Saturday, 18 April 2026

വികസന മഹാത്മ്യം

#വിള്ളലുകളിൽ #തെളിയുന്ന #വികസന #മാഹാത്മ്യം
​ചൂരൽമല ടൗൺഷിപ്പിൽ നിർമ്മിച്ച വീടുകളിലെ വിള്ളൽ നിർമ്മാണത്തിലെ പിഴവല്ല, മറിച്ച് വീടുകൾക്ക് വായുസഞ്ചാരം കൂട്ടാനുള്ള നൂതന സാങ്കേതികവിദ്യയാണെന്ന് മന്ത്രി പറയാത്തത് ഭാഗ്യം. കിണർ ഗോലുവിൽ തുടങ്ങി വരഗോലുവിലെത്തി നിൽക്കുന്ന മന്ത്രിയുടെ ന്യായീകരണക്കസർത്ത് കേട്ടാൽ തോന്നും, ഈ നാട്ടിലെ ജനങ്ങൾക്കെല്ലാം കാഴ്ചശക്തിക്ക് കുഴപ്പമുണ്ടെന്ന്.  കൂലിപ്പണി രാജൻ എന്ന ട്രോളുകളും സാമൂഹ്യ മാധ്യമങ്ങളിൽ ആഘോഷമാകുന്നുണ്ട്

ഊരാളുങ്കൽ എന്ന അദ്ഭുത പ്രസ്ഥാനം പണിയെടുക്കുമ്പോൾ നൂറ് കോടിയുടെ പെരുമ്പളം പാലം ഇരുന്നൂറ്റി എഴുപത് കോടിയിൽ എത്തുന്നതും സ്വാഭാവികം. ഈ അധിക തുക വിള്ളലുകൾ മുൻകൂട്ടി കണ്ട് അവ അടയ്ക്കാനുള്ള എപോക്സി എന്ന പശ വാങ്ങാൻ മാറ്റിവെച്ചതാണോ എന്ന് ജനം സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല. പാലത്തിൽ നാളെ വിള്ളൽ കണ്ടാലും അത് കായലിലെ മീനുകൾക്ക് മുകളിലേക്ക് നോക്കാനുള്ള വിടവാണെന്ന്" പറയാൻ നമുക്ക് മിടുക്കരായ വേറെയും മന്ത്രിമാരുണ്ട്. 

​മഴ പെയ്യുമ്പോൾ വീട് ചോരുന്നത് മാധ്യമങ്ങൾ ഉണ്ടാക്കുന്ന കപട വാർത്തയാണെന്ന് പ്രഖ്യാപിക്കുന്ന മന്ത്രിയുടെ തൊലിക്കട്ടി അപാരം . ജനങ്ങളുടെ കണ്ണീരിനും പരാതിക്കും വില കൊടുക്കാത്ത ഭരണകൂടത്തിന് മുന്നിൽ ഇനി ഒരേയൊരു രക്ഷാമാർഗ്ഗമേയുള്ളൂ; ആ മാന്ത്രിക കെ-നേറ്റീവിറ്റി കാർഡ് എടുത്തു ഒരിക്കൽ കൂടി വീശുക. വിള്ളലിൽ തൂങ്ങിക്കിടക്കുന്ന മാപ്രകൾ കാർഡിലേക്കു എടുത്തുചാടും

പൊതുജനം ഉദാരമായി സംഭാവന ചെയ്ത  പണം യാതൊരുവിധ മാനദണ്ഡവും കൂടാതെ  വാരിയെറിഞ്ഞ് നടത്തിയ ഈ നിർമ്മാണ  ധൂർത്തിൻ്റെ  ചോർച്ച എങ്ങനെ അടയ്ക്കാൻ കഴിയുമെന്നു ആദ്യം നോക്കുക. അഴിമതിയുടെ വിള്ളലുകൾ മറയ്ക്കാൻ ഏതു  കാർഡ് വീശിയാലും ജനങ്ങളുടെ ബോധ്യത്തിന് മുന്നിൽ അതൊന്നും വിലപ്പോകില്ലെന്ന് ഇറങ്ങിപ്പോകാൻ ഓങ്ങി നില്ക്കുന്ന മന്ത്രിമാർ മറന്നുപോകരുത്.
- കെ എ സോളമൻ

No comments:

Post a Comment