Thursday, 8 October 2026

വിജിലൻസിന് പൂട്ടിടുമോ ?

#വിജിലൻസിന് പൂട്ടിടുമോ, അതോ ഹൈക്കോടതിക്കെതിരെയും അന്വേഷിക്കുമോ!

ഒരു കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ എന്നത് രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് തീരുമാനിക്കേണ്ട കാര്യമല്ല; അത് നിയമപരമായ മാനദണ്ഡങ്ങൾക്കനുസരിച്ച് പരിശോധിക്കേണ്ട വിഷയമാണ്. പിണറായി വിജയനും മരുമകൻ മുഹമ്മദ് റിയാസിനുമെതിരായ ആരോപണങ്ങളിൽ ഇ.ഡി.യുടെ കണ്ടെത്തലുകളും തുടർനടപടികൾ സംബന്ധിച്ച ആവശ്യങ്ങളും ഉയർന്നിട്ടും എഫ് ഐ ആർ രജിസ്റ്റർ ചെയ്യാതെ സംസ്ഥാന സർക്കാർ സ്വന്തം വിജിലൻസ് അന്വേഷണവുമായി മുന്നോട്ടു പോയതിനെതിരെ ശക്തമായ വിമർശനമുണ്ട് 

ഇപ്പോൾ ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായ സാഹചര്യത്തിൽ, സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം പൂട്ടിക്കെട്ടാതെ നിർവാഹമില്ല  ഇ  ഡി ആവശ്യപ്പെട്ടിട്ടും എഫ് ഐ ആർ ഇടാതിരുന്നത് ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്നത് സർക്കാർ വ്യക്തമാക്കണം. ഹൈക്കോടതിയുടെ പുതിയ നിർദ്ദേശം സർക്കാരിന്റെ രാഷ്ട്രീയ കണക്കുകൂട്ടലുകൾക്ക് എതിരായ  സാഹചര്യത്തിൽ, ഇനി കോടതിക്കെതിരെയും വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുമോ ? 

നിയമവാഴ്ചയെന്നത് സർക്കാരിന് സൗകര്യമുള്ളപ്പോൾ മാത്രം ഓർക്കേണ്ട കാര്യമല്ല.  കോടതി നിർദേശങ്ങൾ പാലിക്കേണ്ടത് സർക്കാരിൻറെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്; അവയ്ക്കെതിരെ രാഷ്ട്രീയ ചങ്ങാത്തത്തിന്റെ പേരിൽ പുറംതിരിഞ്ഞു നിൽക്കാൻ കഴിയില്ല. ആരോപണങ്ങൾ തെളിയിക്കപ്പെടുന്നതിന് മുമ്പ് ആരെയും കുറ്റക്കാരനായി പ്രഖ്യാപിക്കാനാവില്ലെന്നതുപോലെ, അന്വേഷണത്തിന്റെ പേരിൽ ആരെയും അനിശ്ചിതകാലം സംശയത്തിന്റെ നിഴലിൽ നിർത്താനും പാടില്ല.

ജനാധിപത്യത്തിൽ സർക്കാരിന് കോടതിയോട് വിയോജിക്കാം; പക്ഷേ നിയമത്തിന്റെ നടപടിക്രമങ്ങളെ  രാഷ്ട്രീയ ചങ്ങാത്തത്തിന്റെ പേരിൽ അവഗണിക്കാതിരിക്കുക. തന്നെ വേണം.
- കെ എ സോളമൻ

Wednesday, 7 October 2026

സ്വർണ്ണം വിൽക്കരുത്

#സ്വർണംവിൽക്കൂ" എന്ന പരസ്യം: ജനങ്ങളുടെ സമ്പാദ്യത്തിനെതിരായ കച്ചവടക്കണ്ണ്

അത്യാവശ്യ ഘട്ടങ്ങളിൽ ഒരു കുടുംബത്തിന് താങ്ങാകുന്ന സമ്പാദ്യമാണ് സ്വർണം. എന്നാൽ, “സ്വർണം പണയം വയ്ക്കരുത്, വിറ്റ് പണമാക്കണം” എന്ന തരത്തിലുള്ള നിരന്തര പരസ്യങ്ങളിലൂടെ ജനങ്ങളുടെ കൈവശമുള്ള സമ്പാദ്യം എങ്ങനെയും വിപണിയിലെത്തിക്കാനുള്ള ശ്രമം അത്യന്തം ജനവിരുദ്ധമാണ്. 

പണയം വയ്ക്കുകയോ ആവശ്യത്തിനനുസരിച്ച് സൂക്ഷിക്കുകയോ ചെയ്യുന്നതിനുപകരം സ്വർണം വിറ്റുതുലയ്ക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് സമ്പാദ്യശീലത്തെ തന്നെ തകർക്കുന്ന സമീപനമാണ്. ഉപഭോക്താവിന്റെ സാമ്പത്തിക സുരക്ഷയേക്കാൾ വ്യാപാരിയുടെ വിറ്റുവരവിന് പ്രാധാന്യം നൽകുന്ന ഇത്തരം പരസ്യങ്ങൾ സമൂഹത്തിൽ ശക്തമായ വിമർശനത്തിന് വിധേയമാകേണ്ടതാണ്.

സ്വർണം വാങ്ങുകയും ആഭരണങ്ങൾ നിർമ്മിക്കുകയും ചെയ്ത് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് ചെറുകിട സ്വർണപ്പണിക്കാരും കരകൗശല തൊഴിലാളികളും ഈ വിപണിയുടെ ഭാഗമാണ്. എന്നാൽ, സ്വർണം വിറ്റഴിക്കാനുള്ള അമിതമായ പ്രചാരണം ആഭരണനിർമാണ മേഖലയെയും പരോക്ഷമായി ബാധിക്കും. 

ജനങ്ങളുടെ സമ്പാദ്യം ചോർത്തിയെടുക്കുന്ന തരത്തിലുള്ള ഉപഭോക്തൃപ്രേരണകൾക്ക് നിയന്ത്രണമേർപ്പെടുത്തേണ്ടത് സർക്കാരിന്റെയും ബന്ധപ്പെട്ട നിയന്ത്രണ സംവിധാനങ്ങളുടെയും ഉത്തരവാദിത്വമാണ്. ജനങ്ങളുടെ സാമ്പത്തിക സുരക്ഷയെക്കാൾ ലാഭതാൽപര്യത്തിന് മുൻതൂക്കം നൽകുന്ന ഇത്തരം പരസ്യങ്ങളെ ശക്തമായി അപലപിക്കുകയും, അവയ്ക്കെതിരെ ആവശ്യമായ നിയന്ത്രണനടപടികൾ സ്വീകരിക്കുകയും വേണം. 

ജനങ്ങളുടെ സമ്പാദ്യം വിപണിയുടെ ഇരയാക്കരുത്; സ്വർണം വിൽക്കാൻ നിർബന്ധിക്കുന്ന പരസ്യങ്ങൾക്കുപകരം സമ്പാദ്യത്തെ സംരക്ഷിക്കാൻ പ്രേരിപ്പിക്കുന്ന സന്ദേശങ്ങളാണ് സമൂഹത്തിന് ആവശ്യം.
_ കെ എ സോളമൻ

രാഷ്ട്രീയ നാടകങ്ങൾ

#ഡൽഹിയിലെ #രാഷ്ട്രീയനാടകങ്ങൾ
ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സമരങ്ങൾ രാഷ്ട്രീയ നാടകങ്ങൾ മാത്രമായി ചുരുങ്ങുന്നുവെന്ന രൂക്ഷമായ വിമർശനമാണ് പല കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നത്. കേരളത്തിലെ ചാനലുകൾ കൊട്ടിഘോഷിക്കുന്ന രാഹുൽ- പ്രിയങ്ക സമരം മറ്റു സ്റ്റേറ്റുകളിലെ ചാനലുകൾ ശ്രദ്ധിക്കുന്നതുപോലുമില്ല

ജനകീയ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് പകരം, മാധ്യമ ശ്രദ്ധ ആകർഷിക്കാൻ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വെറും പ്രഹസനങ്ങളായാണ് ഇത്തരം പ്രക്ഷോഭങ്ങളെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഭരണഘടന സംരക്ഷിക്കുന്നുവെന്ന് അവകാശപ്പെട്ട് തടിയിൽ തീർത്ത്, ചുവപ്പു പെയിൻ്റടിച്ച ഭരണഘടന ഫലകവുമായി നടക്കുന്നവർക്ക് സ്വന്തം പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ല.   പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും  ആശയവിനിമയത്തിലെ പോരായ്മകളും  സൂചിപ്പിക്കുന്നത് കോൺഗ്രസ് നേതൃത്വം വൻപരാജയമാണെന്ന യാഥാർത്ഥ്യമാണ്.

 ജനക്ഷേമകരമായ നയങ്ങളെ രചനാത്മകമായി എതിർക്കുന്നതിനേക്കാൾ ഉപരി, നിരന്തരമായ സമരങ്ങളിലൂടെ രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനാണ്  ഇണ്ടീ മുന്നണി ശ്രമിക്കുന്നത് എന്ന ആക്ഷേപവും ശക്തമാണ്. യാതൊരു വ്യക്തമായ അജണ്ടയുമില്ലാതെ സർക്കാരിനെതിരെ അകാരണമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത് പൊതുജനങ്ങൾക്ക് അസൗകര്യങ്ങൾ സൃഷ്ടിക്കുകയല്ലാതെ മറ്റൊരു മാറ്റവും ഉണ്ടാക്കുന്നില്ല.

