Thursday, 29 January 2026

സർക്കാരിൻറെ ഇടക്കാലതമാശ

സർക്കാരിന്റെ ഇടക്കാലതമാശ

മെയ് പകുതിവരെ മാത്രം ആയുസുള്ള മന്ത്രിസഭ ഫുൾ ബജറ്റ് അവതരിപ്പിക്കുന്നത് കണ്ടാൽ തോന്നുക, മരണശയ്യയിലെ രോഗി പുതിയ വീടിന്റെ പ്ലാൻ വരയ്ക്കുന്നതുപോലെയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഈ ബജറ്റ് പുതിയ സർക്കാരിന് ബാധകമല്ലെന്ന സത്യം അറിഞ്ഞിട്ടും ധനമന്ത്രി ബാലഗോപാൽ “ദീർഘകാല വികസന സ്വപ്നങ്ങൾ” വാരിക്കോരി വിതറിയിരിക്കുന്നു 

ഖജനാവ് ശൂന്യവും ട്രഷറി പൂട്ടലിന്റെ ഭീഷണിയും നിലനിൽക്കുമ്പോൾ പാലങ്ങളും പാതകളും സുവർണ്ണഭാവിയുമൊക്കെ പ്രഖ്യാപിക്കുന്നത് സാമ്പത്തിക ശാസ്ത്രമല്ല, രാഷ്ട്രീയ മാജിക്കാണ്. കെ റെയിൽ പോയി, പകരം റാപ്പിഡ് റീജിയണൽ ട്രാൻസിറ്റ് സിസ്റ്റം വരുന്നു. വായിൽ കൊള്ളുന്ന ലളിതമായ ഒരു പേരെങ്കിലും ഈ സ്ഥിരം റെയിൽവേ മേമ്പൊടിക്ക് ഇടാമായിരുന്നു

ഇതൊരു വികസന ബജറ്റെന്നാണ് അവകാശവാദം. എന്നാൽ ശരിക്കും പൊട്ടന്മാരായ കുറെ വോട്ടർമാരെ മയക്കാനുള്ള മാജിക് ഷോയാണ്.  ഇലക്ഷൻ കഴിഞ്ഞാൽ തിരശ്ശീല വീഴും, മാജീഷ്യനും മായും, ബാക്കി ചവറ്റുകൊട്ട മാത്രം. പുതിയ സർക്കാർ മറുമുന്നണിയുടേതാണെങ്കിൽ ചവിട്ടുകൊട്ട ഉൾപ്പെടെ തോട്ടിൽ എറിയും..

ഇടതു സർക്കാരിന്റെ ഈ ഫുൾ ബജറ്റ് വസ്തുതകളെ അഭിമുഖീകരിക്കുന്ന രേഖയല്ല, മറിച്ച് യാഥാർഥ്യത്തിൽ നിന്ന് ഓടിയൊളിക്കുന്ന പ്രസംഗപുസ്തകമാണ്. കാശില്ലാത്ത ഖജനാവിൽ നിന്ന് കോടികളുടെ സ്വപ്നങ്ങൾ പ്രഖ്യാപിക്കുന്നത് കടലിൽ നിന്ന് മണൽകൊട്ടാരം പണിയുന്നതിനു തുല്യം. പുതിയ സർക്കാർ വന്നാൽ ഇതെല്ലാം വീണ്ടും എഴുതേണ്ടി വരും.

 ഇപ്പോഴത്തെ ബജറ്റ് ചരിത്ര വസ്തു ആകുന്നത് “ഇടക്കാല സർക്കാരിന്റെ ഇടക്കാല തമാശ” എന്ന പേരിലാകും. അതിനാൽ ഈ ബജറ്റ് വികസനത്തിന്റെ റോഡ് മാപ്പല്ല, രാഷ്ട്രീയത്തിന്റെ കാർട്ടൂൺ മാപ്പാണ്. ആകെയുള്ള ഏക ആശ്വാസം, ഈ ബജറ്റിൽ തൻറെ മുൻഗാമിയായ ധനശാസ്ത്രജ്ഞൻ്റേതു പോലെ മൊഞ്ചത്തിക്കവിതകൾ തലങ്ങും വിലങ്ങും ചേർത്തട്ടില്ല എന്നതാണ്

പണം ഇല്ലാത്തിടത്ത് വികസനസ്വപ്നങ്ങൾ എഴുതി വയ്ക്കുന്നത് ബജറ്റല്ല; അത് ജനങ്ങളെ കബളിപ്പിക്കുന്ന കഥാപ്രസംഗമാണ്.
-കെ എ സോളമൻ

Wednesday, 28 January 2026

തെറ്റായ ആക്ടിവിസം

#തെറ്റായ #ആക്ടിവിസം
വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷണിനെതിരെ സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി സമർപ്പിച്ച ഹർജി അനാവശ്യമാണ്. സർവകലാശാലകളിലെ അഴിമതി തുറന്നുകാട്ടുന്നതിലൂടെ കമ്മിറ്റി വിശ്വാസ്യത നേടിയിട്ടുണ്ടെങ്കിലും, ഭരണഘടനാപരമായി രൂപീകരിച്ച തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തീരുമാനിക്കപ്പെടുന്ന ഒരു ദേശീയ സിവിലിയൻ ബഹുമതിയെക്കുറിച്ച് വിധി പറയാൻ അതിന് അധികാരമില്ല. 

വെള്ളാപ്പള്ളിക്കെതിരെ കെട്ടിക്കിടക്കുന്ന കേസുകളും ധാർമ്മിക സൂചനകളും ദേശീയ അംഗീകാരത്തിന്റെ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് തത്വാധിഷ്ഠിത ആശങ്കയ്ക്ക് പകരം മുൻവിധിയോടെയുള്ള സമീപനമാണ്. എസ്എൻഡിപി യോഗത്തിലൂടെയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ശ്രീനാരായണ ട്രസ്റ്റിലൂടെയും ഈഴവ സമൂഹത്തിന് വെള്ളാപ്പള്ളി നടേശൻ നൽകിയ ആജീവനാന്ത സേവനം നിഷേധിക്കാനാവാത്ത സാമൂഹിക സംഭാവനയാണ്. പതിറ്റാണ്ടുകളായുള്ള പൊതുപ്രവർത്തനം തിരഞ്ഞെടുത്ത ചില ആരോപണങ്ങളുമായി ബന്ധപ്പെടുത്തി ചുരുക്കുന്നത് ബൗദ്ധികമായി സത്യസന്ധമല്ലാത്തതും രാഷ്ട്രീയ പ്രേരിതവുമാണ്.

കൂടുതൽ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യം, കമ്മിറ്റിയുടെ നടപടി പത്മ അവാർഡ് തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ തന്നെ അധികാരത്തെയും സത്യസന്ധതയെയും ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. ശ്രീനാരായണ ഗുരുവിന്റെ കാൽക്കൽ പത്മഭൂഷൺ സമർപ്പിച്ച നടേശന്റെ പ്രവൃത്തി എളിമയുടെയും ആദരവിന്റെയും പ്രതീകമായിരുന്നു, സമൂഹത്തിലുടനീളം ഇത് വ്യാപകമായി പ്രശംസിക്കപ്പെട്ടു. ഈ ബഹുമതിയെ വിവാദപരമായി വ്യാഖ്യാനിക്കുന്നത് നടേശൻ പൊതുജീവിതത്തിൽ സ്ഥിരമായി ഉയർത്തിപ്പിടിച്ച ശ്രീനാരായണ ഗുരുവിന്റെ മൂല്യങ്ങളെയും അവാർഡിനെയും അനാദരിക്കുന്നതിന് തുല്യമാണ്. 

സേവ് യൂണിവേഴ്സിറ്റി കാമ്പെയ്ൻ കമ്മിറ്റിയുടെ നീക്കം ഒരു തത്വാധിഷ്ഠിത പ്രതിഷേധമായി തോന്നുന്നില്ല, മറിച്ച് അതിന്റെ നിയമാനുസൃതമായ ഇടപെടലിന്റെ മേഖലയ്ക്ക് പുറത്ത് ശ്രദ്ധ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു തന്ത്രമായി കാണണം. അത്തരം തെറ്റായ ആക്ടിവിസം അതിന്റെ ധാർമ്മിക നിലയെ ക്ഷയിപ്പിക്കുകയും ഉന്നത വിദ്യാഭ്യാസത്തിൽ അത് അഭിസംബോധന ചെയ്യേണ്ട യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയും ചെയ്യുന്നു. 

പത്മഭൂഷൺ പുരസ്കാരം നൽകിയ ഇന്ത്യൻ രാഷ്ട്രപതിയെ പോലും ഉപദേശിച്ചു നേരെയാക്കാൻ ശ്രമിക്കുന്ന സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ നടപടി അല്പം അതിരു കടന്നതായിപ്പോയി.

-കെ എ സോളമൻ

Monday, 26 January 2026

വെള്ളാപ്പള്ളിയെ ആദരിക്കുമ്പോൾ

#വെള്ളാപ്പള്ളിയെ #ആദരിക്കുമ്പോൾ
വെള്ളാപ്പള്ളി നടേശന് ലഭിച്ച പത്മഭൂഷൺ വെറുമൊരു വ്യക്തിഗത ബഹുമതിയല്ല, മറിച്ച് ശ്രീനാരായണ ഗുരുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സാമൂഹിക പരിഷ്കരണത്തിലും സമൂഹ ശാക്തീകരണത്തിലും വേരൂന്നിയ ദശാബ്ദങ്ങളുടെ പൊതുസേവനത്തിനുള്ള അംഗീകാരമാണ്. 

എസ്എൻഡിപി യോഗത്തിന്റെ ദീർഘകാല ജനറൽ സെക്രട്ടറി എന്ന നിലയിൽ, കേരളത്തിലെ ഏറ്റവും സ്വാധീനമുള്ള സാമൂഹിക-ആത്മീയ സംഘടനകളിലൊന്നിനെ ആധുനികവൽക്കരിക്കാനും ശക്തിപ്പെടുത്താനും നടേശൻ പ്രവർത്തിച്ചിട്ടുണ്ട്.  അതിന്റെ പ്രവർത്തനങ്ങൾ സമകാലിക സാമൂഹിക വെല്ലുവിളികൾക്ക് പ്രസക്തമാണെന്ന്  ഉറപ്പാക്കുകയും ചെയ്യുന്നു അദ്ദേഹം..

ശ്രീനാരായണ ഗുരുവിന്റെ കാൽക്കൽ അവാർഡ് സമർപ്പിക്കാൻ അദ്ദേഹം തിരഞ്ഞെടുത്തത് പ്രതീകാത്മകമായി ഈ ബഹുമതി വ്യക്തിപരമായ മഹത്വത്തിനല്ല, സമത്വം, അന്തസ്സ്, ആത്മാഭിമാനം എന്നിവയുടെ പരിഷ്കരണവാദ പൈതൃകത്തിന്റേതാണെന്ന് തെളിയിക്കുന്നു. ആയതിനാൽ, അദ്ദേഹത്തിന്റെ സംഭാവനകളെ "പൊതുകാര്യങ്ങൾ" എന്ന വിഭാഗത്തിൽ ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയത് ഉചിതമാണ്.  അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സംഘടനാ നേതൃത്വത്തിനപ്പുറം സാമൂഹിക നീതിയുടെയും പൊതു വ്യവഹാരത്തിന്റെയും വിശാലമായ മേഖലയിലേക്ക് വ്യാപിക്കപ്പെട്ടതാണ്. 

