Tuesday, 28 October 2025

മെസ്സി വരും , വരില്ല ?

#മെസ്സി #വരും, #വരില്ല?
ആധികാരികതയേക്കാൾ കൂടുതൽ പലവിധ ആർത്തിയുള്ള  ഒരാൾ കേരളത്തിന്റെ ഫുട്ബോൾ സ്വപ്നങ്ങളെ തട്ടിത്തെറിപ്പിച്ചിരിക്കുന്നു.  ഫുട്ബോൾ മാന്ത്രികൻ മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത "സ്പോൺസർ" എന്ന് വിളിക്കപ്പെടുന്ന അദ്ദേഹം "മെസ്സി വരും, വരില്ല" എന്ന് ഖഥംതാൽ അടിക്കുകയാണ് ഇപ്പോൾ.

വനഭൂമിയിൽ നിന്ന് അനധികൃതമായി മരം മുറിക്കുന്നതിന്റെയും, നിഗൂഢമായ സ്റ്റേഡിയം നവീകരണത്തിൻ്റെയും, ഒരു  അന്താരാഷ്ട്ര ഫുട്ബാൾ മത്സരരത്തിൻ്റെയും റീലുകൾ ഉപയോഗിച്ച്, അദ്ദേഹം കേരളത്തിന്റെ കായിക രംഗം തന്റെ സ്വകാര്യ സർക്കസാക്കി മാറ്റാൻ ശ്രമിക്കുന്നു.. ഫുൾടൈം നുണയും പരദൂഷണവും  സംപ്രഷണം ചെയ്യുന്ന ഒരു ചാനലും അദ്ദേഹത്തിന് സ്വന്തം.

മെസ്സിയെ കൊണ്ടുവരാൻ അദ്ദേഹം ശരിക്കും  പദ്ധതിയിട്ടിരുന്നോ അതോ ബ്യൂണസ് അയേഴ്സിൽ നിന്ന് ഒരു കാർഡ്ബോർഡ് കട്ടൗട്ട് മാത്രമാണോ ഉദ്ദേശിച്ചിരുന്നത്  എന്ന കാര്യം അദ്ദേഹത്തിന് മാത്രമേ അറിയൂ. കള്ളക്കച്ചവടം നടത്തുന്നവർ  കായിക രംഗത്തേക്ക് കടന്നുവന്നാൽ അതു പൊതുജന വിശ്വാസത്തിന് എതിരാകുമെന്ന് ഇവിടെ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്.

കച്ചവട-രാഷ്ട്രീയ നാടകങ്ങളെ സംസ്ഥാനത്തിന്റെ കായിക വികസനമായി തെറ്റിദ്ധരിച്ചിരിക്കുകയാണ് കേരള കായിക മന്ത്രി.
കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തുന്നതിനും പകരം, ഒരിക്കലും ലഭിക്കാൻ സാധ്യതയില്ലാത്ത  ഒരു ഹസ്തദാനത്തിനായി മന്ത്രി ആഗ്രഹിക്കുകയാണ്.  സംസ്ഥാന ഖജനാവ്  ഊർദ്ധ്വൻ  വലിക്കുമ്പോൾ ഒരു വിദേശ താരത്തിന്റെ ക്ഷണികമായ പ്രകടനത്തിന്  കോടികൾ ചെലവാക്കുന്നത് മര്യാദയല്ല. തകർന്നുകിടക്കുന്ന സ്റ്റേഡിയത്തിന്റെ ചുമരിൽ ആഡംബര പെട്ടികൾ വരയ്ക്കുന്നത് പോലെയാണ് ഈ പ്രവൃത്തി.

നല്ല കളിക്കാരെ വാർത്തെടുക്കുക അവരെ വളർത്തുക എന്നതാകണം മന്ത്രിയുടെ കടമ. പക്ഷെ ഇന്ന്  കേരളത്തിലെ കായികരംഗത്ത് വിസിൽ മുഴങ്ങുന്നത് ന്യായമായ കളിയ്ക്കല്ല മറിച്ച് ഫൗളുകൾക്കാണ്.

-കെ എ സോളമൻ

No comments:

Post a Comment