Tuesday, 4 July 2023

അക്കാദമി ബുക്സിലെ പരസ്യം

#അക്കാദമി ബുക്സിലെ പരസ്യം

കേരള സാഹിത്യ അക്കാദമി അടുത്തിടെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ  എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികം ആഘോഷിക്കുന്ന പരസ്യ ലോഗോ പ്രസിദ്ധീകരിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച എഴുത്തുകാരോട് യോജിക്കുന്നു. എൽഡിഎഫ് സർക്കാർ കിറ്റ് കൊടുത്തു നേടിയ രണ്ടാം ഭരണത്തിന്റെ രണ്ടാം വാർഷികം അക്കാദമി പുസ്തകങ്ങളിൽ പരസ്യം ചെയ്യാൻവിധം വലിയ കാര്യമല്ല.

പുസ്‌തകങ്ങൾ എന്നെന്നേക്കുമായി നിർമ്മിക്കപ്പെടുന്നതാണ്., അതേസമയം ഒരു പ്രത്യേക സർക്കാർ 5 വർഷ കാലത്തേക്കു തെരഞ്ഞെടുക്കപ്പെടുമ്പോൾ അക്കാദമിയുടെ പുസ്‌തകങ്ങളിൽ സർക്കാരിനെ കുറിച്ച് പരസ്യം ചേർക്കുന്നത് അനുചിതമാണ്. ഇത്തരം കാര്യങ്ങളിൽ അക്കാദമി ചെയർമാനും അതിന്റെ സെക്രട്ടറിയും തമ്മിൽ അല്പം ഏകോപനമെങ്കിലും ഉണ്ടായിരിക്കണം. എന്തുചെയ്യണമെന്നറിയാത്ത വിവരശൂന്യരായ ചിലർ ഭരണത്തിന്റെ ഉന്നതതലത്തിലുണ്ട് എന്നതിന് ഇതിൽ കൂടുതൽ എന്തു തെളിവ് വേണം?

കെ.എ. സോളമൻ

Wednesday, 21 June 2023

വ്യാജരേഖകൾ കണ്ടെത്താം

#വ്യാജരേഖകൾ കണ്ടെത്താം

വ്യാജ രേഖകൾ ഇപ്പോൾ കേരളത്തിൽ പ്രചരിക്കുന്നുണ്ട് എന്ന കാര്യത്തിൽ  ആർക്കും തർക്കം ഉണ്ടാകാൻ ഇടയില്ല. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റ് ബുക്ക് നഷ്ടപ്പെട്ടത് വ്യാജ സർട്ടിഫിക്കറ്റുകളായി പ്രത്യക്ഷപ്പെപെടാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല.  തന്റെ എല്ലാ രേഖകളും ഒറിജിനൽ ആണെന്നും ഒന്നു പോലും വ്യാജമല്ലെന്നും യുവ ഗവേഷക കെ. വിദ്യ പറയുമ്പോൾ റിപ്പോർട്ടുകൾ  മറിച്ചാണ് കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്

എംഎസ്എം കോളേജിലെ നിഖിൽ തോമസിന് വ്യാജ കലിംഗ സർട്ടിഫിക്കറ്റ് നൽകിയതിന് സിപിഎം പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  പക്ഷെ വസ്തുതകൾ മനസ്സിലാക്കാൻ രണ്ടംഗ കേരള പോലീസ് സംഘത്തിന് റായ്പൂരിലെ കലിംഗ സർവകലാശാല സന്ദർശിക്കേണ്ടിവന്നു. സാങ്കേതിക വിപ്ലവത്തിന്റെ കാലത്ത് ഇത്തരത്തിലുള്ള ഉല്ലാസയാത്രയും മറ്റ് രസകരമായ പ്രവ്യത്തികളും എന്തിനാണെന്ന് അത്ഭുതപ്പെട്ടു പോകുന്നു.

രാജ്യത്തെ സർവ്വകലാശാലകൾ അവരുടെ സർട്ടിഫിക്കറ്റുകളിൽ ക്യുആർ കോഡോ ഹോളോഗ്രാമോ ഉപയോഗിക്കാൻ തീരുമാനിച്ചാൽ, ഇത്തരത്തിലുള്ള കള്ള ഇടപാടുകൾ ഒഴിവാക്കാം. സ്‌മാർട്ട്‌ഫോൺ അല്ലെങ്കിൽ ടാബ്‌ലെറ്റ് വഴി ഓൺലൈനിൽ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് സർട്ടിഫിക്കറ്റുകളിലെ  ക്യുആർ കോഡ് ഉപയോഗിക്കാം. 

