Monday, 28 July 2025

രാഷ്ട്രീയ കാപടും

#രാഷ്ട്രീയകാപട്യം
വി.എസിന് വധശിക്ഷ 
(കാപ്പിറ്റൽ പണിഷ്മെൻ്റ്) നൽകണമെന്ന് ആവശ്യപ്പെട്ട സംഭവത്തെ സി.പി.എമ്മിലെ ചില നേതാക്കൾ ഇപ്പോൾ നിഷേധിക്കുന്നത് അങ്ങേയറ്റം ലജ്ജാകരമാണ്, രാഷ്ട്രീയ സത്യസന്ധത ലവലേശമില്ലാത്തതാണ്. വി.എസ്. അച്യുതാനന്ദൻ തന്നെ കപ്പിറ്റൽ പണിഷ്മെൻറ് സംഭവം  തൻറെ പ്രസംഗത്തിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്.

പീരപ്പൻകോട് മുരളി, സുരേഷ് കുറുപ്പ് തുടങ്ങിയ മുതിർന്ന നേതാക്കൾ വി.എസിനെ. പോലുള്ള ഒരു ഉന്നത നേതാവിന് സംഭവിച്ച അപമാനകരമായ അനുഭവത്തിൻ്റെ സത്യം ധൈര്യപൂർവ്വം  സ്ഥിരീകരിച്ചു. അത് ചരിത്രം ഓർമ്മിപ്പിക്കുക മാത്രമല്ല, ഉത്തരവാദിത്തോടെയുള്ള പ്രസ്താവന കൂടിയാണ്.

ചിന്ത ജെറോം, മന്ത്രി ശിവൻകുട്ടി എന്നിവരുൾപ്പെടെയുള്ള  നേതാക്കൾ ഇപ്പോൾ ഈ സത്യത്തെ വെള്ളപൂശാൻ ശ്രമിച്ചു മുന്നോട്ടു വന്നിരിക്കുന്നു. ഇത് അതി ധാർഷ്ട്യത്തിൻ്റെയും  രാഷ്ട്രീയ കാപട്യത്തിന്റെയും സംസ്കാരമാണ്.  സത്യത്തിന്റെയും ജനകീയ പോരാട്ടങ്ങളുടെയും അടിത്തറയിൽ കെട്ടിപ്പടുത്ത ഒരു പാർട്ടി, ഇന്നത്തെ പ്രവർത്തകരുടെ പ്രതിച്ഛായ നിലനിർത്താൻ വ്യാജോക്തികൾ ചമയ്ക്കുമ്പോൾ  അത് പൊതുജനവിശ്വാസത്തെ ഇല്ലാതാക്കുകയാണ്.

പാർട്ടിയുടെ വളർച്ചയുടെയും വിശ്വാസ്യതയുടെയും ശിൽപിയായിട്ടാണ് വി.എസിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തോടു സ്വീകരിച്ച മര്യാദയില്ലാത്ത പെരുമാറ്റം പാർട്ടിയുടെ ഇന്നത്തെ തകർച്ചയുടെ ഒരു ഭയാനകമായ സാക്ഷ്യമാണ്, കേരളത്തിലെ മാർക്സിസ്റ്റ് രാഷ്ട്രീയത്തിന്റെ  ദുരന്തമാണ് നിലവിലെ നേതാക്കൾ അവരുടെ മുൻഗാമികളെ വിസ്മൃതിയിലേക്ക് തള്ളിവിടുന്നത്. തന്മൂലം മുൻകാല നേതാക്കളുടെ സംഭാവനകൾ നിസ്സാരവൽക്കരിക്കപ്പെടുന്നു, അവരുടെ അന്തസ്സ് ഇല്ലാതാക്കാമെന്നു കരുതുന്നു.

ഭൂതകാലത്തോട് രമ്യതപ്പെടാതെ പൊതുമണ്ഡലത്തിൽ കള്ളം പറയാൻ തിരഞ്ഞെടുക്കുന്ന നിലവിലെ നേതൃത്വത്തിന്റെ ഭീരുത്വമാണ് ഏറെ ശ്രദ്ധേയം. ആന്തരിക വൈരുദ്ധ്യങ്ങളെ അതിജീവിക്കാൻ പാർട്ടിക്ക് ഇപ്പോൾ നുണകൾ വേണ്ടി വരുന്നെങ്കിൽ അത് ധാർമ്മികവും രാഷ്ട്രീയവുമായ പാപ്പരത്തമാണ്.

ഭൂതകാലത്തെ നിശബ്ദമാക്കാൻ വേണ്ടി
 ഇന്ന് കള്ളം പറയുന്നവരെ, അവരുടെ മുൻഗാമികൾ നേരിട്ട അതേ ക്രൂരതയോടെ ചരിത്രം പിന്നീട്  വിലയിരുത്തും. ഇതാണ് ലോകത്തിൻ്റെ ഗതി.
-കെ എ സോളമൻ

No comments:

Post a Comment