 ഉത്തരവാദിത്തമുള്ള ഒരു പ്രതിപക്ഷത്തിന്റെ റോൾ നിർവഹിക്കുന്നതിൽ പരാജയപ്പെടുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ഈ സമരരീതികൾ ജനങ്ങളിൽ നിന്ന് കൂടുതൽ അകലാൻ മാത്രമേ ഇടയാക്കൂ. 

പ്രധാനമന്ത്രിയാകാൻ അടുത്ത തിരഞ്ഞെടുപ്പ് നടക്കേണ്ട 2029 വരെ കാത്തിരിക്കാൻ വയ്യാത്ത രീതിയിലാണ് ഇസഡ് കാറ്റഗറി സംരക്ഷണത്തിൽ രാഹുൽഗാന്ധിയുടെ കോമിക് പ്രകടനങ്ങൾ. രസകരമായിട്ടുള്ളത് ഇവിടെ കേരളത്തിൽ തമ്മിലടിക്കുന്ന കമ്മി- കൊങ്ങി നേതാക്കൾ ഡൽഹിയിലെത്തി പരസ്പരം ഷാൾ അണിയിക്കുന്നതും  കെട്ടിപ്പിടിക്കുന്നതുമാണ്.
-കെ എ സോളമൻ

Tuesday, 6 October 2026

മാരാരിക്കുളം ജംഗ്ഷൻ

#മാരാരിക്കുളം_ജംഗ്ഷനിൽ_അടിപ്പാത_നിർമ്മിക്കണം
​ദേശീയപാത ആറുവരി നിർമാണത്തിന്റെ ഭാഗമായി മാരാരിക്കുളം റോഡ് അടച്ചുകെട്ടിയത് റെയിൽവേ സ്റ്റേഷൻ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ എന്നിവയിലേക്കുള്ള യാത്രാസൗകര്യങ്ങൾ പൂർണ്ണമായി തടസ്സപ്പെടുത്തിയിരിക്കുകയാണ്. സഞ്ചാരസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തെ ഹനിക്കുന്ന ഈ അശാസ്ത്രീയ നിർമാണം മത്സ്യത്തൊഴിലാളികൾ, വിദ്യാർത്ഥികൾ, രോഗികൾ, വ്യാപാരികൾ തുടങ്ങി പ്രദേശത്തെയും അയൽപക്ക ഗ്രാമങ്ങളിലെയും ജനങ്ങളുടെ ജീവിതവും ഉപജീവന മാർഗ്ഗങ്ങളും കടുത്ത ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്.

​വികസനം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും മാന്യമായ ജീവിതത്തെയും നിഷേധിച്ചുകൊണ്ടാകരുത്. ഈ ഗുരുതരമായ പ്രശ്നത്തിന് പരിഹാരമായി മാരാരിക്കുളത്ത് അടിയന്തരമായി അടിപ്പാതയോ മേൽപ്പാതയോ നിർമ്മിക്കണമെന്ന് നാട്ടുകാരുടെ പ്രതിരോധ ധർണയും വിവിധ നിവേദനങ്ങളും ആവശ്യപ്പെടുന്നു. ജനങ്ങളെ സമരത്തിലേക്ക് തള്ളിവിടാതെ, അധികാരികൾ അടിയന്തരമായി ഇടപെട്ട് പ്രദേശവാസികളുടെ യാത്രാദുരിതം പരിഹരിക്കാൻ തയ്യാറാകണം.
-കെ എ സോളമൻ

Monday, 5 October 2026

സെക്രട്ടറിയെ മാത്രം ?

#ഇരുപത് വർഷത്തിനുശേഷം സെക്രട്ടറിയെ മാത്രം പ്രതിക്കൂട്ടിലാക്കുന്നതെന്തിന്?

സർക്കാർ വകുപ്പുകളിൽ ഒരു സെക്രട്ടറിക്ക് സ്വന്തം നിലയിൽ ഒരു കരാറുകാരന് പണം അനുവദിക്കാനോ തടഞ്ഞുവയ്ക്കാനോ കഴിയുമോ എന്നതാണ് ഈ വിഷയത്തിൽ ആദ്യം പരിശോധിക്കേണ്ട ഭരണപരമായ ചോദ്യം. സെക്രട്ടേറിയറ്റ് സംവിധാനത്തിൽ മന്ത്രി വകുപ്പിന്റെ രാഷ്ട്രീയ തലവനും സെക്രട്ടറി ഉദ്യോഗസ്ഥതല മേധാവിയുമാണ്. എന്നാൽ സാമ്പത്തികവും നയപരവുമായ തീരുമാനങ്ങൾ നിശ്ചിത ഫയൽ നടപടിക്രമങ്ങളിലൂടെയാണ് കൈക്കൊള്ളുന്നത്.

സെക്ഷൻ ഓഫീസർ, അണ്ടർ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തുടങ്ങിയ ഉദ്യോഗസ്ഥ തലങ്ങളിലൂടെ ഫയൽ നീങ്ങുകയും, അധികാരപരിധിക്കനുസരിച്ച് മന്ത്രിയുടെയോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെയോ അനുമതി ലഭിക്കുകയും ചെയ്ത ശേഷമാണ് പ്രധാന സാമ്പത്തിക തീരുമാനങ്ങൾ നടപ്പാക്കുന്നത്.

 ഭരണാനുമതിയും സാമ്പത്തിക അനുമതിയും ലഭിച്ച പദ്ധതികളിലെ കരാറുകാരുടെ ബില്ലുകൾ ട്രഷറി വഴി മാറുന്നതിനുള്ള സാങ്കേതിക നടപടികളും ബന്ധപ്പെട്ട വകുപ്പ് ഓഫീസുകളിലെ എക്സിക്യൂട്ടീവ് എൻജിനീയർ, ചീഫ് എൻജിനീയർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടക്കുന്നത്. 
സെക്രട്ടറി നേരിട്ട് കരാറുകാരന് ചെക്കോ പണമോ നൽകുന്ന സംവിധാനമല്ല നിലവിലുള്ളത്.

അതിനാൽ, ഇരുപത് വർഷം മുമ്പ് ഒരു കരാറുകാരന് പണം ലഭിക്കാതിരുന്നതിനെ അന്നത്തെ സെക്രട്ടറിയുടെ വ്യക്തിപരമായ തീരുമാനമായി മാത്രം ചിത്രീകരിക്കുന്നത് ഭരണനടപടിക്രമങ്ങളുടെ യാഥാർഥ്യവുമായി എത്രത്തോളം പൊരുത്തപ്പെടുന്നു എന്നത് ഗൗരവമായി പരിശോധിക്കേണ്ടതാണ്. സാമ്പത്തിക അധികാരച്ചട്ടങ്ങളും ഫയൽ നടപടിക്രമങ്ങളും മറികടന്ന് ഒരു സെക്രട്ടറി സ്വന്തം നിലയിൽ ഇത്തരം തീരുമാനം എടുത്തുവെന്ന് ആരോപിക്കുന്നുവെങ്കിൽ, അതിന് വ്യക്തമായ രേഖകളും ഉത്തരവാദിത്തം നിർണയിക്കുന്ന ഔദ്യോഗിക തെളിവുകളും പുറത്തുവരേണ്ടതുണ്ട്.

ഇരുപത് വർഷം പിന്നിട്ടശേഷം അന്നത്തെ പൊതുമരാമത്ത് സെക്രട്ടറി ഗ്യാനേഷ് കുമാറിനെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുകയും, അതേ കാലഘട്ടത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെയും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തം പരിശോധിക്കാതിരിക്കുകയും ചെയ്യുന്നത് സ്വാഭാവികമായും ചോദ്യങ്ങൾ ഉയർത്തും. പ്രത്യേകിച്ച്, അന്ന് വകുപ്പിന്റെ രാഷ്ട്രീയ ചുമതല വഹിച്ചിരുന്ന മന്ത്രി എം. കെ മുനീറിന്റെ പങ്കും ബന്ധപ്പെട്ട ഫയൽ നടപടികളും പരിശോധിക്കാതെ സെക്രട്ടറിയെ മാത്രം ലക്ഷ്യമിടുന്നത് ഭരണപരമായ നീതിയുടെ മാനദണ്ഡങ്ങളിൽ സംശയം ജനിപ്പിക്കുന്നതാണ്.

ഇത് വ്യക്തിപരമായ കുറ്റാരോപണത്തിന്റെ വിഷയമല്ല; ഉത്തരവാദിത്തം നിർണയിക്കുന്നതിലെ ഭരണപരമായ മാനദണ്ഡങ്ങളുടെ വിഷയമാണ്. തീരുമാനം ഒരു വ്യക്തിയുടെതായിരുന്നോ, അതോ നിശ്ചിത ഫയൽ നടപടിക്രമങ്ങളിലൂടെ കൂട്ടായ ഭരണതീരുമാനമായിരുന്നോ എന്നതാണ് ആദ്യം വ്യക്തമാക്കേണ്ടത്.
അതിനാൽ, ഇരുപത് വർഷത്തിനുശേഷം ഗ്യാനേഷ് കുമാറിനെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം. 