 ഉദ്യോഗാർത്ഥി ഹാജരാക്കിയ സർട്ടിഫിക്കറ്റിന്റെ ആധികാരികത തത്സമയം പരിശോധിക്കാൻ സർട്ടിഫിക്കറ്റിലെ ഹോളോഗ്രാം ഒരു കോളേജ് പ്രിൻസിപ്പലിനെ , തൊഴിലുടമയെ സഹായിക്കുന്നു.

കെ.എ. സോളമൻ

Sunday, 11 June 2023

മാർക്ക് ലിസ്റ്റ് തട്ടിപ്പ്

#മാർക്ക്ലിസ്റ്റ്  #തട്ടിപ്പ്

മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആർഷോ നൽകിയ പരാതിയിൽ കോളേജ് പ്രിൻസിപ്പലും കോഴ്‌സ് കോഓർഡിനേറ്ററും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തത് പരിഹാസ്യമാണ്.

പ്രിൻസിപ്പലും കോഴ്‌സ് കോർഡിനേറ്ററും ഇടത് അനുകൂല സംഘടനയായ എകെജിസിടിയിൽ അംഗങ്ങളായതിനാൽ എസ്എഫ്‌ഐ സെക്രട്ടറിക്കെതിരെ പ്രവർത്തിക്കാൻ ഒരിക്കലും ശ്രമിക്കില്ല. വിവാദത്തിൽ മറ്റെന്തോ ഗൂഢാലോചനയുണ്ട്  അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമ ലേഖികയും കെഎസ്‌യു പ്രതിപക്ഷ നേതാക്കളും തങ്ങളുടെ കടമ നിർവഹിച്ചു, അവർക്കെതിരായ പോലീസിന്റെ ആരോപണത്തിന് ഒരു വിലയുമില്ല.

കുറ്റാരോപിതരായ വ്യക്തികൾ  തെറ്റായ മാർക്ക് ലിസ്റ്റ് തയ്യാറാക്കി പരാതിക്കാരനെ അപകീർത്തിപ്പെടുത്തിയെന്ന വാദം തികച്ചും അഹാസ്യമാണ്, മനസ്സിലാക്കാൻ കഴിയാത്തതാണ്.

കെ.എ. സോളമൻ

Tuesday, 6 June 2023

ഡ്രാക്കോണിയൻ നിയമം

#ഡ്രാക്കോണിയൻ #നിയമം

കേരള സർക്കാരിന്റെ ഏറ്റവും പുതിയ ഭേദഗതി പ്രകാരം ബിരുദമുള്ള ഉദ്യോഗാർത്ഥികളെ കേരള സഹകരണ സംഘങ്ങളിലെ പ്യൂൺ തസ്തികകളിലേക്ക് ഇനി പരിഗണിക്കില്ല. ഇത് ശരിക്കും ക്രൂരമാണ്

ഇതിനർത്ഥം ഒരു ബാച്ചിലേഴ്സ് ബിരുദത്തിന് ഒരു മൂല്യവുമില്ല എന്നാണോ? ബിരുദം നേടുന്നതിന് മുമ്പ് പാർട്ടി പ്രവർത്തനത്തിനായി കുട്ടികൾ സ്കൂൾ വിടണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുണ്ടോ?

ബാച്ചിലർ ബിരുദം യുവാക്കൾക്ക് ജീവിതത്തിൽ വിജയിക്കാനുള്ള ഒരു നല്ല മാർഗമാണ്. ഒരു ബിരുദം നേടുന്നത് ഒരു അനുഗ്രഹമാണ്, തീർച്ചയായും ശാപമല്ല. എല്ലാവർക്കും അവസരം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ട ഒരു സംസ്ഥാനത്ത്, ബിരുദധാരികൾക്ക് താഴ്ന്ന ജോലികൾക്ക് അപേക്ഷിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല. ഒരു മണ്ടൻ തീരുമാനത്തിലൂടെ അവരുടെ അപേക്ഷകൾ നിരസിക്കാൻ പാടില്ല.

തീർച്ചയായും, സഹകരണ ബാങ്കുകളിൽ ഉയർന്ന തസ്തികകളിൽ അധിക യോഗ്യതയുള്ളവർ കുറവാണ്. ഉയർന്ന യോഗ്യതയുള്ള ആളുകൾ പ്യൂണായി വരുന്നത് ഒരു ഈഗോ ക്ലാഷിലേക്ക് നയിച്ചേക്കാം, പക്ഷേ അത് ബിരുദധാരികൾക്ക് അവസരം നിഷേധിക്കുന്നതിന് കാരണമാകരുത്.

