Monday, 6 April 2026

ജനങ്ങളുടെ പ്രതീക്ഷ

#ജനങ്ങളുടെ #പ്രതീക്ഷ
അടുത്ത തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന സർക്കാരിന്റെ മുൻഗണനാ വിഷയങ്ങളാകേണ്ട ചില അത്യാവശ്യ കാര്യങ്ങളിൽ ചിലത് ഇവിടെ കുറിക്കുന്നു

മദ്യ-മയക്കുമരുന്നു മാഫിയയുടെ പിടിയിലാകുന്ന വിദ്യാലയങ്ങളും ഗ്രാമങ്ങളും, ജീവൻ ഭീഷണിയാകുന്ന റോഡുകളിലെ മരണക്കുഴികൾ, തൊഴിലില്ലായ്മ മൂലം അന്യനാടുകളിലേക്ക് പലായനം ചെച്ചുന്ന യുവാക്കൾ, അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ശ്വാസം മുട്ടുന്ന ആശുപത്രികൾ : ഇവയെല്ലാം ചേർന്നാണ് കേരളത്തിന്റെ അതിജീവനത്തെ  ചോദ്യം ചെയ്യുന്നത്. കൃഷിനാശവും വിലത്തകർച്ചയും കർഷകരെ തളർത്തുമ്പോൾ സപ്ലൈക്കോ പോലുള്ള സംവിധാനങ്ങൾ വേണ്ടതായ സഹായം ചെയ്യാതെ തിരഞ്ഞെടുപ്പിനിടയിൽ പോലും ഡെഡ് സ്റ്റോക്കായിരിക്കുന്ന പുട്ടുപൊടി കച്ചവടം നടത്തുന്നു.

പെൺകുട്ടികൾക്കും സാധാരണ ജനങ്ങൾക്കും വഴിയിൽ  സുരക്ഷയില്ലാത്ത അവസ്ഥ, പി എസ് സി യെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം, ഗുണ്ടാവിളയാട്ടം, പോലീസിന്റെ ഭാഗത്തുനിന്നുള്ള നീതിനിഷേധം, സർക്കാർ സേവനങ്ങൾക്ക് അമിത ഫീസും പിഴയും തുടങ്ങിയവ"വികസിത സമൂഹം" എന്ന അവകാശവാദത്തെ പരിഹാസ്യമാക്കുന്നു. വാഗ്ദാനങ്ങൾ പലപ്പോഴും പാഴ് വാക്കായി  മാറുന്ന ഭരണകൂട ശൈലി ജനങ്ങളിൽ നിരാശയും അവിശ്വാസവും വർദ്ധിപ്പിക്കുകയാണ്.

ഉരുൾപൊട്ടലുകളും പ്രളയങ്ങളും മഹാമാരികളും ദുരിതം വിതയ്ക്കുന്നോൾ  ദുരന്തനിവാരണത്തിൽ അലംഭാവം കാട്ടി പണം ഉണ്ടാക്കുന്ന ഭരണകൂട ശൈലി വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നു. ശമ്പളം, പെൻഷൻ, റേഷൻ പോലുള്ള അടിസ്ഥാന കാര്യങ്ങൾ പോലും അനിശ്ചിതത്വത്തിലായ ഒരു സാഹചര്യത്തിൽ, ജനങ്ങൾ അസാധാരണ ആനുകൂല്യങ്ങൾ ഒന്നും ആവശ്യപ്പെടുന്നില്ല. മറിച്ച്, മാന്യമായി ജീവിക്കാനുള്ള അവകാശം മാത്രം അവർ ആവശ്യപ്പെടുന്നു.  പൊതുക്കടം വർദ്ധിപ്പിച്ച് ഭരണം നടത്തി മുന്നോട്ടു പോകാം എന്ന് കരുതുന്ന സർക്കാരിനെ  ജനം വെറുക്കുന്നു.

ജനങ്ങളെ ബന്ധനത്തിലാക്കുന്ന ഒരു ഭരണകൂടമല്ല, അവരെ ശ്വാസം മുട്ടിക്കാത്ത, അവരുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്ന ഒരു ഭരണകൂടമാണ് നാടിന് ആവശ്യം. ഈ കാര്യങ്ങൾ ഗൗരവത്തോടെ പരിഗണിച്ച് പ്രവർത്തിക്കാൻ വരാനിരിക്കുന്ന സർക്കാർ തയ്യാറാകുമെന്നതാണ് ജനങ്ങളുടെ പ്രതീകഷ.
-കെ എ സോളമൻ

No comments:

Post a Comment