ലഭ്യമായ രേഖകളും അന്നത്തെ ഫയൽ നടപടികളും പുറത്തുവന്ന് സുതാര്യമായ അന്വേഷണം നടക്കാതെ ഒരാളെ മാത്രം കുറ്റക്കാരനാക്കുന്നത് ദുരുദ്ദേശപരവും രാഷ്ട്രീയ പ്രേരിതവുമായ നടപടിയാണെന്ന സംശയം സ്വാഭാവികമായും ഉയർത്തുന്നു.
- കെ എ സോളമൻ

Sunday, 4 October 2026

രാഷ്ട്രീയ- നിയമോപദേശ പ്രഹസനങ്ങൾ

#രാഷ്ട്രീയ_നിയമോപദേശ #പ്രഹസനങ്ങൾ
കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ കേവലം രാഷ്ട്രീയ പ്രഹസനങ്ങൾക്കുമപ്പുറം ഭരണവർഗ്ഗത്തിന്റെ ഇരട്ടത്താപ്പുകളെയാണ് തുറന്നുകാട്ടുന്നത്. എല്ലാ നദികളും കടലിലേക്ക് ഒഴുകുന്നതുപോലെ, സംസ്ഥാനത്തെ സകല പ്രതിസന്ധികളും വിവാദങ്ങളും ഒടുവിൽ ഒരു വ്യക്തിയുടെ പുറത്തേക്കുമാത്രം കെട്ടിവെക്കുന്ന വിചിത്രമായ രീതിയാണ് ഇവിടെ കാണാൻ കഴിയുന്നത്. 

പാറ്റകളും ഇണ്ടികളും ഒക്കെ ചേർന്ന് മോദിയെ പുറത്താക്കാൻ എന്ന മട്ടിൽ ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരെ സമരം പ്രഖ്യാപിക്കുമ്പോൾ, കേരളത്തിൽ  ഭരണകക്ഷി വാളോങ്ങുന്നതും അദ്ദേഹത്തിന് എതിരെ തന്നെയാണ്   ഡൽഹിയിൽ പോയി പോലീസുമായി ലുട്ടാപ്പി മോഡൽ ഉരുട്ടിപ്പിടുത്തത്തിന്  മടിയുള്ളതുകൊണാണ്   കേരളത്തിലെ രാഷ്ട്രീയ മൈതാനത്ത് കൃത്രിമ സമരാന്തരീക്ഷം സൃഷ്ടിക്കുന്നത് 

​ഇരുപത് വർഷം മുമ്പ് നടന്ന ഒരു ആത്മഹത്യ സംഭവത്തിൽ അന്നത്തെ പൊതുമരാമത്ത് സെക്രട്ടറിയായ ഗ്യാനേഷ് കുമാറിനെ പ്രതിക്കൂട്ടിലാക്കാൻ ഭരണകക്ഷി  നടത്തുന്ന നീക്കങ്ങൾക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. 'മോദി അനുഭാവിയാണ് സതീശൻ' എന്ന തരത്തിൽ മാർക്സിസ്റ്റ് പാർട്ടി ഉയർത്തുന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ ഇത്തരം തന്ത്രങ്ങൾ പയറ്റുന്നത് യു.ഡി.എഫിന് രാഷ്ട്രീയമായ ആവശ്യമായി തോന്നിയിട്ടുണ്ടാകാം. അതിന്റെ ഭാഗമായി ലഭിച്ച 'നിയമോപദേശത്തിന്റെ' പുറത്താണ് ഇപ്പോൾ ഈ രംഗപ്രവേശം എന്നതും വ്യക്തമാണ്. 

എന്നാൽ ഇത്തരം നിയമോപദേശം നൽകുന്ന ഉപദേഷ്ടാക്കളുടെ കാര്യമാണ് കഷ്ടം.  ​കഴിഞ്ഞ എൽ.ഡി.എഫ് ഭരണകാലത്തും സമാനമായ ദൃശ്യങ്ങളാണ് കേരളം കണ്ടത്. സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന സകല കൊള്ളരുതായ്മകളും  കോടതികളിൽ തോറ്റുതുന്നം പാടിയ കേസുകളും അവസാനം നിയമോപദേഷ്ടാക്കളുടെ തലയിൽ കെട്ടിവെച്ച് തടിയൂരുന്നതായിരുന്നു പിണറായിയുടെയും കൂട്ടരുടെയും രീതി.

​സ്വർണ്ണക്കടത്ത്,  സ്‌പ്രിംഗ്ളർ,  കരിമണൽ മാസപ്പടി, പി പി ഇ കിറ്റ്,  ഉൾപ്പെടെ കഴിഞ്ഞ രണ്ട് ദശവർഷത്തിനിടയിൽ കേരളത്തിൽ ഉയർന്നുവന്ന എത്രയോ ഗൗരവമേറിയ അഴിമതി കേസുകൾ ഇന്നും അന്വേഷണത്തിന്റെ വെളിച്ചം കാണാതെ കിടപ്പുണ്ട്. സാധാരണക്കാരുടെ നികുതിപ്പണം കൊണ്ട് പ്രവർത്തിക്കുന്ന അന്വേഷണ ഏജൻസികൾക്ക് മുന്നിൽ ഇത്രയധികം യഥാർത്ഥ തെളിവുകളുള്ള കേസുകൾ തരിപ്പണമായി കിടക്കുമ്പോൾ, അതെല്ലാം വിസ്മരിച്ചുകൊണ്ട് ഇത്തരത്തിലുള്ള അനാവശ്യ വിവാദങ്ങളിലേക്ക് വിജിലൻസ് അന്വേഷണം വഴിതിരിച്ചുവിടുന്നത് ഇപ്പോഴത്തെ സർക്കാരിന്റെ അല്പത്തരമല്ലാതെ മറ്റെന്താണ്?

​ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും പരസ്പരമുള്ള രാഷ്ട്രീയ ഒത്തുകളികൾ മറച്ചുപിടിക്കാനും നിയമോപദേശങ്ങളുടെ ആനുകൂല്യത്തിൽ നടത്തുന്ന ഇത്തരം നാടകങ്ങൾ കേരളീയ സമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഭരണപക്ഷവും പ്രതിപക്ഷവും ഒരേ തൂവൽ പക്ഷികളായി മാറി ജനങ്ങളെ കബളിപ്പിക്കുന്ന ഈ രാഷ്ട്രീയ വഞ്ചന കേരളത്തിന്റെ ജനാധിപത്യ സംവിധാനത്തിന് ഏൽപ്പിക്കുന്ന പരുക്ക് നിസ്സാരമല്ല..
-കെ എ സോളമൻ

Thursday, 1 October 2026

നശീകരണവും കോടതി ഉത്തരവുകളും

#നശീകരണവും #കോടതി_ഉത്തരവുകളും
രാഷ്ട്രീയ യുവജന സംഘടനകൾ അടുത്തിടെ നടത്തിയ പ്രതിഷേധങ്ങb ജുഡീഷ്യൽ ഉത്തരവുകളോടുള്ള നഗ്നമായ അവഗണനയും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. 

പൊതു റോഡുകളിലും സർക്കാർ ഭൂമിയിലും അനധികൃത ഹോർഡിംഗുകൾ മൂലമുണ്ടാകുന്ന  കുഴപ്പങ്ങൾ, പരിസ്ഥിതി അപകടങ്ങൾ, പൊതുജന ശല്യം എന്നിവ ഇല്ലാതാക്കുന്നതിന് കേരള ഹൈക്കോടതിയുടെ കർശനമായ ഉത്തരവുകൾ ഉണ്ട്. രാഷ്ട്രീയ പാർട്ടികളും  എതിർ ഗ്രൂപ്പുകളും നിയമവിരുദ്ധപ്രകടനങ്ങളിലൂടെ തെരുവുകളിൽ നടത്തുന്നത് ജുഡീഷ്യൽ അധികാരത്തോടും പൊതു ക്രമസമാധാനത്തോടുമുള്ള അവഹേളനമാണ്.

ഈ ലജ്ജാകരമായ ലംഘനത്തിന്റെ ഉത്തരവാദിത്തം ഒന്നിലധികം ചുമലുകളിലാണ്,  കോടതി ഉത്തരവുകളെ മനഃപൂർവ്വം ലംഘിക്കുന്ന രാഷ്ട്രീയ സംഘടനകളും പ്രവർത്തകരും മുതൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  സെക്രട്ടറിമാരും മുനിസിപ്പൽ അധികാരികളും വരെ.  അനധികൃത ഫ്ലക്സ് ബോർഡുകളും ബാനറുകളും  തടയുന്നതിന് പഞ്ചായത്ത്- മുൻസിപ്പൽ- കോർപ്പറേഷൻ അധികാരികൾ പൂർണമായും പരാജയപ്പെട്ടു എന്നതിന് തെളിവാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഹളക്കാർ വ്യാപകമായി നശിപ്പിച്ച എതിർ ചേരികളുടെ പരസ്യബോർഡുകളും ബാനറുകളും.   