അല്പവിദ്യാഭ്യാസമുള്ളവർക്കും വിദ്യാഭ്യാസമില്ലാത്തവർക്കും കുടിയേറ്റ തൊഴിലാളികളോടൊപ്പം നിർമാണ ജോലികളിൽ ചേരാം.. വിദ്യാസമ്പന്നരെന്ന് പറഞ്ഞ് അപേക്ഷകർക്ക് അവസരം നിഷേധിക്കുന്നത് ശരിയല്ല. ഈ ലോകം നിരക്ഷരരായ ഗുണ്ടകൾക്ക് മാത്രമല്ല, വിദ്യാഭ്യാസമുള്ളവർക്കും വേണ്ടിയുള്ളതാണ്.

കെ.എ. സോളമൻ

Saturday, 3 June 2023

#എങ്ങനെ #പഠനം #പ്രായോഗികമാക്കാം!



പ്രായോഗിക തലത്തിൽ ഫിസിക്സ്
 എങ്ങനെ കുട്ടികളെ പഠിപ്പിക്കാം, പരീക്ഷിക്കാം എന്നതിന്റെ ഉദാഹരണമാണ് ചിത്രത്തിൽ കൊടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ 2023 മാർച്ചിലെ ഒന്നാം വർഷ ഹയർസെക്കൻഡറി ഫിസിക്സ് പരീക്ഷയുടെ ചോദ്യമാണിത്.

ഫിസിക്സ് ക്ലാസുകളിൽ ഇരുന്നവർക്ക് ചിത്രം കണ്ടാൽ കാര്യം പിടികിട്ടുമെങ്കിലും അങ്ങനെ അല്ലാത്തവർക്ക് ചിത്രത്തെക്കുറിച്ച് ഒരു വിശദീകരണം വേണ്ടിവരും.

വളയിട്ടകൈകളിൽ വളഞ്ഞകാലുള്ള ഏതാനും ജീവികൾ വന്ന് തറക്കുന്നതാണ് ചിത്രത്തിന്റെ ഒരുഭാഗം. അവിടെ B എന്ന മാർക്ക് കാണാം. താഴെ എന്തോ ഒരു സാധനം ഇട്ട് കത്തിക്കുന്നതായി കരുതണം. തീ എത്തുമ്പോൾ ചാടി വരുന്നതാണ് വാലു വളഞ്ഞ ജീവികൾ

 ചിത്രം കണ്ടിട്ട് അത് വിറകോ. ഗ്യാസ് അടപ്പോ, കരിയിലയോ ആയിതോന്നില്ല, ഒരുപക്ഷേ ചാണക വരളി ആയിരിക്കണം. വടക്കേ ഇന്ത്യയിൽ അങ്ങനെയൊക്കെ ആണല്ലോ തീ കത്തിക്കുന്നത് ? 

വളയിട്ട കൈകളിൽ അമ്പാകൃതിയിലുള്ളവ തറക്കുന്ന നേരത്ത് ഒരു കറുത്ത കൈ ഒരു കറുത്ത ചുള്ളിക്കമ്പ് അവയിലേക്ക് ചൂണ്ടുന്നത് കാണാം. കമ്പിന് മുകളിലായിട്ട് Aഎന്നും സൂചിപ്പിച്ചിട്ടുണ്ട്.  A-യും B-യും എന്താണ് വിവക്ഷിക്കുന്നത് എന്നാണ്
പ്രായോഗിക തലത്തിലുള്ള ചോദ്യകർത്താവിന്റെ ഉന്നം. 

അപകടത്തിൽ പെട്ടിരിക്കുന്ന വളയിട്ട കൈകളുടെ ഉടമയെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിൽ കയ്യിൽ കിട്ടിയ വടിയെടുത്ത് അപകടകാരികളെ തല്ലി ഓടിക്കുന്നതാണ് ചിത്രമെന്ന് ക്ലാസിൽ കയറാത്ത ഏതെങ്കിലും കൗമാരക്കാരന് തോന്നിയാൽ തെറ്റ് പറയാൻ പറ്റില്ല , പ്രത്യേകിച്ചും സ്കൂളുകളിൽ കുറെകൗമാരക്കാർ ക്ലാസ്സിൽ കയറാതെ പുകയിൽ കുളിച്ച നടക്കുന്ന കഥകൾ കേൾക്കുന്ന ഇക്കാലത്ത് . 

