Saturday, 17 October 2026

കിഫ്ബി എന്ന കടബാധ്യത

#കിഫ്ബി: വികസനത്തിന്റെ മറവിലെ കടബാധ്യത!
കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കിഫ്ബി ഇന്ന് സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യതകളെക്കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുകയാണ്. മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമായി നടപ്പാക്കിയ ഈ സംവിധാനം വഴി സമാഹരിച്ച വായ്പകൾ തിരിച്ചടയ്ക്കേണ്ടത് ആത്യന്തികമായി സംസ്ഥാനത്തിന്റെ വരുമാനത്തിൽനിന്നാണ്. കിഫ്ബിയുടെ വായ്പകൾ സംസ്ഥാനത്തിന്റെ യഥാർഥ കടബാധ്യതയിൽനിന്ന് വേറിട്ടുനിർത്താനാവില്ലെന്നത് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടുകളും വ്യക്തമാക്കുന്നു. 

തിരിച്ചടവിന്റെ വ്യക്തമായ ആസൂത്രണവും സാമ്പത്തിക സുതാര്യതയും ഉറപ്പാക്കാതെ കടമെടുക്കുന്നത് ഭാവിതലമുറയുടെ സാമ്പത്തിക സുരക്ഷയെ ബാധിക്കും. 2,150 കോടി രൂപയുടെ മസാല ബോണ്ട് ഉൾപ്പെടെയുള്ള വായ്പകളുടെ പലിശയും തിരിച്ചടവും സംബന്ധിച്ച കണക്കുകൾ പൊതുജനങ്ങൾക്ക് വ്യക്തമായി ബോധ്യപ്പെടണം. മസാല ബോണ്ട് ഇടപാടിൽ ക്രമക്കേടോ അഴിമതിയോ നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികളായവരെ കണ്ടെത്തേണ്ടത് അന്വേഷണത്തിലൂടെയും തെളിവുകളിലൂടെയുമാണ്.

കിഫ്ബിയുടെ കൈവശം 30,000 കോടി രൂപയുണ്ടെന്ന തോമസ് ഐസക്കിന്റെ അവകാശവാദവും മുഖ്യമന്ത്രി വി.ഡി. സതീശൻ ഉന്നയിച്ച കണക്കുകളും തമ്മിലുള്ള വ്യത്യാസം ഇപ്പോൾ പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. 2026 മാർച്ച് 31-ലെ കണക്കനുസരിച്ച് കിഫ്ബിയുടെ ആകെ നീക്കിയിരിപ്പ് 10,633 കോടി രൂപയാണെന്നും അതിൽ 4,128 കോടി രൂപ സർക്കാർ ട്രഷറി കോർപ്പസ് ഫണ്ടാണെന്നും ശേഷിക്കുന്ന നിക്ഷേപം 6,521 കോടി രൂപയാണെന്നുമാണ് മുഖ്യമന്ത്രി സതീശൻ ചൂണ്ടിക്കാട്ടിയത്. ഇതിനു പിന്നാലെ ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റിലെ കണക്ക് തിരുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ഈ സാഹചര്യത്തിൽ, 30,000 കോടി രൂപയുടെ അവകാശവാദത്തിന്റെ അടിസ്ഥാനമെന്തെന്നും കിഫ്ബിയുടെ യഥാർഥ സാമ്പത്തിക നിലയെന്തെന്നും വിശദമായ കണക്കുകളിലൂടെ വ്യക്തമാക്കേണ്ട ബാധ്യത ഐസക്കിനുണ്ട്.

 പിണറായി വിജയന്റെ നേതൃത്വത്തിൽ നടപ്പാക്കിയ കിഫ്ബി മാതൃകയും ഐസക്കിന്റെ സാമ്പത്തിക തീരുമാനങ്ങളും രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കപ്പുറം സ്വതന്ത്രവും സുതാര്യവുമായ പരിശോധനയ്ക്ക് വിധേയമാകണം. 
വികസനത്തിന്റെ പേരിൽ വായ്പയെടുക്കാം; പക്ഷേ ആ വായ്പയുടെ കണക്കും തിരിച്ചടവിന്റെ ഉത്തരവാദിത്വവും ജനങ്ങളിൽനിന്ന് മറച്ചുവയ്ക്കാനാവില്ല. കിഫ്ബിയിലെ 30000 കോടി കണ്ടെത്താൻ കുർത്തയുടെ കീറിയ പോക്കറ്റിൽ കൈയ്യിട്ടു നോക്കുകയല്ല വേണ്ടത്.
-കെ എ സോളമൻ

No comments:

Post a Comment