ഈ സാഹചര്യത്തിൽ പൊതുജനവിശ്വാസം പുനഃസ്ഥാപിക്കുന്നതിനും ജുഡീഷ്യറിയുടെ സത്യസന്ധത ഉയർത്തിപ്പിടിക്കുന്നതിനും,  ഭരണാധികാരികൾക്ക് ഉത്തരവാദിത്തമുണ്ട്.  കോടതി ഉത്തരവ് നടപ്പിലാക്കാതിരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക്  കനത്ത സാമ്പത്തിക പിഴ ചുമത്തുകയും, അശ്രദ്ധരായ ഉദ്യോഗസ്ഥരിൽ നിന്ന് ചെലവ് ഈടാക്കുകയും വേണം .

രാഷ്ട്രീയ ഏറ്റുമുട്ടലിനുള്ള  മേഖലകളായി പൊതു ഇടങ്ങളെ കാണുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണം 
കെ എ സോളമൻ

Monday, 28 September 2026

രാഷ്ട്രീയ സംസ്കാരത്തിന് അപമാനം

#രാഷ്ട്രീയ സംസ്കാരത്തിന് അപമാനം
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി കാണിച്ച സംഭവവും, അതൊരു സംഘടനാപരമായ തീരുമാനമാണെന്ന് മന്ത്രി ഒ.ജെ. ജനീഷ് പരസ്യമായി ന്യായീകരിച്ചതും അങ്ങേയറ്റം അപലപനീയവും രാഷ്ട്രീയ മര്യാദകളുടെ ലംഘനവുമാണ്. 

ഭരണഘടനാനുസൃതമായി സത്യപ്രതിജ്ഞ ചെയ്ത് സംസ്ഥാന മന്ത്രിസഭയിൽ സേവനമനുഷ്ഠിക്കുന്ന ഒരു വ്യക്തി, കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ഔദ്യോഗിക പദവിയുടെ സംരക്ഷണത്തിലിരുന്ന് ആളുകളെ നിയോഗിച്ചത് തികച്ചും ജനാധിപത്യവിരുദ്ധവും കേട്ടുകേൾവിയില്ലാത്തതുമായ പ്രവൃത്തിയാണ്. ഭരണഘടനാപരമായ പദവികളും രാഷ്ട്രീയ താൽപ്പര്യങ്ങളും തമ്മിലുള്ള അതിരുകൾ ഇല്ലാതാക്കുന്ന ഇത്തരം പ്രവണതകൾ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനും ഭരണഘടനാ മര്യാദകൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

 ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ തന്നെ അക്രമ രാഷ്ട്രീയത്തിനും പ്രതിഷേധ സമരങ്ങൾക്കും ഔദ്യോഗിക  പിന്തുണ നൽകുന്നത് സംസ്ഥാനത്ത് ക്രമസമാധാന തകർച്ചയ്ക്കും രാഷ്ട്രീയ സംഘർഷങ്ങൾക്കും മാത്രമേ വഴിവെക്കൂ. ജനാധിപത്യപരമായ സംവാദങ്ങൾക്കും നയപരമായ ചർച്ചകൾക്കും പകരം കരിങ്കൊടിയും പ്രതിഷേധങ്ങളും ഭരണാധികാരികളുടെ തന്നെ ഒത്താശയോടെ സംഘടിപ്പിക്കപ്പെടുന്നത് കേരളത്തിന്റെ പൊതുരാഷ്ട്രീയ സംസ്കാരത്തിന് അപമാനകരമാണ്.
- കെ എ സോളമൻ

Thursday, 24 September 2026

ശൈലജടീച്ചറുടെ ഉപദേശം

#ശൈലജടീച്ചറുടെ #സംശയം
​റോഡും പാലവും പണിതു എന്ന് പറഞ്ഞ് വോട്ടു ചോദിച്ചാൽ, അതിനു പിന്നിലെ കമ്മീഷൻ കണക്കുകൾ നാട്ടുകാർ കാണാതെ പോകുമെന്നാണ് കമ്മ്യൂണിസ്റ്റ് ലോജിക്! പാലം പണിത വകയിൽ കോടികൾ പോക്കറ്റിലാക്കിയതും, പകൽവെളിച്ചം പോലെ തെളിഞ്ഞ അഴിമതിക്കഥകളും ജനങ്ങൾ അറിഞ്ഞില്ലെന്ന മട്ടിലാണ് ഇപ്പോഴും നേതാക്കളുടെ നിഷ്കളങ്ക വ്യാഖ്യാനം. ലക്ഷങ്ങൾ മുടക്കി നടപ്പാക്കിയ വൻകിട പദ്ധതികളുടെയൊക്കെ പിന്നിൽ ആരൊക്കെയാണ് കീശ വീർപ്പിച്ചത് എന്ന് സാമാന്യ ബോധ്യമുള്ള ഏതൊരു സാധാരണക്കാരനും അറിയാം. ശബരിമല അയ്യപ്പൻ്റേതുൾപ്പെടെ വെട്ടിച്ച തുകയുടെ കണക്കെടുപ്പ് നാട്ടുകാർ നടത്തിക്കഴിഞ്ഞാൽ പിന്നെ എങ്ങനെയാണ് ടീച്ചറെ എൽഡിഎഫിനെ  ജനം പൂമാലയിട്ടു സ്വീകരിക്കുക?

​അതൊക്കെ അവിടെ നിൽക്കട്ടെ, നാടിന്റെ പുതുതലമുറയെ മൊത്തത്തിൽ ലഹരിയുടെ അടിമകളാക്കി മാറ്റിയ വിപ്ലവകരമായ നേട്ടത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള പിഞ്ചുകുട്ടികളുടെ കൈകളിൽ മയക്കുമരുന്ന് എത്തിച്ചുകൊടുത്ത് കേരളത്തെ ഒരു ആഗോള ഡ്രഗ്സ് ഹബ്ബാക്കി മാറ്റിയതു പോരെ  സർക്കാരിനെ ചവിട്ടി  പുറത്താക്കാൻ? റോഡിലൂടെ നടക്കുമ്പോൾ കുഴിയുണ്ടോ എന്ന് നോക്കുന്നതിനേക്കാൾ ഭയത്തോടെയാണ് ഇന്ന് മാതാപിതാക്കൾ തങ്ങളുടെ മക്കളെ സ്കൂളിലേക്ക് അയക്കുന്നത്.

 വികസനത്തിന്റെ തിളക്കമുള്ള ബോർഡുകൾ വെച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നോക്കി.  പക്ഷെ സ്വന്തം മക്കളുടെ ഭാവി കോഞ്ഞാട്ടയാകുന്നതുകണ്ട് ജനം പൊട്ടിത്തെറിച്ചു.  അങ്ങനെ ഉണ്ടായ  ജനരോഷത്തിലാണ് ആടിയുലയില്ല എന്നു പറഞ്ഞ കപ്പൽ അപ്പാടെ ഉലഞ്ഞ് കടലിൻ്റെ അഗാധതയിൽ പതിച്ചത്.
-കെ എ സോളമൻ

Sunday, 20 September 2026

ബാനറിലെ ഭാഷാ ശാസ്ത്രം

#ബാനറിലെ #ഭാഷാശാസ്ത്രം
ചവറ ഗുഹാനന്ദപുരം സ്കൂളിലെ കുരുന്നുകൾ ഉയർത്തിയ ആ വിശേഷ പോസ്റ്ററിലെ ഭാഷാശാസ്ത്രം കണ്ട് ആംഗലേയ പ്രഫസർമാർ വരെ ഞെട്ടി.  ബാനറിൽ കണ്ട പൂക്കി എന്ന വാക്കിന് ക്യൂട്ട് എന്നല്ലേ അർത്ഥം എന്ന് ഷേക്സ്പിയറെയും വൈലോപ്പ(പ്പി)ള്ളിയെയും  ഒരുമിച്ച് ഞെട്ടിച്ച മാർക്സിസ്സ് സൈദ്ധാന്തിക കൊല്ലംകാരി ജറോമിയുടെ കണ്ടെത്തൽ അപാരം. ശുംഭൻ എന്നതിന് പ്രകാശം പരത്തുന്നവൻ എന്ന് അർത്ഥം പറഞ്ഞ മുളകുവെള്ളം (എം വി ) ജയരാജൻ്റെ പണ്ഡിതരെയും വെല്ലുന്ന പാണ്ഡിത്യം.

 " പോടാ പൂമോനെ" എന്ന് ബാനറിൽ എഴുതിയിരുന്നെങ്കിൽ അത് പ്രകൃതിസ്നേഹം കൊണ്ടാണെന്നും, "പൂ" എന്നാൽ ഇംഗ്ലീഷിൽ "ഫ്‌ളവർ" ആണെന്നും പറഞ്ഞ് ന്യായീകരിക്കാൻ തലയിൽ ഹൗസ് ചുമക്കുന്ന  മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിണി തന്നെ വരുമായിരുന്നു. അതെന്തായാലും  ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് ഉള്ളവരുടെ ഭാഷാ വൈഭവം പ്രകടമായതോടെ സംഭവം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നു. വാക്കുകളുടെ വ്യാകരണവും അന്തർധാരയും കണ്ടുപിടിക്കാൻ പി എച്ച് ഡി പോലുള്ള ഇത്തരം ഉയർന്ന ബിരുദങ്ങൾ തന്നെ വേണം; ഇല്ലെങ്കിൽ സാധാരണക്കാർ ഇത് വല്ല അസഭ്യവുമാണെന്ന് തെറ്റിദ്ധരിച്ചു കളയും!