കേരളത്തിലെ പൊതുജീവിതം എല്ലായ്പ്പോഴും പ്രബലമായ ആഖ്യാനങ്ങളെ വെല്ലുവിളിച്ച ശക്തരും തുറന്നുപറയുന്നവരുമായ വ്യക്തികളാൽ രൂപപ്പെട്ടതാണെന്ന അസ്വസ്ഥമായ സത്യത്തെ സോഷ്യൽ മീഡിയയിലെ വിമർശനങ്ങളും പരിഹാസങ്ങളും അവഗണിക്കുന്നു.  രാഷ്ട്രീയ മുന്നണികൾ തിരഞ്ഞെടുക്കപ്പെട്ട പ്രീണനങ്ങളും വർഗീയ ഗണിതവും കൂടുതലായി അവലംബിച്ച ഒരു സമയത്ത്, തന്റെ സമുദായത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള നിരന്തരമായ ശ്രമത്തിൽ നിന്നാണ് നടേശന്റെ തുറന്നുപറച്ചിൽ ഉടലെടുത്തത്.   അതിലാരും അധികം വിഷമിച്ചിട്ടു കാര്യമില്ല.

മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും സമാനമായതോ മോശമായതോ ആയ പെരുമാറ്റത്തെ ന്യായീകരിക്കുമ്പോൾ, ധ്രുവീകരണത്തിനായി വെള്ളാപ്പള്ളിയെ ഒറ്റപ്പെടുത്തുന്നത് തത്വാധിഷ്ഠിതമായ എതിർപ്പിനെക്കാൾ ഇരട്ടത്താപ്പിനെയാണ് കാണിക്കുന്നത്. ഈ സാഹചര്യത്തിൽ നിശബ്ദത പാലിക്കാൻ വിസമ്മതിച്ച ഒരു ശബ്ദത്തെയും പതിറ്റാണ്ടുകളായി സാമൂഹികമായി ഇടപഴകിയ ഒരു സംഘടനയെയും ആണ് പത്മഭൂഷൺ നൽകി രാജ്യം അംഗീകരിക്കുന്നത്.. 

വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്നത് അദ്ദേഹം നടത്തിയ എല്ലാ പ്രസ്താവനകളെയും അംഗീകരിച്ചു കൊണ്ടല്ല, മറിച്ച് സുസ്ഥിരമായ സേവനത്തിനും സ്ഥാപന നേതൃത്വത്തിനും ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത സാമൂഹിക ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിൽ അദ്ദേഹം വഹിച്ച പങ്കിനുമുള്ള അംഗീകാരമായാണ്.
-കെ എ സോളമൻ

Friday, 23 January 2026

സംസ്ഥാന മൈക്രോബ്

#സംസ്ഥാന #മൈക്രാബ്
കേരളം ഇനി വെറും “ദൈവത്തിന്റെ സ്വന്തം നാട്” മാത്രമല്ല, “ബാക്ടീരിയയുടെ സ്വന്തം നാട്” കൂടിയാണ്. സംസ്ഥാന പക്ഷി മുതൽ സംസ്ഥാന ഞണ്ടുവരെയുള്ള പട്ടിക തീർന്നപ്പോൾ ഇതാ അഭിമാനപൂർവം അവതരിപ്പിക്കുന്നു സംസ്ഥാന മൈക്രോബ് ; ബാസിലസ് സബ്റ്റിലിസ് എന്നാണ് പേര്.

 മണ്ണിലും വെള്ളത്തിലും വയറ്റിലും ഉള്ള ഈ സൂക്ഷ്മാണു ഇനി ഔദ്യോഗികമായി മലയാളിയാണ്. അതുകൊണ്ട് നാളെ മുതൽ സ്കൂൾ കലോത്സവത്തിൽ സംസ്ഥാന മൈക്രോബ് നൃത്തം അവതരിപ്പിച്ചാലും അത്ഭുതപ്പെടേണ്ട. ടൂറിസം ബ്രാൻഡിംഗും ഉടൻ വന്നേക്കും. : “കേരളത്തിലേക്ക് വരൂ നമ്മുടെ സുഹൃത്ത് ബാക്ടീരിയയെ കാണൂ " ഇതായിരിക്കും പരസ്യവാചകം..

ഇനി വാക്സിൻ എടുക്കുമ്പോൾ പോലും സംസ്ഥാനം ചോദിക്കേണ്ടി വരും "ഇത് സ്വദേശിയാണോ, അതിഥിയാണോ?” എന്ന്.  മറ്റു സംസ്ഥാനങ്ങളും രാജ്യങ്ങളും ഇതു കണ്ടു അസൂയപ്പെടുമോ എന്നതാണ് അടുത്ത ആശങ്ക. തമിഴ്നാട് “നമ്മുടേത് ലാക്ടോബാസില്ലസ്” എന്ന് പറഞ്ഞാൽ, കര്‍ണാടക “ഇത് ഞങ്ങളുടെ മണ്ണിൽ ആദ്യം വളർന്നതാണ്” എന്ന് പറഞ്ഞ് പേറ്റന്റ് കോടതിയിൽ കേസ് കൊടുത്താലോ? അപ്പോൾ സുപ്രീം കോടതി വിധി ഇങ്ങനെ വന്നേക്കും: “ബാക്ടീരിയയ്ക്ക് സംസ്ഥാനങ്ങളും അതിരുകളുമില്ല"

 പക്ഷേ കേരളത്തിന് പ്രഖ്യാപനങ്ങൾക്ക് അവസാനമില്ല. "കേരളം നമ്പർ വൺ " എന്ന് പറഞ്ഞ് പറഞ്ഞ് മന്ത്രിമാരുടെ നാക്ക് ഉളുക്കിയിരിക്കുകയാണ്. എന്നാലും നമ്പർവൺ സ്ഥാനം നിലനിർത്താൻ ഇപ്പോഴുള്ളതിൻ്റെ കൂടെ  മൈക്രോബിനെയും കൂട്ടി മുന്നേറുകയാണ് ലക്ഷ്യം. അടുത്ത ഘട്ടം എന്താകും? 

സംസ്ഥാന വൈറസ്? സംസ്ഥാന അമീബ, സംസ്ഥാന പുഴു ?എന്തായാലും ജനം ഉറപ്പായി പറയും: ലോകത്ത് ഒരിടത്തും ഇങ്ങനെ ചെറുതിനെ പോലും ഇത്ര വലിയ ബഹുമതി നൽകുന്ന നാട് വേറെയില്ല!
- കെ എ സോളമൻ

Thursday, 22 January 2026

ഫിഷറീസ് ഓഫീസുകൾ കാര്യക്ഷമമാക്കണം

#ഫിഷറീസ് ഓഫീസുകളുടെ പ്രവർത്തനം #കാര്യക്ഷമമാക്കണം.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുക്കാൻ മത്സ്യത്തൊഴിലാളികൾക്ക് ബോധവത്ക്കരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഫിഷറീസ് ഡയറക്ടർക്ക് നൽകിയ നിർദ്ദേശം അത്യന്തം പ്രസക്തവും സ്വാഗതാർഹവുമാണ്. അംഗത്വമില്ലെന്ന കാരണത്താൽ മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ മരിച്ച 39 മത്സ്യത്തൊഴിലാളികളിൽ 14 പേരുടെ കുടുംബങ്ങൾക്ക് ആനുകൂല്യം ലഭിക്കാതിരുന്നത് ഫിഷറീസ് വകുപ്പിന്റെ ഗുരുതര അനാസ്ഥയാണ് തെളിയിക്കുന്നത്. 

സംസ്ഥാനത്തെ പല പ്രാദേശിക ഫിഷറീസ് ഓഫീസുകളും കൃത്യമായി പ്രവർത്തിക്കുന്നില്ല; ഉദ്യോഗസ്ഥർ പല ദിവസങ്ങളിലും ഹാജരാകാത്ത സ്ഥിതിയാണ്. ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ വിവരങ്ങൾ പോലും ഫിഷറീസ് വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമല്ലാത്തത് ഭരണപരമായ അലംഭാവത്തിന്റെ ഉദാഹരണമാണ്.
പ്രായമേറിയ മത്സ്യത്തൊഴിലാളികൾ ഒരു ചെറിയ വിവരം തേടി ഓഫീസുകളിൽ എത്തിയാൽ പോലും വേണ്ട സഹായം ലഭിക്കാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്.
അവശത അനുഭവിക്കുന്ന തൊഴിലാളികളുടെ വീടുകളിലെത്തി സേവനം നൽകേണ്ട ഉത്തരവാദിത്വം ഫിഷറീസ് വകുപ്പും ക്ഷേമനിധി ബോർഡും പൂർണമായും അവഗണിക്കുന്നു. 

വകുപ്പിന് കീഴിലുള്ള പ്രാദേശിക ഓഫീസുകളുടെ പേരും പൂർണ വിലാസവും വെബ്സൈറ്റിൽ പോലും പ്രസിദ്ധീകരിക്കാത്തത് അതീവ ആശങ്കാജനകമാണ്. ഇത്തരം സാഹചര്യങ്ങളിൽ പരാതിപ്പെടാൻ പോലും വഴിയില്ലാതെ പ്രായമേറിയ മത്സ്യത്തൊഴിലാളികൾ ഒറ്റപ്പെടുകയാണ്. ഈ അവസ്ഥയിൽ അടിയന്തര സർക്കാർ ഇടപെടൽ അനിവാര്യമാണ്; പ്രായമായ, അവശരായ മത്സ്യത്തൊഴിലാളികളുടെ ക്ഷേമം വീട്ടിലെത്തി അന്വേഷിക്കുകയും ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്ന സംവിധാനം സർക്കാർ തലത്തിൽ ഒരുക്കണം.

ഭരണ നർവ്വഹണത്തിന്റെ അവസാന നാളുകളിൽ എത്തിയിരിക്കുന്ന സാഹചര്യത്തിലെങ്കിലും വകുപ്പ് മന്ത്രിക്ക് ഇക്കാര്യങ്ങളിൽ ശ്രദ്ധ ഉണ്ടാകുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ.
-കെ എ സോളമൻ

ശക്തമായ മുന്നറിയിപ്പ്

#ശക്തമായ #മുന്നറിയിപ്പ്
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി–ട്വന്റി ട്വന്റി കൂട്ടുകെട്ട് പ്രഖ്യാപിക്കപ്പെട്ട നിമിഷം മുതൽ കേരള രാഷ്ട്രീയത്തിലെ സ്ഥിരം  കൂട്ടുകെട്ടുകളുടെ ഉറക്കം നഷ്ടപ്പെട്ടു. വികസനം പറഞ്ഞാൽ “കോർപ്പറേറ്റ്”, കാര്യക്ഷമത പറഞ്ഞാൽ “ഫാസിസം” എന്ന് മുദ്രകുത്തുന്നവർക്കിടയിൽ, സ്വന്തം കാലിൽ നിൽക്കുന്ന ഒരു പാർട്ടി എൻഡിഎയിലേക്കെത്തിയത് യാദൃച്ഛികമല്ല. 

തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിയെ തോൽപ്പിക്കാൻ ചിഹ്നം മറച്ച് കൈകോർത്ത കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇപ്പോൾ ധാർമികതയുടെ ക്ലാസ് എടുക്കാൻ ഇറങ്ങുന്നത് കാണുമ്പോൾ, രാഷ്ട്രീയ നൈതികത എന്ന വാക്കിന് പോലും ചിരിവരുന്ന അവസ്ഥ. അധികാരത്തിനായി എന്തും ചെയ്യാം, പക്ഷേ മറ്റുള്ളവർ കൂട്ടുകൂടിയാൽ അതാണ് കപടം എന്ന് പറയുന്നതാണ് കേരളത്തിലെ സെക്യുലർ ഗണിതം.

ബിജെപി–ട്വന്റി ട്വന്റി കൂട്ടുകെട്ട് മുന്നോട്ടുവയ്ക്കുന്നത് വെറും കസേര രാഷ്ട്രീയമല്ല, മറിച്ച് പ്രവർത്തനം അളക്കാവുന്ന വികസന രാഷ്ട്രീയം തന്നെയാണ്. ക്രിസ്തീയ സമൂഹത്തെ വർഷങ്ങളായി ഭീഷണിപ്പെടുത്തി പിടിച്ചുനിർത്തുന്ന മുന്നണികൾക്ക് ഇത് ശക്തമായ മുന്നറിയിപ്പുമാണ്. വോട്ട് ബാങ്കിനെ പേടിപ്പിച്ചു വളർത്തിയെടുത്തവർക്ക് മുന്നിൽ, വിശ്വാസത്തെ ബഹുമാനിച്ചും വികസനം വാഗ്ദാനം ചെയ്തും മുന്നേറുന്ന രാഷ്ട്രീയം ഒരു പുതിയ വഴിയാണ്.

 അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ടിനെതിരെ ഉയരുന്ന നിലവിളികൾ പ്രതിഷേധമല്ല, അധികാരം കൈവിടുമെന്ന ഭയത്തിന്റെ ശബ്ദമാണ്. കേരള രാഷ്ട്രീയം ഇതു തിരിച്ചറിയുന്ന കാലം അധികം  അകലെയല്ല
- കെ എ സോളമൻ

Tuesday, 20 January 2026

വൈറ്റ് ടീഷർട്ട് പ്രസ്ഥാനം

#വൈറ്റ് #ടീഷർട്ട് #പ്രസ്ഥാനം
രണ്ടുവർഷം മുമ്പ് ആരംഭിച്ച രാഹുൽ ഗാന്ധിയുടെ വൈറ്റ് ടി-ഷർട്ട് പ്രസ്ഥാനം, പ്രഖ്യാപിച്ച നാൾ മുതൽ തന്നെ ഒരു “വൈറ്റ് വൈരുദ്ധ്യം” ആയി മാറിയിരുന്നു. 41,000 രൂപ വിലയുള്ള ബർബെറി ടി-ഷർട്ട് ധരിച്ച് ഇന്ത്യയുടെ തെക്കും വടക്കും കിഴക്കും പടിഞ്ഞാറും  ജോഡോ യാത്ര നടത്തി സാമ്പത്തിക അസമത്വമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ പ്രശ്‌നമെന്ന് പ്രഖ്യാപിക്കുമ്പോൾ, ആ വാചകത്തിനൊപ്പം ഒരു ചെറു ചിരി സ്വാഭാവികമായി വിടർന്നിരുന്നു.

ഒരു ശരാശരി സർക്കാർ ജീവനക്കാരന്റെ മാസശമ്പളത്തേക്കാൾ വിലയുള്ള വസ്ത്രം ധരിച്ച് അസമത്വത്തിനെതിരെ പോരാടുന്ന നേതാവിൻ്റെ പ്രകടനം ഗംഭീരമെന്നു പലരും വാഴ്ത്തി, പക്ഷേ പ്രസ്ഥാനം ക്ലച്ച് പിടിക്കാതെ പോയി. ആഗോള അസ്ഥിരതയ്ക്ക് ധനസഹായം ചെയ്യുന്ന കോടീശ്വരന്മാരുടെ കൂട്ടുകാരനായി നിന്ന് അഹിംസയും ഐക്യവും ഉപദേശിക്കുമ്പോൾ, സന്ദേശത്തേക്കാൾ ശ്രദ്ധ പിടിച്ചെടുത്തത് ടാഗിൽ തൂങ്ങിയിരുന്ന ബ്രാൻഡ് നാമം തന്നെയായിരുന്നു.

സാമ്പത്തിക അസമത്വം യഥാർത്ഥ വില്ലനാണെങ്കിൽ, എന്തുകൊണ്ടാണ് ആ വില്ലനെ നേരിടാൻ കുറച്ചുപേർക്കു മാത്രം വാങ്ങാൻ കഴിയുന്ന ടി-ഷർട്ട് യൂണിഫോമായി തെരഞ്ഞെടുത്തതെന്ന് ഇന്നും അജ്ഞാതമാണ്. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ മുഖ്യമന്ത്രി കാൻഡിഡേറ്റായി കേരളത്തിൽ കേൾക്കുന്ന കെ.സി. വേണുഗോപാൽ പോലും ആ ടി-ഷർട്ട് ധരിച്ച് പ്രത്യക്ഷപ്പെടാത്തത് ഈ “വൈറ്റ് വിപ്ലവത്തിന്റെ” നിറം അല്പം മങ്ങിയതാക്കി. 

സാധാരണക്കാരെ വിലകുറഞ്ഞ വസ്ത്രങ്ങളിൽ മാർച്ച് ചെയ്യാൻ വിടാതെ, എല്ലാവർക്കും ബർബെറി ടി-ഷർട്ട് ഏർപ്പാടാക്കിയിരുന്നെങ്കിൽ പ്രസ്ഥാനത്തിന് കുറഞ്ഞത് ഫാഷൻ ലോകത്തെങ്കിലും വലിയ റീച്ച് കിട്ടിയേനേ. പക്ഷേ രാഹുലിന് വിശ്വാസമുള്ളത് കെ.സി. വേണുഗോപാൽ എന്ന ഒരാൾ മാത്രമാണെങ്കിൽ, അദ്ദേഹത്തിന്റെ ടി-ഷർട്ട് പ്രസ്ഥാനവും വേണുഗോപാലിന്റെ മുഖ്യമന്ത്രി കസേരയും ഒരേപോലെ ആവിയായി പോകാനാണ് സാധ്യത 

വലിയ പ്രതീക്ഷയുമായി നടന്നിരുന്ന വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സുധാകരൻ, സണ്ണി ജോസഫ്, ശശി തരൂർ എന്നിവരുടെ കാര്യമാണ് കഷ്ടം.  ഇവരെല്ലാം മുന്നിലൂടെ തലങ്ങും വിലങ്ങും ജാഡോ കളിച്ചിട്ടു പോലും ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കഴിഞ്ഞ ഒരു യോഗത്തിൽ രാഹുൽ ഗാന്ധി കാണിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ കിട്ടിയ കുതിപ്പ് കേരളത്തിലെ കോൺഗ്രസ് നേതാക്കളോടുള്ള ടി-ഷർട്ട് പ്രസ്ഥാന നായകൻ്റെ പെരുമാറ്റത്തിൽ അപ്രത്യക്ഷമാകുമോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
— കെ. എ. സോളമൻ

Monday, 19 January 2026

വർഗ്ഗീയ ധ്രൂവീകരണം

#വർഗീയധ്രുവീകരണം
ഒരു തിരഞ്ഞെടുപ്പ് കാലത്ത് എൻ എസ് എസും  എസ് എൻ ഡി പി യും  തമ്മിലുള്ള പെട്ടെന്നുള്ള സൗഹൃദം, കേരളത്തിലെ സങ്കീർണ്ണമായ സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള  വോട്ട് കണക്കുകൂട്ടൽ മാത്രം. യഥാർത്ഥ ബോധ്യത്തിനു പകരം രാഷ്ട്രീയ സൗകര്യത്തിനായി രൂപീകരിച്ച അത്തരം താൽക്കാലിക സഖ്യങ്ങൾ, മുൻകാലങ്ങളിൽ പരാജയപ്പെട്ടിട്ടുണ്ട്, കാരണം അവ കേരളത്തിലെ വോട്ടർമാരുടെ രാഷ്ട്രീയ അവബോധത്തെ വിലകുറച്ചു കാണിക്കുന്നതായിരുന്നു 

ഈ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള അടിസ്ഥാന വ്യത്യാസങ്ങൾ അവഗണിക്കാൻ കഴിയില്ല. വെള്ളാപ്പള്ളിയെ പെരുന്നയിൽ കയറ്റുന്നതിനെക്കുറിച്ച് ഇനിയുംആലോചിക്കണ്ടി വരുമെന്നാണ് പുതുസൗഹൃദത്തിലും സുകുമാരൻ നായർപറയുന്നത്.  എന്നുവച്ചാൽ ഇറങ്ങി പോകുമ്പോൾ ചാണകം വെള്ളം തളിക്കുമെന്ന് വ്യക്തം .

സർക്കാരിൻ്റെ ഉദ്യോഗ നിയമനം വരുമ്പോൾ നായന്മാർ പൊതു വിഭാഗത്തിലും  ഈഴവർ ഒബിസി സംവരണത്തിലുമാണ്. അതുകൊണ്ട് സാമ്പത്തിക സംവരണം ഏർപ്പെടുത്തണമെന്ന് നായന്മാർ, പറ്റില്ലെന്ന് ഈഴവർ . ഈ വൈരുദ്ധ്യാത്മക താൽപ്പര്യങ്ങൾ പൊതു വേദിയിൽ ആലിംഗനം ചെയ്തു ഇല്ലാതാക്കാനാവില്ല.

 വെള്ളാപ്പള്ളി–സുകുമാരൻ നായർമാരുടെ പഴയ ഭായി - ഭായി പരീക്ഷണം ഇത് വ്യക്തമായി തെളിയിച്ചു. ഇന്ന് ഇതേ വ്യായാമം ആവർത്തിക്കുന്നത് പൊതുജനങ്ങളുടെ അവിശ്വാസം വർദ്ധിപ്പിക്കും. കേരളത്തിലെ പരിഷ്കരണാധിഷ്ഠിതവും വിഷയാധിഷ്ഠിതവുമായ രാഷ്ട്രീയ ചിന്താ പാരമ്പര്യത്തെ ഇതു ദുർബലപ്പെടുത്തുകയും ചെയ്യും.

