റെ സൗകര്യം നിറവേറ്റാൻ ഉദ്ദേശിച്ചുള്ളവരാണെന്ന മട്ടിൽ. മന്ത്രി വി.എൻ.വാസവൻ തന്റെ വകുപ്പിനെ "ദേവസ്വം"  എന്ന് അക്ഷരാർത്ഥത്തിൽ കരുതിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരു സുവർണ്ണ അഴിമതിയിൽ അകപ്പെട്ടിരിക്കുന്നു. ക്ഷേത്രാഭരണങ്ങൾ സ്വർണ്ണത്തിൽ നിന്ന് ചെമ്പിലേക്ക്  ദിവ്യ രൂപാന്തരം പ്രാപിച്ച അവസ്ഥ.

കേരള ഹൈക്കോടതി  പരാമർശം നടത്തുകയും.പ്രതിപക്ഷം ഉത്തരവാദിത്തം ആവശ്യപ്പെടുകയും ചെയ്യുമ്പോൾ, മന്ത്രിയുടെ പ്രതികരണം  നിഷേധ കലയിലൂടെയാണ്. സേവനത്തിലോ സുതാര്യതയിലോ അല്ല, മറിച്ച് നിശബ്ദതയിലും ശാഠ്യത്തിലുമാണ് ഭക്തി എന്ന് വാസവൻ വിശ്വസിക്കുന്നു. ഒരുപക്ഷേ, ശബ്ദകോലാഹലങ്ങൾ അവഗണിച്ചുകൊണ്ട് ദൈവങ്ങളും ജനങ്ങളും വൈകാതെ തന്നോട് ക്ഷമിക്കുമെന്ന് അദ്ദേഹം സങ്കൽപ്പിക്കുന്നുണ്ടാകും.

ആറന്മുളവള്ളസദ്യയിൽ  ദേവന് ഭക്ഷണം വിളമ്പുന്നതിന് മുമ്പ് വാസവൻ ഭക്ഷണം കഴിച്ചു, പരമ്പരാഗത ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും എതിരായ ഒരു പ്രവൃത്തി.. ശബരിമലയിൽ പ്രസിഡന്റ് മുർമു കൈകൂപ്പി പ്രാർത്ഥിച്ചപ്പോൾ അവരുടെ പിന്നിൽ  അയ്യപ്പസ്വാമിയോടു പ്രാർത്ഥിക്കാനോ കൈകൂപ്പാനോ വാസവൻ തയ്യാറായില്ല. പ്രത്യയശാസ്ത്ര പ്രതിസന്ധി അദ്ദേഹത്തെ അതിന് അനുവദിച്ചില്ല. ഭഗവാൻറെ മുമ്പിൽ കൈ കൂപ്പുന്നത് തന്റെ പദവിയുടെ അന്തസ്സിനു യോജിച്ചതല്ലെന്ന് പരസ്യമായി തെളിയിക്കുകയായിരുന്നു മന്ത്രി

അയ്യപ്പസ്വാമിയുടെ വാസസ്ഥലത്ത് ഭക്തി കാണിക്കാനോ ദേവസ്വംഭരണത്തിൽ ഉത്തരവാദിത്തം പുലർത്താനോ കഴിയാത്ത ദേവസ്വം മന്ത്രിക്ക് ആ സ്ഥാനം വഹിക്കാനുള്ള ധാർമ്മിക യോഗ്യതയില്ല. അതുകൊണ്ട് രാജിയിൽ തുടങ്ങി വാസവൻ മന്ത്രി പ്രായശ്ചിത്തം ആരംഭിച്ചാൽ അദ്ദേഹത്തിനും നാടിനും അതു പ്രയോജനപ്രദമാകും.
-കെ എ സോളമൻ

No comments:

Post a Comment