​യഥാർത്ഥത്തിൽ, ഈ കുഞ്ഞുപിള്ളേരുടെ കൈയിൽ ഇത്തരം അക്ഷരങ്ങൾ വരച്ചുനൽകിയ ഗുരുവിനെ ആയിരിക്കണംനല്ല നമസ്കാരം പറഞ്ഞു ആദരിക്കേണ്ടത്. കുട്ടികൾക്ക് കളിക്കാനും പഠിക്കാനും സമയം കൊടുക്കുന്നതിന് പകരം അവരെക്കൊണ്ട് ഇത്തരം പ്ലക്കാർഡുകൾ പിടിപ്പിച്ച് രസിപ്പിക്കുന്ന രാഷ്ട്രീയ തരികിടകളെയാകണം തിരഞ്ഞുപിടിച്ച് ശിക്ഷിക്കേണ്ടത് 

ചിന്ത ജെറോമിന്റെ ഈ ന്യായീകരണ ശൈലി  നോക്കിയാൽ, ഭാവിയിൽ സ്കൂളുകളിലെ സഭ്യതയും വ്യാകരണവും അളക്കാൻ പ്രത്യേക അക്കാദമിക് പാനൽ തന്നെ രൂപീകരിക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്!
-കെ എ സോളമൻ

Friday, 18 September 2026

പരിഹാസ്യമായ നിലപാട്

#പരിഹാസ്യമായ #നിലപാട്
മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് റിപ്പോർട്ടർ ചാനലിനും ആന്റോ അഗസ്റ്റിനും പിന്തുണയുമായി രംഗത്തെത്തിയത് പരിഹാസ്യമാണ്. സർക്കാരിന്റെയും ജിഎസ്ടി വകുപ്പിന്റെയും സ്വാഭാവിക നിയമനടപടികളെ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം ജനങ്ങൾ അംഗീകരിക്കില്ല. 

കോടികളുടെ സാമ്പത്തിക കൃത്രിമത്വവും വിദേശത്തേക്ക് പണം കടത്തിയതുമടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും നേരിടുന്ന ഒരു സ്ഥാപനത്തിനെതിരെ അന്വേഷണം നടക്കുമ്പോൾ, അതിനെ നിയമവിരുദ്ധമെന്ന് മുദ്രകുത്തുന്നത് അങ്ങേയറ്റം അപലപനീയം.

സമീപകാല രാഷ്ട്രീയ ഇടപെടൽ മൂലം പാർട്ടിയിൽ നിന്ന് പുറത്തേക്കുള്ള വഴി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് തോമസ് ഐസക്. അത്തരമൊരു അവസ്ഥയിൽ ചാനൽ കവറേജും മാധ്യമ ശ്രദ്ധയും അത്യാവശ്യമായിരിക്കുന്നു. റിപ്പോർട്ടർ ചാനലിനെ ഇപ്പോൾ പിന്തുണച്ചാൽ  അവരുടെ ടിവി  സ്ക്രീനിൽ തൻ്റെ തലയും ഫുൾ ഫിഗറും പ്രത്യക്ഷപ്പെടുമെന്ന് ഐസക്കിന് അറിയാം. അതാണ് ഇത്തരം തെറ്റായ നിലപാടുകൾ സ്വീകരിക്കാൻ കാരണം.

 മാധ്യമപ്രവർത്തനത്തിന്റെ മറവിൽ  വൻകിട സാമ്പത്തിക ക്രമക്കേടുകളും മദ്യവ്യാപാരവും നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് ഭരണകൂടത്തിന്റെ പ്രാഥമിക ചുമതലയാണ്.
​സത്യസന്ധവും സുതാര്യവുമായ അന്വേഷണത്തിലൂടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടുവരാൻ തീരുമാനിച്ച സംസ്ഥാന സർക്കാരിന്റെയും അന്വേഷണ ഏജൻസികളുടെയും നടപടി തികച്ചും അഭിനന്ദനാർഹമാണ്. 

നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും, വൻകിട മാധ്യമ സ്ഥാപനങ്ങളോ വ്യക്തികളോ ആണെങ്കിൽപ്പോലും സാമ്പത്തിക ക്രമക്കേടുകൾ നടത്തിയാൽ രക്ഷപ്പെടാനാകില്ലെന്നുമുള്ള ശക്തമായ സന്ദേശമാണ് സർക്കാർ ഇതിലൂടെ നൽകുന്നത്.
-കെ എ  സോളമൻ

Tuesday, 15 September 2026

ചാനൽ റെയ്ഡ് സ്വാഗതാർഹം

#ചാനൽറെയ്ഡ് #സ്വാഗതാർഹം
.സന്ധ്യയായാൽ ചാനൽ മുറിയിലിരുന്ന് ലോകത്തെ സകലരെയും വിചാരണ ചെയ്ത് വിധി പ്രസ്താവിക്കുന്ന മാധ്യമ വീരന്മാർക്ക്, സ്വന്തം പടിപ്പുരയിൽ കോടതി ഉത്തരവുമായി പോലീസ് വന്നിറങ്ങിയപ്പോൾ മാത്രമാണ് 'നിയമം എല്ലാവർക്കും ഒന്നാണ്' എന്ന ബോധ്യം ഉണ്ടായത്.  

വൈകുന്നേരത്തെ ചർച്ചകളിൽ പ്രൈം ടൈം റേറ്റിംഗിനും മുതലാളിയുടെ കീശ വീർപ്പിക്കുന്നതിനുമായി ആരുടെയും ജീവിതവും അന്തസ്സും പരസ്യമായി ലേലം വിളിക്കുന്നവർ, സ്വന്തം കാര്യത്തിൽ നിയമം അതിന്റെ വഴിക്ക് വന്നപ്പോൾ പെട്ടെന്ന് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാവലാളുകളായി മാറിയത് കാണാൻ നല്ല രസമുണ്ട്. കോടികളുടെ നികുതി വെട്ടിപ്പും തട്ടിപ്പും നടത്തിയിട്ട് മാധ്യമപ്രവർത്തനത്തിന്റെ പവിത്രതയെക്കുറിച്ച് ക്ലാസെടുക്കുന്ന ഇത്തരം ഏഴാം കൂലി മാധ്യമ പ്രമുഖർക്ക് ലഭിച്ച ഈ ചെറിയ പ്രഹരം, വാസ്തവത്തിൽ കേരളത്തിലെ സാധാരണ ജനങ്ങൾ ആഗ്രഹിച്ചതാണ്.

​ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും വ്യാജ വാർത്തകൾ മെനഞ്ഞും നാട്ടിൽ അരാജകത്വം സൃഷ്ടിക്കുന്ന അധമ മാധ്യമപ്രവർത്തനത്തിന് ഇതൊരു താക്കീത് തന്നെ. കോടതിയുടെ കൃത്യമായ ഇടപടലിലൂടെയും പോലീസിന്റെ ഉറച്ച നടപടിയിലൂടെയും ഈ മാധ്യമ പ്രമാണിമാരുടെ ധിക്കാരത്തിന് താൽക്കാലികമായെങ്കിലും അറുതിവന്നത് അഭിനന്ദനാർഹം തന്നെ. 

ഏത് ചാനലായാലും മുതലാളിയുടെ പോക്കറ്റ് നിറയ്ക്കാൻ ഏത് അധർമ്മവും കാണിക്കാമെന്ന വിചാരം ഇനി നടപ്പില്ലെന്ന് വ്യക്തമായി. മാധ്യമ ധർമ്മത്തിന്റെ പേരിൽ സ്വന്തം തട്ടിപ്പുകൾ ന്യായീകരിക്കുന്നവർക്കെതിരെ സർക്കാർ എടുത്ത ഈ നിലപാട്, വഴിതെറ്റിപ്പോകുന്ന മറ്റ് വാർത്താ ചാനലുകൾക്കും കൃത്യമായൊരു മുന്നറിയിപ്പാണ് നൽകുന്നത്.
-കെ എ സോളമൻ

Sunday, 13 September 2026

നെറികെട്ട മാധ്യമ പ്രവർത്തനം

#നെറികെട്ട #മാധ്യമപ്രവർത്തനം
റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ നടത്തിയ വസ്തുതാവിരുദ്ധവും അത്യന്തം അപലപനീയവുമായ വെളിപ്പെടുത്തലുകൾ കേരളത്തിന്റെ രാഷ്ട്രീയ-മാധ്യമ സംസ്കാരത്തിന് മങ്ങലേൽപ്പിക്കുന്നതാണ്.
 ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് എതിരെ വ്യാജരേഖകളും ആരോപണങ്ങളുമായി മാധ്യമങ്ങളെ സമീപിച്ച ഗൂഢസംഘങ്ങളെക്കുറിച്ചും, അതിന് പിന്നിലെ രാഷ്ട്രീയ അജണ്ടകളെക്കുറിച്ചും വ്യക്തമായ ചിത്രം പുറത്തുകൊണ്ടുവരേണ്ടതുണ്ട്. മാധ്യമധർമ്മം മറന്ന്, ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് വേദി ഒരുക്കുകയും വസ്തുതകൾ അന്വേഷിക്കാതെ ഉത്തരവാദപ്പെട്ട സംസ്ഥാന തലവനെതിരെ ആക്ഷേപം ഉന്നയിക്കുകയും ചെയ്ത ആന്റോ അഗസ്റ്റിനെ ശക്തമായ പോലീസ് ചോദ്യം ചെയ്യലിന് വിധേയമാക്കണം..

 ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ തകർക്കാൻ ഏത് അറ്റവും വരെ പോകുന്ന നെറികെട്ട രാഷ്ട്രീയ വൈരത്തിന്റെ ഇരയായി മാധ്യമങ്ങളെ മാറ്റുന്നത് ഭരണഘടനാ സ്ഥാപനങ്ങൾക്കും ജനാധിപത്യത്തിനും തന്നെ വൻ ഭീഷണിയാണ്.  

​സത്യസന്ധമായ വാർത്തകൾ ജനങ്ങളിലെത്തിക്കുന്നതിന് പകരം, വ്യക്തിപരമായോ രാഷ്ട്രീയപരമായോ ഉള്ള സങ്കുചിത താത്പര്യങ്ങൾക്കായി ചാനലുകളെ ദുരുപയോഗം ചെയ്യുന്ന ഇത്തരം ചാനൽ മുതലാളിമാരുടെ പ്രവർത്തനം അത്യന്തം അപകടകരമാണ്. തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് സമൂഹത്തിൽ പുകമറ സൃഷ്ടിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്ന ഇത്തരം ഹീനമായ നീക്കങ്ങളെ നിയമപരമായി നിലയ്ക്കു നിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

 വ്യാജരേഖകൾ നിർമ്മിച്ച് നൽകിയ ഗൂഢസംഘത്തിന് പിന്നിൽ പ്രവർത്തിച്ച യഥാർത്ഥ ശക്തികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ, അത് കേരളത്തിന്റെ പൊതുസമൂഹത്തിന് നൽകുന്ന സന്ദേശം വളരെ തെറ്റായിരിക്കും. മാധ്യമരംഗത്തെ ഇത്തരം നെറികെട്ട പ്രവണതകൾക്കെതിരെ ശക്തമായ നിയമനടപടികളും ജനകീയ പ്രതിഷേധങ്ങളും ഉയർന്നുവരേണ്ടതുണ്ട്.
-- കെ എ സോളമൻ

Wednesday, 9 September 2026

ഇ ഡി യുടെ മൂക്ക്

#ഇ_ഡി_യുടെ_മൂക്ക്
കേന്ദ്ര ഏജൻസികളുടെ മൂക്കിന്റെ അളവെടുപ്പും, അതിനെ ചൊല്ലിയുള്ള രാഷ്ട്രീയ പോരുകളും കേരള രാഷ്ട്രീയത്തിൽ പുതിയൊരു വിനോദമായി മാറി. "പിണറായിയെ വലിക്കാൻ മാത്രമുള്ള മൂക്ക് ഇ.ഡി.ക്കില്ല" എന്ന എം. സ്വരാജിന്റെ പ്രസ്താവന കേട്ടാൽ തോന്നും, അന്വേഷണ ഏജൻസികൾ ആരോപണവിധേയരുടെ കഴുത്തിലല്ല, മൂക്കിലാണ് പിടിച്ച് വലിക്കാൻ വരുന്നതെന്ന്! 

ഇ.ഡി.യെ എങ്ങനെയെങ്കിലും പ്രകോപിപ്പിച്ച് മുൻമുഖ്യനെ പെട്ടെന്നു അകത്താക്കാൻ ശ്രമിക്കുകയാണോ ഈ സൈദ്ധാന്തിക വിദ്വാന്മാർ എന്ന്  ആരും സംശയിച്ചുപോകും. 
ഇത്തരത്തിലുള്ള പ്രകോപനപരമായ പ്രസ്താവനകൾ യഥാർത്ഥത്തിൽ കേസിലെ ഗൗരവത്തെക്കാൾ ഉപരി, സ്വന്തം അണികളെ ആവേശം കൊള്ളിക്കാനുള്ള പാഴ്തന്ത്രമായി മാത്രമേ കാണാൻ കഴിയൂ.  

​ഇതിനിടയിലാണ് നിയമപരമായും രാഷ്ട്രീയമായും ചാനൽപരമായും നേരിടും എന്ന മാസ് ഡയലോഗുമായി ചിലനേതാക്കൾ  രംഗത്തെത്തിയിട്ടുണ്ട്. ഏജൻസികൾ അന്വേഷണം തുടരുകയും കോടതികൾ കേസ് പരിഗണിക്കുകയും ചെയ്യുന്ന ഒരു സംവിധാനത്തിൽ, ഈ ചാനൽ പോരാട്ടം കൊണ്ടും വാക്പോരുകൾ കൊണ്ടും കേസിലെ സത്യങ്ങൾ അപ്രത്യക്ഷമാകാൻ പോകുന്നില്ല. അന്വേഷണം അതിന്റെ വഴിക്ക് സമാധാനപരമായി പോകട്ടെ.  ആരോപണങ്ങളിൽ കഴമ്പുണ്ടോ ഇല്ലയോ എന്ന് നിയമവ്യവസ്ഥ തീരുമാനിക്കും.

രാഷ്ട്രീയ നാടകങ്ങളും വാചകമടികളും മാറ്റിവെച്ച്, നിയമത്തിന്റെ വഴിയിൽ മാത്രം കാര്യങ്ങളെ അഭിമുഖീകരിക്കുകയാണ് നേതാക്കൾ ചെയ്യേണ്ടത്.  
-കെ എ സോളമൻ

Friday, 4 September 2026

അങ്ങനെ വീണ ജോർജിനും എസ് ഐ റ്റി

#അങ്ങനെ വീണാ ജോർജിനു വേണ്ടിയും എസ്ഐടി !
അന്വേഷണ ഏജൻസികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ സർക്കാർ നെട്ടോട്ടമോടുമ്പോൾ, കേവലം ഒരു ചെറിയ കേസിന് വേണ്ടി എട്ട് അംഗങ്ങളുള്ള ആർഭാട എസ്.ഐ.ടിയെത്തന്നെ രംഗത്തിറക്കിയത് തികച്ചും അഭിനന്ദനീയം. കോടികൾ ചെലവിട്ട് ഐ.പി.എസ് ഉദ്യോഗസ്ഥരെയും ബറ്റാലിയൻ കമാൻഡൻ്റുമാരെയും വെച്ച് നടത്തുന്ന ഈ മഹായജ്ഞത്തിന്റെ പത്തിലൊന്നു ചെലവ് വേണ്ട, പഴയ 'ഇടിയൻ നാറാപിള്ളയും',  കുട്ടൻപിള്ള ഏഡും', അമ്മിണി പോലീസും ചേർന്ന് വീണാജോർജിനെ കൊണ്ട് തത്തയെപ്പോലെ സത്യം പറയിപ്പിപ്പിക്കാൻ! 

നാട്ടുകാരുടെ ആരോഗ്യം സംരക്ഷിക്കാൻ ബാധ്യതയുണ്ടായിരുന്ന  വീണാ ജോർജിന് ചുറ്റും കറുത്ത തുണി കണ്ടാൽ ഉടൻ എസ്.ഐ.ടി ഇറക്കിയില്ലെങ്കിൽ പിന്നെ ആരോഗ്യം മാത്രമല്ല, ആഭ്യന്തര വകുപ്പിന്റെ ആരോഗ്യവും ക്ഷയിച്ചു പോകുമെന്നു കരുതാൻ പാടില്ലായിരുന്നു. 
​തനിക്കെതിരെ ഉയർന്നുവരുന്ന ഏത് ആരോപണത്തെയും നാടകീയമായി നേരിടാനുള്ള ചാനൽ വൈദഗ്‌ധ്യം  വീട്ടിലെ മൂലയ്ക്ക് കുത്തിയിരിക്കുന്ന വീണാ ജോർജിന് ഇപ്പോൾ കാണണമെന്നില്ല

 ഇത്രയും വിപുലമായ അന്വേഷണ സംഘത്തെ വെച്ച് റീൽസ് പിടിക്കാൻ കാണിക്കുന്ന ഈ ഉത്സാഹം ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ ഒരു സ്ട്രെച്ചറോ കട്ടിലോ ഒപ്പിക്കാൻ കാണിച്ചിരുന്നെങ്കിൽ രോഗി കട്ടിലിൽ നിന്ന് താഴെ വീണ് ചാകാതെ രക്ഷപ്പെട്ടേനെ.