ഈ നീക്കങ്ങൾ സംസ്ഥാനത്ത് വളർന്നുവരുന്ന വർഗീയ ധ്രുവീകരണത്തിന്റെ ശക്തി വർദ്ധിപ്പിക്കും. മറ്റ് ഗ്രൂപ്പുകളെ നേരിടുന്നതിന്റെ പേരിൽ സമുദായങ്ങളെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിലേക്ക് തള്ളിവിടുന്ന അവസ്ഥ.  മുസ്ലീങ്ങൾ യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും പിന്തുണയ്ക്കുന്നു എന്ന വാദം, ഹിന്ദു ജാതി സംഘടനകൾക്കിടയിൽ ഒരു എതിർ സമാഹരണത്തിന് കാരണമായി എന്നത് വാസ്തവം. കാന്തപുരത്തിന്റെ ഇടത്തും വരുത്തും പിണറായിയും സതീശനും ഇരുന്നു സൊറ പറഞ്ഞാൽ മറ്റു മതക്കാർക്ക് അത് കണ്ടില്ലെന്നു നടിക്കാനാവില്ല' അതിൻറെ അലയൊലി സമൂഹത്തിൽ ഉണ്ടാകും.

നായർ -ഈഴവ നവഐക്യത്തിൻ്റെ അപകടം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മനസ്സിലായതായി തോന്നുന്നു, പക്ഷേ അദ്ദേഹത്തെ പരസ്യമായി പിന്തുണയ്ക്കാൻ കോൺഗ്രസ് നേതാക്കൾ മടിക്കുന്നത് ഇരട്ടത്താപ്പല്ലെങ്കിൽ മറ്റെന്താണ്?  വർഗീയതയെ വാക്കുകളാൽ എതിർക്കുമ്പോൾ അതിനോട് നിശബ്ദമായി മാത്രംപൊരുത്തപ്പെടുന്നത് ഒരു മോശം രീതിയാണ്. 

കേരളത്തിന് പുതിയ ജാതി സഖ്യങ്ങളോ സാമുദായിക സമവാക്യങ്ങളോ ആവശ്യമില്ല. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും, വോട്ട് ബാങ്കുകൾക്ക് അപ്പുറം യഥാർത്ഥ സാമൂഹിക നീതി പിന്തുടരുന്നതിനും, ഹ്രസ്വകാല തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി സമൂഹത്തെ വിഭജിക്കുന്ന സ്വത്വ രാഷ്ട്രീയം നിരസിക്കുന്നതിനുമുള്ള രാഷ്ട്രീയ ധൈര്യമാണ് കേരളത്തിന് വേണ്ടത്.
- കെ.എ. സോളമൻ

Sunday, 18 January 2026

കാലഘട്ടത്തിൻറെ ആവശ്യം

#കാലഘട്ടത്തിൻറെ #ആവശ്യം
ഇസ്‌ലാമിനെ തെറ്റായി വ്യാഖ്യാനിച്ച് രാഷ്ട്രീയലാഭത്തിനും അധികാരലാഭത്തിനുമായി ഉപയോഗിക്കുന്ന തീവ്രവാദ പ്രവണതകൾ മനുഷ്യരാശിക്കെതിരായ ഗുരുതര ഭീഷണിയാണ്. ഇത്തരം ആശയവ്യാപനങ്ങൾ തടയാൻ ലോക രാഷ്ട്രങ്ങൾ ഏകോപിതമായി പ്രവർത്തിക്കണം. 

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതസംഘടനകൾ, സാമൂഹിക മാധ്യമങ്ങൾ എന്നിവ വഴി പ്രചരിക്കുന്ന അക്രമവാദ പ്രചാരണങ്ങളെ ശക്തമായ നിയമനടപടികളിലൂടെ നിയന്ത്രിക്കുകയും, യുവാക്കളെ വിമർശനാത്മക ചിന്തയിലേക്കും സമാധാനപരമായ മതബോധത്തിലേക്കും നയിക്കുന്ന വിദ്യാഭ്യാസപരിപാടികൾ ശക്തിപ്പെടുത്തുകയും വേണം.

മതേതരത്വം, മതനിരപേക്ഷത തുടങ്ങിയ വൃഥാ ധാരകോരലിനു പകരം  മതത്തിന്റെ യഥാർത്ഥ മൂല്യങ്ങളായ സഹിഷ്ണുത, മാനവികത, സമാധാനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന നേതാക്കളെയും സ്ഥാപനങ്ങളെയും പിന്തുണച്ച് സമൂഹമാകെ ബോധവൽക്കരണം നടത്തുന്നത് തീവ്രവാദത്തിന്റെ വേരറുക്കാൻ സഹായകമാകും.

ഈ പശ്ചാത്തലത്തിൽ, ബ്രിട്ടീഷ് സർവകലാശാലകളിലെ തീവ്രവാദ സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കയിൽ അവിടെ പഠിക്കാൻ പോകുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് നിഷേധിച്ച് യുഎഇ എടുത്ത നടപടി പ്രശംസനീയവും ദീർഘവീക്ഷണമുള്ളതുമാണ്. സ്വന്തം വിദ്യാർത്ഥികളെ അപകടകരമായ ആശയവ്യാപനങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഒരു ഭരണകൂടത്തിന്റെ അടിസ്ഥാന കടമയാണ്, അതാണ് യുഎഇ ഇവിടെ നിർവഹിച്ചിരിക്കുന്നത്. 

ഇത്തരം കർശന നിലപാടുകൾ മറ്റ് മുസ്ലീം രാഷ്ട്രങ്ങളും സ്വീകരിച്ചാൽ, മതത്തിന്റെ പേരിൽ നടക്കുന്ന ഭീകരപ്രവർത്തനങ്ങൾക്ക് ശക്തമായ തിരിച്ചടിയാകും. ലോക സമാധാനത്തിനും മാനവിക സുരക്ഷയ്ക്കുമായി, തീവ്രവാദത്തെ എല്ലാ രൂപങ്ങളിലും നിഷേധിക്കുകയും, നിയമപരവും വിദ്യാഭ്യാസപരവുമായ നടപടികളിലൂടെ അതിനെ നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് ഇന്നത്തെ കാലഘട്ടത്തിന്റെ നിർണ്ണായക ആവശ്യം.
-കെ എ സോളമൻ

Friday, 16 January 2026

ക്ഷാമബത്തയുടെ ദാർനികതലം

#ക്ഷാമബത്തയുടെ #ദാർശനികതലം
ക്ഷാമബത്ത (ഡിഎ) എന്നത് സർക്കാർ ജീവനക്കാരുടെ അവകാശമാണോ അതോ സർക്കാർ വക  ദാനമാണോ എന്ന കാര്യത്തിൽ ഇപ്പോൾ വലിയ ദാർശനിക ചർച്ചയാണ് നടക്കുന്നത്. സർക്കാർ ഹൈക്കോടതിയിൽ ചെന്നു പറഞ്ഞത് ലളിതം: “പണമില്ല, അതുകൊണ്ട് ഡി എ ഇല്ല”.

 ഇത്  ഒരു ആകസ്മിക സംഭവമായി കാണേണ്ടതില്ല, പകരം സർക്കാർ തന്നെ വരുത്തിവെച്ച  കൃത്രിമ ക്ഷാമമാണ്. ഖജനാവിൽ കാശില്ലെന്ന് പറഞ്ഞ് ജീവനക്കാരന്റെ ഡി.എ തടഞ്ഞുവെക്കുമ്പോൾ, അതേ ഖജനാവിൽ നിന്നാണ് ഉയർന്ന ശമ്പളത്തിൽ പാർട്ടി-സൗഹൃദ പിഎസ്‌സി അംഗങ്ങളെയും പുറംവാതിൽ ഉദ്യോഗസ്ഥരെയും നിയമിക്കുന്നത്. ജയിൽപുള്ളികൾക്ക് ദിവസവേതനം പത്തിരട്ടി കൂട്ടാൻ പണമുണ്ടെങ്കിൽ, വിലക്കയറ്റത്തിൽ ഞെരുങ്ങുന്ന ജീവനക്കാരന് ഡി.എ കൊടുക്കാൻ മാത്രം ഖജനാവ് ശൂന്യമാകുന്നത് എങ്ങനെ ? യുപിഐ ട്രാൻസാക്ഷൻ്റെ ഭാവിയെക്കുറിച്ച് പ്രവചനം നടത്തിയ കേരളത്തിന്റെ ആസ്ഥാന സാമ്പത്തിക ശാസ്ത്രജ്ഞനു പോലും വിശദീകരിക്കാൻ പറ്റാത്ത സങ്കീർണമായ സാമ്പത്തിക രഹസ്യം!

സർക്കാർ പറയുന്നു: ഡി.എ എന്നത് കോമ്പൻസേറ്ററി അലവൻസ് മാത്രം, അത് അവകാശമല്ല. ജീവനക്കാരും കോടതികളും  പറയുന്നത് മറ്റൊരു തരത്തിൽ: “അത് ഡെഫേർഡ് വേജ് ആണ്; ദയയല്ല, വേതനമാണ്.” സുപ്രീം കോടതി തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്, ഡി.എ സർക്കാർ ജീവനക്കാരോട് കാണിക്കുന്ന ഔദാര്യമല്ല, ജീവിക്കാൻ വേണ്ടിയുള്ള നിയമപരമായ അവകാശമാണ്. ആർട്ടിക്കിൾ 300A പ്രകാരം ഒരാളുടെ സ്വത്തിനെ നിയമപരമായ നടപടിയില്ലാതെ പിടിച്ചുവെക്കാൻ പാടില്ലെന്ന്. അപ്പോൾ പിന്നെ ശമ്പളത്തിന്റെ ഭാഗമായ ഡി.എ തടഞ്ഞുവെക്കുന്നത് എങ്ങനെ ഭരണഘടനാപരമാകും?

 ഐ.എ.എസ് ഉദ്യോഗസ്ഥർക്കും കേന്ദ്ര ജീവനക്കാർക്കും മന്ത്രിമാർക്കും , എം പി, എം എൽ എ മാർക്കും കൃത്യമായി ഡി.എ കിട്ടുമ്പോൾ, സംസ്ഥാന ജീവനക്കാരെ മാത്രം സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പഠിപ്പിക്കുന്നതിൻ്റെ ലോജിക് എന്താണ്? സർക്കാരിൻറെ തുല്യനീതിയുടെ പുതിയ വ്യാഖ്യാനമായാണോ ഇതിനെ കാണേണ്ടത്?

നിലവിലെ സത്യവാങ്മൂലം ഒരു നിയമവാദത്തേക്കാൾ സാവകാശതന്ത്രം ആണെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം, കോടതി ചവിട്ടുകൊട്ടയിൽ തള്ളാൻ സാധ്യതയുള്ള ഉപദേശി വാദം. “ഇത് അവകാശമല്ല” എന്ന് പറഞ്ഞാൽ, കുറച്ചുകാലത്തേക്ക് ഡിഎ കൊടുക്കുന്നത്  വൈകിപ്പിക്കാം എന്നതാണ് സർക്കാർ ഉപദേശികളുടെ കാഞ്ഞബുദ്ധി.