വിദ്യാഭ്യാസം ക്ലാസ് മുറികളിൽ ഒതുക്കാതെ പ്രായോഗിക തലത്തിൽ തന്നെ ആവട്ടെ.

Wednesday, 26 April 2023

കെൽട്രോൺ

#കെൽട്രോൺ

കേരള സർക്കാരിൻറെ സ്വന്തം ഇലക്ട്രോണിക്സ് കമ്പനിയാണ് കെൽട്രോൺ

നിലവാരമില്ലാത്ത പ്രോഡക്റ്റ് ഇറക്കുന്നതായിരുന്നു കെൽട്രോണിന്റെ ആദ്യകാല രീതി. ഫെതർ ടച്ച് മാതൃകയിലുള്ള കാസിയോയുടെ കാൽക്കുലേറ്റർ പ്രചാരത്തിൽ ഉണ്ടായിരുന്ന കാലത്താണ് 330 രൂപ മുടക്കി ഞാൻ ഒരു കെൽട്രോൺ കാൽകുലേറ്റർ വാങ്ങിയ്ത്, 1977-ൽ . അന്ന് എനിക്ക്ശമ്പളം 550 രൂപയായിരന്നു. 

ഒരു മാസം കൊണ്ട് കേടായി . വാറന്റി ഉള്ളതുകൊണ്ട് . റിപ്പയർ ചെയ്തു കിട്ടി. മുല്ലക്കൽ സീറോ ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന റേഡിയന്റ് സെയിൽസ് ആൻഡ് സർവീസ് ആയിരുന്നു കച്ചവടക്കാർ . പക്ഷെ കാൽക്കുലേറ്ററിന്റെ ബട്ടൺ അമർത്താൻ ഒരു വിരലിന്റെ ബലം മതിയാകുമായിരുന്നില്ല.

 അതുപോലെതന്നെയാണ് കെൽട്രോണിന്റെ കമ്പ്യൂട്ടർ. 2001 ലാണ് വി എം സുധീരൻ എംപിയുടെ ഫണ്ടിൽ നിന്ന് കോളേജിലേക്ക് 10 ടേബിൾ ടോപ്പ് കമ്പ്യൂട്ടർ ലഭിച്ചത്. രണ്ടെണ്ണം ഞങ്ങളുടെ ഡിപ്പാർട്ട്മെൻറിനും കിട്ടി. അതിലെ ബട്ടൺ - കീ അമർത്താൻ പിള്ളക്കല്ല് തന്നെ വേണമായിരുന്നു . രണ്ടുവർഷം ആ കമ്പ്യൂട്ടറുകൾക്ക് ആയുസ്സ് കിട്ടിയില്ല. 

വിപ്രോയുടെ രണ്ട് നല്ലകമ്പ്യൂട്ടർ ഉണ്ടായിരുന്നതുകൊണ്ട് കുട്ടികൾപഠിച്ച് പരീക്ഷ എഴുതി. വി.എം. സുധീരന്റെ വികസനപ്രവർത്തനങ്ങളിലെ  വലിയ പരാജയമായിരുന്നു കെൽട്രോണിന്റെ കമ്പ്യൂട്ടർ വിതരണം എന്നു ഞാൻ പറയും. . അദ്ദേഹത്തിന് അറിയാമായിരിക്കില്ല കെൽട്രോൺ കമ്പ്യൂട്ടറിൻറെ നിലവാരമില്ലായ്മ.

 കെൽട്രോൺ ടിവി വാങ്ങി ഉപയോഗച്ചവർ പറയട്ടെ അതിൻറെ ഗുണമേന്മ.

ഇലക്ട്രോണിക്സിന്‍റെ പേരിൽ ഏറ്റവും അധികം  ജനങ്ങളെ ചൂഷണം ചെയ്ത കമ്പനിയാണ് കെൽട്രോൺ ,

അവരുടെ പഴയ നിലവാരം ഇങ്ങനെയെങ്കിൽ പുതിയത് പറയേണ്ട കാര്യമില്ലല്ലോ? എ ഐ ക്യാമറയിലെ അവരുടെ ഇടപാട് തന്നെ തെളിവ് !