 എന്തായാലും എട്ടംപേർ ചേർന്ന് നടത്തുന്ന ഈ ഹിമാലയൻ അന്വേഷണത്തിന്റെ ഒടുവിൽ ശ്രീമതി ജോർജിനെ പുണ്യപ്പെടുത്തുമോ അതോ  കാറ്ററിംഗ് ബില്ല് കൂട്ടുമോ എന്ന് കണ്ടുതന്നെ അറിയണം.
-കെ എ സോളമൻ

Tuesday, 1 September 2026

സാമൂഹിക മൂല്യങ്ങൾക്ക് നിരക്കാത്ത പ്രസ്താവന

#സാമൂഹികമൂല്യങ്ങൾക്ക് #നിരക്കാത്ത #പ്രസ്താവന
സ്ത്രീകളെയും അവരുടെ സ്വാതന്ത്ര്യത്തെയും മുൻനിർത്തി സമൂഹത്തിലുണ്ടാകുന്ന നിയന്ത്രണങ്ങളേക്കാൾ പ്രധാനം വ്യക്തിയുടെ സുരക്ഷയും തുല്യാവകാശങ്ങളുമാണ്. 

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീകളെക്കുറിച്ചുള്ള പ്രസ്താവന സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് സമർത്ഥിക്കപ്പെടാൻ ശ്രമിക്കുന്നതെങ്കിലും, ആ സുരക്ഷ സ്ത്രീകളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തിക്കൊണ്ടാകരുത്. സുരക്ഷയും സംരക്ഷണവും സ്ത്രീക്ക് മാത്രമല്ല, ഏതൊരു മനുഷ്യനും ഒരേപോലെ ആവശ്യമുള്ളതാണ് . സുരക്ഷയുടെ പേരിൽ ഒരു വിഭാഗത്തിന്റെ പ്രവർത്തന സ്വാതന്ത്ര്യങ്ങളെ വിലക്കുന്നതും, പുരുഷാധിപത്യപരമായ രീതിയിൽ അവരെ സമൂഹത്തിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിക്കുന്നതും  സാമൂഹിക മൂല്യങ്ങൾക്ക് നിരക്കാത്തതാണ്.

​ഒരു ജനാധിപത്യ രാജ്യത്ത് വ്യക്തികളുടെ അവകാശങ്ങളും കർത്തവ്യങ്ങളും നിർണ്ണയിക്കപ്പെടുന്നത് മതഗ്രന്ഥങ്ങളിലൂടെയോ വ്യക്തിഗത വിശ്വാസങ്ങളിലൂടെയോ അല്ല, മറിച്ച് ഭരണഘടനയിലൂടെയാണ്. ഇന്ത്യൻ ഭരണഘടന ഓരോ പൗരനും ലിംഗഭേദമന്യേ തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും അന്തസ്സോടെ ജീവിക്കുന്നതിനുമുള്ള അവകാശം ഉറപ്പുനൽകുന്നു. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളാണ് ഏതൊരു മതനിയമങ്ങൾക്കും , വ്യക്തിഗത അഭിപ്രായങ്ങൾക്കും മുകളിൽ.
 
ആയതിനാൽ സ്ത്രീകളെ രണ്ടാംകിടക്കാരായി കാണുന്നതോ അവരുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതോ ആയ എല്ലാ നിലപാടുകളുംഎതിർക്കപ്പെടണം. ഭരണഘടനാപരമായ സ്ത്രീകളുടെ അവകാശം  സുരക്ഷിതവും തുല്യതയുള്ളതുമായ ഒരു സമൂഹത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്.
- കെ എ സോളമൻ

Friday, 28 August 2026

അതിമാരക എക്സ്ക്ലൂസീവ്

#അതിമാരക #എക്സ്ക്ലൂസിവ്
​വർഷങ്ങളായി ക്രൈം ബ്രാഞ്ചും ഇന്റർപോളും പെടാപ്പാടുപെട്ട് തിരയുന്ന സുകുമാരക്കുറുപ്പിനെ ഒടുവിൽ ബ്രൂണോയിലെ ഒരു നിർമ്മാണ സൈറ്റിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞ ട്വന്റിഫോർ ചാനലിന്റെ അസാമാന്യ മാധ്യമ മികവിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. കുറുപ്പ് അവിടെ സുഖമായി പണിയെടുക്കുകയാണെന്ന വാർത്ത കേട്ട് ആഭ്യന്തര വകുപ്പ് പോലും ഒരു നിമിഷം ഞെട്ടിവിറച്ചുപോയിക്കാണണം. എന്നാൽ, കുറുപ്പിന്റെ ചിത്രമെന്ന് പറഞ്ഞ് പാവം ദാമോദര മേനോന്റെ ഫോട്ടോ കാണിച്ച് നൽകിയ ആ അതിമാരക എക്സ്ക്ലൂസീവ്, വ്യാജവാർത്തകളുടെ ചരിത്രത്തിലെ തന്നെ ഒരു വലിയ നാഴികക്കല്ലാണ്.

ആർക്കും എന്തും കെട്ടിച്ചമച്ച് വിളമ്പി ആളെപ്പറ്റിക്കാം എന്ന ധാർഷ്ട്യവും, ഒരു അടിസ്ഥാന വിവരവുമില്ലാതെ വ്യക്തിഹത്യ നടത്തുന്നതിലെ ഉത്തരവാദിത്തമില്ലായ്മയും ഇവിടെ കൃത്യമായി തെളിഞ്ഞിരിക്കുകയാണ്. കുറുപ്പിനെ പിടിക്കാൻ ഇറങ്ങിത്തിരിച്ച് വഴിപോക്കരായ സാധാരണക്കാരെ കുറ്റവാളികളാക്കുന്ന ഇത്തരം മാധ്യമ ഗൂഢാലോചനകൾക്കെതിരെ ശക്തമായ നിയമനടപടികൾ തന്നെ സ്വീകരിക്കേണ്ടതുണ്ട്.

​റേറ്റിംഗിന് വേണ്ടിയും ബ്രേക്കിംഗ് ന്യൂസ് അടിച്ചിറക്കാൻ വേണ്ടിയും എന്തും ചമച്ചുണ്ടാക്കാമെന്ന അവസ്ഥ ഏതായാലും അപലപനീയമാണ്. റേറ്റിംഗ് കൂട്ടാൻ വേണ്ടി നാളെ ഇനി അലക്സാണ്ടർ ചക്രവർത്തി പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനി നടത്തുന്നുണ്ടെന്നോ, നെപ്പോളിയൻ കുട്ടനാട്ടിൽ നെല്ലുകുത്ത് പാട്ടത്തിന് എടുത്തിട്ടുണ്ടെന്നോ പറഞ്ഞ് വാർത്ത കൊടുത്താലും അത്ഭുതപ്പെടാനില്ല. വസ്തുതാപരിശോധന പോയിട്ട് പ്രാഥമിക വിവരം പോലും അന്വേഷിക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഇത്തരം കെട്ടുകഥകൾ സംപ്രേഷണം ചെയ്യുന്ന ചാനലുകൾ പൊതുസമൂഹത്തോട് കാണിക്കുന്നത് വഞ്ചനയാണ്.

 മാധ്യമപ്രവർത്തനത്തെ ഒരു കോമഡി ഷോയാക്കി മാറ്റുന്ന ഇത്തരം പ്രവണതകൾക്ക് തടയിടാൻ മാതൃകാപരമായ ശിക്ഷാനടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകേണ്ടിയിരിക്കുന്നു.
- കെ എ സോളമൻ

Wednesday, 26 August 2026

#ടെൻഷൻ #മാറ്റേണ്ട

#ടെൻഷൻ_മാറ്റാൻ_സ്വർണം_വിറ്റോളൂ!
ചാനൽ തുറന്നാൽ കാണുന്നത് ഒരു പുതിയതരം കൗൺസിലിംഗ് സെഷനാണ്. "സ്വർണം പണയം വെച്ചാൽ ടെൻഷൻ കൂടും, അതുകൊണ്ട് ഞങ്ങൾക്ക് വിറ്റ് സമാധാനമായി ജീവിക്കൂ" എന്ന സ്വർണ മുതലാളിമാരുടെ പരസ്യം.  ഈ മാനസികാരോഗ്യ ഉപദേശം കേട്ടാൽ ആരും കരുതും, ഇവർ ബിസിനസുകാരല്ല, മറിച്ച് സൗജന്യ തെറാപ്പിസ്റ്റുകളാണെന്ന്! ജനത്തിന്റെ ടെൻഷനിൽ ഇത്ര ആത്മാർത്ഥമായ ഉത്കണ്ഠ പ്രകടിപ്പിക്കുന്ന ഇവരെ കണ്ടാൽ ആരും കരഞ്ഞു പോകും.

ജനങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ വേണ്ടി മാത്രം സ്വന്തം കീശ ബലമായി വീർപ്പിക്കേണ്ടി വരുന്ന ഈ മഹാമനസ്കരായ വ്യാപാരികളുടെ ത്യാഗം കണ്ടില്ലെന്ന് നടിക്കാൻ പറ്റുമോ? "സമ്പാദ്യം" എന്ന പേരിൽ വീട്ടിലെ അലമാരയിൽ വെറുതെ ഇരിക്കുന്ന സ്വർണം വിറ്റൊഴിവാക്കിയാൽ അപ്പോൾ കിട്ടുന്ന ആ  സമാധാനം ഒന്ന് വേറെ തന്നെ!

