#ടെൻഷൻ_മാറ്റാൻ_സ്വർണം_വിറ്റോളൂ!
ചാനൽ തുറന്നാൽ കാണുന്നത് ഒരു പുതിയതരം കൗൺസിലിംഗ് സെഷനാണ്. "സ്വർണം പണയം വെച്ചാൽ ടെൻഷൻ കൂടും, അതുകൊണ്ട് ഞങ്ങൾക്ക് വിറ്റ് സമാധാനമായി ജീവിക്കൂ" എന്ന സ്വർണ മുതലാളിമാരുടെ പരസ്യം. ഈ മാനസികാരോഗ്യ ഉപദേശം കേട്ടാൽ ആരും കരുതും, ഇവർ ബിസിനസുകാരല്ല, മറിച്ച് സൗജന്യ തെറാപ്പിസ്റ്റുകളാണെന്ന്! ജനത്തിന്റെ ടെൻഷനിൽ ഇത്ര ആത്മാർത്ഥമായ ഉത്കണ്ഠ പ്രകടിപ്പിക്കുന്ന ഇവരെ കണ്ടാൽ ആരും കരഞ്ഞു പോകും.
ജനങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ വേണ്ടി മാത്രം സ്വന്തം കീശ ബലമായി വീർപ്പിക്കേണ്ടി വരുന്ന ഈ മഹാമനസ്കരായ വ്യാപാരികളുടെ ത്യാഗം കണ്ടില്ലെന്ന് നടിക്കാൻ പറ്റുമോ? "സമ്പാദ്യം" എന്ന പേരിൽ വീട്ടിലെ അലമാരയിൽ വെറുതെ ഇരിക്കുന്ന സ്വർണം വിറ്റൊഴിവാക്കിയാൽ അപ്പോൾ കിട്ടുന്ന ആ സമാധാനം ഒന്ന് വേറെ തന്നെ!
നിക്ഷേപങ്ങളുടെ ചരിത്രമെടുത്താൽ സ്വർണ്ണത്തോളം വിശ്വസ്തതയുള്ള മറ്റൊരു നിക്ഷേപം കാണില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. നാളെ വില കുതിച്ചുയരുമ്പോൾ "അയ്യോ, അന്ന് വെറുതെ വിറ്റുകളഞ്ഞല്ലോ" എന്നോർത്ത് അനുഭവിക്കാൻ പോകുന്ന പുതിയ ടെൻഷൻ, അതാണ് സ്വർണ വ്യാപാരികൾ ജനത്തിന് സൗജന്യമായി നൽകുന്ന ബോണസ് ഓഫർ!
പണത്തിന് അടിയന്തിര ആവശ്യം വരുമ്പോൾ കൈയിലുള്ള സ്വർണം പണയം വെച്ച്, ആവശ്യം കഴിഞ്ഞ് തിരിച്ചെടുക്കുന്ന പഴയ ശീലം എത്ര മോശമാണെന്ന് മുതലാളിമാർ ആഴത്തിൽ ഗവേഷണം നടത്തി കണ്ടെത്തിയിരിക്കുന്നു! ആ പഴഞ്ചൻ ശീലം മലയാളി ഇനി അടിയന്തിരമായി ഉപേക്ഷിക്കണം. പകരം സ്വർണം നേരെ കൊണ്ടുപോയി തുച്ഛമായ വിലയ്ക്ക് വിറ്റ്, ഉടമസ്ഥാവകാശം എന്നന്നേക്കുമായി കൈയൊഴിയണം. അങ്ങനെ വന്നാൽ, ഭാവിയിൽ അതേ സ്വർണം തിരികെ വാങ്ങാൻ അതേ കടയിൽ ചെല്ലുമ്പോൾ പണിക്കൂലിയും, പണിവാശിയും, ജി.എസ്.ടിയും, അഡീഷണൽ ജി.എസ്.ടിയും ചേർത്തുള്ള "സ്വാഗതം" കാണുമ്പോൾ ടെൻഷൻ പൂർണമായും ഇല്ലാതാകും ഒപ്പം കീശയും!
ജനങ്ങളുടെ സമ്പാദ്യശീലത്തിന്റെ കടയ്ക്കൽ കത്തി വെച്ച് , പരസ്യക്കൂട്ടിലൂടെ സ്വന്തം സമ്പത്ത് ഇരട്ടിയാക്കുന്നസ്വർണ്ണ മുതലാളിമാരുടെ ഈ സൗജന്യ ഉപദേശം വിശ്വസിക്കുന്നവർക്ക് കൈവരുന്ന സാമ്പത്തിക ഭദ്രത നേരിട്ട് കണ്ടറിയേണ്ടതു തന്നെ. ജനത്തെ ചൂഷണം ചെയ്യുന്ന ഏത് നടപടിയും നിയന്ത്രിക്കാൻ ബാധ്യതയുണ്ടെങ്കിൽ, സ്വർണ മുതലാളിമാരും ചാനൽ തമ്പുരാക്കന്മാരും ചേർന്ന് നടത്തുന്ന ഈ പകൽ കൊള്ള
എത്രയും വേഗം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.
No comments:
Post a Comment