- കെ എ സോളമൻ

Wednesday, 5 April 2023

കുമ്പളങ്ങി #നൈറ്റ്സ് -പുനർവായന

#കുമ്പളങ്ങി #നൈറ്റ്സ് -പുനർവായന

കാശു കൊടുത്താൽ ഏതു വിധത്തിലും റിവ്യു എഴുതി  പ്രസിദ്ധീകരിപ്പിക്കാം. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ കണ്ടു കഴിഞ്ഞ് ഇതേക്കുറിച്ചുള്ള ഇറങ്ങിയിട്ടുള്ള റിവ്യൂ വായിച്ചാൽ അങ്ങനെയാണ് തോന്നുക. ക്ഷൗരക്കത്തിയുടെ ബലത്തിൽ പ്രതിനായകൻ സ്വന്തം ഭാര്യയെയും മറ്റു രണ്ടു സ്ത്രീകളെയും, ഒച്ചയനക്കം പോലും പുറത്തു കേൾപ്പിക്കാതെ, മർദ്ദിച്ച് അവശരാക്കി വീട്ടിൽകെട്ടിയിട്ടത് എങ്ങനെയെന്ന് ചോദിക്കാനെ പാടില്ല. കാരണം ഇത് യഥാർത്ഥ ജീവിതകഥ അവതരിപ്പിക്കുന്ന സിനിമയാണ്!

മനസ്സ് വിങ്ങിയവരുടെ വിങ്ങൽ മാറ്റുന്ന അനുഭവമാണ് കുമ്പളങ്ങി നൈറ്റ്‌സ് കണ്ടാൽ ഉണ്ടാകുകയെന്ന് ആരെങ്കിലും നിരീക്ഷിച്ചാൽ തെറ്റുപറയാനില്ല. സിനിമ തുടങ്ങുന്നത് തന്നെ നായകന്മാരിൽ ഒരാൾമദ്യത്തിൽ വായ് കഴുകിക്കൊണ്ടാണ്. മദ്യം ഏതുതരം വിങ്ങലാണ് മാറ്റാതിരിക്കുന്നത്? മദ്യം കൊണ്ട് വായ് കഴുകുമ്പോൾ വെള്ളം ചേർക്കേണ്ടതില്ലെന്നും പുറത്തേക്കു തുപ്പേണ്ടതിന്റെ ആവശ്യമില്ലെന്നും ഉള്ള ഫ്രീക്കൻ സന്ദേശം സിനിമയിലുണ്ട്.

ആമേൻ, അങ്കമാലി ഡയറീസ്, ഈ.മ. യൗ ജനുസിൽപെട്ട ഈ പടത്തിൽ 'മദ്യം ആരോഗ്യത്തിന് ഹാനികരം ' എന്ന ബേസ് ലൈൻ മുഴുനീളം കാണിക്കുന്നില്ല. മീൻ കറി ഒന്നു രണ്ടു തവണ കാണിക്കുന്നതല്ലാതെ പോത്തിറച്ചി കക്കൂസിലിട്ട് വരട്ടിക്കാണിച്ച്  കാണികളിൽ മനം പിരട്ടലുണ്ടാക്കാനുള്ള ശ്രമവുമില്ല.

ആമേൻ കുട്ടനാട്ടിലെ കൂടിയന്മാരുടെ ഇല്ലാക്കഥ പറയുന്നു.  അങ്കമാലി ഡയറിസിൽ അങ്കമാലിക്കാർ നിർമ്മല ഹൃദയമുള്ളവർ എന്നു പറയുമ്പോൾ തന്നെ കള്ളുകുടിയന്മാരും ഇറച്ചി തീറ്റക്കാരും സദാ വഴക്കാളികളുമണെന്ന് ചിത്രീകരണം  നിഷ്കളങ്കരായ ചെല്ലാനംകാരെപ്പറ്റിയുള്ള സിനിമ ഈ. മ. യൗ. വിൽ അവർ മുഴുക്കുടിയന്മാരും അസന്മാർഗ്ഗികളുമാണെന്ന് അവതരണം. അതിലെ കത്തോലിക്കാവൈദികൻ പോലും പരദൂഷണക്കാരൻ. അങ്ങനെ നോക്കുമ്പോൾ ചെല്ലാനത്തോടു ചേർന്നു കിടക്കുന്ന കുമ്പളങ്ങി - പള്ളിത്തോടു ദേശങ്ങളിലെ കാര്യങ്ങൾ മോശമാകാൻ പാടില്ല. അതു കൊണ്ടാവാം കുമ്പളങ്ങി പഞ്ചായത്തിലെ ഏറ്റവും മോശപ്പെട്ട കുടുംബം തന്നെ സിനിമയ്ക്കു വേണ്ടി തെരഞ്ഞെടുത്തത്. അല്ലെങ്കിൻ പ്രഫ കെ വി തോമസിനെ പോലുള്ളവരുടെ ജീവിതം സിനിമയ്ക്ക് ഇതിവൃത്തമാക്കുമായിരുന്നു. അദ്ദേഹമാണല്ലോ കരിമീൻ പിടിച്ച് ചെതുമ്പൽ കളയതെ പുഴുങ്ങിത്തിന്നുന്ന കുമ്പളങ്ങി വിദ്യ വെബ്സൈറ്റിൽ പരസ്യമാക്കിയതും  കുമ്പളങ്ങിയെ ടൂറിസ്റ്റു മാപ്പിൽ പ്രതിഷ്ഠിച്ചതും.

