#ക്ഷാമബത്തയുടെ #ദാർശനികതലം
ക്ഷാമബത്ത (ഡിഎ) എന്നത് സർക്കാർ ജീവനക്കാരുടെ അവകാശമാണോ അതോ സർക്കാർ വക ദാനമാണോ എന്ന കാര്യത്തിൽ ഇപ്പോൾ വലിയ ദാർശനിക ചർച്ചയാണ് നടക്കുന്നത്. സർക്കാർ ഹൈക്കോടതിയിൽ ചെന്നു പറഞ്ഞത് ലളിതം: “പണമില്ല, അതുകൊണ്ട് ഡി എ ഇല്ല”.
ഇത് ഒരു ആകസ്മിക സംഭവമായി കാണേണ്ടതില്ല, പകരം സർക്കാർ തന്നെ വരുത്തിവെച്ച കൃത്രിമ ക്ഷാമമാണ്. ഖജനാവിൽ കാശില്ലെന്ന് പറഞ്ഞ് ജീവനക്കാരന്റെ ഡി.എ തടഞ്ഞുവെക്കുമ്പോൾ, അതേ ഖജനാവിൽ നിന്നാണ് ഉയർന്ന ശമ്പളത്തിൽ പാർട്ടി-സൗഹൃദ പിഎസ്‌സി അംഗങ്ങളെയും പുറംവാതിൽ ഉദ്യോഗസ്ഥരെയും നിയമിക്കുന്നത്. ജയിൽപുള്ളികൾക്ക് ദിവസവേതനം പത്തിരട്ടി കൂട്ടാൻ പണമുണ്ടെങ്കിൽ, വിലക്കയറ്റത്തിൽ ഞെരുങ്ങുന്ന ജീവനക്കാരന് ഡി.എ കൊടുക്കാൻ മാത്രം ഖജനാവ് ശൂന്യമാകുന്നത് എങ്ങനെ ? യുപിഐ ട്രാൻസാക്ഷൻ്റെ ഭാവിയെക്കുറിച്ച് പ്രവചനം നടത്തിയ കേരളത്തിന്റെ ആസ്ഥാന സാമ്പത്തിക ശാസ്ത്രജ്ഞനു പോലും വിശദീകരിക്കാൻ പറ്റാത്ത സങ്കീർണമായ സാമ്പത്തിക രഹസ്യം!
സർക്കാർ പറയുന്നു: ഡി.എ എന്നത് കോമ്പൻസേറ്ററി അലവൻസ് മാത്രം, അത് അവകാശമല്ല. ജീവനക്കാരും കോടതികളും പറയുന്നത് മറ്റൊരു തരത്തിൽ: “അത് ഡെഫേർഡ് വേജ് ആണ്; ദയയല്ല, വേതനമാണ്.” സുപ്രീം കോടതി തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്, ഡി.എ സർക്കാർ ജീവനക്കാരോട് കാണിക്കുന്ന ഔദാര്യമല്ല, ജീവിക്കാൻ വേണ്ടിയുള്ള നിയമപരമായ അവകാശമാണ്. ആർട്ടിക്കിൾ 300A പ്രകാരം ഒരാളുടെ സ്വത്തിനെ നിയമപരമായ നടപടിയില്ലാതെ പിടിച്ചുവെക്കാൻ പാടില്ലെന്ന്. അപ്പോൾ പിന്നെ ശമ്പളത്തിന്റെ ഭാഗമായ ഡി.എ തടഞ്ഞുവെക്കുന്നത് എങ്ങനെ ഭരണഘടനാപരമാകും?
ഐ.എ.എസ് ഉദ്യോഗസ്ഥർക്കും കേന്ദ്ര ജീവനക്കാർക്കും മന്ത്രിമാർക്കും , എം പി, എം എൽ എ മാർക്കും കൃത്യമായി ഡി.എ കിട്ടുമ്പോൾ, സംസ്ഥാന ജീവനക്കാരെ മാത്രം സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പഠിപ്പിക്കുന്നതിൻ്റെ ലോജിക് എന്താണ്? സർക്കാരിൻറെ തുല്യനീതിയുടെ പുതിയ വ്യാഖ്യാനമായാണോ ഇതിനെ കാണേണ്ടത്?
നിലവിലെ സത്യവാങ്മൂലം ഒരു നിയമവാദത്തേക്കാൾ സാവകാശതന്ത്രം ആണെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം, കോടതി ചവിട്ടുകൊട്ടയിൽ തള്ളാൻ സാധ്യതയുള്ള ഉപദേശി വാദം. “ഇത് അവകാശമല്ല” എന്ന് പറഞ്ഞാൽ, കുറച്ചുകാലത്തേക്ക് ഡിഎ കൊടുക്കുന്നത് വൈകിപ്പിക്കാം എന്നതാണ് സർക്കാർ ഉപദേശികളുടെ കാഞ്ഞബുദ്ധി.
പക്ഷേ, ധൂർത്തുകൾ നിയന്ത്രിക്കാതെ ജീവനക്കാരന്റെ അവകാശങ്ങൾ തടയുന്നത് നീതിയല്ലെന്നു കോടതി മുമ്പേ പറഞ്ഞിട്ടുണ്ട്. ഖജനാവിന്റെ കുഴപ്പം പരിഹരിക്കാനുള്ള എളുപ്പവഴിയായി സർക്കാർ തെരഞ്ഞെടുത്ത മാർഗ്ഗം ജീവനക്കാരന്റെ പോക്കറ്റിൽ കൈയ്യിടുക എന്നതാണ്. വിലക്കയറ്റം ജീവനക്കാരൻ്റെ വരവു -ചെലവിൻ്റെ താളം തെറ്റിക്കുമ്പോൾ സർക്കാർ പറയുന്ന ആശ്വാസവാക്ക് ഇതാണ്: “ക്ഷമിക്കണം, ക്ഷാമബത്തയ്ക്ക് ഇപ്പോൾ കടുത്ത ക്ഷാമമാണ്, സാവകാശം വേണം"
കേസും കോടതിയുമൊക്കെയായി ജീവനക്കാർ അവരുടെ അവകാശം സ്ഥാപിച്ചെടുക്കും, സംശയമില്ല, പക്ഷെ പെൻഷൻകാരുടെ കാര്യമാണ് കഷ്ടം. അവകാശപ്പെട്ട അലവൻസ് കിട്ടാൻ സമയം കൂടുതൽ വേണ്ടി വന്നാൽ അത് വാങ്ങാൻ നിൽക്കാതെ കുറെ പേരെങ്കിലും സർക്കാരിനോടും ലോകത്തോടും യാത്രപറഞ്ഞ് തെക്കേപറമ്പിലോ ശവക്കുഴിയിലോ അന്ത്യവിശ്രമത്തിൽ ആയിരിക്കും!
No comments:
Post a Comment