Wednesday, 8 October 2014

കനത്ത പിഴയുമായി പുതിയ മോട്ടോര്‍ വാഹന നിയമം


mangalam malayalam online newspaper










തിരുവനന്തപുരം : മോട്ടോര്‍ വാഹന നിയമലംഘകര്‍ക്കുള്ള പിഴ കുത്തനെ ഉയര്‍ത്തിക്കൊണ്ടുള്ള നിയമം നാളെ മുതല്‍ സംസ്‌ഥാനത്ത്‌ നിലവില്‍ വരും. പുതിയ നിയമ പ്രകാരം ഹെല്‍മെറ്റില്ലാതെ ഇരുചക്ര വാഹനം ഓടിക്കുന്നവരില്‍ നിന്നും പിഴയായി 100 രൂപ ഈടാക്കിയിരുന്ന സ്‌ഥാനത്ത്‌ 500 രൂപ നല്‍കേണ്ടി വരും. ഇരുചക്ര വാഹനങ്ങളില്‍ രണ്ടില്‍ അധികം പേര്‍ യാത്ര ചെയ്‌താല്‍ 1,000 രൂപ ഈടാക്കും. ആവശ്യമായ രേഖകള്‍ കൈവശമില്ലാത്ത ഇരുചക്ര വാഹനം ഓടിക്കുന്നവരില്‍ നിന്നും 500 രൂപ ഈടാക്കും. ഇന്‍ഷുറന്‍ ഇല്ലാത്ത ഇരുചക്ര വാഹനവുമായി നിരത്തിലിറങ്ങിയാന്‍ 1,000 രൂപയും പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ്‌ ഇല്ലെങ്കില്‍ 500 രൂപയും പിഴ നല്‍കേണ്ടിവരും.
ഇന്‍ഷുറന്‍സ്‌ ഇല്ലാത്ത കാറുടമകളില്‍ നിന്നും 10,000 രൂപ പിഴയൊടുക്കും. സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാത്ത കാര്‍ യാത്രികരില്‍ നിന്നും 1,000 രൂപ ഈടാക്കും. മതിയായ രേഖകളില്ലാത്ത കാറുടമകള്‍ 5,000 രൂപ പിഴ ഈടാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും.
ലൈസന്‍സ്‌ ഇല്ലാതെ കാര്‍ ഓടിക്കുന്നവരില്‍ നിന്നും 10,000 രൂപയാകും പിഴയൊടുക്കുക. പുതിയ നിയമം നടപ്പാകുന്നതോടെ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കണമെങ്കില്‍ 5,000 രൂപ കൈയില്‍ കരുതണം എന്നതാണ്‌ ഏറ്റവും ശ്രദ്ദേയം.
രണ്ടിലധികം തവണ ട്രാഫിക്ക്‌ നിയമങ്ങള്‍ ലംഘിക്കുന്നവരുടെ ലൈസന്‍സ്‌ പിടിച്ചെടുക്കാനും പുതിയ നിയമത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.
കമന്‍റ് : ജനത്തെ പിഴിയാന്‍ ഇതാണ് ഏറ്റവും നല്ല വഴി .
-കെ എ സോളമന്‍ 

Monday, 6 October 2014

ജയലളിത വാങ്ങിക്കൂട്ടിയ 10000 സാരികള്‍ ലേലത്തിന്



















ബാംഗ്ലൂര്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അകത്തായ ജയലളിതയുടെ പതിനായിരത്തില്‍പ്പരം സാരികള്‍ ലേലത്തിന് വെച്ചേക്കുമെന്നു റിപ്പോര്‍ട്ട്. 10050 ആഡംബര സാരികള്‍ (ഇതില്‍ 750 എണ്ണം തനി പട്ടുസാരികളാണ്), 750 ജോഡി ചെരുപ്പുകള്‍, കിലോക്കണക്കിന് സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍, വെള്ളി വാള്‍, പാദസരങ്ങള്‍ തുടങ്ങിയവ കേസിലെ പ്രധാന തോണ്ടി സാധനങ്ങളായിരുന്നു . വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്യാത്തപക്ഷം ജയലളിതയുടെ ഈ വസ്തുവകകള്‍ ലേലത്തിന് വെക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് വര്‍ഷത്തെ തടവിനും നൂറ് കോടി രൂപ പിഴയടക്കാനുമാണ് ബാംഗ്ലൂരിലെ വിചാരണ കോടതി ജഡ്ജി മൈക്കേല്‍ ഡി കന്‍ഹ വിധിച്ചത്. ജയലളിതയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി നിരസിച്ചിരുന്നു.