പക്ഷേ, ധൂർത്തുകൾ നിയന്ത്രിക്കാതെ ജീവനക്കാരന്റെ അവകാശങ്ങൾ തടയുന്നത് നീതിയല്ലെന്നു കോടതി മുമ്പേ പറഞ്ഞിട്ടുണ്ട്. ഖജനാവിന്റെ കുഴപ്പം പരിഹരിക്കാനുള്ള എളുപ്പവഴിയായി സർക്കാർ തെരഞ്ഞെടുത്ത മാർഗ്ഗം ജീവനക്കാരന്റെ പോക്കറ്റിൽ കൈയ്യിടുക എന്നതാണ്. വിലക്കയറ്റം ജീവനക്കാരൻ്റെ വരവു -ചെലവിൻ്റെ  താളം തെറ്റിക്കുമ്പോൾ സർക്കാർ പറയുന്ന ആശ്വാസവാക്ക് ഇതാണ്: “ക്ഷമിക്കണം, ക്ഷാമബത്തയ്ക്ക് ഇപ്പോൾ കടുത്ത ക്ഷാമമാണ്, സാവകാശം വേണം"

കേസും  കോടതിയുമൊക്കെയായി ജീവനക്കാർ അവരുടെ അവകാശം സ്ഥാപിച്ചെടുക്കും, സംശയമില്ല, പക്ഷെ പെൻഷൻകാരുടെ കാര്യമാണ് കഷ്ടം. അവകാശപ്പെട്ട അലവൻസ് കിട്ടാൻ സമയം കൂടുതൽ വേണ്ടി വന്നാൽ  അത് വാങ്ങാൻ നിൽക്കാതെ കുറെ പേരെങ്കിലും സർക്കാരിനോടും  ലോകത്തോടും യാത്രപറഞ്ഞ് തെക്കേപറമ്പിലോ ശവക്കുഴിയിലോ അന്ത്യവിശ്രമത്തിൽ ആയിരിക്കും!
-കെ എ സോളമൻ

Thursday, 15 January 2026

അവസരവാദ അതിജീവനം

#അവസരവാദ #അതിജീവനം
ജോസ് കെ മാണി വീണ്ടും ബൈബിൾ തുറന്നത് ആത്മീയ ഉണർവിനല്ല, രാഷ്ട്രീയ അതിജീവനത്തിനാണെന്ന കാര്യത്തിൽ ഇനി സംശയം വേണ്ട. സത്യവേദപുസ്തകം ലൂക്കോസ് 23:28 ഇഷ്ടവാക്യമായി തിരഞ്ഞെടുക്കപ്പെട്ടത് യാദൃച്ഛികമായല്ല.

 “എന്നെയോർത്ത് കരയേണ്ട” എന്ന യേശുവിന്റെ വാക്കുകൾ,"തങ്ങളെയോർത്ത് ആരും കരയേണ്ട” എന്ന ജോസ് കെ. മാണിയുടെ പ്രസ്താവനയായി മലയാള രാഷ്ട്രീയത്തിൽ പുനർജനിച്ചു. എന്നാൽ യേശു പറഞ്ഞത് വരാനിരിക്കുന്ന മഹാവിപത്തിനെ കുറിച്ചായിരുന്നു; മാണിക്കുഞ്ഞ് സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന അധികാരവിരഹത്തെയാണെന്ന ചെറിയ വ്യത്യാസം മാത്രം. അധികാരമില്ലാത്ത ജീവിതം ത്യാഗമാകുമ്പോൾ അതിനെ സഹനമെന്ന് വിളിക്കാമെന്ന പുതിയ തിയോളജിയാണ് ഇവിടെ രൂപപ്പെടുന്നത്.

മെത്രാൻമാരുടെ വഴിയിലല്ല, “അധ്വാനവർഗത്തിന് വേറെ വഴികളുണ്ട്” എന്ന ചരിത്രസ്മരണയുടെ പുറകേയാണ് താനെന്ന് ജോസ് മാണി ആവർത്തിച്ച് പറയുമ്പോൾ, അത് ഉറച്ച നിലപാടാണോ അതോ മുന്നണി മാറാനുള്ള മുന്നൊരുക്കമാണോ എന്ന സംശയം ബാക്കി നില്ക്കുന്നു. മാണി കോൺഗ്രസിനെ കൂട്ടുപിടിച്ചാൽ യുഡിഎഫിന് പാരയാകുമോ, അല്ലെങ്കിൽ എൽ ഡി എഫ്  തന്നെ അധികാരം നിലനർത്തുമോ എന്നൊക്കെയുള്ള കാര്യങ്ങൾ ഇപ്പോഴും രാഷ്ട്രീയ ജ്യോതിഷികൾക്കുപോലും കണക്കുകൂട്ടാനാകാത്ത ഗ്രഹനിലകളാണ്. പിണറായി 3.0-ന് തുടർന്നും ചൂട്ടുപിടിക്കേണ്ട അവസ്ഥയാണോ, അതോ മുന്നണി മാറ്റം പ്രയോജനം ചെയ്യുമോ ; ഇതെല്ലാം ചേർന്നതാണ് ഇന്നത്തെ മാണിക്കുഞ്ഞ് രാഷ്ട്രീയ ദർശനം.

“കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകും” എന്ന പ്രഖ്യാപനം കേൾക്കുമ്പോൾ “ലൈഫ് ബോയ് എവിടെയുണ്ടോ അവിടെ ആരോഗ്യമുണ്ട്” എന്ന പഴയ സോപ്പുപരസ്യം ഓർമ്മയിൽ വരും. ആരോഗ്യത്തിന്റെ കാര്യത്തിൽ സോപ്പ് രക്ഷിച്ചില്ലെന്ന് ജനം വൈകിയാണ് മനസ്സിലാക്കിയത്; രാഷ്ട്രീയത്തിലും അതേ വൈകിപ്പിക്കൽ തന്ത്രമാണ് ഇപ്പോൾ പരീക്ഷിക്കുന്നത്.

മധ്യമേഖലാ ക്യാപ്റ്റനാണ് താനെന്ന് മാണിക്കുഞ്ഞ് അവകാശപ്പെടുമ്പോൾ, ആടി ഉലയാത്ത കപ്പലിന് ഒരേയൊരു ക്യാപ്റ്റനേയുള്ളൂ എന്ന ആരോഗ്യാനാരോഗ്യ മന്ത്രി ശ്രീമതി ജോർജിന്റെ ബോധനത്തിലാണ് ചെറിയ വിള്ളൽ വീഴുന്നത്.  എന്തൊക്കെ പറഞ്ഞാലും, ഇത്തവണ അധികാരത്തിനപ്പുറത്ത് നിൽക്കുന്ന ഒരു പ്രദേശിക പാർട്ടിയുടെ അവസരവാദ ചരിത്രം തന്നെയാണ് ഈ വാക്കുകളിലൂടെ വീണ്ടും എഴുതപ്പെടുന്നത്.
-കെ എ സോളമൻ

Tuesday, 13 January 2026

ജയിൽ ലൈഫ് ബെറ്റർ

#ജയിൽലൈഫ് #ബെറ്റർ!
സംസ്ഥാനത്തെ ജയിലുകൾ ഇനി മുതൽ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും മൾട്ടിനാഷണൽ കമ്പനിയും ചേർന്ന സംയുക്ത സംരംഭങ്ങൾ ആയി മാറുകയാണ്. സ്കിൽഡ് ജോലിക്ക് 620 രൂപ! സെമി-സ്കിൽഡിന് 560! അൺസ്കിൽഡിന് 530! 

63 രൂപയിൽ നിന്ന് പത്ത് മടങ്ങ് വർധനയെന്നു കേട്ടാൽ പുറത്തുള്ള തൊഴിലാളികൾക്ക് സംശയം തോന്നുക, കുറ്റം ചെയ്താൽ കരിയർ വളർച്ച ഉറപ്പാണെന്നാവും. 2018 മുതൽ കാത്തിരുന്ന ജയിൽ പാക്കേജ് പരിഷ്കാരം, സാധാരണക്കാരനിൽ സൃഷ്ടിക്കുന്ന മോഹവലയം ചെറുതൊന്നുമല്ല. കുറ്റവാളികക്കൊപ്പം നാട്ടിലുള്ളവരും കുറ്റം ചെയ്തു ജയിൽ പോയി  സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തണമെന്ന ആഗ്രഹമുണ്ടാകും. ഒരിക്കൽ പോയവന് പിന്നെയും പിന്നെയും ജയിലിൽ പോകാൻ തോന്നും  പക്ഷേ ഒരു സംശയം; മുഖ്യധാരയിൽ നിൽക്കുന്നവർക്ക് കിട്ടാത്ത വേതനം തടവറയ്ക്കുള്ളിലേക്ക് ഒഴുക്കുക എന്നതാണോ ഇടതു സർക്കാരിൻ്റെ പുരോഗമന മുദ്രാവാക്യം?

ഒരു വശത്ത് തൊഴിലുറപ്പ് തൊഴിലാളികൾ 369 രൂപയുമായി മഴയിലും ചെളിയിലും കുഴിയെടുക്കുന്നു; മറുവശത്ത് ആശാവർക്കർമാർ 400 രൂപയിൽ ആരോഗ്യസംരക്ഷണത്തിനായി ഗ്രാമം മുഴുവനുംചുറ്റിത്തിരിയുന്നു.. ഇവർ ദിവസവേതനത്തിൽ നിന്നാണ് ഭക്ഷണത്തിനും വസ്ത്രത്തിനും മരുന്നിനും കുട്ടികളുടെ പഠനത്തിന് തുക കണ്ടെത്തുന്നത്. എന്നാൽ ജയിൽ എംപ്ലോയീസിന്  സൗജന്യ സമീകൃത ഭക്ഷണവും താമസവും ടി.വി -റേഡിയോ വിനോദവും. പുറത്തു ജീവിക്കാൻ പാടുപെടുന്നവർക്ക് കുറവ് വേതനം; അകത്ത് റിസോർട്ട് സംവിധാനത്തിൽ ഇരിക്കുന്നവർക്ക് അധികം. ഇതെന്തൊരു സാമ്പത്തിക നീതി! നാട്ടിൽ ആണെങ്കിൽ സൗകര്യമില്ല; ജയിലിൽ ആണെങ്കിൽ സൗഖ്യം : ഇതാണോ പുതിയ സാമൂഹ്യ സുരക്ഷാസന്ദേശം?

ഇതൊക്കെ കണ്ടാൽ തോന്നുക ജയിൽ ഇനി ദുർഗുണപരിഹാര പാഠശാലയല്ല, പകരംഹോട്ടൽ ഹയാത്ത് ആണെന്ന്.  സുഖം കൂടിയാൽ ആകർഷണം കൂടും; ആകർഷണം കൂടിയാൽ കുറ്റകൃത്യങ്ങളും കൂടും; ലളിതമായ മെറ്റീരിയലിസ്റ്റിക് ലോജിക്. മഴക്കാലരോഗവും മോഷണവും മയക്കുമരുന്നും രക്ഷാപ്രവർത്തനവും
പാർട്ടി ഉണ്ടായിസവും നിയന്ത്രിക്കപ്പെടാത്ത നാട്ടിൽ, “ജയിൽ ലൈഫ് ബെറ്റർ” എന്ന പരസ്യം ആരും പ്രത്യേകിച്ച് കൊടുക്കേണ്ടതില്ല. 