തുറവൂരിലും സമീപ പ്രദേശങ്ങളിലും ഒത്തിരി "തൂറുപറമ്പ് " ഉണ്ടായിരുന്നു. ശ്യാം പുഷ്കരൻ കേട്ടിട്ടുള്ളത് തീട്ടപ്പറമ്പ് എന്നാണ്. എങ്കിലീ തീട്ടപ്പറമ്പ് തുറവൂരിന് മാത്രം എന്തിന്, കുമ്പളങ്ങിക്കുമിരിക്കട്ടെ ഒരെണ്ണം എന്ന് അദ്ദേഹം കരുതി. ഓപ്പൺ ഡിഫക്കേഷന് എതിരല്ല നല്ലവരായ കുമ്പളങ്ങിക്കാർ എന്ന സദുദ്ദേശ്യം കൂടി തീട്ടപ്പറമ്പ് വർണ്ണനയിലുണ്ട്. മന്ത്രി കണ്ണന്താനമൊക്കെ കക്കൂസിനെക്കുറിച്ച് നിരന്തരം പറയുന്നുണ്ടെങ്കിലും അതില്ലാത്ത അവസ്ഥ നേരിട്ടു കാണാൻ ഏതെങ്കിലും വിദേശി കുമ്പളങ്ങിയിൽ എത്തിച്ചാർന്നാലോ? ഈ മാർക്കറ്റിംഗ് ടെക്നിക്കാണ് കുമ്പളങ്ങി ക്കാർക്കു വേണ്ടി നിർമ്മാതാക്കൾ  സ്വീകരിച്ചരിക്കുന്നത്. തീട്ടപ്പറമ്പ് എന്ന് പലകുറി കേൾക്കുമ്പോൾ ഫ്റീക്കൻമാരായ ആൺ പിള്ളേരു മൊത്തു ക്ളാസ് കട്ടു ചെയ്തു സിനിമയ്ക്കു വന്ന ഫ് റീക്കത്തികൾ തിയറ്ററിൽ ഇരുന്ന് കൂടുകൂടെ ചിരിക്കുന്നതിന് കാരണംമറ്റെന്താണ്?

പാൽപായസത്തിനു പകരം പട്ടിക്കാട്ടത്തിന് ഡിമാന്റ് വർദ്ധിക്കുന്ന കെട്ട കാലത്ത് ഇതു പോലുള്ള സിനിമകൾ ഇനിയുമിറങ്ങും. ഒരു പ്രത്യേക ജാതിയിൽ പെട്ടവരെ അല്ലെങ്കിൽ പ്രദേശത്തുള്ളവരെ ഇക്കൂട്ടർ തുടർന്നും അവഹേളിക്കും. കുറച്ച് ആഭാസന്മാരുടെ പെരുമാറ്റം കാണിച്ച് അതാണ് ആ സുദായത്തിന്റെ, പ്രദേശത്തിന്റെ മൊത്തം പ്രത്യേകതയെന്ന് ഇവർ കൊട്ടിഘോഷിക്കും. കുട്ടനാട്, അങ്കമാലി, ചെല്ലാനം,  പള്ളിത്തോടു വഴി കുമ്പളങ്ങി വരെ എത്തി കാര്യങ്ങൾ. ഒടുക്കം ഏതു നാട്ടിലാണ് ഈ നവ- തെറിസിനിമക്കാർ മൂക്കിടിച്ച് വീഴുകയെന്നതു പറയേണ്ടത് കാലമാണ്. അതിനായി ക്ഷമയോടെ കാത്തിരിക്കാം .
- കെ എ സോളമൻ