Thursday, 10 July 2025

കുറ്റവാളികളെ ശിക്ഷിക്കുക

#കുറ്റവാളികളെ ശിക്ഷിക്കുക
രാജ്ഭവനും കേരള സർവകലാശാലയ്ക്കും സമീപമുള്ള പോലീസ് ബാരിക്കേഡുകൾ ചാടി കടന്നതും അതിന്  കേടുപാട് ഉണ്ടാക്കിയതും വൈസ് ചാൻസലറുടെ വസതിയിലേക്ക് മാർച്ചു ചെയ്തതും എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, എഐവൈഎഫ്  അംഗങ്ങൾ നടത്തിയ ക്രിമിനൽ കുറ്റങ്ങളാണ്. അവയെ ശക്തമായി അപലപിക്കുകയും നിയമലംഘനമായി കണ്ട് കേസ് ചാർജ് ചെയ്യുകയും വേണം. പൊതു സുരക്ഷയ്ക്കും സ്ഥാപനങ്ങളുടെ അന്തസ്സിനും ഭീഷണിയായ ഇത്തരം പ്രവൃത്തികൾ  അനുവദിച്ചു കൂടാ.

ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 285 പ്രകാരം പോലീസ് ബാരിക്കേഡുകൾ ചാടുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്.  പോലീസിന് വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാൻ കഴിയുന്ന കുറ്റം -കൊഗനൈസബിൾ ഒഫൻസ്. ഇവ നിരുപദ്രവകരമായ പ്രതിഷേധങ്ങളായി കാണാനാവില്ല, മറിച്ച് സമാധാനം തകർക്കുന്ന നിയമലംഘനങ്ങളാണ്. നിയമവിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങൾ കണ്ടിട്ടും നടപടിയെടുത്താതെ  പോലീസ് വെറും  കാഴ്ചക്കാരായി നിന്നത് സംഭവിക്കാൻ പാടില്ലാത്തതാണ്.

ഒരു വ്യക്തിയുടെ വസതി എന്നത് അയാളെ സംബന്ധിച്ചിടത്തോളം ഏറ്റവും സുരക്ഷിതമായ സ്ഥലമാണ്. അനുവാദമില്ലാതെ ആർക്കും അവിടെ പ്രവേശിക്കാൻ പാടില്ല. വൈസ് ചാൻസലറുടെ സ്വകാര്യ വസതിയിലേക്ക് അതിക്രമിച്ചു കടക്കുന്നതും കടക്കാൻ ശ്രമിക്കുന്നതും കുറ്റകരമാണ്, അത് ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതുമല്ല. 

ജോലിസ്ഥലത്തെ സംഘർഷങ്ങളുടെ പേരിൽ ഒരു ഉദ്യോഗസ്ഥന്റെ വീട് കയറി അവിടെയുള്ള  ബന്ധുക്കളെ ഭീഷണപ്പെടുത്തുന്നത് കാടത്തമെന്നേ പറയാനാവു. ഇന്ത്യൻ നിയമപ്രകാരം തടവോ പിഴയോ ലഭിക്കാവുന്ന ശിക്ഷാർഹമായ കുറ്റകൃത്യമാണിത്.  ഇത്തരം കടന്നുകയറ്റങ്ങൾ ഭീഷണിപ്പെടുത്താനും, ഭയപ്പെടുത്താനും, കുഴപ്പങ്ങൾ സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണ്, ഇത് ഒരു ജനാധിപത്യ സംവിധാനത്തിനും അംഗീകരിക്കാനാവാത്തതാണ്. 

സർക്കാരും നിയമപാലകരും കുറ്റം ചെയ്ത എല്ലാവർക്കുമെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്ത് കർശന നടപടിസ്വീകരിക്കണം. കുറ്റവാളികളെ ഉചിതമായ നിയമ വകുപ്പുകൾ പ്രകാരം ശിക്ഷിക്കുക എന്നതാണ് നമ്മുടെ സ്ഥാപനങ്ങളെ സംരക്ഷിക്കാനും നിയമവിരുദ്ധ പെരുമാറ്റം ആവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുമുള്ള ഏക മാർഗം.
-കെ എ സോളമൻ

No comments:

Post a Comment