ഉപദേശികളുടെ ബാഹുല്യം മൂലം പുരോഗമന ആശയങ്ങൾക്ക് പഞ്ഞം ഇല്ലാത്ത നാട്ടിൽ സർക്കാർ ഓർക്കേണ്ടത് ജയിൽ എന്നത് ശിക്ഷയാണ്; സമ്മാനം അല്ല എന്നാണ്. അതിനാൽ ജയിലിലെ അധിക വേതന ഉത്തരവ്  പിൻവലിക്കണം. പുറത്തുള്ളവരുടെ അധ്വാനം അപമാനിക്കപ്പെടരുത്; അകത്തുള്ളവർക്ക് അധികംസുഖം വാഗ്ദാനം ചെയുകയുമരുത്. 

നീതി എന്നത് കൈക്കൂലി അല്ല, കൈകെട്ടലാണ്.
-കെ എ സോളമൻ

Monday, 12 January 2026

അതിജീവിതമാർ ഈ വീടിൻറെ ഐശ്വര്യം

#അതിജീവിതമാർ ഈ #വീടിൻറെ #ഐശ്വര്യം.
ഇപ്പോൾ കേരള രാഷ്ട്രീയം ഒരു സീരിയൽ ഫോർമാറ്റിലേക്കാണ് മാറുന്നത്: പിണറായി–1, പിണറായി–2, പിണറായി–3, അതിന് സമാന്തരമായി അതിജീവിത–1, അതിജീവിത–2, അതിജീവിത–3. സീസണുകൾ മാറുന്നു, കഥാപാത്രങ്ങൾ മാറുന്നു, പക്ഷേ പ്ലോട്ട് ട്വിസ്റ്റ് മാത്രം ഒരിക്കലും തീരുന്നില്ല. 

ഇതിലേറ്റവും പുതിയ ഹിറ്റ് ഡയലോഗ് " ലവ് യു ടു ദ മൂൺ ആൻഡ് ബാക്ക് " (Love you to the moon and back) എന്നതാണ്.
1994-ലെ കുട്ടികളുടെ പുസ്തകമായ "ഗസ് ഹൗ മച്ച് ഐ ലവ് യു"-ൽ നിന്ന് അതിജീവിത- 1 കടമെടുത്തതാണെങ്കിലും 
മുഖ്യമന്ത്രിയുടെ ചായക്കപ്പിൽ വരെ പ്രിന്റ് ചെയ്യപ്പെട്ട ഈ വാചകം ഇനി “എൽഡിഎഫ് വരും, എല്ലാം ശരിയാകും” എന്ന പിണറായി -1 മുദ്രാവാക്യത്തിന് തുല്യമായൊരു രാഷ്ട്രീയ കവിതയായി മാറിയേക്കാം. 

ചന്ദ്രനിലേക്കും തിരിച്ചും എന്ന അളക്കാനാകാത്ത സ്നേഹം - ഇപ്പോൾ ഭരണത്തിന്റെയും അധികാരത്തിന്റെയും പ്രതീകമായി പരിണമിക്കുകയാണ്.
ഈ വാചകത്തിന്റെ സൗന്ദര്യം അതിന്റെ ലളിതത്വത്തിലാണ്. 3,84,400 കിലോമീറ്റർ ദൂരം ഒറ്റ ശ്വാസത്തിൽ മുന്നോട്ടും അത്രയും ദൂരം പിന്നോട്ടും മറികടക്കുന്ന വികാരം. സ്നേഹം വൺവേ അല്ല, റൗണ്ട് ട്രിപ്പാണ് എന്ന ഉറച്ച പ്രഖ്യാപനം.

 സാധാരണ ഇത് അമ്മയും കുഞ്ഞും തമ്മിലോ, കാമുകനും കാമുകിയും തമ്മിലോ ഉപയോഗിക്കുന്നതാണ്. പക്ഷേ കേരളത്തിൽ അതിന് പുതിയൊരു ഉപയോഗം കണ്ടെത്തിയിരിക്കുന്നു - രാഷ്ട്രീയം അഥവാ ഭരണത്തുടർച്ച. ഭക്തിയും സുരക്ഷിതത്വവും ചേർന്നൊരു വിചിത്ര കോമ്പിനേഷൻ. കാര്യങ്ങൾ എത്ര കുഴഞ്ഞു മറിഞ്ഞാലും “എല്ലാം ശരിയാകും” എന്ന ആത്മവിശ്വാസം, ചന്ദ്രനെ സാക്ഷിയാക്കി പ്രകടിപ്പിക്കുന്ന രീതി.

ഇതൊന്നും അറിയാതെയാണ് യുവ എംഎൽഎ വീണ്ടും വീണ്ടും അതിജീവിതകളെ തേടി പോയത് എന്നോർക്കുമ്പോൾ, ചാനൽ പ്രേമികളായ സാധാരണ മലയാളിക്ക് കണ്ണുനിറയുന്നു. കാരണം ഒരുനാൾ അതിജീവിത–1, 2, 3 എല്ലാം കൂടി എംഎൽഎയെ തേടി വീട്ടിലെത്തിയാൽ, അത് ഒരു “റൗണ്ട് ട്രിപ്പ്” അല്ല, മറിച്ച് “കട്ടപ്പൊക” തന്നെയാകും. അങ്ങനെയൊരു സീസൺ വരാതിരിക്കട്ടെ എന്ന് ആശംസിക്കാം. ഇല്ലെങ്കിൽ അടുത്ത മുദ്രാവാക്യം ഇങ്ങനെ ആയേക്കും: "ലൗ യു റ്റു ദി മൂൺ, ബട്ട് പ്ളീസ് ഡോണ്ട് കംബാക് !" ( Love you to the moon but please don’t come back! )
- കെ എ സോളമൻ

Sunday, 11 January 2026

കേരളത്തിലെ രാഷ്ട്രീയ യാഥാർഥ്യം

#കേരളത്തിലെ #രാഷ്ട്രീയയാഥാർഥ്യം.
പിണറായി വിജയൻ നയിക്കുന്ന സർക്കാരിനെതിരായ അസംതൃപ്തി അതിൻറെ അവസാന ഘട്ടത്തിലേക്കാണ് കടന്നു.. സി.പി.ഐ.എമ്മിന്റെയും ഇടതുമുന്നണിയുടെയും അടിത്തറയിൽ നിന്ന് തന്നെ നേതാക്കൾ പുറത്ത് പോകുന്ന പ്രവണത. ഭരണത്തിന്റെ ധാർഷ്ട്യവും സംഘടനാ അവഗണനയും ജനാധിപത്യ ചർച്ചകളുടെ അഭാവവും പ്രകടം.. ഇടുക്കിയിൽ നിന്ന് എസ്. രാജേന്ദ്രനെ പോലുള്ള നേതാക്കൾ പരസ്യമായി അകന്നുനിൽക്കുന്നതും, ഇടതുപക്ഷത്തിന്റെ പരമ്പരാഗത കോട്ടകളിൽ പോലും വിശ്വാസക്ഷയം വളരുന്നതും യാദൃച്ഛികമല്ല.

പിണറായി 3.0 എന്ന മുദ്രാവാക്യത്തിനായി റിപ്പോർട്ടർ ചാനൽ പോലെയുള്ള ചില അധമ മാധ്യമങ്ങൾ നടത്തുന്ന ക്രമരഹിത പ്രചാരണവും പ്രത്യാഘാതമായി മാറുന്നു; ഇത്തരം സർക്കാർ സ്പോൺസേർഡ് മാധ്യമങ്ങൾ പറയുന്നതിന് എതിരായാണ് ജനം ചിന്തിക്കുന്നതെന്ന തിരിച്ചറിവ് സർക്കാരിനില്ല.

 അധികാരകേന്ദ്രികരണവും വിമർശനങ്ങളെ അടിച്ചമർത്തുന്ന സമീപനവും ചേർന്നപ്പോൾ, ഇടതുപക്ഷത്തിൻ്റെ കാൽക്കീഴിലെ മണ്ണ് ചോരുന്ന കാഴ്ചയാണ് കാണുന്നത്. സർക്കാർ പരാജയം മറച്ചുവെക്കാൻ എന്ന മട്ടിൽ  എം വി ഗോവിന്ദൻ, പി.രാജീവ്  പോലുള്ളവരുടെ വൈരുദ്ധാത്മക ഭൗതികവാദാധിഷ്ഠിത  ആവിഷ്കാരങ്ങൾ ജനം വെറുപ്പോടെ വീക്ഷിക്കുന്നു. എന്താണ് പറയുന്നതെന്ന് അവർക്ക് തന്നെ ബോധ്യം ഇല്ലാത്ത അവസ്ഥ.

പിണറായി ദുർഭരണം സൃഷ്ടിച്ച രാഷ്ട്രീയ ശൂന്യതയിലേക്കാണ് ഈ അവസരത്തിൽ ബിജെപി കടന്നുവരുന്നത്. വികസനവും ഭരണക്ഷമതയും മുന്നിൽവെക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങളോട് കേരളത്തിലും പ്രതികരണം ശക്തമാകുന്നു. ഇടതുപക്ഷത്തിനകത്തെ അവഗണനയും ആശയസംഘർഷങ്ങളും കാരണം പല നേതാക്കളും മറ്റൊരു വഴി തേടുന്നത് സ്വാഭാവികമാണ്. എസ്. രാജേന്ദ്രൻ, പാലോട് സന്തോഷ്, റെജി ലൂക്കോസ്, ആർ. ശ്രീലേഖ, ഗോപി തുടങ്ങിയ പേരുകൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല; ഒരു വലിയ രാഷ്ട്രീയ പുനഃക്രമീകരണത്തിന്റെ സൂചനകളാണ്. ഏതു കൊള്ളുരുതായ്മയും ന്യായീകരിച്ചു കൊടുക്കുന്ന ഇടതു പെയ്ഡ്  രാഷ്ട്രീയ നിരീക്ഷകൻ ഹസ്കർ ഒറുപ്പിലാണ്. ഏറെ മുമ്പേ തന്നെപ്രമുഖ കോൺഗ്രസ് നേതാക്കളായ കെ കരുണാകരുൻ്റെയും,  എ കെ ആൻറണിയുടെയും മക്കൾ  ബിജെപിയിലോട്ട് ചേക്കേറിയിട്ടുണ്ട്.

ഇരുമുന്നണികളോടുമുള്ള ജനവൈരാഗ്യം വർധിക്കുമ്പോൾ, മൂന്നാം ശക്തിയായി ബിജെപിക്ക് അധികാരത്തിലെത്താനുള്ള സാധ്യത യാഥാർഥ്യമായി മാറുന്നു. ഇടതുപക്ഷത്തിന്  സ്വയംതിരുത്തിലിൻ്റെ അവസരം നഷ്ടമായ സ്ഥിതിക്ക്  അധികാര മാറ്റം ഒരു, സാധ്യത എന്നതിനേക്കാൾ സമീപഭാവിയിലെ രാഷ്ട്രീയ യാഥാർഥ്യമായിരിക്കും എന്ന് ചിന്തിക്കുന്നവരാണ് കേരളത്തിലെ ബഹുഭൂരിപക്ഷം.
- കെ എ സോളമൻ

Friday, 9 January 2026

പുത്തൻ നിയമ തന്ത്രം

#പുത്തൻ #നിയമതന്ത്രം
സർക്കാരിന് നിയമോപദേശം നൽകുന്നവരുടെ ആത്മവിശ്വാസം കാണുമ്പോൾ, നമ്മുടെ നിയമവ്യവസ്ഥ ഇനിയും പുസ്തകങ്ങളിൽ മാത്രം ഉള്ളതാണോ എന്ന സംശയം തോന്നിപ്പോകും. വിധി സ്വീകാര്യമായില്ലെങ്കിൽ ജഡ്ജിയെ തന്നെ സംശയ നിഴലിലാക്കുക, കോടതി പക്ഷപാതിയെന്ന് പ്രഖ്യാപിക്കുക, പിന്നെ അതെല്ലാം ‘നിയമോപദേശം’ എന്ന ലേബലിൽ പൊതുസമൂഹത്തിലേക്ക് തള്ളിവിടുക : ഇതൊക്കെയാണ് പുതിയ നിയമ തന്ത്രമെങ്കിൽ, അപ്പീൽ കോടതികൾ അടച്ചു പൂട്ടി ഫേസ്ബുക്ക് പോസ്റ്റുകൾ മതിയാക്കാമായിരുന്നു.

