#അവസരവാദ #അതിജീവനം
ജോസ് കെ മാണി വീണ്ടും ബൈബിൾ തുറന്നത് ആത്മീയ ഉണർവിനല്ല, രാഷ്ട്രീയ അതിജീവനത്തിനാണെന്ന കാര്യത്തിൽ ഇനി സംശയം വേണ്ട. സത്യവേദപുസ്തകം ലൂക്കോസ് 23:28 ഇഷ്ടവാക്യമായി തിരഞ്ഞെടുക്കപ്പെട്ടത് യാദൃച്ഛികമായല്ല.
“എന്നെയോർത്ത് കരയേണ്ട” എന്ന യേശുവിന്റെ വാക്കുകൾ,"തങ്ങളെയോർത്ത് ആരും കരയേണ്ട” എന്ന ജോസ് കെ. മാണിയുടെ പ്രസ്താവനയായി മലയാള രാഷ്ട്രീയത്തിൽ പുനർജനിച്ചു. എന്നാൽ യേശു പറഞ്ഞത് വരാനിരിക്കുന്ന മഹാവിപത്തിനെ കുറിച്ചായിരുന്നു; മാണിക്കുഞ്ഞ് സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന അധികാരവിരഹത്തെയാണെന്ന ചെറിയ വ്യത്യാസം മാത്രം. അധികാരമില്ലാത്ത ജീവിതം ത്യാഗമാകുമ്പോൾ അതിനെ സഹനമെന്ന് വിളിക്കാമെന്ന പുതിയ തിയോളജിയാണ് ഇവിടെ രൂപപ്പെടുന്നത്.
മെത്രാൻമാരുടെ വഴിയിലല്ല, “അധ്വാനവർഗത്തിന് വേറെ വഴികളുണ്ട്” എന്ന ചരിത്രസ്മരണയുടെ പുറകേയാണ് താനെന്ന് ജോസ് മാണി ആവർത്തിച്ച് പറയുമ്പോൾ, അത് ഉറച്ച നിലപാടാണോ അതോ മുന്നണി മാറാനുള്ള മുന്നൊരുക്കമാണോ എന്ന സംശയം ബാക്കി നില്ക്കുന്നു. മാണി കോൺഗ്രസിനെ കൂട്ടുപിടിച്ചാൽ യുഡിഎഫിന് പാരയാകുമോ, അല്ലെങ്കിൽ എൽ ഡി എഫ് തന്നെ അധികാരം നിലനർത്തുമോ എന്നൊക്കെയുള്ള കാര്യങ്ങൾ ഇപ്പോഴും രാഷ്ട്രീയ ജ്യോതിഷികൾക്കുപോലും കണക്കുകൂട്ടാനാകാത്ത ഗ്രഹനിലകളാണ്. പിണറായി 3.0-ന് തുടർന്നും ചൂട്ടുപിടിക്കേണ്ട അവസ്ഥയാണോ, അതോ മുന്നണി മാറ്റം പ്രയോജനം ചെയ്യുമോ ; ഇതെല്ലാം ചേർന്നതാണ് ഇന്നത്തെ മാണിക്കുഞ്ഞ് രാഷ്ട്രീയ ദർശനം.
“കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകും” എന്ന പ്രഖ്യാപനം കേൾക്കുമ്പോൾ “ലൈഫ് ബോയ് എവിടെയുണ്ടോ അവിടെ ആരോഗ്യമുണ്ട്” എന്ന പഴയ സോപ്പുപരസ്യം ഓർമ്മയിൽ വരും. ആരോഗ്യത്തിന്റെ കാര്യത്തിൽ സോപ്പ് രക്ഷിച്ചില്ലെന്ന് ജനം വൈകിയാണ് മനസ്സിലാക്കിയത്; രാഷ്ട്രീയത്തിലും അതേ വൈകിപ്പിക്കൽ തന്ത്രമാണ് ഇപ്പോൾ പരീക്ഷിക്കുന്നത്.
മധ്യമേഖലാ ക്യാപ്റ്റനാണ് താനെന്ന് മാണിക്കുഞ്ഞ് അവകാശപ്പെടുമ്പോൾ, ആടി ഉലയാത്ത കപ്പലിന് ഒരേയൊരു ക്യാപ്റ്റനേയുള്ളൂ എന്ന ആരോഗ്യാനാരോഗ്യ മന്ത്രി ശ്രീമതി ജോർജിന്റെ ബോധനത്തിലാണ് ചെറിയ വിള്ളൽ വീഴുന്നത്. എന്തൊക്കെ പറഞ്ഞാലും, ഇത്തവണ അധികാരത്തിനപ്പുറത്ത് നിൽക്കുന്ന ഒരു പ്രദേശിക പാർട്ടിയുടെ അവസരവാദ ചരിത്രം തന്നെയാണ് ഈ വാക്കുകളിലൂടെ വീണ്ടും എഴുതപ്പെടുന്നത്.
No comments:
Post a Comment