അതിനിടെ, തടവുകാരുടെ ജയില്‍ യൂണിഫോമായ വെള്ള സാരിയുമായി എത്തിയ ഉദ്യോഗസ്ഥര്‍ക്ക് ജയലളിത ശകാരിച്ചു. കഠിനതടവിനോ ജീവപര്യന്തം തടവിനോ അല്ല തന്നെ ശിക്ഷിച്ചിരിക്കുന്നത് എന്നും സാദാ തടവാണ് എന്നും പറഞ്ഞാണ് മുന്‍ മുഖ്യമന്ത്രി ജയില്‍ യൂണിഫോം ധരിക്കാന്‍ വിസമ്മതിച്ചത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലാണ് ജയലളിത കഴിയുന്നത്. ജയലളിത മാത്രമല്ല സഹ തടവുകാരായ ശശികല, ഇളവരശി, സുധാകരന്‍ എന്നിവരും ജയില്‍ യൂണിഫോം ധരിക്കാന്‍ വിസമ്മതിച്ചു. തന്റെ സെല്ലിന് അടുത്തുള്ള സി സി ടി വി ക്യാമറയെയും ജയലളിത ചോദ്യം ചെയ്തു. ജയില്‍ യൂണിഫോം നിര്‍ബന്ധമില്ല എന്ന് പറഞ്ഞ് ജയലളിതയ്ക്ക് ഇളവ് കൊടുത്ത ജയില്‍ അധികൃതര്‍ സി സി ടി വി ക്യാമറ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ കഴിയില്ല എന്ന് തീര്‍ത്തുപറഞ്ഞു.

Comment: സാരിമാത്രം ലേലം ചെയ്താല്‍ എത്രകോടി കിട്ടും, പിഴയ്ക്കുള്ളത് തികയുമോ?

-കെ എ സോളമന്‍ 



Saturday, 4 October 2014

എഴുപത്തൊന്നായാല്‍ നേരെ ചൊവ്വെ ! യേശുദാസിനെകുറിച്ചു 2011ല്‍

Saturday, 17 September 2011


എഴുപത്തൊന്നായാല്‍ നേരെ ചൊവ്വെ !









മനോരമ ന്യൂസിന്റെ ‘നേരെചൊവ്വെ‘യില്‍ ഇക്കുറി നേരെ വന്നത് സംസ്ഥാനത്തിന്റെ ആസ്ഥാന ഗായകന്‍ യേശുദാസ്. ഗുരുവായൂരപ്പന്‍ തന്റെ അപ്പനാണെന്ന് അവകാശപ്പെടുകയുകയും, യേശുക്രിസ്തു അപ്പോള്‍ തന്റെ ആരാണെന്ന ചോദ്യത്തിന് മറുപടി പറയാതിരിക്കുകയും ചെയ്തതിനു ശേഷമുള്ള ആദ്യ ഇന്റര്‍വ്യൂ. കൈരളിയിലെ ജോണ്‍ ബ്രിട്ടാസിനെപ്പോലെ അത്രക്ക് വെളച്ചില്‍ ഇല്ലെങ്കിലും ആളെ കുപ്പിയിലറക്കാന്‍ ജോണി ലൂക്കാച്ചനും ഒട്ടും മോശമല്ല. കറുത്തതൊലിയുള്ള യേശുദാസ് തീരെ കറുത്തും ആത്രക്കങ്ങു വെളുത്ത തൊലിയില്ലാത്ത ജോണി ലൂക്കാച്ചന്‍ ഏറെ വെളുത്തും കാണുന്ന രീതിയിലായിരുന്നു അച്ചായന്‍ചാനെലിന്റെ ലൈറ്റ് അറേഞ്ച്മെന്റ് . യേശുദാസുമായുള്ള അഭിമുഖം ഇതേ മാതിരി ഒന്ന് രണ്ടെണ്ണം കൂടി വെളിച്ചം കണ്ടാല്‍ ഗയാകനെ നെഞ്ചിലേറ്റി നടക്കുന്നവരുടെ ഇപ്പോഴുള്ള അഭിപ്രായം താനേ മാറിക്കൊള്ളും.