 ഗൗരവമേറിയ തെളിവുകൾ ഉണ്ടെന്നു പറയുമ്പോഴും അതു പരിശോധിക്കാൻ ഉള്ള ഏക നിയമപാതയായ അപ്പീൽ ഒഴിവാക്കി, നടി ആക്രമണ കേസിൽവിധി പറഞ്ഞ ജഡ്ജിക്കെതിരെ പരസ്യ കുറ്റപത്രം തയ്യാറാക്കുന്നതിൽ എന്ത് നിയമബുദ്ധിയാണുള്ളത്? തെളിവ് തള്ളിയത് കോടതിയുടെ തെറ്റാണെങ്കിൽ, അത് തെളിയിക്കേണ്ടത് കോടതിക്കുള്ളിലല്ലേ, ചാനലുകളിലും കവല പ്രസംഗങ്ങളിലുമല്ലല്ലോ.

മെമ്മറി കാർഡ് വിഷയത്തിൽ തന്നെ മേൽകോടതിയിൽ നിന്ന്  വ്യക്തമായ നിലപാട് വന്നിട്ടുണ്ടെന്ന സത്യം മറന്ന്, അതേ കാർഡ് വീണ്ടും രാഷ്ട്രീയ മുദ്രാവാക്യമാക്കി ഉയർത്തിക്കാട്ടുന്നത് നിയമ പോരാട്ടമല്ല, നിയമത്തെ പരിഹസിക്കലാണ്. ഇതുവരെ ഇത്തരം ‘നിയമോപദേശങ്ങളുടെ’ പേരിൽ സർക്കാർ എത്ര കേസുകൾ തോറ്റു എന്നതിൻ്റെ ചരിത്രം ഒന്ന് തിരിഞ്ഞു നോക്കുന്നത് വളരെ നന്നായിരിക്കും

അധികാരത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ ഇനി മൂന്ന് മാസം മാത്രമാണുള്ളത്. അതുകൊണ്ട് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന വാക്കുകളുടെ അഭ്യാസം ഒന്ന് നിർത്തിക്കൂടെ? അല്ലെങ്കിൽ അവസാനം കോടതികളോട് അല്ല, ജനങ്ങളോടു തന്നെ സർക്കാർ മറുപടി പറയേണ്ടി വരും; കോർട്ട് അലക്ഷ്യത്തിന്റെയും വ്യാപകപരിഹാസത്തിന്റെയും മുമ്പിൽ.
- കെ എ സോളമൻ

Thursday, 8 January 2026

മനുഷ്യനിർമ്മിത ദുരന്തം

#മനുഷ്യനിർമിത #ദുരന്തം
കേരളം മനുഷ്യനിർമിത പൊതുജനാരോഗ്യ ദുരന്തത്തിലേക്ക് കൂപ്പുകുത്തുമ്പോൾ പ്രകടമാകുന്നത് പേവിഷബാധ നിയന്ത്രണത്തിൽ സംസ്ഥാന സർക്കാരിന്റെ ഒഴിഞ്ഞുമാറൽ നിലപാടും  ഭരണപരമായ നിസ്സംഗതയും ആണ്.  നായ്ക്കളുടെ കടിയേറ്റുള്ള പേവിഷബാധ മരണങ്ങൾ വർദ്ധിക്കുന്നത് സർക്കാരിൻ്റെ നയപരമായ പക്ഷാഘാതത്തിന്റെ നേരിട്ടുള്ള ഫലമായാണ്.

ഒരു മാന്ത്രിക പരിഹാരമായി ആവർത്തിച്ച് പ്രദർശിപ്പിക്കപ്പെടുന്ന മൃഗ ജനന നിയന്ത്രണം (ABC), താഴേത്തട്ടിൽ പരാജയപ്പെട്ടു, എന്നിട്ടും നിഷ്ക്രിയത്വത്തിനുള്ള സൗകര്യപ്രദമായ ഒരു അലിബിയായി സർക്കാർ അതിനെ മുറുകെ പിടിക്കുന്നു. ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാണിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുബോധത്തെ അപമാനിക്കുകയാണ്; പ്രത്യേകിച്ച് ഉത്സവങ്ങൾ, പ്രചാരണ പരിപാടികൾ, ഗ്രാമീണ മേളകൾ, നാടൻ പൂകൃഷി, വളർത്തുമൃഗപദ്ധതികൾ. പരിസര ശുചീകരണം എന്നിവയുടെ കാര്യത്തിൽ കേരളത്തിലെ വികേന്ദ്രീകൃത സംവിധാനം വിഭവങ്ങളാൽ നിറഞ്ഞിരിക്കുമ്പോൾ.

മനുഷ്യ ജീവൻ അപകടത്തിലാകുമ്പോൾ, പെട്ടെന്ന് ഖജനാവ് വരണ്ടുപോകുന്ന കാഴ്ച രസകരമാണ്. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ തന്നെ സർക്കാരിന്റെ നിസ്സഹകരണത്തിനും പ്രത്യയശാസ്ത്രപരമായ നിലപാടുകളേക്കാൾ പൗരന്മാരുടെ ജീവിക്കാനുള്ള അവകാശത്തിന് മുൻഗണന നൽകാനുള്ള കഴിവില്ലായ്മയ്ക്കുമുള്ള ഒരു  കുറ്റാരോപണമാണ്.

മൃഗക്ഷേമ വാദങ്ങൾ എന്ന് വിളിക്കപ്പെടുന്നവ തിരഞ്ഞെടുത്ത് ആയുധമാക്കുമ്പോൾ കാപട്യം കൂടുതൽ വ്യക്തമാകും.  ആയിരക്കണക്കിന് എരുമകൾ, പന്നികൾ, കോഴികൾ, താറാവുകൾ എന്നിവയുടെ രക്ഷയ്ക്ക് ഒന്നും ചെയ്യാതെ  ദിവസവും കശാപ്പ് ചെയ്യുന്ന ഒരു സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ രക്ഷയ്ക്കു വേണ്ടിയുള്ളധാർമ്മിക രോഷം പൊള്ളയാണ്. പൊതുജനാരോഗ്യം എന്നത് തിരഞ്ഞെടുത്ത കാരുണ്യത്തിനോ, ശബ്ദമുയർത്തുന്ന സമ്മർദ്ദ ഗ്രൂപ്പുകൾക്കോ, വാക്സിൻ ലോബിക്കോ ​​പന്തുതട്ടാനുള്ളതല്ല

നിക്ഷിപ്ത താൽപ്പര്യക്കാർ പട്ടികടി, വാക്സിൻ, പരിഭ്രാന്തി എന്നിവയാൽ  തഴച്ചുവളരുകയും മനുഷ്യ ദുരിതത്തെ ലാഭകരമായ ഒരു വിപണിയാക്കി മാറ്റുകയും ചെയ്യുന്നു.  ഈ പശ്ചാത്തലത്തിൽ, ഷെൽട്ടറുകൾക്കായി ഭൂമി കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്  എന്ന സർക്കാരിന്റെ അവകാശവാദം പരിഹാസ്യമാണ്. വാണിജ്യ പദ്ധതികൾക്കും പാർട്ടി ഓഫീസുകൾക്കും ടൂറിസം സംരംഭങ്ങൾക്കും ഭൂമി എളുപ്പത്തിൽ കണ്ടെത്താമെങ്കിൽ ജീവൻ രക്ഷാകാര്യത്തിൽ അത് നിഗൂഢമായി അപ്രത്യക്ഷമാകുന്നത് എന്തുകൊണ്ട്?

ഇതൊരു ലോജിസ്റ്റിക് പ്രശ്നമല്ല; രാഷ്ട്രീയ ഇച്ഛാശക്തിയുടെ പ്രതിസന്ധിയാണ്.  തെരുവ്നായിക്കളുടെ വർദ്ധനവ്, റാബീസ് നിയന്ത്രണം, നായ്ക്കളുടെ  ഫലപ്രദമായ ഷെൽട്ടറിംഗ്, കർശനമായ ഉത്തരവാദിത്തം, എന്നിവ സംബന്ധിച്ച് കേരളത്തിൽ അടിയന്തിര നടപടിയാണ് വേണ്ടത്..
-കെ എ സോളമൻ

Monday, 5 January 2026

വെനിസ്വേലാ സമരാഭ്യാസങ്ങൾ


വെനിസ്വേലാ സമരാഭ്യാസങ്ങൾ
കേരളത്തിൽ  കാണുന്ന വെനിസ്വേലാ അനുകൂല സമരങ്ങൾ രാഷ്ട്രീയ നാടകത്തിന്റെ അതിരുകൾ പോലും ലംഘിക്കുന്ന കാഴ്ചകളാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും നിക്കോളാസ് മദുറോയുടെ ഏകാധിപത്യ ഭരണത്തിനെതിരെ വെനിസ്വേലൻ ജനത തന്നെ തെരുവിലിറങ്ങുമ്പോൾ, ഇവിടെ ചിലർ “അമേരിക്കൻ അധിനിവേശം” എന്ന പഴകിപ്പോയ മുദ്രാവാക്യം ഉയർത്തി കമ്മ്യൂണിസ്റ്റ് ഭരണത്തെ വെള്ളപൂശാൻ ശ്രമിക്കുന്നു. 

എണ്ണസമ്പത്ത് കവിഞ്ഞൊഴുകിയിരുന്ന ഒരു രാജ്യത്തെ പട്ടിണിയിലേക്കും നാണയ മൂല്യനാശത്തിലേക്കും തള്ളിവിട്ടത് അമേരിക്കയല്ല, മദുറോയുടെ കമ്മ്യൂണിസ്റ്റ് ഭരണപരാജയമാണ്. ഒരു കോഴിമുട്ട വാങ്ങാൻ പെട്ടി നിറയെ കറൻസി വേണമെന്ന സത്യം പോലും അംഗീകരിക്കാൻ തയ്യാറാകാത്ത ഈ സഖാക്കൾ, യാഥാർഥ്യത്തെക്കാൾ ആശയവാദത്തോടുള്ള അടിമത്തമാണ് പ്രകടിപ്പിക്കുന്നത്. ബംഗളൂരുവിൽ സിപിഐഎമ്മിന്റെ പ്രതിഷേധം പൊലീസ് തടഞ്ഞപ്പോൾ “ജനാധിപത്യം അപകടത്തിൽ” എന്ന നിലവിളി, കേരളത്തിൽ എന്ത് വേണമെങ്കിലും നടത്താൻ അനുമതി കിട്ടുമ്പോൾ മൗനമാകുന്നത് ഇരട്ടത്താപ്പിന്റെ തെളിവാണ്.

