#ഡിഗ്രിഅഡ്മിഷൻ #പരിഷ്കരിക്കുക
അക്കാദമിക് പുരോഗതിക്ക് വേണ്ടിയല്ല, മറിച്ച് രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാൻ വിദ്യാർത്ഥികൾ ആവർത്തിച്ച് ബിരുദ പ്രോഗ്രാമുകളിൽ ചേരുന്നത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ ശാപമാണ്.
"വിദ്യാർത്ഥി രാഷ്ട്രീയക്കാർ" എന്ന് വിളിക്കപ്പെടുന്ന ഇക്കൂട്ടർ ഒരു ബിരുദ കോഴ്‌സിൽ ചേരുകയും പരീക്ഷകളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തുകൊണ്ട് സർവകലാശാലാ നിയമങ്ങളിലെ പഴുതുകൾ ചൂഷണം ചെയ്യുന്നു.
മൂന്ന് വർഷത്തെ കാമ്പസ് പ്രക്ഷോഭ പഠനത്തിന് ശേഷം, മറ്റൊരു കോളജിൽ അല്ലെങ്കിൽ അതേ കോളേജിൽ തന്നെ വേറൊരു ബിരുദ പ്രോഗ്രാമിൽ ഈ വിദ്യാർത്ഥികൾ ചേരുന്നു. അങ്ങനെ വീണ്ടും ചേർന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താനാണ് ആദ്യകോഴ്‌സ് ഉപേക്ഷിക്കുന്നത്. ഈ കൃത്രിമ ചക്രം കൊണ്ട് പൊതുവിഭവങ്ങൾ പാഴാക്കുക മാത്രമല്ല, ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തന്നെ തകർക്കപ്പെടുന്നു.
കോളേജ് കാമ്പസുകളിൽ ഇത്തരം രാഷ്ട്രീയ വിദ്യാർത്ഥികളുടെ നിരന്തര സാന്നിധ്യം, പലപ്പോഴും സമരങ്ങൾക്കും
അസ്വസ്ഥതകൾക്കും കാരണമാകുന്നു. പ്രിൻസിപ്പലിൻ്റെ കസേരകത്തിക്കലും ശവമഞ്ചമൊരുക്കലും നടത്തി ഭയത്തിന്റെയും നിരാശയുലയും അന്തരീക്ഷം സൃഷ്ടിക്കുന്നു
വിദ്യാഭ്യാസം രക്ഷാ മാർഗമായി കലാലയത്തിൽ എത്തുന്ന ദരിദ്രരും ശരാശരി പശ്ചാത്തലങ്ങളിൽ നിന്നുള്ളവരുമായ വിദ്യാർത്ഥികളുടെ ഭാവിയെ ഇത് ബാധിക്കുന്നു.
ഡിഗ്രിക്ക് വിദ്യാർത്ഥിപ്രവേശനം കുറയുന്ന ഒരു കാലഘട്ടത്തിൽ സീറ്റുകൾ നികത്താൻ വേണ്ടി മാത്രം ഇത്തരം രാഷ്ട്രീയ വിദ്യാർത്ഥികളെ സഹിക്കേണ്ട ഗതികേടിലാണ് കോളേജ് മാനേജ്‌മെന്റുകളും ഫാക്കൽറ്റികളും ' . ഈ നിരുത്തരവാദപരമായ സമീപനം വിദ്യാഭ്യാസ സമഗ്രതയേക്കാൾ വിദ്യാർത്ഥികളുടെ എണ്ണത്തിന് മുൻഗണന നൽകുകയും അക്കാദമിക് നിലവാരത്തിന്റെ തുടർച്ചയായ തകർച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
നാല് വർഷത്തെ ബിരുദ പ്രോഗ്രാം (FYUGP) നിലവിൽ വന്നതോടെ, കൂടുതൽ ചൂഷണത്തിനുള്ള സാധ്യതകൾ വർദ്ധിച്ചു. എട്ടുവർഷം അല്ലെങ്കിൽ പന്ത്രണ്ട് വർഷം തുടർച്ചയായി വിദ്യാർത്ഥി നേതാവിന് ഒരേ കോളേജിൽ തുടർന്ന് മറ്റു കുട്ടികളുടെ ഭാവി തുലക്കുകയുമാവാം
തുടർച്ചയായ ബിരുദ പ്രവേശനങ്ങൾ തടയുന്നതിന് അടിയന്തര പരിഷ്കാരങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ, കേരളത്തിലെ കാമ്പസുകൾ പഠന കേന്ദ്രങ്ങളേക്കാൾ രാഷ്ട്രീയ തീവ്രവാദത്തിന്റെ വിളനിലങ്ങളായി മാറാനാണ് സാധ്യത.
യഥാർത്ഥ വിദ്യാർത്ഥികളുടെ ഭാവി കവർന്നെടുക്കുകയും സ്ഥാപനങ്ങളുടെ പ്രശസ്തിക്ക് കളങ്കം വരുത്തുകയും ചെയ്യുന്ന ഈ ചൂഷണ രീതി ഇല്ലാതാക്കാൻ നമ്മുടെ സർവകലാശാലാ വിദ്യാഭ്യാസ ചട്ടങ്ങൾ കർശനമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
No comments:
Post a Comment