യേശുദാസ് സംസാരിക്കുമ്പോള്‍ ആരും ശ്രദ്ധിച്ചുപോകും. ഇടയ്ക്കെങ്ങാനും ഒരു പാട്ടുപാടിയാല്‍ എന്നതുകൊണ്ട് മാത്രമല്ല, ആരെയും വെറുപ്പിക്കാതെ, ആരോടും പകയില്ലാതെ സത്യങ്ങള്‍ തുറന്നു പറയുന്ന ആളാണ് അദ്ദേഹം. എന്നാല്‍ ഇക്കുറി അദ്ദേഹം പറഞ്ഞ സത്യങ്ങള്‍ കേട്ടാല്‍ തോന്നുക എല്ലാവരോടും അദ്ദേഹത്തിനു വെറുപ്പുള്ളതുപോലെ.

ഏതൊരു വ്യക്തിയുമായും അഭിമുഖം നടത്തുമ്പോള്‍ കുടുംബകാര്യങ്ങള്‍ ഒക്കെ ചോദിക്കുന്ന പതിവ് ഇവിടെയും ലൂക്കാച്ചന്‍ തെറ്റിച്ചില്ല. ആദ്യ കുട്ടി ജനിക്കാന്‍ താമസിച്ചപ്പോള്‍ ആള്‍ ദൈവത്തെ കാണാന്‍ താന്‍ പോയില്ല എന്നാണു യേശുദാസ് ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞത് . അതിനു അദ്ദേഹത്തിനു കാരണവുമുണ്ട് . ആള്‍ ദൈവത്തിന്റെ കരുണകൊണ്ടു കുട്ടിജനിച്ചാല്‍ കുട്ടിയെ കൈകളില്‍ എടുക്കുമ്പോള്‍ ആള്‍ ദൈവത്തെ ക്കുറിച്ചു ഓര്മ വരും, അതിനു അദ്ദേഹത്തിനു താല്‍പര്യമുണ്ടായിരുന്നില്ല . ആള്‍ ദൈവങ്ങളുടെ പുറകെ നടക്കുന്ന ലക്ഷക്കണക്കിനു ഭക്തരുടെ മുഖത്തടിച്ചുള്ള ആക്ഷേപമായിപോയി അത്. നൂറു കണക്കിനു ക്ഷേത്രങ്ങളിലും പള്ളികളിലും നടന്നു അവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന കല്ലുകളിലും പ്ളാസ്റെര്‍ ഓഫ് പാരിസിലും നിര്‍മിച്ചിട്ടുള്ള ബിംബങ്ങളുടെ മുന്നില്‍ ഉരുളുനേര്‍ച്ചയും തുലാഭാരവും നടത്തുന്ന ഭക്തനാണോ ചോരയും നീരുമുള്ള ആള്‍ ദൈവങ്ങളെ കുറിച്ച് ഇങ്ങനെ പറയുന്നത്? തന്റെ ഉല്പന്നം വിറ്റുപോകാന്‍ വേണ്ടി മാത്രമായിരുന്നോ ഈ കപട ഭക്തി ? 

എഴുത്തുകാരന്‍ സക്കറിയായ്ക്കും കിട്ടി ഇടയ്ക്കൊരു കൊട്ട്. എന്തിനെയും ഏതിനെയും എതിര്‍ക്കുന്ന ആളാണ് സക്കറിയ. അമൃതാനന്ദമയി എന്നു കേട്ടാല്‍ സക്കറിയായ്ക് ഹാലിളകും. സംഘപരിവാര്‍ എന്നതും സഹിക്കില്ല. ആദ്വാനിയെക്കുറിചചെന്നല്ല ആരെ ക്കുറിച്ചും സക്കറിയായ്കു നല്ല അഭിപ്രായമില്ല. ഇതിനു ഒരു മാറ്റം വന്നത് ഏതോ വേദിയില്‍വെച്ചു ഡിഫി യുത്തന്മാര്‍ ഒന്നു തോണ്ടിയപ്പോഴാണ്. 