വാസ്തവത്തിൽ, കേരളത്തിൽ ഇപ്പോൾ ചർച്ചയാകുന്ന അഴിമതികളും ഭരണപരാജയങ്ങളും മറയ്ക്കാനുള്ള പുകമറയാണീ വെനിസ്വേലാ സമരാഭ്യാസങ്ങൾ. കൊളംബിയ, മെക്സിക്കോ പോലുള്ള രാജ്യങ്ങളെ വെല്ലുന്ന മയക്കുമരുന്ന് വ്യാപാരവും ജനങ്ങളെ പട്ടിണിയിലാഴ്ത്തുന്ന ഭരണവും അവസാനിപ്പിക്കണമെന്നത് അമേരിക്കയുടെ മാത്രം ആവശ്യമല്ല; ലോകസമൂഹത്തിന്റെ ധാർമ്മിക ബാധ്യതയാണ്. അത്തരമൊരു നടപടിയെ കുറ്റപ്പെടുത്തുകയും, ഒരു പരാജിത കമ്മ്യൂണിസ്റ്റ് ഭരണത്തെ പിന്താങ്ങി ഇവിടെ തെരുവിലിറങ്ങുകയും ചെയ്യുന്നത് പൂർണ്ണമായും നിരുത്തരവാദപരമാണ്. 

സഖാക്കളുടെ കാരണഭൂതൻ ഇനി ചികിത്സയ്ക്ക് എവിടേക്ക് പോകും എന്ന ചോദ്യം പോലെ തന്നെ, ഈ സമരങ്ങൾക്ക് എന്ത് നൈതിക അടിത്തറയുണ്ട് എന്നതും ഉത്തരം കിട്ടാത്ത ചോദ്യമായിത്തന്നെ തുടരുന്നു. കേരളത്തിൽ യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ നടത്തുന്ന ഇത്തരം അനാവശ്യ സമരങ്ങൾ കടുത്ത അപലപനമാണ് അർഹിക്കുന്നത്.

- കെ എ സോളമൻ

Saturday, 3 January 2026

തിരഞ്ഞെടുപ്പ് കാലത്തെ വികസന മാജിക്

#തിരഞ്ഞെടുപ്പ് #കാലത്തെ 
#വികസനമാജിക്
ഒൻപതുമാസത്തിനിടെ 22,469 സംരംഭങ്ങളും അരലക്ഷത്തോളം തൊഴിലവസരങ്ങളും സൃഷ്ടിച്ചുവെന്ന വാർത്ത കേൾക്കുമ്പോൾ, കേരളം പെട്ടെന്ന് ഒരു ചെറു സിലിക്കൺ വാലിയായി മാറിയെന്ന തോന്നലുണ്ടാകും. പക്ഷേ കണക്കിന്റെ ഉള്ളറകളിലേക്ക് ഒന്ന് എത്തിനോക്കിയാൽ, അവിടെ കാണുന്ന സ്റ്റാർട്ട്-അപ്പുകളിൽ കൂടുതലും തട്ടുകടകളും പപ്പട സ്റ്റാളുകളും, ദേശമാവുകടകളും, മീൻ തട്ടുകളും, പഞ്ചറൊട്ടിക്കൽ കേന്ദ്രങ്ങളുമാണെന്നു കാണാം. രാവിലെ തുറന്ന് വൈകുന്നേരം അടയുന്ന, വാടക കൂടിയാൽ നാളെ കാണാനിടയില്ലാത്ത എല്ലാ കടകളും “പുതിയ സംരംഭം” ആകുമ്പോൾ, തൊഴിലവസരങ്ങൾ എണ്ണുന്നത് എളുപ്പമാണ്. 

കട തുറന്ന ദിവസം രണ്ടുപേർകടയിൽ ഉണ്ടായാൽ രണ്ട് ജോലി; അടുതത ദിവസം കട അടഞ്ഞാൽ? അത് കണക്കിലെങ്ങും പ്രത്യക്ഷപ്പെടില്ല. ഇങ്ങനെയാണ് ചിലപ്പോൾ സംരംഭകത്വം കണക്കിൽ കുതിച്ചുയരുന്നതും യാഥാർത്ഥ്യത്തിൽ വഴിയരികിൽ ഒടുങ്ങുന്നതും.

ഇത്തരം വാർത്തകൾ തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ കൂടുതൽ ആവർത്തിക്കുന്നത് യാദൃച്ഛികമായല്ല. വികസനത്തിന്റെ തിരക്കഥയിൽ ഇതാണ് പതിവ് അഭ്യാസം, സംരംഭ കണക്കുകൾ ഒരു വശത്ത്, ശമ്പള വർധന പ്രഖ്യാപനങ്ങൾ മറുവശത്ത്. പ്രഖ്യാപനം വമ്പൻ, പക്ഷേ പണം എവിടെ നിന്ന്, എങ്ങനെ നൽകും എന്ന ചോദ്യത്തിന്  മറുപടി ഉണ്ടാകില്ല. ചിലപ്പോൾ തോന്നും, അധികാരം കൈവിട്ടാൽ അടുത്ത സർക്കാർ ഈ പ്രഖ്യാപനങ്ങളുടെ ഭാരത്തിൽ തളരട്ടെ എന്നതാണോ ഉദ്ദേശ്യമെന്ന്. നടപ്പാക്കാൻ പണമില്ലാതെ വാഗ്ദാനങ്ങൾ കൈമാറി വച്ചിട്ട്, “നാം പ്രഖ്യാപിച്ചു, അവർ നടപ്പാക്കിയില്ല” എന്ന് പറയാൻ കഴിയുന്നത് ഒരുതരത്തിൽ രാഷ്ട്രീയ തന്ത്രമാണ്. 

അങ്ങനെ, കണക്കുകളും പ്രഖ്യാപനങ്ങളും ചേർത്ത് ഭരണപക്ഷം തെരഞ്ഞെടുപ്പ് കാലത്ത്
ഹാസ്യ നാടകം കളിക്കുമ്പോൾ
 പൊതുജനത്തിന് കൈയ്യടിക്കണോ, കരയണോ എന്ന ആശയക്കുഴപ്പമുണ്ടാകും
പക്ഷെ തിരശ്ശീലക്കു പിന്നിലെ തിരക്കഥയുടെ സാംഗത്യം   തിരഞ്ഞെടുപ്പിൽ  ജനം നേരിട്ടു ചോദിക്കാനാണ് കൂടുതൽ സാധ്യത.
-കെ എ സോളമൻ

Thursday, 1 January 2026

വൈകിപ്പോയ തിരിച്ചറിവ്

#വൈകിപ്പോയ #തിരിച്ചറിവ്
85,000 വൊളന്റിയർമാരെ വീടുവീടാന്തരം ഇറക്കി സർക്കാർ  നടത്തുന്ന ‘നവകേരള പഠന പരിപാടി’ ഭരണപരാജയം മറച്ചുവയ്ക്കാനുള്ള മറ്റൊരു രാഷ്ട്രീയ അഭ്യാസം മാത്രം.  ഒമ്പതര വർഷത്തെ ഭരണകാലത്ത് ‘നവകേരളം’ സൃഷ്ടിച്ചുവെന്ന് അവകാശപ്പെടുന്നവർ വീണ്ടും നവകേരളം സംബന്ധിച്ച് പഠിക്കാനിറങ്ങുന്നത് തന്നെ ആ അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു. 

തീറ്റയും കുടിയുമായി നവകേരള ബസിൽ യാത്ര ചെയ്ത്, സ്കൂൾ മതിലുകൾ പൊളിച്ച് യോഗം ചേർന്ന്, സാധാരണക്കാരെ അവഗണിച്ച് പൗരമുഖ്യന്മാരുമായി മാത്രം ചർച്ച നടത്തിയപ്പോൾ ഒരു തീരുമാനത്തിലും എത്താനായില്ലെന്നത് ഇതിന്റെ തെളിവാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി തിരിച്ചറിഞ്ഞശേഷമാണ് ‘സാധാരണക്കാരെ പിടിച്ചാൽ മാത്രമേ കാര്യം നടക്കൂ’ എന്ന ബോധോദയം ഉണ്ടായത്. പക്ഷേ അത് വളരെ വൈകിയ തിരിച്ചറിവാണ്.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ധൂർത്ത് കണ്ട് പൊറുതിമുട്ടിയ ജനം ‘എം വി’ എന്ന പേര് കേൾക്കുമ്പോൾ  പരിഹാസത്തോടെ “മുളക് വെള്ളം” എന്ന പൂരണരൂപമാണ്  ഓർക്കുന്നത്. മുളക് വെള്ളത്തിൻറെ ആശാൻ അദ്ദേഹമാണല്ലോ? അത്രമാത്രം വെറുപ്പിലാണ് ബുദ്ധിമാന്ദ്യം സംഭവിക്കാത്ത സാധാരണ ജനങ്ങൾ.

 ഒരു പഞ്ചായത്ത് വാർഡിൽ തന്നെ രണ്ട് സ്ക്വാഡുകളായി ആളുകളെ കയറൂരി വിടുന്നത്, യാതൊരു ഉൽപ്പാദനക്ഷമതയുമില്ലാത്ത പൊതുധൂർത്താണ്.  ഇതിനൊക്കെ ആളെ കിട്ടുന്നത് ഇത്തരം ജോലി ചെയ്താൽ, പി എസ് സി യെ നോക്കുകുത്തിയാക്കിയിരിക്കുന്ന സംസ്ഥാനത്ത്, പിൻവാതിലിലൂടെ സർക്കാർ ജോലി കിട്ടും എന്നുള്ള കുറേപ്പേരുടെ വിശ്വാസം മൂലമാണ്.

വികസന പ്രവർത്തനങ്ങൾ, തകർന്ന ഫ്ളോട്ടിംഗ് ബ്രിഡ്ജ് പോലെ കിടക്കുമ്പോൾ, മിക്ക പദ്ധതികളിലും കോടികളുടെ നഷ്ടമാണ് സർക്കാർ കൊടുക്യസ്ഥത മൂലം ഉണ്ടായിരിക്കുന്നത്.. വികസനം വിലയിരുത്തി നവകേരളം പ്രഖ്യാപിക്കാൻ വീടുകൾ കയറുന്നതിന് മുമ്പ്, ജനങ്ങളുടെ ക്ഷമയും വിശ്വാസവും എങ്ങനെ തകർന്നുവെന്ന് സർക്കാർ ആദ്യം പരിശോധിക്കണം.

കൂട്ടത്തിൽ മുളകുവെള്ളം  വീഴാതെ തല സംരക്ഷിക്കാൻ നവകേരള വോളണ്ടിയേഴ്സിന് മുന്നറിയിപ്പ് നൽകുകയും വേണം.
-കെ എ സോളമൻ