Thursday, 9 April 2026

പോളിംഗ് കണക്കിലെ കല്ലും നെല്ലും

#പോളിംഗ് #കണക്കിലെ #കല്ലുംനെല്ലും
​ഇടതുപക്ഷം ഭരണത്തുടർച്ചയുടെ മധുരം സ്വപ്നം കാണുമ്പോൾ, സെഞ്ച്വറി അടിച്ചു ഭരണത്തിലേറുമെന്ന് യുഡിഎഫ് ക്യാമ്പ്.  "ഭരണം നിങ്ങൾക്ക്, അധികാരം ഞങ്ങൾക്ക്" എന്ന മട്ടിൽ 15-ൽ കുറയാതെ സീറ്റുകൾ നേടി കിങ് മേക്കറാകാൻ എൻഡിഎയും. 

എന്നാൽ, ഇത്തവണത്തെ യഥാർത്ഥ ഹീറോ മറ്റാരുമല്ല, സാക്ഷാൽ എസ്.ഐ.ആർ ആണ്. പരേതർ വെള്ള വസ്ത്രവും ധരിച്ച് രാത്രിയിറങ്ങി  പോളിംഗ് ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കുന്നതും പിറ്റേദിവസം കള്ളവോട്ടു ചെയ്യുന്ന സംഭവങ്ങളും  റിപ്പോർട്ട് ചെയ്തു കണ്ടില്ല.
ഈ അദൃശ്യ നിയന്ത്രണം പല നേതാക്കളുടെയും നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്.
​തിരഞ്ഞെടുപ്പ് നിയമങ്ങൾ അരിയാതെ കളത്തിലിറങ്ങിയ ചില നേതാക്കളെക്കാൾ കഷ്ടമായിരുന്നു പ്രിസൈഡിങ് ഓഫീസറുടെ ഹാൻഡ് ബുക്ക് ഒരു തവണ പോലും വായിക്കാത്ത ചില തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അവസ്ഥ. വോട്ടറുടെ കൈവിരലിൽ മഷി പുരട്ടുന്നതിന് മുൻപ് വിരൽ ഏതാണെന്ന് തപ്പി നാല് മണിക്കൂർ കളഞ്ഞ ആ ഉദ്യോഗസ്ഥ സത്യത്തിൽ ഒരു ഗവേഷക തന്നെയാവണം. സ്വന്തം വീട്ടിലായാലും ഓഫീസിലായാലും അറിയാത്ത നിയമത്തിന്റെ പേരിൽ ഇത്രയും വലിയ പിടിവാശി കാണിക്കുന്ന ഇത്തരക്കാരാണ് ജനാധിപത്യ പ്രക്രിയയിലെ അപ്രതീക്ഷിത വിഘ്നങ്ങൾ.
​പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ പോസ്റ്ററില്ലാ, കൊട്ടിക്കലാശമില്ലാ മാതൃക വരുംകാല സ്ഥാനാർത്ഥികൾക്ക് പരീക്ഷിക്കാവുന്ന ഒരു ധീരമായ മാതൃകയാണെങ്കിലും, മറ്റു ചില കാഴ്ചകൾ അത്ര സുഖകരമായിരുന്നില്ല. ബൂത്തിനു മുന്നിലെ സത്യാഗ്രഹ നാടകങ്ങളും ബൂത്തിന് പുറത്ത്  അണികളുടെ തമ്മിലടിയും ജനാധിപത്യത്തിന്റെ ഉത്സവച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു. ഇതിനിടയിൽ അരങ്ങേറിയ കത്തിക്കുത്തും അനിഷ്ട സംഭവങ്ങളും നാടിനാകെ നാണക്കേടായി മാറി. 

വികസനത്തെക്കുറിച്ചും നിയമത്തെക്കുറിച്ചും വാചാലരാകുന്നവർ അണികളുടെ ആവേശം അക്രമത്തിലേക്ക് മാറാതെ നോക്കേണ്ടിയിരുന്നു.  വോട്ടിന് വേണ്ടിയുള്ള ഓട്ടത്തിനിടയിൽ മാനുഷിക മൂല്യങ്ങൾ വോട്ടിംഗ് യന്ത്രത്തിൽ കുടുങ്ങിപ്പോകാതിരിക്കാൻ  നാം ഇനിയെങ്കിലും ശ്രദ്ധിക്കേണം.
- കെ എ സോളമൻ

No comments:

Post a Comment