പരക്കെ പലരെയും ചീത്ത പറഞ്ഞു നടന്ന കാലത്ത് യേശുദാസിനെയും വിട്ടില്ല . മറ്റൊന്നും പറഞ്ഞില്ല, യേശുദാസിനു പാടാന്‍ അറിഞ്ഞു കൂടെന്നെ പറഞ്ഞുള്ളൂ. ഇപ്പോള്‍ സക്കറിയ തിരുത്തിയിരിക്കുന്നു, യേശുദാസിനെ ക്കുറിച്ച് അന്ന് പറഞ്ഞത് തെറ്റായി പ്പോയെന്ന്. " സക്കറിയയെ നാലാള് അറിയുന്നത് തന്നെ വിമര്‍ശിച്ചത് കൊണ്ടല്ലേ ?" എന്ന് ഗായകന്‍ ലൂക്കാച്ചനോടു ചോദിക്കുന്നു. ഇതല്പം കടന്ന കൈ ആയിപ്പോയ് എന്നു ഗായകനോട് പറയാതെ നിര്‍വാഹമില്ല. യേശുദാസിനെ വിമര്‍ശിക്കാതെ തന്നെ ആര്‍ത്തവരക്തത്തിന്റെയും ആസനത്തിന്റെയു മൊക്കെ കഥകളെഴുതി കറിയാച്ചന്‍ അല്പം പ്രസിദ്ധനായിരുന്നുവെന്നതാണ്‌ വാസ്തവം.

അഭിമുഖത്തിലെ മറ്റൊരു ഇനം തന്റെ തൂവെള്ള വസ്ത്രങ്ങളുടെ കുറിച്ചുള്ള രഹസ്യമാണ്. രഹസ്യം വെളിവാകണമെങ്കില്‍ ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ലൂക്കാ സുവിശേഷത്തിനായി കാണികള്‍ കാത്തിരിക്കണം. മുടിയും താടിയും കറുപ്പിക്കുന്നത് എഴുപത്തൊന്നാം വയസ്സില്‍ നിര്‍ത്തിയതു ഭാര്യയുടെ അനുവാദത്തോടെ എന്നും ഗായകന്‍ . എന്പതാം വയസ്സില്‍ ഭാര്യ എന്താണാവോ ഇനി പറയുക ? ഒരു കാര്യം ഗായകനോട് പറയാതെ വയ്യ. അതു പ്ളസ് ടു ക്ളാസ്സില്‍ പഠിപ്പിച്ച ഒരു മലയാളംഅധ്യാപകന്റെ കഥയാണ്. അമ്പതു എത്തിയതോടെഅധ്യാപകന്‍ പൂര്‍ണമായും നരച്ചു, മുടിയും താടിയും അപ്പുപ്പന്‍താടി പോലെ. പഠിപ്പിക്കാന്‍ കളാസില്‍ എത്തുമ്പോള്‍ കുട്ടികള്‍ വലിയ വില കല്പിച്ചില്ല. "കെളവന്‍ എന്തെങ്കിലും കാട്ടിയിട്ട് പോട്ടെ " എന്നതായിരുന്നു കുട്ടികളുടെ നിലപാട്. ഇതോടെ അധ്യാപകന് വലിയ വിഷമമായി. ഏറ്റവും അടുത്ത സ്നേഹിതന്റെ ഉപദേശ പ്രകാരമാണ് മുടിയിലും താടിയിലും ചായം അടിച്ചു തുടങ്ങിയത്. ഫലം അത്ഭുതാവഹമായിരുന്നു, ക്ളാസ്സില്‍ പൂര്‍ണ അച്ചടക്കം. " എടാ സാറു പയ്യനാണ്, അനങ്ങാതിരുന്നില്ലേല്‍ നീ അവുട്ട് " .ക്ളാസ്സില്‍ ഒരുത്തന്‍ അവന്റെ കൂട്ടുകാരനോട് പറയുന്നതു കേട്ടു. മുടിയില്‍ തേച്ച ചായത്തിന്റെ മേന്മ അങ്ങനെയാണ് സാറു മനസ്സിലാക്കിയത്.

