#വിഭജനത്തിന്റെ #വിത്തുകൾ
"ഫെഡറലിസം ശക്തിപ്പെടുത്താൻ" എന്ന പേരിൽ കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ അവലോകനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഒരു ഉന്നതതല സമിതി രൂപീകരിക്കുമെനന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഈ പ്രഖ്യാപനം വളരെയധികം അസ്വസ്ഥത ജനിപ്പിക്കുന്നതും രാഷ്ട്രീയമായി പ്രാധാന്യമുള്ളതുമായ ഒരു തന്ത്രമാണ്.
ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള കാര്യമാണ് ഫെഡറലിസം. പക്ഷെ സ്റ്റാലിന്റെ ലക്ഷ്യം സൃഷ്ടിപരമായ ചർച്ചകൾക്ക് അപ്പുറമാണ്. 50 വർഷം മുമ്പ് അദ്ദേഹത്തിൻറെ പിതാവ് കരുണാനിധി പ്രഖ്യാപിക്കുകയും പിന്നീട് വഴിയരുകിൽ ഉപേക്ഷിക്കുകയും ചെയ്തതാണ് ഇവർ ഉദ്ദേശിക്കുന്ന ഫെഡറലിസം. ഇന്ത്യൻ യൂണിയന്റെ പരമാധികാരത്തെയും ഐക്യത്തെയും വെല്ലുവിളിക്കുന്ന പ്രാദേശിക വാദമാണ് ഇതിനു പിന്നിൽ.
സംസ്ഥാന സ്വയംഭരണത്തിന്റെ മറവിൽ ഇക്കൂട്ടർ ഉയർത്തുന്ന വിഘടനവാദ സ്വരങ്ങൾ അപകടകരമാണ്. പ്രത്യേകിച്ച് ദേശീയ ഏകീകരണത്തെ ചോദ്യം ചെയ്ത ചരിത്രമുള്ള ഡിഎംകെ പോലുള്ള ഒരു പാർട്ടിയുടെ പിന്തുണയോടുകൂടിയാകുമ്പോൾ , അത്തരം പ്രവർത്തനങ്ങൾ കേന്ദ്രത്തിന് അവഗണിക്കാൻ കഴിയാത്ത പ്രതിബന്ധങ്ങളാണ്.
ഇന്ത്യയുടെ ഐക്യം പരമപ്രധാനവും ചർച്ചയ്ക്കു വിധേയമാകാൻ പാടില്ലാത്തതുമാണ്. ഒരു സംസ്ഥാനവും വിഭജനത്തിന്റെ വിത്തുകൾ പാകാനോ ഭരണഘടനാ അസ്ഥിരത ഉണ്ടാക്കാനോ ശ്രമിക്കരുത്.
ഫെഡറൽ ക്രമീകരണങ്ങൾ പുനഃപരിശോധിക്കുന്നതിന് ഒരു സമാന്തര സംവിധാനം സൃഷ്ടിക്കാനുള്ള സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ശ്രമം വെറും പാഴ് വേലയാണ്. സഹകരണ ഫെഡറലിസത്തിന്റെ മനോഭാവത്തെ നേരിട്ടു അവമതിക്കുന്ന വിനാശകരവുമായ ഒരു പ്രചാരണത്തിലേക്ക് വളരുന്നതിന് മുമ്പ് ഇതിനെ മുളയിലേ നുള്ളണം
വികേന്ദ്രീകരണത്തിന്റെയോ സ്വയംഭരണത്തിന്റെയോ പേരിൽ ഖാലിസ്ഥാൻ പോലുള്ള വിഘടനവാദ അജണ്ടകൾ അംഗീകരിക്കാനാവില്ല. ഇത്തരമൊരു നീക്കത്തിന് ഒരു രാഷ്ട്രീയ ശക്തിയെയും അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട്, കേന്ദ്ര സർക്കാർ തമിഴ്‌നാടിന് ശക്തമായ മുന്നറിയിപ്പ് നൽകണം. സങ്കുചിതവും രാഷ്ട്രീയ പ്രേരിതവുമായ വിഘടന നിലപാടുകൾക്ക് മേൽ ദേശീയ ഐക്യം വിജയിക്കണം.
No comments:
Post a Comment