Monday, 27 April 2026

കേരള പൊളിറ്റിക്കൽ സർക്കസ്

#കേരള_പൊളിറ്റിക്കൽ_സർക്കസ് !
ഭരണം കിട്ടുമെന്ന് എൽ.ഡി.എഫ്. ഇടയ്ക്കിടെ സ്വപ്നം കാണുന്നുണ്ടെങ്കിലും, സെക്രട്ടേറിയറ്റിലെ ഫയലുകൾ നോക്കാൻ കോൺഗ്രസ് ഇപ്പോൾ തന്നെ റെഡിയായിക്കഴിഞ്ഞു. ഭരണം കയ്യിൽ കിട്ടും മുൻപേ മുഖ്യമന്ത്രി കസേരയിൽ ആര് എന്ന കാര്യത്തിൽ 'ഗ്രൂപ്പ് കളി' അതിന്റെ പീക് ലോഡിലാണ്.

ഒരാൾക്ക് തിരുവിതാംകൂർ, മറ്റൊരാൾക്ക് മലബാർ എന്നിങ്ങനെ കേരളത്തെ കേക്കു മുറിക്കുന്നതുപോലെ വീതം വയ്ക്കാൻ പറ്റുമോയെന്ന് നോക്കുന്ന നേതാക്കളുമുണ്ട്. 

ബി ടീം ക്യാപ്റ്റനെന്നും എ ടീം കോച്ചെന്നുമുള്ള വിശേഷണങ്ങൾക്കിടയിൽ, ഡൽഹിയിൽ നിന്ന് കെ.സി. വേണുഗോപാൽ പറന്നിറങ്ങുമോ അതോ മലബാറിലെ കുഞ്ഞാലിക്കുട്ടി സാഹിബ് മുഖ്യമന്ത്രിയായി  അൽഖേറളം ഭരിക്കുമോ  എന്നറിയാൻ ലോട്ടറി ഫലം കാത്തിരിക്കുന്ന ആകാംക്ഷയിലാണ് അണികൾ.

 മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ഈ വടംവലി കണ്ടാൽ തോന്നും, ഐക്യജനാധിപത്യ മുന്നണിക്ക് കിട്ടാൻ പോകുന്നത് കേവല ഭൂരിപക്ഷമല്ല, മറിച്ച് 140 സീറ്റും എഴുതിത്തന്നതു പോലെയാണെന്ന്!

​മറുഭാഗത്താകട്ടെ, കൂടും കുടുക്കയു മെടുത്ത് കിടക്കപ്പായുയും ചുരുട്ടി പടിയിറങ്ങാൻ നേരത്താണ് വൈദ്യുതി വകുപ്പ് ജനങ്ങൾക്ക് നേരെ ഷോക്ക്' ട്രീറ്റ്‌മെന്റ് നടത്തിയിരിക്കുന്നത്. തങ്ങൾക്ക് വോട്ട് ചെയ്യാത്തവർക്ക് എന്തിന് വൈദ്യുതി എന്ന മട്ടിലാണ് പീക്ക് ലോഡ് മാനേജ്‌മെന്റ് കേരളത്തെ ഇപ്പോൾ ഇരുട്ടിലാക്കുനത്.

അങ്ങനെ നവോത്ഥാന കേരളം ഇപ്പോൾ മെഴുകുതിരി വെട്ടത്തിൽ പുതിയ മുഖ്യമന്ത്രിയെ തിരയുമ്പോൾ നിലവിലെ മുഖ്യമന്ത്രി, നമ്പർവൺ ആരോഗ്യസംസ്ഥാനത്തെയും ആരോഗ്യമന്ത്രിയെയും കണ്ണിലാഴ്ത്തി
കേരളത്തിനു പുറത്ത് തിമിര ശസ്ത്രകിയ നടത്തുന്നു

പാവം ജനം വരാൻ പോകുന്ന കറണ്ട് ബില്ല് കണ്ട് ബോധം കെടാൻ റെഡിയാകുമ്പോൾ  അപ്പുറത്ത് അധികാരക്കസേരയുടെ കാല് പിടിക്കാൻ നേതാക്കൾ പരസ്പരം പാരവെക്കുന്നു. 

ചുരുക്കത്തിൽ, ഇരുട്ടത്ത് തപ്പുന്ന ജനവും വെളിച്ചം കാണാത്ത ഭരണാധികാരികളും കസേര സ്വപ്നം കണ്ട് ഉറക്കമിളക്കുന്ന പ്രതിപക്ഷവും കൂടി കേരളത്തെ ഒരു ഒന്നാംതരം പൊളിറ്റിക്കൽ സർക്കസാക്കി മാറ്റി.
-കെ എ സോളമൻ

No comments:

Post a Comment