#ശിവൻകുട്ടിമന്ത്രിയുടെ #ബൗദ്ധികകസർത്തുകൾ
ഒരു ദേശീയകരാറില വ്യവസ്ഥകൾ പിന്തുടരാതെ തന്നെ കേരളത്തിന് അത് ഒപ്പിട്ടു കൊടുക്കാമെന്ന് മന്ത്രി വി ശിവൻകുട്ടി ധൈര്യപൂർവ്വം പ്രഖ്യാപിക്കുമ്പോൾ രാഷ്ട്രീയ കോമഡിയിൽ അദ്ദേഹം പുതിയൊരു അദ്ധ്യായം സൃഷ്ടിക്കുകയാണ്.. അക്കാദമിക് നിലവാരമല്ല, മറിച്ച് പണമാണ് കേരളത്തിനു മുഖ്യം.
അദ്ദേഹത്തിന്റെ യുക്തി അനുസരിച്ച്, PM SHRI ഫണ്ടിംഗ് ഒരു ബുഫെ പോലെയാണ്, അതായത്, പണവും നമുക്ക് ഇഷ്ടപ്പെടുന്ന വിഭവങ്ങളും എടുക്കുക, ഇഷ്ടമില്ലാത്തവ ഒഴിവാക്കുക. എന്ന രീതി. പി എം ശ്രീ വന്നാലും കേരളത്തിന്റെ പാഠ്യപദ്ധതി മാറ്റമില്ലാതെ തുടരുമെന്ന് അദ്ദേഹം ബന്ധപ്പെട്ടവർക്ക് ഉറപ്പുനൽകുന്നു. അതായത് , "പാർട്ടി അംഗീകൃത അധ്യാപക കൈപ്പുസ്തകം "" അവതരിപ്പിച്ചു കൊണ്ടുള്ള അതേ വിദ്യാഭ്യാസ സമ്പ്രദായം തുടരും. ഓരോ അധ്യായത്തിലും പ്രത്യയശാസ്ത്രപരമായ വിറ്റാമിനുകൾ ഉണ്ടെന്ന് ഉറപ്പാക്കും. അധ്യാപകരാകട്ടെ, പഴയ കൈപ്പുസ്തകങ്ങൾ കുട്ടികളെ കാണിക്കാതെ ചവറ്റുകുട്ടയിൽ ഔദാര്യപൂർവ്വം തള്ളി എന്നത് കേരള അക്കാദമികചരിത്രത്തിലെ എഴുതപ്പെടാത്ത അധ്യായം
ബൗദ്ധിക കസർത്തിൻ്റെ ഈ പുതിയ രൂപത്തിൽ ആഹ്ലാദഭരിതരായ സിപിഐ നേതാക്കൾ ശിവൻകുട്ടി മന്ത്രിയുടെ തോളിൽ കയ്യിട്ടു നിൽക്കുന്നത് കാണാൻ രസം . കരാറായ സ്കീമിൽ തുടരാതെ തന്നെ കേരളത്തിന് ഈ സ്കീമിൽ ചേരാമെന്ന് അവർ വാദിക്കുന്നു, ഒരേ സമയം സാധ്യതയുള്ളതും അസാധ്യവുമായ സംഭവം, ഷ്രോഡിംഗറുടെ പൂച്ചയെ പോലെ ഒരേസമയം ചത്തും ജീവിച്ചും ഇരിക്കാമെന്ന മഹത്തായ ദർശനം.
വിദ്യാർഥികൾക്ക് പഠിക്കാൻ എൻസിഇആർടി പുസ്തകങ്ങൾ വരാം വരാതിരിക്കാം, എന്നാൽ കേരളത്തിന്റെ സ്വന്തം പ്രത്യയശാസ്ത്ര കൈപ്പുസ്തകങ്ങൾ നിർബന്ധിതമായി സിലബസിൽ തുടരും..
ഇത്രയും ധീരമായ നവീകരണത്തിലൂടെ, ശിവൻകുട്ടിമന്ത്രിയും കൂട്ടരും പാഠ്യപദ്ധതിയെ മാത്രമല്ല, യുക്തിയുടെ നിർവചനത്തെയും മാറ്റിയെഴുതുകയാണ്, ആക്ഷേപഹാസ്യസാഹിത്യം സമ്പുഷ്ടമാകാൻ വിദ്യാഭ്യാസ മന്ത്രിയും അദ്ദേഹത്തിൻറെ തോളിൽ കയ്യിട്ടുല്ലസിക്കുന്ന സി പി ഐ കമ്പനിയും സൃഷ്ടിക്കുന്ന വാർത്തകൾ മാത്രം മതിയാകും.
-കെ എ സോളമൻ
No comments:
Post a Comment