#സംസ്ഥാന #മൈക്രാബ്
കേരളം ഇനി വെറും “ദൈവത്തിന്റെ സ്വന്തം നാട്” മാത്രമല്ല, “ബാക്ടീരിയയുടെ സ്വന്തം നാട്” കൂടിയാണ്. സംസ്ഥാന പക്ഷി മുതൽ സംസ്ഥാന ഞണ്ടുവരെയുള്ള പട്ടിക തീർന്നപ്പോൾ ഇതാ അഭിമാനപൂർവം അവതരിപ്പിക്കുന്നു സംസ്ഥാന മൈക്രോബ് ; ബാസിലസ് സബ്റ്റിലിസ് എന്നാണ് പേര്.
മണ്ണിലും വെള്ളത്തിലും വയറ്റിലും ഉള്ള ഈ സൂക്ഷ്മാണു ഇനി ഔദ്യോഗികമായി മലയാളിയാണ്. അതുകൊണ്ട് നാളെ മുതൽ സ്കൂൾ കലോത്സവത്തിൽ സംസ്ഥാന മൈക്രോബ് നൃത്തം അവതരിപ്പിച്ചാലും അത്ഭുതപ്പെടേണ്ട. ടൂറിസം ബ്രാൻഡിംഗും ഉടൻ വന്നേക്കും. : “കേരളത്തിലേക്ക് വരൂ നമ്മുടെ സുഹൃത്ത് ബാക്ടീരിയയെ കാണൂ " ഇതായിരിക്കും പരസ്യവാചകം..
ഇനി വാക്സിൻ എടുക്കുമ്പോൾ പോലും സംസ്ഥാനം ചോദിക്കേണ്ടി വരും "ഇത് സ്വദേശിയാണോ, അതിഥിയാണോ?” എന്ന്. മറ്റു സംസ്ഥാനങ്ങളും രാജ്യങ്ങളും ഇതു കണ്ടു അസൂയപ്പെടുമോ എന്നതാണ് അടുത്ത ആശങ്ക. തമിഴ്നാട് “നമ്മുടേത് ലാക്ടോബാസില്ലസ്” എന്ന് പറഞ്ഞാൽ, കര്‍ണാടക “ഇത് ഞങ്ങളുടെ മണ്ണിൽ ആദ്യം വളർന്നതാണ്” എന്ന് പറഞ്ഞ് പേറ്റന്റ് കോടതിയിൽ കേസ് കൊടുത്താലോ? അപ്പോൾ സുപ്രീം കോടതി വിധി ഇങ്ങനെ വന്നേക്കും: “ബാക്ടീരിയയ്ക്ക് സംസ്ഥാനങ്ങളും അതിരുകളുമില്ല"
പക്ഷേ കേരളത്തിന് പ്രഖ്യാപനങ്ങൾക്ക് അവസാനമില്ല. "കേരളം നമ്പർ വൺ " എന്ന് പറഞ്ഞ് പറഞ്ഞ് മന്ത്രിമാരുടെ നാക്ക് ഉളുക്കിയിരിക്കുകയാണ്. എന്നാലും നമ്പർവൺ സ്ഥാനം നിലനിർത്താൻ ഇപ്പോഴുള്ളതിൻ്റെ കൂടെ മൈക്രോബിനെയും കൂട്ടി മുന്നേറുകയാണ് ലക്ഷ്യം. അടുത്ത ഘട്ടം എന്താകും?
സംസ്ഥാന വൈറസ്? സംസ്ഥാന അമീബ, സംസ്ഥാന പുഴു ?എന്തായാലും ജനം ഉറപ്പായി പറയും: ലോകത്ത് ഒരിടത്തും ഇങ്ങനെ ചെറുതിനെ പോലും ഇത്ര വലിയ ബഹുമതി നൽകുന്ന നാട് വേറെയില്ല!
No comments:
Post a Comment