നിക്ഷേപങ്ങളുടെ ചരിത്രമെടുത്താൽ സ്വർണ്ണത്തോളം വിശ്വസ്തതയുള്ള മറ്റൊരു നിക്ഷേപം കാണില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. നാളെ വില കുതിച്ചുയരുമ്പോൾ "അയ്യോ, അന്ന് വെറുതെ വിറ്റുകളഞ്ഞല്ലോ" എന്നോർത്ത് അനുഭവിക്കാൻ പോകുന്ന പുതിയ ടെൻഷൻ,  അതാണ് സ്വർണ വ്യാപാരികൾ ജനത്തിന് സൗജന്യമായി നൽകുന്ന ബോണസ് ഓഫർ!

പണത്തിന് അടിയന്തിര ആവശ്യം വരുമ്പോൾ കൈയിലുള്ള സ്വർണം പണയം വെച്ച്, ആവശ്യം കഴിഞ്ഞ് തിരിച്ചെടുക്കുന്ന പഴയ ശീലം എത്ര മോശമാണെന്ന് മുതലാളിമാർ ആഴത്തിൽ ഗവേഷണം നടത്തി കണ്ടെത്തിയിരിക്കുന്നു! ആ പഴഞ്ചൻ ശീലം മലയാളി ഇനി അടിയന്തിരമായി ഉപേക്ഷിക്കണം. പകരം സ്വർണം നേരെ കൊണ്ടുപോയി തുച്ഛമായ വിലയ്ക്ക് വിറ്റ്, ഉടമസ്ഥാവകാശം എന്നന്നേക്കുമായി കൈയൊഴിയണം. അങ്ങനെ വന്നാൽ, ഭാവിയിൽ അതേ സ്വർണം തിരികെ വാങ്ങാൻ അതേ കടയിൽ ചെല്ലുമ്പോൾ പണിക്കൂലിയും, പണിവാശിയും, ജി.എസ്.ടിയും, അഡീഷണൽ ജി.എസ്.ടിയും ചേർത്തുള്ള "സ്വാഗതം" കാണുമ്പോൾ ടെൻഷൻ പൂർണമായും ഇല്ലാതാകും ഒപ്പം കീശയും!

ജനങ്ങളുടെ സമ്പാദ്യശീലത്തിന്റെ കടയ്ക്കൽ കത്തി വെച്ച് , പരസ്യക്കൂട്ടിലൂടെ സ്വന്തം സമ്പത്ത് ഇരട്ടിയാക്കുന്നസ്വർണ്ണ മുതലാളിമാരുടെ ഈ സൗജന്യ ഉപദേശം വിശ്വസിക്കുന്നവർക്ക് കൈവരുന്ന സാമ്പത്തിക ഭദ്രത നേരിട്ട് കണ്ടറിയേണ്ടതു തന്നെ. ജനത്തെ ചൂഷണം ചെയ്യുന്ന ഏത് നടപടിയും നിയന്ത്രിക്കാൻ ബാധ്യതയുണ്ടെങ്കിൽ, സ്വർണ മുതലാളിമാരും ചാനൽ തമ്പുരാക്കന്മാരും ചേർന്ന് നടത്തുന്ന ഈ പകൽ കൊള്ള
 എത്രയും വേഗം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.
-കെ എ സോളമൻ

Sunday, 23 August 2026

വാഹന മോഡിഫിക്കേഷൻ വേണ്ട

#വാഹനമോഡിഫിക്കേഷൻ #വേണ്ട 
കമ്പനികൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും എൻജിനീയറിംഗ് മാനദണ്ഡങ്ങളും പാലിച്ചു നിർമ്മിക്കുന്ന വാഹനങ്ങളിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തുന്നത് പൊതുജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന കേരള ഹൈക്കോടതിയുടെ നിലപാട് തികച്ചും സ്വാഗതാർഹമാണ്. തങ്ങൾക്ക് തോന്നുന്നതുപോലെ വാഹനങ്ങൾ അനാവശ്യമായി ഫിറ്റ് ചെയ്തോ ഘടന മാറ്റിയോ നിരത്തിലിറക്കുന്നത് ധാർഷ്ട്യവും പണത്തിന്റെ അഹങ്കാരവുമാണ്. 

അത്യുഗ്ര ശബ്ദമുള്ള ഹോണുകളും വൻകിട ലൈറ്റുകളും ഘടിപ്പിച്ച് റോഡിൽ അരാജകത്വം സൃഷ്ടിക്കുന്ന ഇത്തരം പ്രവണതകൾ മറ്റ് വാഹന ഉപഭോക്താക്കൾക്കും കാൽനടയാത്രക്കാർക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. 'ന്യൂജൻ' എന്ന പേരിലോ തരം താഴ്ന്ന ആവേശത്തിന്റെ പേരിലോ ഇത്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് സമൂഹവും ഭരണകൂടവും കൂട്ടുനിൽക്കുന്നത് പൊതു റോഡുകളെ അപകടക്കെണിയാക്കി മാറ്റാനേ ഉപകരിക്കൂ.

​നിയമലംഘകർക്ക് മുന്നിൽ സർക്കാരും ജനപ്രതിനിധികളും മൃദുസമീപനം സ്വീകരിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. വോട്ട് ബാങ്കോ താത്കാലിക കൈയടിയോ ലക്ഷ്യമിട്ട് യുവാക്കളുടെ ഇത്തരം അനാവശ്യ പ്രവണതകളെ ന്യായീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും തികഞ്ഞ ഉത്തരവാദിത്തമില്ലായ്മയാണ്. പുതിയ പരിഷ്കാരങ്ങളുടെ പേരിൽ നിയമ ലംഘനങ്ങൾക്ക് അതിരുകളില്ലാത്ത ഇളവ് നൽകുന്നത് വരുംദിവസങ്ങളിൽ വലിയ ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തും.

 വാഹനം പരിഷ്കരിക്കാൻ നടക്കുന്നവരുടെ "പൂക്കി സി എം " വിളിയിൽ മുഖ്യമന്ത്രി ആവേശം കൊള്ളേണ്ട കാര്യമില്ല. പൊതുജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്; അതിനാൽ ഹൈക്കോടതി വിധിയെ അക്ഷരംപ്രതി നടപ്പിലാക്കാനും, വാഹനം മോഡിഫൈ ചെയ്യുന്നവർക്കും അതിന് കൂട്ടുനിൽക്കുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നടപടികൾ സ്വീകരിക്കാനും സർക്കാർ ഉടനടി തയ്യാറാകേണ്ടതുണ്ട്.
- കെ എ സോളമൻ

Thursday, 20 August 2026

പുലികളി

#പുലികളി
കേരളത്തിൻ്റെ പാരമ്പര്യവും തനിമയും വിളിച്ചോതുന്ന ഏറ്റവും ആവേശകരവും മനോഹരവുമായ നാടോടിക്കലകളിൽ ഒന്നാണ് പുലികളി. ഓണാഘോഷങ്ങൾക്ക് തിളക്കമേറ്റുന്ന ഈ കലാരൂപം, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അവിഭാജ്യ ബന്ധത്തെയും ജനങ്ങളുടെ ഒത്തൊരുമയെയുമാണ് വർണ്ണാഭമായി വേദിയിൽ എത്തിക്കുന്നത്. 

നൂറ്റാണ്ടുകളോളം പഴക്കമുള്ള ചരിത്രമാണ് പുലികളിക്ക് പറയാനുള്ളത്; കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ്റെ ഭരണകാലത്താണ് തൃശ്ശൂരിൽ ഇന്നത്തെ രീതിയിലുള്ള പുലികളിക്ക് തുടക്കമിട്ടത് എന്ന് വിശ്വസിക്കപ്പെടുന്നു. പടയാളികളുടെ ധീരതയും ആയോധനവീര്യവും പ്രകടിപ്പിക്കാൻ ആരംഭിച്ച ഈ കായികകല, കാലക്രമത്തിൽ ജനകീയമായ ഒരു തെരുവുത്സവമായി മാറുകയാണുണ്ടായത്. 

ശരീരത്തിൽ മനോഹരമായി പുലിവരകൾ ചാർത്തി, മദ്ദളത്തിൻ്റെയും തകിലിൻ്റെയും താളത്തിനൊത്ത് ചുവടുവെക്കുന്ന കലാകാരന്മാർ സാംസ്കാരിക പൈതൃകത്തിൻ്റെ വക്താക്കളാണ്. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും തനിമ ചോരാതെ, പുതിയ തലമുറയിലേക്ക് ഈ ചരിത്രസമ്പത്ത് കൈമാറ്റം ചെയ്യപ്പെടുന്നു എന്നത് പുലികളി എന്ന കലാരൂപത്തിൻ്റെ വലിപ്പവും പ്രസക്തിയും വ്യക്തമാക്കുന്നു.

പുലികളിയെ വിമർശിക്കുന്നവർ ചരിത്രനിരാസകരും മികച്ച ഒരു കലാരൂപത്തിൻ്റെ പ്രധാന്യം മനസ്സിലാക്കാത്തവരുമാണ്.
-കെ എ സോളമൻ