Tuesday, 27 October 2026

എംഎൽഎമാരുടെ ശമ്പള വർദ്ധന

#എംഎൽഎ_മാരുടെ #ശമ്പളവർദ്ധന
​നാടിന്റെ സാമ്പത്തിക പ്രതിസന്ധിയും സാധാരണക്കാരുടെ പട്ടിണിയും എംഎൽഎമാർക്ക് പ്രശ്നമല്ല. തൊഴിലില്ലായ്മ പ്രശ്നവും ബജറ്റുമൊക്കെ ചർച്ച ചെയ്യാൻ നിയമസഭയിൽ കയ്യാങ്കളി നടത്തുന്ന ഭരണ-പ്രതിപക്ഷ എം.എൽ.എമാർക്ക് ശമ്പളവും ആനുകൂല്യങ്ങളും കൂട്ടുന്ന കാര്യത്തിൽ ഒരേ മനസാണ്!

 "ജനങ്ങളെ സേവിച്ച് കഷ്ടപ്പെട്ട്" കോടീശ്വരന്മാരായി മാറിയ നമ്മുടെ ജനപ്രതിനിധികൾക്ക് നിലവിൽ കിട്ടുന്ന എഴുപതിനായിരവും മറ്റ് ആനുകൂല്യങ്ങളും തികയുന്നില്ലത്രേ! മണ്ഡലത്തിൽ നേരെചൊവ്വെ നടക്കാൻ കാശില്ലെന്ന് പറഞ്ഞ് കണ്ണീരൊഴുക്കുന്ന ഇവർക്ക് വേണമെങ്കിൽ രാജിവെച്ച് വല്ല തൊഴിലുറപ്പ് പണിക്കും പൊയ്ക്കൂടെ? 

ഈ തുച്ഛമായ കാശിനും അതിനേക്കാൾ കുറഞ്ഞ തുകയ്ക്കും നാടിനെ സേവിക്കാൻ തയാറുള്ള ലക്ഷക്കണക്കിന് ചെറുപ്പക്കാർ പുറത്ത് ജോലിയില്ലാതെ തെണ്ടിത്തിരിയുമ്പോഴാണ്, കൈയിൽ കാശില്ലാത്ത സർക്കാർ പ്രതിനിധികൾ ലക്ഷങ്ങളുടെ സാമ്പത്തിക പാക്കേജ് സ്വയം പാസാക്കി എടുക്കുന്നത്.. ഇതൊന്നും തികയാഞ്ഞിട്ടാവും സഭയിലിരുന്ന് ഗയിം കളിക്കാൻ  എം.എൽ.എയ്ക്ക്ഐപാഡുകൾ വാങ്ങാൻ  6.71 കോടിയുടെ സമ്മാനമായി വേറെയും നൽകുന്നത്!

​ഇതുപോലെയുള്ള പ്രവൃത്തിയും സ്വന്തം കീശ വീർപ്പിക്കലും തുടർന്നാൽ, കേരളത്തിലെ യുവാക്കൾ ഇനി വല്ല ഐ.എ.എസിനോ ഡോക്ടർ പണിക്കോ പഠിക്കാൻ പോകുന്ന മണ്ടത്തരം കാണിക്കില്ല. നേരെ വല്ല രാഷ്ട്രീയ പാർട്ടിയിലുംകേറി എംഎൽഎയോ മന്ത്രിയോ പി.എസ്.സി അംഗമോ കോർപ്പറേഷൻ ചെയർമാനോ ആകാൻ തുനിഞ്ഞിറങ്ങും. 

ദിവസക്കൂലിക്ക് രാഷ്ട്രീയപണി ചെയ്യുന്ന ചെറുപ്പക്കാരുടെ കാഴ്ച നമ്മുടെ നാട്ടിൽ പുത്തരി അല്ല. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പണിയെടുക്കാതെ തിന്നു ജീവിക്കുന്ന 'ഫുൾടൈം രാഷ്ട്രീയക്കാരുടെ' നാടായി കേരളം പണ്ടേമാറി. അത് കുറേക്കുറി ശക്തമാകുന്ന  മനോഹരമായ കാഴചയാണ് വരാൻ പോകുന്നത്.. 

ജനങ്ങളിൽ നിന്ന് അധിക നികുതിപ്പണം പിരിച്ചെടുത്ത് പാതിരാത്രിയിൽ ബില്ല് പാസാക്കി പണം പങ്കിട്ടെടുക്കാൻ ഒരു തർക്കവുമില്ലാത്ത ഈ കുറവൻ- കുറത്തി രാഷ്ട്രീയ കൂട്ടുകെട്ട് കാണുമ്പോൾ, ജനം ആകാശത്തേക്ക് നോക്കി എന്ത് ചെയ്യണമെന്ന് അറിയാതെ കണ്ണും തള്ളിയിരിക്കും. നിയമത്തിന്റെ പിൻബലത്തിൽ സാധാരണക്കാരന്റെ
കീശയിലെ അവസാനചില്ലിക്കാശും അധികാരത്തിൽ ഇരിക്കുന്നവർ അപഹരിച്ചെടുക്കും
- കെ എ സോളമൻ

No comments:

Post a Comment