Saturday, 24 October 2026

ഗവർണറുടെ അടുക്കള

#ഗവർണറുടെ #അടുക്കളയിൽ #എഐസിസിക്ക് #എന്തുകാര്യം ?

സ്വന്തം വീട്ടിലെ അടുക്കളയിൽ എന്ത് പാകം ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഗൃഹനാഥനാണ് അല്ലാതെ നാട്ടുകാരനല്ല    ലോക്ഭവനിലെ ചീനച്ചട്ടിയിൽ കടുക് പൊട്ടുന്നതിനു മുൻപേ ഡൽഹിയിൽ നിന്ന് ഒരു പ്രതിഷേധം പൊട്ടിയത് കണ്ട് പാചകക്കാർ പോലും അമ്പരന്നു. സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റ ഗവർണർ സ്വന്തം ഭവനത്തിലെ തീൻമേശയിൽ എന്ത് വിളമ്പണമെന്ന് നിശ്ചയിക്കുന്നത് ഏതു വകുപ്പ് പ്രകാരമാണ് "കാവി അജണ്ട" ആകുന്നത്? ഇങ്ങനെ പോയാൽ ഏതെങ്കിലും വീട്ടിൽ ഇന്ന് സാമ്പാർ വെച്ചാൽ അതും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി യുടെ  അനുമതിക്കായി അയക്കേണ്ടി വരുമോ എന്നാണ് ജനങ്ങളുടെ ആശങ്ക. 

എഐസിസി ജനറൽ സെക്രട്ടറി പദവിയിൽ ഇരിക്കുന്ന ഒരാൾക്ക് രാജ്യത്തെ എത്രയോ വലിയ പ്രശ്നങ്ങൾ ഉള്ളപ്പോൾ ഒരു അടുക്കളയിലെ ഉപ്പുമാവിൽ വരെ ഇടപെടാൻ സമയം കിട്ടുന്നു എന്നത് കർമ്മകുശലതയുടെ തെളിവായി കാണാം, പക്ഷേ മുൻഗണനയുടെ കാര്യത്തിൽ ഒരു പുനർവിചിന്തനം വളരെ നല്ലതാണ്.
ഇനി ഭക്ഷണസ്വാതന്ത്ര്യത്തിന്റെ കാര്യം എടുത്താൽ  ലോക്ഭവനിൽ മീനും ഇറച്ചിയും വേവാത്തതുകൊണ്ട് ഒരാളുടെയും സ്വാതന്ത്ര്യം ഇടിഞ്ഞു വീഴാനിടയില്ല. ഈ പരിഷ്കാരം ശിലാശാസനമല്ല, ഗവർണറുടെ കാലാവധി തീരുന്നതുവരെ മാത്രം. നാളെ വരുന്ന ഗവർണർക്ക് ദം ബിരിയാണി മാത്രം മതിയെങ്കിൽ അതിനും ജനാധിപത്യം വഴിയൊരുക്കും.

ലോക്ഭവനിൽ  നോൺവെജ് കഴിക്കാൻ മുട്ടി നിൽക്കുന്ന  ജീവനക്കാർക്ക് ഗേറ്റിനു പുറത്തു ചൂടുള്ള തട്ടുകടകൾ കാത്തിരിപ്പുണ്ടല്ലോ. കേരളത്തിന്റെ മുക്കിലും മൂലയിലും ബീഫ് ഫ്രൈയും മീൻ വറുത്തതും വിളമ്പുന്ന മോഡേൺ ഫുട്ട് കോർട്ടുകൾ ഉള്ളപ്പോൾ, ലോക്ഭവൻ അടുക്കളയെ ഒരു പ്രത്യയശാസ്ത്ര യുദ്ധക്കളമായി ചിത്രീകരിക്കുന്നത് അറിവില്ലായ്മ കൊണ്ടാണോ അതോ അറിഞ്ഞുകൊണ്ടുള്ള കളിയാണോ എന്നേ ഇനി അറിയാനുള്ളൂ. ബിരിയാണി കിട്ടാത്തത് കൊണ്ട് ലാവണം മാറ്റാൻ ഉദ്ദേശിക്കുന്ന ജീവനക്കാർക്ക് അതിനുള്ള സൗകര്യം നിഷേധിക്കാനും ഇടയില്ല.

ജീവനക്കാരുടെ ഭക്ഷണാവകാശം യഥാർഥത്തിൽ നിയന്ത്രിക്കപ്പെടുന്നുണ്ടെങ്കിൽ അതേക്കുറിച്ച് വസ്തുതകളുടെ അടിസ്ഥാനത്തിൽ വിമർശിക്കാം. പക്ഷേ, ഒരു അടുക്കളയിലെ മെനുവിനെ മുഴുവൻ സംഘപരിവാർ രാഷ്ട്രീയത്തിന്റെ വിളമ്പുപാത്രമാക്കി ആക്ഷേപിക്കേണ്ടതില്ല. രാഷ്ട്രീയത്തിൽ വിമർശനം നല്ലതാണ്; എന്നാൽ ഓരോ അടുക്കളയിലും വിഘടനരാഷ്ട്രീയത്തിന്റെ അടുപ്പുകല്ല് കൂട്ടാൻ ശ്രമിക്കരുത്.
-കെ എ സോളമൻ
.

No comments:

Post a Comment