അതുകൊണ്ടു ഗായകനും ഭാര്യയും ഒരു കാര്യം ഓര്‍ക്കുന്നതു നന്ന്. ചെത്തു പിള്ളാരുടെ സിനിമയില്‍ പാടാന്‍ വിളിക്കില്ല എന്നു മാത്രമല്ല, കെളവനല്ലേ , വണ്ടിചെക്കു പ്രതിഫലമായി കൊടുത്തുകളയാമെന്നു ചില നിര്‍മാതാക്കള്‍ കരുതുകയും ചെയ്യും. അതുകൊണ്ടു മുടിയും താടിയും കറുപ്പിക്കേണ്ടയെന്ന തീരുമാനം പുന പരിശോധിക്കുന്നതായിരിക്കും നല്ലത്.
മനോഹര ഗാനാലാപനത്തിന്റെ ഒരുന്നൂറു വര്‍ഷങ്ങള്‍ നേര്‍ന്നു കൊണ്ട് !

-കെ എ സോളമന്‍

കുറിപ്പ് : 2011 -ല്‍ യേശുദാസിന് 71 വയസ്. ഇപ്പോള്‍ 74. പ്രായം കൂടുംതോറും വിവരാദോഷവും കൂടും എന്ന്പെങ്കുട്ടികളുടെ ജീന്‍സ് വേഷം പരാമര്‍ശത്തിലൂടെ അദ്ദേഹം തെളിയിച്ചിരിക്കുന്നു.

യേശുദാസിന്‍െറ പരാമര്‍ശം ദൗര്‍ഭാഗ്യകരം ^വനിതാ കമ്മീഷന്‍ അധ്യക്ഷ

യേശുദാസിന്‍െറ പരാമര്‍ശം ദൗര്‍ഭാഗ്യകരം ^വനിതാ കമ്മീഷന്‍ അധ്യക്ഷ
തിരുവനന്തപുരം: സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ ഗായകന്‍ കെ.ജെ യേശുദാസ് നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിന് മുമ്പ് അദ്ദേഹം നല്ലപോലെ ആലോചിക്കേണ്ടതായിരുന്നു. ധാര്‍മികതക്ക് നിരക്കുന്ന വാക്കുകളല്ല അദ്ദേഹത്തില്‍ നിന്നുണ്ടായത്. വലിയ ഗായകനായ അദ്ദേഹം ഇത്തരം പരാമര്‍ശം നടത്തരുതായിരുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീകള്‍ ജീന്‍സ് ധരിച്ച് മറ്റുള്ളവരെ വിഷമിപ്പിക്കരുത്. ജീന്‍സ് ധരിക്കുമ്പാള്‍ അതിനപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചു വെക്കേണ്ടത് മറച്ചു തന്നെ വെക്കണമെന്നുമായിരുന്നു യേശുദാസിന്‍െറ പരാമര്‍ശം. വ്യാഴാഴ്ച തിരുവനന്തപുരത്ത് 'ശുചിത്വ കേരളം സുന്ദര കേരളം' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
കമന്‍റ് : പാട്ടുകാരന്‍ സാമൂഹ്യ പരിഷ്കര്‍ത്താവാകുന്നതും ദുരന്തമാണ്.
-കെ എ സോളമന്‍ 

Friday, 3 October 2014

സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ച് യേശുദാസ്‌


തിരുവനന്തപുരം: സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ച് ഗായകന്‍ യേശുദാസ്. സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുത്. ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചുവെക്കേണ്ടത് മറച്ചുവക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറച്ചുവെക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌കാരം. 

ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാതീനം ചെയ്യിക്കാന്‍ ശ്രമിക്കരുത്. സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യമെന്നും യേശുദാസ് പറഞ്ഞു. സ്വാതി തിരുന്നാള്‍ സംഗീത കോളജില്‍ സംഘടിപ്പിച്ച ശുചിത്വ കേരളം സുന്ദര കേരളം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

യേശുദാസിന്റെ അഭിപ്രായങ്ങളെ ചടങ്ങില്‍ പങ്കെടുത്ത ആണ്‍കുട്ടികള്‍ കരഘോഷത്തോടെ വരവേല്‍ക്കുന്ന കാഴ്ചയുണ്ടായി.

കമന്‍റ്: പാടാനൊഴികെ മറ്റൊന്നിനും വാപൊളിക്കാതിരിക്കുന്നതാണ് നല്ലത്.:
-കെ എ സോളമന്‍