Tuesday, 13 January 2026

ജയിൽ ലൈഫ് ബെറ്റർ

#ജയിൽലൈഫ് #ബെറ്റർ!
സംസ്ഥാനത്തെ ജയിലുകൾ ഇനി മുതൽ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും മൾട്ടിനാഷണൽ കമ്പനിയും ചേർന്ന സംയുക്ത സംരംഭങ്ങൾ ആയി മാറുകയാണ്. സ്കിൽഡ് ജോലിക്ക് 620 രൂപ! സെമി-സ്കിൽഡിന് 560! അൺസ്കിൽഡിന് 530! 

63 രൂപയിൽ നിന്ന് പത്ത് മടങ്ങ് വർധനയെന്നു കേട്ടാൽ പുറത്തുള്ള തൊഴിലാളികൾക്ക് സംശയം തോന്നുക, കുറ്റം ചെയ്താൽ കരിയർ വളർച്ച ഉറപ്പാണെന്നാവും. 2018 മുതൽ കാത്തിരുന്ന ജയിൽ പാക്കേജ് പരിഷ്കാരം, സാധാരണക്കാരനിൽ സൃഷ്ടിക്കുന്ന മോഹവലയം ചെറുതൊന്നുമല്ല. കുറ്റവാളികക്കൊപ്പം നാട്ടിലുള്ളവരും കുറ്റം ചെയ്തു ജയിൽ പോയി  സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തണമെന്ന ആഗ്രഹമുണ്ടാകും. ഒരിക്കൽ പോയവന് പിന്നെയും പിന്നെയും ജയിലിൽ പോകാൻ തോന്നും  പക്ഷേ ഒരു സംശയം; മുഖ്യധാരയിൽ നിൽക്കുന്നവർക്ക് കിട്ടാത്ത വേതനം തടവറയ്ക്കുള്ളിലേക്ക് ഒഴുക്കുക എന്നതാണോ ഇടതു സർക്കാരിൻ്റെ പുരോഗമന മുദ്രാവാക്യം?

ഒരു വശത്ത് തൊഴിലുറപ്പ് തൊഴിലാളികൾ 369 രൂപയുമായി മഴയിലും ചെളിയിലും കുഴിയെടുക്കുന്നു; മറുവശത്ത് ആശാവർക്കർമാർ 400 രൂപയിൽ ആരോഗ്യസംരക്ഷണത്തിനായി ഗ്രാമം മുഴുവനുംചുറ്റിത്തിരിയുന്നു.. ഇവർ ദിവസവേതനത്തിൽ നിന്നാണ് ഭക്ഷണത്തിനും വസ്ത്രത്തിനും മരുന്നിനും കുട്ടികളുടെ പഠനത്തിന് തുക കണ്ടെത്തുന്നത്. എന്നാൽ ജയിൽ എംപ്ലോയീസിന്  സൗജന്യ സമീകൃത ഭക്ഷണവും താമസവും ടി.വി -റേഡിയോ വിനോദവും. പുറത്തു ജീവിക്കാൻ പാടുപെടുന്നവർക്ക് കുറവ് വേതനം; അകത്ത് റിസോർട്ട് സംവിധാനത്തിൽ ഇരിക്കുന്നവർക്ക് അധികം. ഇതെന്തൊരു സാമ്പത്തിക നീതി! നാട്ടിൽ ആണെങ്കിൽ സൗകര്യമില്ല; ജയിലിൽ ആണെങ്കിൽ സൗഖ്യം : ഇതാണോ പുതിയ സാമൂഹ്യ സുരക്ഷാസന്ദേശം?

ഇതൊക്കെ കണ്ടാൽ തോന്നുക ജയിൽ ഇനി ദുർഗുണപരിഹാര പാഠശാലയല്ല, പകരംഹോട്ടൽ ഹയാത്ത് ആണെന്ന്.  സുഖം കൂടിയാൽ ആകർഷണം കൂടും; ആകർഷണം കൂടിയാൽ കുറ്റകൃത്യങ്ങളും കൂടും; ലളിതമായ മെറ്റീരിയലിസ്റ്റിക് ലോജിക്. മഴക്കാലരോഗവും മോഷണവും മയക്കുമരുന്നും രക്ഷാപ്രവർത്തനവും
പാർട്ടി ഉണ്ടായിസവും നിയന്ത്രിക്കപ്പെടാത്ത നാട്ടിൽ, “ജയിൽ ലൈഫ് ബെറ്റർ” എന്ന പരസ്യം ആരും പ്രത്യേകിച്ച് കൊടുക്കേണ്ടതില്ല. 

ഉപദേശികളുടെ ബാഹുല്യം മൂലം പുരോഗമന ആശയങ്ങൾക്ക് പഞ്ഞം ഇല്ലാത്ത നാട്ടിൽ സർക്കാർ ഓർക്കേണ്ടത് ജയിൽ എന്നത് ശിക്ഷയാണ്; സമ്മാനം അല്ല എന്നാണ്. അതിനാൽ ജയിലിലെ അധിക വേതന ഉത്തരവ്  പിൻവലിക്കണം. പുറത്തുള്ളവരുടെ അധ്വാനം അപമാനിക്കപ്പെടരുത്; അകത്തുള്ളവർക്ക് അധികംസുഖം വാഗ്ദാനം ചെയുകയുമരുത്. 

നീതി എന്നത് കൈക്കൂലി അല്ല, കൈകെട്ടലാണ്.
-കെ എ സോളമൻ

No comments:

Post a Comment